Monday, December 13, 2010

സൂക്ഷിക്കുക !

     പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വിചാരിച്ചിട്ടില്ലാത്ത ഒരു ഒഴിവു ദിവസം . രാവിലെ പത്തു മണിയെങ്കിലുമാകാതെ എഴുനേല്‍ക്കുക എന്നത് ഒരു ശിക്ഷ തന്നെ. പതിവിനു വിപരീതമായി എട്ടു മണിക്ക് എഴുന്നേറ്റ എന്നെ കണ്ട് മാനം കറുത്തിരുണ്ടിറ്റുണ്ടാകാം; കാക്കകള്‍ മലര്‍ന്നു പറക്കാനായ് ഒരു വിഫല ശ്രമം നടത്തിയിട്ടുണ്ടാകാം .കലികാലം ! കാണാത്തത് കാണും ,കേള്‍ക്കാത്തത് കേള്‍ക്കും !.വീട്ടില്‍ മറ്റ് ടൂത് പേസ്റ്റ് കിട്ടാത്തതിനാല്‍ - അല്ലാതെ ദന്തക്ഷയത്തെ ഭയമില്ലാത്തത് കൊണ്ടല്ല - അല്പം നമ്പൂതിരീസിന്റെ സഹായത്താല്‍ പല്ലുകള്‍ക്കിടയില്‍ ഒരു സേവനവാരം നടത്തുന്നതിന്നിടയില്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ച് കൊണ്ടിരുന്നു .നാളുകള്‍ക്കു ശേഷം അവന്റെ പേര് വീണ്ടും തെളിഞ്ഞതിനാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല .
“ഹലോ “ മറുപടിക്കായ് കാതോര്‍ത്തുകൊണ്ട് ആചാ‍രവാക്ക് മൊഴിഞ്ഞു .
“ഹലോ ,എവിടെയാ ? ഡ്യൂട്ടിയിലാണോ ?”
“പിന്നേ! ഞായറാഴ്ച ഡ്യൂട്ടി! എന്താ വിശേഷം ?”
“ഞങ്ങളിന്നങ്ങോട്ട് വരുന്നുണ്ട് .ഉച്ചയ്ക്കൊരു മീറ്റിംഗുണ്ട് .നിനക്കെന്താ പരിപാടി ? ഫ്രീയാണോ ?”
“എനിക്കെന്ത് പരിപാടി .പ്രത്യേകിച്ച് വിലയൊന്നുമില്ലാത്തത് കൊണ്ട് ഞാനിന്നും ഫ്രീയാ !”
“ഞാന്‍ എത്തിയിട്ട് വിളിക്കാം “
ഫോണ്‍ താഴെവച്ച് പാതിയാക്കിയ പല്ലുതേപ്പങ്ങ് മുഴുവനാക്കി .ചായകുടിമുതല്‍ നീരാട്ട് വരെ എല്ലാം പതിവുപോലെ .ഞാന്‍ എന്റെ പ്രഭാതകൃത്യങ്ങളിലേക്കും സമയം അതിന്റെ വഴിക്കും !
സൂര്യന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തോണ്ട് ഉച്ചിയിലെത്തിയിരിക്കുന്നു .നമുക്കങ്ങനെയല്ലല്ലോ .പ്രാതലു മുതല്‍ കുളിവരെ എന്തൊക്കെ ചെയ്യണം ! എല്ലാം കഴിഞ്ഞപ്പോള്‍ ഊണുകഴിക്കാറായിരിക്കുന്നു .വീണ്ടും മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു .വീണ്ടും അവന്‍ തന്നെ .വിശ്രമ ദിവസത്തിന്റെ അലസതയെന്ന ബാധ കയറിയതിനാലാവാം അവനോട് കാണാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞത് .ഊണു കഴിച്ച് കഴിഞ്ഞപ്പോഴേക്കും വീണ്ടും അവന്‍ വിളിച്ചിരിക്കുന്നു .
എന്തായാലും അതു തീരുമാനിച്ചു .കണ്ടിട്ട് നാലുവര്‍ഷം കഴിഞ്ഞില്ലെ .  അവസരങ്ങളുണ്ടായിട്ടും വെറുതെ ഒഴിഞ്ഞു മാറിയിരിക്കുകയായിരുന്നല്ലൊ .അല്പ നിമിഷത്തേക്ക് ഓര്‍മ്മകള്‍ നെയ്തുവച്ച കലാലയത്തിന്റെ പടവുകളിലേക്ക് .നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍ത്തെടുക്കാനായൊന്നും ശേഷിപ്പിക്കാതിരുന്നതു കൊണ്ടോ എന്തോ മാറാല നീക്കി പുറത്തേക്ക് . വിശ്രമ ദിവസത്തിന്റെ വിഷാദമില്ലാതെ നഗരം ചിലമ്പിക്കൊണ്ടിരിക്കുന്നു .അവനെ തിരക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ , എന്തോ വേണ്ടായിരുന്നോ എന്ന തോന്നല്‍ . പുഞ്ചിരിമാഞ്ഞ് അവനെ കണ്ടിട്ടില്ല .ആള്‍ക്കൂട്ടത്തിനിടയിലും ആ പതിവ് തെറ്റിച്ചില്ല .
