Monday, September 27, 2010

ഇങ്ങനെയും ഒരു സായാഹ്നം

സമയം രാത്രി 8.20

എനിക്കിതു തന്നെ വരണം .
അല്ലാ എന്തു പറ്റി / എന്താ ഉദ്ദേശിച്ചത് ?
ആരേ ഉദ്ദേശിച്ചല്ല . എനിക്കിതു തന്നെ വരണം .ഇതിലും വലുതെന്തോ വരാനിരുന്നതാ ...

   * * * * * * * * * * * * * * * * * * * * * * * * * * * * * * *

ആ പെന്‍ ഡ്രൈവിന് നേരത്തെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ . ഇതിപ്പൊ എന്തു പറ്റി ? കമ്പ്യൂട്ടറിന്‍റെ കുഴപ്പമാണോ ? ഹും ! നാശം . കുറച്ച് കാശ് തടഞ്ഞേനെ . ചിന്തകള്‍ ഈ വഴി പോകുമ്പോഴേക്കും ഞാന്‍ ജോസ് ജംങ്ക്‌ഷന്‍ കഴിഞ്ഞിരുന്നു .സമയം 5.50 . 
വൈകിട്ടെന്താ പരിപാടി ?
ആലോചന തുടര്‍ന്നുകൊണ്ടിരുന്നു ,ഒപ്പം നടത്തവും .അപ്പോഴേക്കും ഗ്രൌണ്ട് ബസ്സ് സ്റ്റോപ്പില്‍ എത്തിയിരിക്കുന്നു .നടത്തം തത്കാലം നിര്‍‌ത്തി ;ഇനി യാത്ര ബസ്സിലാകാം .ബെസ്റ്റ് ടൈം ! ഒറ്റ ബസ്സും വരുന്നില്ല .ഓ ! എന്നുവച്ചിനി നടക്കാനൊന്നും പോകുന്നില്ല .
താമസമെന്തേ വരുവാന്‍ .... മനസ്സില്‍ മാത്രം പാടി .പുറത്തു കേട്ടിരുന്നേല്‍ ....
അങ്ങനെയിരിക്കുമ്പോ, ദേ, ഞാന്‍ വന്നല്ലോ എന്നും പറഞ്ഞ് അതാ ഒരു കലൂര്‍ ബസ്സ് .
ഒരു കച്ചേരിപ്പടി
അമ്പതു പൈസയുണ്ടോ ?
ഇല്ല.
പിന്നൊന്നും പറയാതെ ആ ചേട്ടന്‍ അടുത്ത ആളിനെ കണ്ടക്ട് ചെയ്യാനായി നടന്നു .ബസ്സ് പത്മാതീയറ്ററും കഴിഞ്ഞ് മുന്നോട്ട് .ഞാനിറങ്ങാന്‍ തയ്യാറായി പടിയിലേക്ക് നിന്നു .സാധാരണ ആ സിഗ്നല്‍ വിളക്കിനു മുന്നില്‍ ഒന്നു നില്‍ക്കാതെ കടന്നുപോകാറില്ല .ഭാഗ്യം ! ഇന്നതു സംഭവിച്ചില്ല .നിര്‍ത്തിയിട്ടുണ്ടായിരുന്ന എല്ലാ ബസ്സുകളേയും ഓവര്‍ടേക്ക് ചെയ്ത് അതിസാഹസികമായി സ്റ്റോപ്പിന് പത്തിരുന്നൂറ് മീറ്റര്‍ അകലെയായി ഒന്ന് നിര്‍ത്താന്‍ കരുണയുണ്ടായി സാരഥിചേട്ടന് .ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ .
സമയം ഇപ്പോള്‍ 6.05 .
എന്തോ ലക്ഷ്യം വച്ചിട്ടെന്ന പോലെ കാലുകള്‍ ബാനര്‍ജി റോഡിന്‍റെ ഫുട്പാത്തിലൂടെ ഹൈക്കോടതിയുടെ വശത്തേക്ക് ഒരു ഈവനിംഗ് വാക്ക് .ആരോ കാത്തു നില്‍കുന്നതു പോലെ ,കാലുകള്‍ അതിവേഗം എന്നേംകൊണ്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു .സ്റ്റോപ്പ്പ്പ്പ്പ്..........
അതാ സരിത,സവിത,സംഗീത മൂന്ന് പെണ്‍കൊടിമാരും മാടിവിളിക്കുന്നു .ഒഴിഞ്ഞു കിടക്കുന്ന കൌണ്ടറിനുമുന്നിലെത്തിയപ്പോ പ്രാഞ്ചിയേട്ടന്‍ ഫുള്ളടിച്ച് ഓഫായി സവിതയില്‍ കിടക്കുന്നു . ഇനി രാജ്യ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരവുമായി മറ്റു രണ്ടുപേര്‍ കാത്തിരിക്കുന്നു .സരിതയും സംഗീതയും .

