Friday, January 29, 2010

ഇങ്ങനെ പകവീട്ടാന്‍ ഞങ്ങള്‌ എന്തു തെറ്റു ചെയ്തു ?


 ദ്രോണ കണ്ടു. ആദ്യത്തെ 15 മിനുട്ട് കഴിഞ്ഞേ തീയറ്ററില്‍ എത്താന്‍ സാധിചുള്ളൂ.അതുകൊണ്ട് അതിനു ശേഷമുള്ള ഭാഗം ദര്‍ശിക്കാനുള്ള ഭാഗ്യമെ എനിക്കുണ്ടായുള്ളൂ.
      കണ്ടു തുടങ്ങുമ്പോള്‍ ശാലീന സുന്ദരിയായ(??) നായികയുടെ പെണ്ണുകാണല്‍ ചടങ്ങ് .കാലങ്ങളായ് മലയാള സിനിമയിലെ കുസൃതികളായ നാടന്‍ നായികമാര്‍ അവര്‍ക്കിഷ്ടമില്ലാത്ത വിവാഹാലോചനകളെ പ്രതിരോധിക്കുന്ന വഴിയിലൂടെയുള്ള ചെറുത്തു നില്പ് ,ഈ നായികയും പഴയ ആ സിനിമ(കള്‍) കണ്ടെന്നു തോന്നുന്നു.പുതിയ മാര്‍ഗ്ഗങ്ങളൊന്നും പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല.ഹൊ! എന്തിനാന്നെ,പലരും പരീക്ഷിച്ചു വിജയിച്ച മാര്‍ഗ്ഗം ഉള്ളപ്പോള്‍പുതിയ പരീക്ഷണങ്ങള്‍ ,അല്ലെ.അതു കഴിഞ്ഞ് അനിവാര്യമായ അനുരാഗവും കുസൃതിയും നിറഞ്ഞ പാട്ട്. അപ്പോഴേക്കും സുന്ദരിയായ(?) നായികയ്ക്കു പിറകെ പോയി അവശനായ വില്ലന്‍റെ അരങ്ങേറ്റം .ഫ്ലാഷ് ബാക്കില്‍ നായികയെ കടന്നുപിടിച്ച വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകന്‍ , സന്തോഷവതിയായ നായിക. ഓര്‍മ്മകള്‍ക്കു മുന്നില്‍ കുടിപ്പകക്കാരായ കുടുംബം .കസര്‍ത്തുകളിയില്‍ പെന്‍ഷന്‍ പറ്റാറായിട്ടും കസേര ഓഴിഞ്ഞു കൊടുക്കാത്ത അച്ഛനും എന്തിനും പോന്ന രണ്ടുമൂന്ന് ആണ്‍മക്കളും വീറും വാശിയും ഒട്ടും കുറയാത്ത സഹോദരിയും ,ഇതു വില്ലന്‍ കുടുംബം . ഇവരോക്കെ കൂടി റിയല്‍ എസ്റ്റേറ്റു ബിസിനസ്സുകാരനായ ഒന്നാം നായകനെ തങ്ങളുടെ കുടുംബത്തിലെ ഒരു പ്രേതം വാഴുന്ന മനയില്‍ കൊണ്ടുപോയി കൊല്ലുന്നു.
       ഇതിനിടയില്‍ പ്രേതത്തെകുറിച്ച് ഒരു ആമുഖം നല്കാന്‍ അണിയറ ശില്പികള്‍ മറന്നില്ല. ബുദ്ദിമതിയും അതിലേറെ സൌന്ദര്യവും (?) ഉള്ള പെണ്ണിന്‍റെ ബുദ്ദിപരിശോധനയിലൂടെ അപമാനിതയായവള്‍ തലതല്ലി ചത്താല്‍ അവള്‍ പ്രേതമാകാതെ എന്തു ചെയ്യും (ഇവള്‍ സാവിത്രി,പതിവ്രതയല്ലാത അമ്മേന്‍റെ  മോള്‌ ).
       ഇനി അനിയനെ കൊന്നവരോടു പകവീട്ടാന്‍ എത്തുന്ന മഹാ ജ്ഞാനിയും പൂജാരിയും എന്തിനേറെ പ്രൊഫസ്സറുമായ രണ്ടാം നായകന്‍റെ രംഗ പ്രവേശം .ഇവിടെ മൂത്രമൊഴിക്കേണ്ടവര്‍ക്കും കപ്പലണ്ടി തിന്നേണ്ടവര്‍ക്കുമുള്ള ഇടവേള .
       ഇനിയാണറിയുന്നത് നമ്മുടെ രണ്ടാം നായകന്‍റെ വാമഭാഗം (സഹധര്‍മ്മിണി) വില്ലന്‍ കുടുംബത്തിലെ തലതിരിഞ്ഞ പെണ്ണാണെന്ന്‌.ഇവരുടെ പുടമുറി നടത്തിക്കൊടുത്തതോ നമ്മുടെ ചത്തു പോയ ഒന്നാം നായകനും .ആ ഓര്‍മ്മയില്‍ അനിയനെ സ്മരിച്ചുകൊണ്ടുള്ള ഏട്ടത്തിയമ്മയുടെ കണ്ണീര്‍മഴ.....
