Thursday, December 8, 2011

പ്രളയം !

പ്രളയം !
ആൾ‌വലിപ്പത്തിനുമപ്പുറത്തേക്കിപ്പഴും
നിറഞ്ഞുകൊണ്ടിരിക്കുന്നു ,
ഗതി തേടിയൊഴുകുന്ന
പ്രളയജലം !
ഇല്ല , കാണും ദൂരത്തെങ്ങു-
മൊരു കൈത്താങ്ങ് .
നിലയില്ലാതെ ഗതിയറിയാതെയൊ-
ഴുകിപ്പരക്കുന്ന പ്രളയത്തിലെൻ
ജീവകോശങ്ങൾ ശ്വാസത്തിനായ്
ഒരുവേളയുയർ‌ന്നു പൊങ്ങുന്നു .

വരണ്ടുണങ്ങാതെ നിന്നെ
കാത്തുകൊള്ളാനായ്
ഞാനെന്നുമെൻ നയനങ്ങളെ
മറച്ചുവെച്ച മേഘശകലങ്ങളാ-
യിരുന്നെന്റെ പ്രണയാന്ധകാരം
ഇനി ഞാനെവിടെത്തിരയും
നിന്മന്ദഹാസമാമെൻ
മിന്നൽ‌‌പ്പിണരിനെ ?
പെയ്തൊഴിയാതെ കാക്കുവാനി-
ല്ലെനിക്കിനിയുമൊരു കാലവർ‌ഷവും
തുലാവർ‌ഷവും .

നിന്നിലേക്കൊഴുകാൻ കൊതിച്ചയെന്നു-
ള്ളിലായെന്നോ ഞാൻ-
തീർത്ത ലോലമാമണയെ-
ത്തകർ‌ത്തതെൻ ദൌർ‌ബ്ബല്യമോ ?
ആർ‌ത്തലഞ്ഞെന്നിലേക്കാഞ്ഞടിച്ച
നിന്നിലെ തിരമാലകളോ ?
അറിയുവാനാവതില്ലെനിക്കിനിയും
പക്ഷേ , ഹൃദയഭേദകമാമെൻ
വേദനയ്ക്കായ് നീ കരുതിയോ
വെറുമൊരു വേദനാസംഹാരിയെങ്കിലും ?

ഇനിയെന്നു? എന്തിനു ?

തീർക്കണമെനിക്കിനിയുമൊരു
ഭിത്തിയെൻ ഹൃത്തിൽ
ഇനിയും നിന്നിലേക്കൊഴു-
കാതിരിക്കുവാൻ ,
മൃതിയറ്റയെൻ ജീവ-
കോശങ്ങളെ അഴുക്കിയൊഴുക്കുവാൻ .
പിടയുന്നുയിപ്പഴും അവയെന്റെയുള്ളിൽ
അവസാനശ്വാസത്തിനായ് .

കാണികൾ‌ക്കാകാമിനി-
യെന്നേർക്ക്
സഹതാപ വർഷവും
പരിതാപ വർഷവും .
ഹാ ! ഹൃദയഭേദകമാം കാഴ്ച  !
പ്രളയം !