പാതി കീറിയ ടിക്കറ്റുമായി ഞാന്‍ സംഗീതയുടെ ഇരുണ്ട ഉള്ളറയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് തപ്പി തടഞ്ഞ് ....

           എല്ലാരും ശ്വാസമടക്കിപ്പിടിച്ച് വെള്ളിത്തിരയിലേക്ക് കണ്ണും നട്ടിരിക്കുന്നു ...
അമ്മയെ ചവിട്ടിക്കൊന്ന അച്ഛനെ ധിക്കരിച്ച് മകള്‍ സന്യാസത്തിലേക്ക് .കൂട്ടിന് മെഡിസിന് തന്‍റൊപ്പം പഠിച്ച ഡോക്ടര്‍ വിദ്വാന്‍ നേരത്തെ തന്നെ സന്യാസിയായിരിക്കുന്നു .ഹാവൂ ! ഒരുമിച്ച് ഗാര്‍ഹസ്ഥ്യം പറ്റീലെങ്കിലും സന്യാസമെങ്കിലും ഒരുമിച്ച് നടക്കുമല്ലോ . ഇല്ല , അതിനു സമ്മതിച്ചില്ല പരമ ദുഷ്ടനായ അച്ഛന്‍ മൂപ്പനും മൂപ്പന്‍റെ വലംകൈ ആയ കുട്ടിസ്രാങ്കും .പാവം സ്രാങ്ക് പക്ഷേ നിരപരാധിയായിരുന്നു കേട്ടാ.അതുകൊണ്ട് രാത്രിക്ക് രാത്രി സന്യാസത്തില്‍ സ്പെഷ്യലൈസ് ചെയ്യാനായി ഡോക്ടറമ്മയും സ്രാങ്കും നാടുവിട്ടു . കലികയറിയ മൂപ്പന്‍ വാല്യക്കാരെ നാലുപാടു അയച്ചിരിക്കുന്നു .വിശ്വാസ വഞ്ചനകാട്ടിയ സ്രാങ്കിനെ വക വരുത്താന്‍ .
          നമ്മടെ ഡോക്ടറമ്മ  ഇപ്പോ പോലീസുകാരുടെ നടുവിലാ .ഈശ്വരാ ഇവരു രണ്ടാളും കൂടെ വല്ല ഏടാകൂടവും ... പാവം സ്രാങ്ക് തട്ടിപ്പോയിരിക്കുന്നു .തന്‍റെ കഥന കഥ അവതരിപ്പിക്കുവാരുന്നു ഇത്രേം നേരം നമ്മുടെ സന്യാസിനി .പാവം ഞാന്‍ പതിനഞ്ച് മിനിട്ട് വൈകിയതു കാരണം എന്തൊക്കെയോ തെറ്റിദ്ദരിച്ചു .
അംഗലാവണ്യംകൊണ്ട് അനുഗ്രഹീതയായ ഒരു ചട്ടക്കാരി ചേച്ചി വന്ന് സ്രാങ്കിന്‍റെ നിശ്ചേതനമായ ശരീരത്തിനുമുന്‍പില്‍ വിതുമ്പി നിന്നു .
         അവരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നിന്ന ചവിട്ട് നാടകക്കാരന്‍ ബോട്ട്‌ഡ്രൈവറായിരുന്നു സ്രാങ്ക് .എല്ലാവര്‍ഷവും ഒരേ നാടകം ,അഭിനയിക്കുന്നവര്‍ ചിലപ്പോ മാറിയേക്കും .കഷ്ടം ! ആ ഇടവകക്കാരുടെ ഒരു ഗതികേട് .എന്‍റെ നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ .... അങ്ങനെ സത്യകൃസ്ത്യാനിയായ ഈ ചേച്ചിയും ജാതിയും മതവും എന്തിന് , തന്തേം തള്ളേം വരെ ഇല്ലാത്ത സ്രാങ്കും നായികാനായകന്മാരായി തട്ടേല്‍ ചവിട്ടിയാടാനൊരുങ്ങി നിന്നു .പള്ളീം പട്ടക്കാരും പെണ്ണിനെ നായികയാക്കുന്നതില്‍ കലിപ്പിച്ച് നിന്നപ്പഴും ധീരനും സര്‍വ്വോപരി നായികയുടെ ആങ്ങളയുമായ ആശാന്‍ ഉജ്ജ്വലപ്രകടനം കാഴ്ചവെച്ചു .നായികയുടെ മനസ്സില്‍ സ്രാങ്ക് നായകനായി പടര്‍ന്നു കയറി .
വലതു വശത്തു നിന്നും ഒരു വെളിച്ചം കടന്നു വരുന്നു .അത് നമ്മടെ ടിക്കറ്റു കീറുന്ന ചേട്ടന്‍ അകത്തു കയറിയതാ .പുറകില്‍ നിന്നും ഒരു അശരീരി പ്രതീക്ഷയ്ക്കു വകയുണ്ടെടാ .ആഹാ ,എന്നാല്‍ പ്രതീക്ഷിച്ചിട്ടു തന്നെ കാര്യം .