      പക വീട്ടാനുള്ളതാണെന്നു പറയുന്ന നമ്മുടെ പൂജാരി നായകന്‍ രണ്ടുമൂന്നു മല്ലന്മാരായ ശിഷ്യന്മാരുടെ കൂടെ പ്രേതഭവനത്തിലേക്ക് (ഒറ്റയ്ക്കു പോകാന്‍ പേടിയുണ്ടായിട്ടായിരിക്കില്ല,ചുമ്മ ഒരു ഭംഗിക്കു കൂടെക്കൂട്ടിയതായിരിക്കും മല്ലന്‍മാരെ,അവര്‍ക്കും ജീവിക്കണ്ടെ.).
         ഇവിടുത്തെ വില്ലന്‍മാര്‍ ഭയങ്കര അടിച്ചു പോളിക്കാരായതു കൊണ്ട് നമ്മുടെ ആ പ്രേതഭവനം  ബൊംബ് വച്ചു തകര്‍ക്കാനായിരുന്നു അവരുടെ അടുത്തെ ശ്രമം .ഇലക്ട്രോണിക്സില്‍ പുലികളായ നമ്മുടെ വില്ലന്മാര്‍ ബോംബ് പൊട്ടിക്കാന്‍ ഒരു റിമോട്ട് കണ്ട്രോളര്‍ ഉപയോഗിചിരിക്കുന്നതുകൊണ്ട് ഇതു നമ്മുടെ നാട്ടിലെ പോളിടെക്നിക്കില്‍ പഠിക്കുന്ന പാവം പിള്ളേര്‍ക്കു വേണമെങ്കില്‍ ഒരു പ്രോജെക്റ്റ് സഹായിയായി പരിഗണിക്കാവുന്നതാണ്‌ .
ഈ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാനു പുപ്പുലി പൂജാരിയുടെ വരവു.കൊള്ളാം ,വെറുതെയിരിക്കുവല്ലെ ഒരു കൈയ്യടിക്കു വകയുണ്ട്‌ .
     വില്ലന്മാരെ ആട്ടിപായിച്ചു നായകനും പരിവാരങ്ങളും പുരാതനമായ ആ മനക്കലേക്കു...
         ചിലന്തിവലയും കൊഴിഞ്ഞു വീണ ഇലകളും കൂറ്റന്‍ വാതിലുകളുമുള്ള സ്ഥിരം പ്രേതഭവനം . അവിടെയാണു നായകന്‍ പൂജാരി മാത്രമല്ല ഒരു തച്ചു ശാസ്ത്രജ്ഞനും കൂടിയാണെന്നു വേളിപ്പെടുന്നതു .പൂജാരിക്കു മല്ലന്‍മാരുടെ തമാശ കേട്ടു മടുത്തിട്ടോ മറ്റോ ഭയങ്കര തമാശകാരനായ പെരുന്തച്ചനെ മനക്കലെ അടിച്ചുതളിക്കാരനായി അവരോധിച്ചത് .അതേതായാലും നന്നായി ,മിണ്ടാനും പറയാനും ഒരാളുണ്ടായല്ലോ .(ഇത്രേം നേരം നമ്മടെ പൂജാരിന്‍റേം പരികര്‍മ്മികളുടേം കണ്ണും മൂക്കും ഗോഷ്ടികളും കണ്ടോണ്ടിരിക്കുവാരുന്നല്ലോ .)
      മൂന്നാറിലും നാലാറിലും കൈയ്യേറ്റം നടക്കുന്ന ഈ കാലത്തു നമ്മുടെ പൂജാരിയുടെ മല്ലന്‍മ്മാര്‍ വില്ലന്‍മ്മാരുടെ കൈയ്യേറ്റ ഭൂമി നിഷ്പ്രയാസം ഒഴിപ്പിച്ചെടുക്കുന്നു.ഇവര്‍ചില്ലറക്കാരല്ല,ഇവരെ നിയന്ത്രിക്കാന്‍ നായകന്‍റെ ടൊയോട്ടയുടെ ഒരു ഹോണ്‍ ധാരാളം .
      ഇനിയാണു പ്രേതബാധ ഒഴിപ്പിക്കല്‍ .അടിതടയില്‍ പത്തൊമ്പതാമതൊരടവുണ്ടെങ്കില്‍ അതും പഠിച്ചിട്ടുള്ള പൂജാരി പൂജയും മന്ത്രവുമൊന്നുമല്ല ഒഴിപ്പിക്കാനുപയോഗിച്ചിരിക്കുന്നത് , സ്റ്റണ്ടുമാസ്റ്ററുടെ ഒത്താശയില്‍ ഒരു തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു നമ്മുടെ മന:ശ്ശസ്ത്ര വിദഗ്ദന്‍ കൂടിയായ മന്ത്രവാദി.അങ്ങനെ പകയും പ്രേതബാധയും തീര്‍ത്ത് നാലുകെട്ട് മനയുടെ താക്കോല്‍ നായികയുടെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ച് പൂജാരിയും പരികര്‍മ്മികളും വേദമന്ത്രങ്ങളുടെ അകമ്പടിയോടെ തിരിച്ചു പോകുമ്പോള്‍ ....
      ശുഭമസ്തു .