വിദ്യാര്‍ത്ഥിയില്‍ നിന്ന് ഞാന്‍ ഉദ്യോഗാര്‍ത്ഥിയിലേക്കും അവന്‍ സംരഭകനിലേക്കും പ്രവേശിച്ചതില്‍ പിന്നെ ഇതാദ്യത്തെ കൂടിക്കാഴ്ച . അവന്റെ കൂട്ടായ സംരഭത്തിലെ പരിചിതങ്ങളായ മിത്രങ്ങളെ ഓരോന്നായി കണ്ട് കുശലാന്വേഷണം നടത്തുമ്പോള്‍ ഒന്നു മനസ്സിലായി .എന്നും മാറാതെ നില്‍കുന്നത് മാറ്റം മാത്രം .ഞാനൊഴികെ എല്ലാം മാറിയിരിക്കുന്നു .തിരക്കേറിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കുള്ള അവന്റെ ക്ഷണം സ്വീകരിമ്പോഴും ഉള്ളിലെന്തോ തടഞ്ഞിരിക്കുന്നു .വേണ്ടായിരുന്നു എന്ന തോന്നല്‍ .
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടയില്‍ അവന്റെ സംസാരത്തില്‍ നിന്നും ഞാനാ സത്യം തിരിച്ചറിഞ്ഞു . വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ കൂടിക്കണ്ടത് ഓര്‍മ്മയിലേക്കൊരു വിലാപയാത്ര നടത്താനല്ല , മറിച്ച് പുതിയ കാലത്തിന്റെ വ്യവസായ ബന്ധനങ്ങളിലേക്ക് കണ്ണി ചേര്‍ക്കാനായിരുന്നെന്ന് .അവന്റെ ഓരോ വാക്കുകളും എന്നെ ബോധവല്‍ക്കരിക്കാനുള്ള സൂക്തങ്ങളായി കാതുകളില്‍ മുഴങ്ങി .വേദിയില്‍ കേട്ടറിവുമാത്രമുള്ള ഏതോ മത വിശ്വാസികളേപ്പോലെ സ്തുതി ഗീതങ്ങള്‍ മുഴക്കുന്ന കോട്ടുധാരികള്‍ . സദസ്സില്‍ ഹര്‍ഷാരവം മുഴക്കി ആനന്ദലഹരിയിലാ‍റാടുന്ന അനുയായികള്‍ .കാലം തെറ്റിപെയ്ത മഴയില്‍ മുളച്ച തകരപോല്‍ ഞാന്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക ഭദ്രതയുടേയും പുതിയ വഴികള്‍ എന്നില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന കൃമികളേപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു .കാതടപ്പിക്കുന്ന ശബ്ദവീചികള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച് തുടങ്ങിയിരിക്കുന്നു .
ഇല്ല കഴിയില്ല ,എനിക്കിനിയും ഇതിനിടയിലിരിക്കാന്‍ .എന്റെ ഹൃദയതാളം പിഴക്കുന്നത് കാണാന്‍ ഇവിടെയാരുമില്ല . എന്റെ യാത്രാമൊഴി അവന്റെ മുഖത്തെ പുഞ്ചിരി മായ്ചുവോ ? ഇല്ല , ഞാനതു നോക്കിയില്ല .
ചെയ്ത തെറ്റിന് പശ്ചാത്തപിച്ചിട്ടെന്തുകാര്യം ! വേണ്ടായിരുന്നു , അജ്ഞാതമായിരുന്ന വല്മീകത്തിനു വെളിയില്‍ വരേണ്ടിയിരുന്നില്ല . സുഹൃത്തേ , വേണ്ടായിരുന്നു .ഇതിനായിരുന്നെങ്കില്‍ നീയെന്നെ വിളിക്കേണ്ടിയിരുന്നില്ല . പുതിയ ബന്ധങ്ങളുടെ ബന്ധനത്തിലെ കണ്ണിയാകാനിഷ്ടമില്ലാതെ മൊബൈല്‍ സ്വിച്ച് ഓഫ്‌ചെയ്ത് ഞാന്‍ നടന്നകന്നു . അതവന്റെ ഹൃദയത്തില്‍ നിന്നായിരുന്നോ .അറിയില്ല , എനിക്കെന്റെ ഹൃദയതാളം പിഴക്കാതെ സൂക്ഷിക്കണം . ഞാന്‍ ഭയക്കുന്നു ,എവിടെ മറഞ്ഞിരിക്കും പുതിയ ബന്ധങ്ങളില്‍ ഈ ബന്ധനം വേട്ടയാടാതിരിക്കാന്‍ ..........