എന്തോ പ്രതീക്ഷിച്ച് സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ നഗ്നയായ നായികയുടെ ബാക്ഗ്രൌണ്ട് വ്യൂവില്‍ കണ്ണുടക്കി നിന്നു .ഓ !ലവള് സ്രാങ്കിനെ വളയ്ക്കാന്‍ ഒരു ശ്രമം നടത്തിയതാ .പൊട്ടന്‍ , ഇതു പോലൊരുത്തനയാ നായകനെയാക്കി വച്ചിരിക്കുന്നത് .അവന്‍ , ക്ഷമിക്കണം മഹാനായ കുട്ടിസ്രാങ്ക് അതു കാണാത്തപോലെ വാതിലടച്ച് തിരിഞ്ഞു നടന്നു .ഇതിനിടയില്‍ ഒറ്റയ്ക്കൊളിച്ചോടി പോയ സ്രാങ്ക് തിരിച്ചു വന്ന് നാടകം ചവിട്ടിയാടി .കലിമൂത്ത നായക വേഷം നിഷേധിക്കപ്പെട്ട ജോപ്പന്‍ (ഇവന്‍ നായികയെ നോട്ടമിട്ടതാ ) ആശാനെ കൊന്നെന്നും അതിനു പ്രതികാരമായി ജോപ്പനെ സ്രാങ്ക് കൊന്നെന്നുമൊക്കെയായി രംഗം കൊഴുത്തപ്പോള്‍ സ്രാങ്കവിടെനിന്നും വീണ്ടും മുങ്ങി .
പോലീസുകാര്‍ സ്രാങ്കിന്‍റെ ലീലാവിലാസങ്ങളില്‍ രസം മൂത്തിരിക്കുന്നു. മൂന്നാലുമാസം പ്രായമായ വയറും തള്ളിപ്പിടിച്ച് വന്ന അംഗലാവണ്യത്തിലും മുഖസൌന്ദര്യത്തിലും ഇതുവരെ കണ്ടവരെ (ഈ സ്ക്രീനില്‍ ) കവച്ചുവയ്ക്കുന്നവളുടെ വെളിപ്പെടുത്തലില്‍ പോലീസുകാര്‍ വാ പൊളിക്കുന്നു .അവളുടെ വയറ്റില്‍ വളരുന്ന കൊച്ചിന്‍റെ തന്തയാണത്രേ ചത്തുമലച്ച സ്രാങ്ക് . മിണ്ടാവയ്യാത്ത ഗര്‍ഭിണിയായ ഈ സുന്ദരി കൂട്ടിനുവന്ന കെളവിയുടെ സഹായത്താല്‍ തന്‍റെ സ്രാങ്കിന്‍റെ വീരകഥകള്‍ വിവരിക്കുന്നു .
ഇവള്‍ കാളി .ഇവളുടെ പേരില്‍ നോവലുവരെ എഴുതുന്നു , ഇവളുടെ നാട്ടുകാരിയും പ്രമാണിത്തറവാട്ടിലെ മരുമകളും ഏകാകിനിയുമായ കഥാകാരി .ആ നാടിന്‍റെ ശാപമായിരുന്ന കാളി സ്രാങ്കിന് അനുഗ്രഹമാകുന്നു .വലതു വശത്തുകൂടി വീണ്ടും പ്രകാശം കടന്നു വരുന്നു .ദേ ആ ചേട്ടന്‍ പിന്നേം കേറി വന്നതാ .ഇപ്പോ എന്തെങ്കിലുമൊക്കെ നടക്കും .പാവം അശരീരിക്കാര്‍ , സ്ക്രീനിലെ വാതിലും അടഞ്ഞതുകൊണ്ട് പ്രതീക്ഷിച്ചതൊന്നും കണ്ടില്ല .
നാടിന്‍റെ ശാപം മാറ്റാനായി കാളിയെ ബലികൊടുക്കാനുള്ള കരപ്രമാണിമാരുടെ ശ്രമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് കുട്ടിസ്രാങ്ക് കാളിയുടെ രക്ഷകനാകുന്നു .എഴുത്തുകാരി എഴുത്തവസാനിപ്പിച്ച് ആത്മബലി കൊടുക്കുന്നു .പുതിയ നാട്ടില്‍ സ്രാങ്കും കാളിയും പുതു ജീവിതം തുടങ്ങുന്നു .
         പിന്നീടൊരുനാള്‍ നാടകത്തിനാണെന്നും പറഞ്ഞ് നാടുവിട്ടുപോയ സ്രാങ്ക് തിരിച്ചു വന്നില്ല .ജോപ്പന്‍റെ കൊലപാതകിയായ സ്രാങ്കിന്‍റെ ജീവിതം പൂര്‍ണ്ണമായെന്ന് വിധിയെഴുതാന്‍ തുനിഞ്ഞ പോലീസുകാരെയും പ്രേക്ഷകനെയും അമ്പരപ്പിച്ചുകൊണ്ട് മറ്റേ ചട്ടക്കാരി കുമ്പസാരം നടത്തുന്നു .ജോപ്പനെ കൊല്ലാനുപയോഗിച്ച വിഷം അവള്‍ കൊലപാതകത്തിന്‍റെ തെളിവായി സൂക്ഷിച്ചിരിക്കുന്നത്രേ ! 
       സ്രാങ്കിന്‍റെ നിരപരാധിത്വം തെളിയിച്ച ആത്മനിര്‍വൃതിയോടെ അവള്‍ വിലങ്ങണിയുന്നു .അപ്രതീക്ഷിതമായി ഒരു രോഗിണിയെ (ഗര്‍ഭിണിയെ) സുശ്രൂഷിക്കാന്‍ കിട്ടിയ ചാരിതാര്‍ത്ഥ്യത്തില്‍ സന്യാസിനി ഡോക്ടര്‍ ,സ്രാങ്കിന്‍റെ കുഞ്ഞിനെ വയറ്റില്‍ ചുമക്കാന്‍ കിട്ടിയ ഭാഗ്യത്തില്‍ കാളിയും തികഞ്ഞ സംതൃപ്തയാണ് .
      ഏതോ ഒരുനാള്‍  നാടകത്തിനെന്നും പറഞ്ഞ് നാട് വിട്ട കുട്ടിസ്രാങ്കിന്‍റെ ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നു .