      കൊട്ടേഷന്‍ കാലത്തെ ബാധകളെ ഒഴിപ്പിക്കാനുള്ള പുതിയ തന്ത്രവിധികളെ കാട്ടിത്തന്ന കൈലാസശൃംഗത്തില്‍ വസിക്കുന്ന മ്മടെ ഷാജിയേട്ടനു ഒരായിരം നന്ദി.
     പൂജകള്‍ കൊണ്ടു ഒരു കാര്യമില്ലാന്നു അങ്ങോര്‍ക്കു തോന്നിക്കാണും അതുകോണ്ടായിരിക്കും മഹാ പൂജാരിയായ നായകനെക്കൊണ്ട് ഒരു പൂജപോലും ചെയ്യിക്കാതിരുന്നതു.എന്നാലും കുറെ മന്ത്രങ്ങള്‍ചൊല്ലിച്ചിരിക്കുന്നു.അതില്ലതെ എന്തോന്ന് ഷാജികൈലാസ് ചിത്രം ,അല്ലെ?
      മലയാള സിനിമയെ ബാധിച്ചിരിക്കുന്ന അങ്ങോരെപോലെയുള്ള ബാധകള്‍ക്കു നേരെ പ്രോഫ.മാധവന്‍ നമ്പൂതിരിയുടെ മന്ത്രവും തന്ത്രവും പയറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..
പ്രേക്ഷകരായ നാം അടിതടയിലൂടെ ആ കര്‍മ്മം നിര്‍വഹിച്ചു കൊടുത്താല്‍ ആ ബാധയില്‍ നിന്നു മോചിതമാക്കി  തീയറ്ററില്‍ ആളനക്കം ഉണ്ടാക്കാം .
       മില്ലേനിയം സ്റ്റാര്‍ മമ്മൂക്കയോട് :- എന്തിനായിരുന്നു ഈ കടും കൈ.

    നായികമാരുടെ കാര്യത്തില്‍ ഒട്ടും പിശുക്കു കാട്ടിയിട്ടില്ല.പിന്നെ നായികമാര്‍ പറഞ്ഞേക്കാം  അവര്‍ക്ക് അര്‍ഹമായ കഥാപാത്രങ്ങള്‍ കിട്ടീട്ടില്ലാന്ന്.അവരോടായി :- കിട്ടീട്ടില്ലെങ്കില്‍ അഭിനയിക്കരുതായിരുന്നു.ആണുങ്ങള്‍ എടുക്കുന്ന സിനിമേലു പെണ്ണുങ്ങള്‍ക്കിത്തിരി പ്രാധാന്യം കുറഞ്ഞെന്നിരിക്കും .അല്ലെങ്കില്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ ഒരു സിനിമാ പിടിച്ചോ.അതില്‍ ആണുങ്ങളെ അഭിനയിപ്പിക്കുകയേ വേണ്ട.
നയനാനന്ദപ്രദമായി നായികമാരെ മേയ്ക്കപ്പ് ചെയ്തു നിര്‍ത്തുക എന്നല്ലാതെ ഈ വക ചിത്രങ്ങളില്‍ അവരെക്കൊണ്ട് എന്തു പ്രയോജനം ? ഇതായിരിക്കും അവരുടെ കാഴ്ചപ്പാട് .ബുദ്ദിമുട്ടുള്ളവര്‍ ഈ വക ചിത്രങ്ങളില്‍ അഭിനയിക്കതിരിക്കുക;അല്ലാതെ കടപ്പാട് , കഷ്ടപ്പാട് എന്നിവയാണു അന്നു ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം എന്നു പിന്നീടു പറയാന്‍ പോകരുതു.നിങ്ങള്‍ അഭിനയിച്ചില്ലെങ്കില്‍ ഇവന്മാര്‍ എന്തു ചെയ്യുമെന്നു നോക്കമല്ലോ.

