Sunday, February 14, 2010

പ്രണയദിനം

പറയാന്‍ മറന്നതോ പ്രണയം
എന്നില്‍ പറയാതെ വച്ചതോ പ്രണയം
അതോ ,
പറയാനറിയാത്തതോ എനിക്കു
പ്രണയം !

ക്ളോഡിയസ്സിനെ ഭയക്കാത്ത
പാതിരിയെപോല്‍
വിളക്കുവാന്‍ കൊതിക്കുന്നു
ഞാനോരോ കണ്ണിയും
പ്രണയാഗ്നിതന്‍ താപത്താല്‍ .
അപ്പൊഴും ഞാനൊരു പാതിരിയായ്‌
പറയുകില്ലെന്‍ പ്രണയസ്വപ്നങ്ങളും
മുത്തുകോര്‍ക്കുവാനിഷ്ടമെങ്കിലു-
മില്ലായെനിക്കീ പ്രണയമുത്താകുവാനും

ഭയക്കുന്നു ഞാനെന്‍
സംഭാവ്യമാം പ്രണയനഷ്ടത്തെയീ-
പങ്കുവയ്ക്കലില്‍ !
അപ്പൊഴും പ്രണയിക്കുന്നു
ഞാനെന്നെയും മാഞ്ഞുപോകുമീ
സൌന്ദര്യത്തിനുടമയാം ലോകത്തെയും .

വൈകിയിട്ടില്ലെനിക്കിനിയും
വെളിപ്പെടുത്തുവാനെന്‍ പ്രണയസ്വപ്നങ്ങളെ
നുകരുന്നു ഞാനാ സൌന്ദര്യലഹരിയീ
നുരയുന്ന പാനപാത്രത്തിനരികിലും  

കൊഴിഞ്ഞുപോകുന്നയീ ദിനവും
പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !
കാത്തിരിക്കാമിനിയുമോരോ പ്രണയദിനങ്ങളും
പങ്കുവയ്ക്കുവാനെനിക്കെന്‍ പ്രണയത്തെയും  .