മലയാള സിനിമയോടിത്രയേറെ കരുണയുള്ള ഒരു സംവിധായകന്‍ മാത്രമേ ഉള്ളൂ .അദ്ദേഹം പറഞ്ഞത് മഹാനായ കുട്ടിസ്രാങ്കിന്റെ അതീവസാധാരണമായ അഥവാ പച്ചയായ മനുഷ്യന്റെ കഥ . അയാളുടെ മുന്നില്‍ തുണിയുരിയുവാന്‍ മടിയില്ലാത്തവര്‍ മാത്രമോ ഈ നായികമാര്‍ .കഥയുടേയും സാങ്കേതികത്തികവിന്‍റേയും ഉത്തമ സൃഷ്ടിയായ ഈ ചലച്ചിത്രത്തെ അംഗീകരിക്കുവാന്‍ തയ്യാറായ ദേശീയഅവാര്‍ഡ് ജൂറിയെ അംഗീകരിക്കാതിരിക്കാന്‍ വയ്യ .സംസ്ഥാനതലത്തിലുള്ളവരുടെ ഉള്ളുകളികള്‍കൊണ്ട് മാത്രം തഴയപ്പെട്ടത് തീര്‍ച്ചയായും മൃഗീയവും പൈശാചികവുമാണ് .

                                        
                        
                   * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ദേശീയ പുരസ്കാരം നേടിയൊരു ചലച്ചിത്രം തീയറ്ററില്‍ ചെന്ന് കണ്ട് രാജ്യസ്നേഹം വെളിവാക്കിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ വീട്ടിലേക്കുള്ള ബസ്സിനായി കാത്തു നില്‍ക്കുന്നു .
ഇപ്പൊള്‍ സമയം രാത്രി 8.20.