     പിന്നെ ഷാജിയേട്ടോ മ്മടെ നാട്ടിലെ (കരിവെള്ളൂര്‍ ,കണ്ണൂര്‍) ഒരു ഐതിഹ്യം (ശ്രീ മുച്ചിലോട്ടു ഭഗവതി;കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഘനം വായിച്ചിരിക്കുമല്ലോ? ) മോഷ്ടിച്ചല്ലെ?(സാവിത്രി).

ന്നാലും നല്ല പടമാണു .എല്ലാവരും ടിക്കറ്റെടുത്തു തീയറ്ററില്‍ പോയിതന്നെ കാണണേ.. വംശനാശം സംഭവിച്ചേക്കാവുന്ന മലയാള സിനിമയെ രക്ഷിക്കേണ്ട കടമ നമുക്കില്ലേ ??

എല്ലാം കഴിഞ്ഞപ്പോള്‍ സഹൃദയനായ സുഹൃത്തിന്‍റെ  കമന്‍റ്:  പകവീട്ടാനുള്ളതും പടം പൊട്ടാനുള്ളതും
ഫോട്ടോ കടപ്പാട് : www.nowrunning.com

Thursday, January 21, 2010

കറുപ്പും വെളുപ്പും

നീങ്ങുന്നു കറുപ്പിലും വെളുപ്പിലും ,
കരുക്കള്‍ അറുപത്തിനാലിലും ;
മാത്സര്യബോധത്തിന്‍ കാണാക്കയങ്ങളിലേക്കു
കരുതലിന്‌ കാവലായ്‌ ചതുരക്കളങ്ങളില്‍-
അവരാടുന്ന ചതുരംഗം
നല്‍കിയതെനിക്കന്നെന്‍ കണ്ണിലോ
വിസ്‌മയം !
അവന്‍റെ കണ്ണിലെ തിളക്കം പറഞ്ഞതോ
ഇതുതന്‍റെ വിനോദം,രാജകീയം.
ഉണ്ടിവിടെ നിയമങ്ങളാല്‍
തീര്‍ത്ത അഴിയാകുരുക്കുകള്‍
ഉന്തുന്ന കരുക്കള്‍ക്കൊക്കോരോന്നിനും
ഓരോ ചട്ടങ്ങള്‍ ചിട്ടയോടൊരുക്കിയീ
കളങ്ങളോരോന്നുമെന്‍കണ്ണിലോ
വീഴ്‌ത്തുന്നു രാജനീതിതന്‍ കരിനിഴലുകള്‍.
ഇവിടെയാരാണു കാലാള്‍?
ചക്രവ്യൂഹം തീര്‍ത്തു മറഞ്ഞിരിക്കുമീ
രാജ വൃന്ദത്തിന്‍ സാമ്രാജ്യവെറിക്കു
സ്വയം ബലി നല്‍കുവാന്‍ വിധിക്കപ്പെട്ടവനോ?
ഇന്നുമീ വെളുപ്പും കറുപ്പും കലരുന്ന
ദിനരാത്രങ്ങളിലും മായാതെ
നില്‍ക്കുന്നുവോ ചതുരപ്പലകതന്‍
നീതിശാസ്‌ത്രം !
ഇവ്വിധം തിളക്കുന്നെന്‍ ചുടുരക്തമെങ്കിലും
അവനോ ? ആവില്ല, നഷ്ടപ്പെടുത്താന-
വന്‍റെ നീക്കങ്ങളൊന്നുമീ ചതുരക്കളങ്ങളില്‍.?
അവന്‍റെ കണ്ണുകളിരുവും
തേടുന്നു ശേഷിച്ച കരുക്കളോരോന്നു-
മിനിയുമോരോ നീക്കങ്ങള്‍ക്കായ്‌ .
ഒടുക്കം,
നീക്കുവാനില്ല തനിക്കിനിയൊരു കരുവു-
മെന്നതായിരുന്നുവോ അവന്റെ വിഷാദം ?
കളങ്ങളില്‍ കാത്തിരുന്ന കരുക്കളറിഞ്ഞിരുന്നോ
സമാന്തരങ്ങള്‍ക്കിടയിലെ
കളങ്ങള്‍ക്കില്ലാത്ത നിറം തൂവിയ
അവന്‍റെ വിയോഗം .

Friday, January 15, 2010

മിസ്സ്‌ഡ്‌ കോള്‍

       പതിവുള്ള സമയത്തിനു ഏറെ കഴിഞ്ഞും ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഇല്ല,ഒരിക്കല്‍ പോലും ഇത്രയും വൈകിയിട്ടില്ലല്ലോ ? സമയം ഒന്നിനെയും കാത്തിരിക്കാതെ കടന്നുപോകുമ്പോഴും എന്റെ കാത്തിരിപ്പിന്റെ നീളം കൂടിക്കൊണ്ടിരുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.എന്റെ ചിന്തകള്‍ ഓരോ കരയേയും തഴുകിയൊഴുകുന്ന പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു.പുഴകൈവഴികളായ്‌ പിരിയുന്നതുപോലെ എന്റെ ചിന്തകളിലെ വേലിയേറ്റം അവള്‍ എന്ന നീര്‍ച്ചോലയിലേക്കൊഴുകി നീങ്ങാന്‍ തുടങ്ങി. 
       അവളെ ഞാനെങ്ങിനെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തും , അവളുടെ പേരു പറഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കവളെ മനസ്സിലാകുമോ ? ഇല്ല, ഒരേ പേരില്‍ എത്രയോ അവളുമാര്‍ അഭിരമിക്കുന്നു.വേണ്ട, അവള്‍ക്കൊരു പേരിന്റെ പിന്‍ബലം.നിങ്ങള്‍ അവളെ എന്തു പേരില്‍ വിളിച്ചാലും എനിക്കു വിരോധമില്ല.അവളുടെ കാര്യം നിങ്ങള്‍ നോക്കേണ്ട,എന്നിലൂടെയല്ലേ നിങ്ങള്‍ അവളെ പരിചയപ്പെടുന്നത്‌.
       മൊബൈല്‍ഫോണുകള്‍ സര്‍വ്വവ്യാപിയായ ഇന്നു മിസ്സ്‌ കോള്‍ സുപരിചിതമാണല്ലോ.എങ്കിലും എന്നെ പരിചയമുള്ളവര്‍ക്കാര്‍ക്കും എന്റെ ഫോണിലേക്കു ഒരു മിസ്സ്‌ കോള്‍ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന ആ നാളുകളില്‍ പോലും അതിനു മുതിര്‍ന്ന അവളോടെനിക്കല്‌പം ഈര്‍ഷ്യയാണാദ്യം തോന്നിയത്‌. പിന്നീടതു അവളുടെ ധൈര്യത്തോടുള്ള ആരാധനയും സൗഹൃദവുമായ്‌ വളര്‍ന്നതെപ്പോഴാണന്നറിയില്ല.പിന്നീടാ മിസ്സ്‌ കോളുകള്‍ നിത്യസംഭവുമായല്ലോ.എപ്പഴോ ഞാന്‍ ചെയ്‌ത മറുപടി മിസ്സ്‌ കോള്‍ ആയിരിക്കാം അവള്‍ക്ക്‌ പ്രോത്സാഹനമായി ഭവിച്ചത്‌.
      പിന്നീടുള്ള രാത്രികളോരോന്നും മിസ്സ്‌ കോളുകളുടേതുമായിരുന്നു.ഞങ്ങളുടെ നിശ്വാസങ്ങളോരോന്നും മിസ്സ്‌ കോളുകളിലൂടെ സംവദിച്ചിരുന്നു.നിങ്ങള്‍ക്കതൊരാശ്ചര്യമായി തോന്നിയേക്കാം;പരസ്‌പരം മിസ്സ്‌ കോളുകളയച്ചു ഉറക്കമില്ലാത്ത രാത്രികള്‍ പരസ്‌പരം സമ്മാനിച്ചതൊക്കെയും നിങ്ങള്‍ക്കൊരു കടംകഥയായി തോന്നിയേക്കാം.അതായിരുന്നു സത്യം.പിന്നിട്ട ദിവസങ്ങളോരോന്നും വര്‍ഷങ്ങളുടെ കൂട്ടിവയ്‌ക്കലിലേക്കു വഴിമാറി.
     മുറിയിലെ നിശബ്ദതയെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ ഭേദിച്ചപ്പോഴാണു ഞാന്‍ സ്വപ്‌നലോകത്തു നിന്നും ഉണര്‍ന്നത്‌.അതെ അതവളായിരുന്നു.പക്ഷെ ഒരു മിസ്സ്‌ കോളിലൊതുങ്ങുന്ന അവള്‍ ഇതാ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.ഇവള്‍ക്കിതെന്തു പറ്റി.ഞാന്‍ കോള്‍ ബട്ടണില്‍ വിരലമര്‍ത്തി കാതോര്‍ത്തിരുന്നു.
    ``ഹലോ, ഞാന്‍ പോവ്വാ.എന്നെ യാത്ര പറഞ്ഞയക്കാന്‍ നീ വരില്ലെ? നീയല്ലാതെ മറ്റാരാ വരാന്‍.ഞാന്‍ കത്തിരിക്കും.``
          എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ അവള്‍ ഡിസ്‌കണക്‌റ്റ്‌ ചെയ്‌തു.
     ഔപചാരികതയുടെ വേലിയേറ്റം മനസ്സിനെ മദിച്ചുകൊണ്ടിരിന്നുതാകാം അവളെ യാത്രയാക്കാന്‍ ഞാന്‍ തെല്ലും സങ്കോചം കൂടാതെ ചെന്നു.ഒപ്പം ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ മൊബൈല്‍ ഫോണും .അവളെ കണ്ടപ്പോള്‍ കരുതിവച്ചിരുന്ന യാത്രാമംഗളെല്ലാം മറന്നുപോയിരിക്കുന്നു.എന്നെന്നും എന്നെ ഓര്‍ക്കുവാന്‍ ``ഓര്‍മ്മിക്കണം'' എന്ന വാക്കുപോലും പറയാതെ ആ മൊബൈല്‍ ഫോണ്‍ അവള്‍ക്കു നല്‍കി.ഒരുപാടുപേരുടെ മുന്നില്‍ നിന്നും അവളതു വാങ്ങിക്കൊണ്ട്‌ പറഞ്ഞു,
             `` നീ വരുമെന്നു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.`` 

       തിരിച്ചൊന്നും പറയാതെ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു,വേണ്ടായിരുന്നു.അവളുടെ പ്രതീക്ഷകളെ തകര്‍ത്തുകളയാന്‍ എനിക്കു പോകാതിരിക്കാമായിരുന്നു.എന്നും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ എനിക്കു കഴിയാറില്ലല്ലോ.
      പക്ഷെ,കാലങ്ങള്‍ക്കു ശേഷവും ഒരു സംശയം എന്നില്‍ ഇന്നും അവശേഷിക്കുന്നു. വെറുമൊരു സൗഹൃദത്തില്‍നിന്നുയരാന്‍ കഴിയാതിരുന്ന എന്റെ മനസ്സിന്റെ വലിപ്പക്കുറവുമാത്രമായിരുന്നോ അവള്‍ എന്നില്‍ നിന്നകലുവാന്‍ കാരണം...?
ഒന്നു മാത്രം അറിയാം ,ഇന്നും ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നു.കാലത്തിന്റെ മിസ്സ്‌ കോളിനായ്‌.


Wednesday, January 13, 2010

എവിടെയാണെന്‍ ആനന്ദം ?

എവിടെയാണെന്‍ ആനന്ദം ?
ഉയര്‍ന്നീല ഇന്നലെയോളമെന്‍ ചിത്തിലീ-
ച്ചോദ്യമെങ്കിലും ഇന്നു ഞാന്‍
തിരയുന്നു, എവിടെയെന്‍ സന്തോഷമൊളിഞ്ഞിരിക്കുന്നു.
എരിയുന്ന മുറിവുകളിലൊളിഞ്ഞിരിക്കുന്നുവോ
എന്‍സുഖങ്ങള്‍ ,ഉപ്പുപുരളുമ്പൊളറിയുന്നുഞാന്‍
ഈ മുറിവുകളിലെന്‍ വേദനയുടെ സുഖം
അടുത്തവര്‍ക്കെപ്പോഴും നല്കുന്നു
ഞാനാമുറിപ്പാടിന്‍ നോവുകള്‍
അറിഞ്ഞൊ ,അറിയാതെയോ
ഇല്ല , അറിയാതെ ഞാനൊന്നുമേ കൊടുക്കില്ല
എല്ലാം മന:പൂര്‍വ്വം
പക്ഷെ, ചിലരെങ്കിലുമിവയോരോന്നും
പൊറുക്കുന്നു അവയല്ലേ എനിക്കെന്നും
നല്കുന്നു കാലം മായ്ക്കാത്ത നോവുകള്‍
അന്നും ഇന്നും ഇനിയെന്നും
ചിദാനന്ദനായിരിക്കുന്നു ഞാനെന്നുമെങ്കിലും
സച്ചിദാനന്ദനാകുവാനൊട്ടു കൊതിയുമില്ല.

Thursday, January 7, 2010

സ്വകാര്യ ബസ്സ്‌ സമരം പിന്‍ വലിച്ച്ച്ചേ .........!!!        ഇതിങ്ങനയൊക്കയേ വരൂ എന്നറിയാന്‍ വയ്യാത്തവരായി ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.അല്ലാ,എന്താ ഇപ്പൊ ഇങ്ങനൊരു ചിന്ത എന്നു തോന്നിയേക്കാം.കാലാകാലങ്ങളായി നടത്തപ്പെടുന്ന സ്വകാര്യ ബസ്സ്‌ പണിമുടക്കുവാരാഘോഷത്തെ കുറിച്ചല്ലാതെ മറ്റൊന്നുമല്ല അടിയന്റെ മനസ്സിന്റെ വിങ്ങല്‍.അല്ലാ,അങ്ങനെയൊക്കെ തോന്നാനുള്ള അവകാശം ഉണ്ടോ എന്നറിയില്ല.ക്ഷമിക്കുമല്ലോ അടിയന്റെ ഈ അപരാധം.
     പതിവുപോലെ സ്വകാര്യ ബസ്സ്‌ സമരം ഇന്നു പിന്‍വലിച്ചു.ഹൊ! ഇവര്‍ക്കെന്തൊക്കെ സാധിച്ചു.പൊതുജനമെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ജനങ്ങളെ(അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നു കരുതാം;ഇവിടെ ജനങ്ങളെ പലതട്ടില്‍ കാണുന്നതുകൊണ്ട്‌ ഇങ്ങനൊരു പദം ഉപയോഗിച്ചു കണ്ടിട്ടുള്ള ഇടങ്ങള്‍ ഒട്ടും കുറവല്ലല്ലോ?) വലയ്‌ക്കാവുന്നത്ര വലച്ചു.സ്വകാര്യ ബസ്സ്‌ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു!.ബസ്സോടിക്കാതിരുന്നതിനു കാരണം കാണിക്കണം എന്നു പറയാന്‍ കഴിഞ്ഞു(അവര്‍ക്കുമാത്രം കാരണം അറിയില്ലയിരിക്കും!).പെര്‍മിറ്റ്‌ റദ്ദുചെയ്യുമെന്നു ഭീഷണി മുഴക്കി...അങ്ങനെ നീളുന്നു ജനകീയ സര്‍ക്കാറിന്റെ വിക്രിയകള്‍(ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട്‌ അങ്ങനെ വിളിക്കാമല്ലോ?).അങ്ങനെ പേടിച്ചരണ്ട ബസ്സുമുതലാളിമാര്‍ സമരത്തില്‍നിന്നു പിന്മാറി.ജനനേതാക്കളുടെ ജനസമ്മതി വര്‍ദ്ധിക്കാന്‍ ഇതില്‍പരം എന്തു വേണം? നിരക്കു വര്‍ദ്ധന വരുന്നുണ്ട്‌,നിങ്ങള്‍(പൊതുജനങ്ങള്‍), ഞങ്ങള്‍(ഭരണാധിപര്‍) പറഞ്ഞതുമാത്രം അനുസരിച്ചാല്‍ മതി(ഞങ്ങള്‍ എന്തു പറയണമെന്നു അവര്‍ തീരുമാനിച്ചോളും!).സ്വകാര്യവത്‌കരണത്തിനും മുതലാളിത്തത്തിനും എതിരായി നിലകൊണ്ടിട്ടുള്ളവര്‍പോലും ഈ വിധം പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ അല്‌പമെങ്കിലും വിഷമൈക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ? 
     ഇത്രയൊക്കെ ആണെങ്കിലും ഞങ്ങളെ (പൊതുജനങ്ങളെ) യാത്രാദുരിതം ബാധിക്കാതിരിക്കാന്‍ കുറച്ചൊന്നുമായിരിക്കില്ല സര്‍ക്കാര്‍ ബുദ്ദിമുട്ടിയിരിക്കുന്നത്‌.എത്ര രാജശകടങ്ങളാണു നിരത്തിലിറക്കിയതു (രാജവാഴ്‌ച കാലയവനികക്കുള്ളില്‍മറഞ്ഞെങ്ങിലും അത്രത്തോളം പഴക്കമുള്ള ബസ്സുകളാണല്ലോ നമ്മുടെ സംസ്ഥാനത്തിനുള്ളത്‌) നാല്‌പതു സ്വകാര്യ ബസ്സുകള്‍ ഓടിയിരുന്ന വഴിയ്‌ലൂടെ നാലു സര്‍ക്കാര്‍വണ്ടിയെങ്കിലും ഓടിച്ചല്ലോ.അവയെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ സഹായിച്ച സാരഥികള്‍ക്കു ഓരോ പൊന്നാടയില്ലെങ്കിലും ഓരോ തോര്‍ത്തുമുണ്ടെങ്കിലും കൊടുത്താദരിക്കേണ്ടതാണ്‌.എരിതീയില്‍ എണ്ണ പോലെ ,നഷ്ട്‌ത്തിലോടുന്ന ട്രാന്‍സ്‌പോര്‍ട്‌ കോര്‍പറേഷന്‌ അതിന്റെ തോത്‌വര്‍ദ്ധിക്കാനെന്നവണ്ണം ആരംഭിച്ച low floor ബസ്സുകള്‍ ഈ കാലയളവില്‍ കാര്യക്ഷമമായി സര്‍വീസ്‌ നടത്തിയിരുന്നെങ്കില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകുന്ന മരക്കൊമ്പെങ്കിലുമായേനെ.നഗരയാത്ര ഒരുപരിധിവരെയെങ്കിലും സുഗമ(ദു:സ്സഹ)മാക്കാന്‍ അവയ്‌ക്കു കഴിഞ്ഞേക്കുമായിരുന്നു.ശ്വാസം വലിക്കാന്‍പോലും കഴിയാത്തവന്‍ മൂക്കില്‌പൊടിവലിക്കാനെങ്കിലും ശ്രമിച്ചല്ലോന്നു സമാധാനിക്കാം.
    കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ചിലവുകള്‍ക്കനുസൃതമായി നിരക്കുവര്‍ദ്ധന എല്ലാ മേഘലയേയും ബാധിക്കുമെന്നറിയാത്തവര്‍ ഇന്നിവിടെ ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ വയ്യ.എത്ര ബുദ്ദിമുട്ടുള്ളവരായാല്‍പോലും സാഹചര്യത്തിനനുസരിച്ചു മാറുകയാണല്ലോ പതിവ്‌.അല്ലാതെ ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തുവാന്‍ ഒരു വ്യവസ്ഥിതിക്കൊ,നേതാവിനൊ കഴിയാറില്ല;അതില്‍ പരാതി തോന്നേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നില്ല.പിന്നെ എന്തിനുവേണ്ടിയാണീ പ്രഹസനങ്ങള്‍? കാലാനുസൃതമായുള്ള പഠനങ്ങളിലൂടെ അതങ്ങു സാധിച്ചാല്‍പോരെ; ഞ(നി)ങ്ങള്‍ക്കു വേണ്ടി ഞങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിങ്ങള്‍ എന്തിനീ ക്രൂരത ഞങ്ങളോടു കാട്ടുന്നൂ,ഒഴിവാക്കിക്കൂടെ കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍.... കാത്തിരിക്കാം നമുക്ക്‌ അടുത്ത സ്വകാര്യ ബസ്സ്‌ സമര നാടകോത്സവത്തെ...... അയക്കാം നമുക്കു sms ുകള്‍.......അവരുടെ ഫോര്‍മാറ്റ്‌  ഐയെസ്‌ആര്‍ഓ സ്‌പേസ്‌..... കാതോര്‍ത്തിരിക്കാം ടണ്‍കണക്കിനു ഫണ്ണിനായ്‌.....