32 comments:

  1. കൂട്ടുകാരന്‍ ക്ഷണിച്ചത് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ ക്ലാസ്സ് കേള്പിക്കാന്‍ ആയിരുന്നോ ?...
    പുതിയ ചങ്ങല ക്കണ്ണിയില്‍ വിളക്കി ചേര്‍ക്കാന്‍ ??!!

    ReplyDelete
  2. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഇതുപോലെ പഴയ ഒരു സഹപാഠിയെ കണ്ടു.. തമ്മില്‍ കണ്ട് കുശലാന്വേഷണം നടത്തുന്നതിടയില്‍ അവന്‍ എന്നോട് കൂടുതല്‍ സംസാരിക്കാന്‍ ശ്രമിച്ചത് ഇതുപോലെ ഒരു കാര്യമായിരുന്നു . എനിക്ക് മനസ്സിലാവുന്ന ഭാഷയില്‍ അവന്‍ പറഞ്ഞത് “ നമ്മള്‍ കുറച്ച് കാശ് ഇന്‍വെസ്റ്റ് ചെയ്ത് പിന്നീട് നമ്മള്‍ രണ്ട് പേരെ അതിലേക്ക് ചേര്‍ത്തു കൊടുക്കുന്നതോട് കൂടി നമ്മുടെ ജോലി അവസാനിച്ചു പിന്നീട് നമ്മള്‍ ലാഭം എണ്ണികൊണ്ടിരുന്നാല്‍ മതി” എന്നായിരുന്നു ചുരുക്കം .

    വര്‍ഷങ്ങള്‍ക്ക് ശേഷം തമ്മില്‍ കണ്ടുമുട്ടിയ ഒരു സുഹൃത്തില്‍ നിന്നും അപ്പോള്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് അതൊന്നുമല്ലായിരുന്നതുകൊണ്ടും .. ഈ വിധ ഏര്‍പ്പാടില്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും ജീ.വി കഥയുടെ ക്ലൈമാക്സ് എഴുതിയ പോലെ തന്നെ ഒരു യാത്രാമൊഴി ചൊല്ലി പിരിയുകയായിരുന്നു..

    പലരും സുഹൃത്ബന്ധം ഇതുപോലെ ബിസിനസ് കണ്ണുകളിലൂടെ മാത്രം കാണുന്നു എന്നത് സത്യമാണ്... അതിന്‍റെ വേദന അപരന്‍ അനുഭവിക്കുന്നത് അവര്‍ ചിന്തിക്കുന്നില്ല.

    ReplyDelete
  3. ഈ ചങ്ങലകളോക്കൊ ധാരളം കഴുത്തിൽ കുടൂങ്ങി ഞാനും പണ്ടെല്ലാം കുറെ ശ്വസം മുട്ടിയിട്ടുണ്ട്...കേട്ടൊ

    ReplyDelete
  4. സാരമില്ല ജീവി. ജീവിച്ചുപോകാനുള്ള തത്രപ്പാടിലെ വേഷമാടലുകളല്ലേ. ചിലർ അവസാനം അത്തിനപ്പുറത്തേക്കു ജീവിതം കാണാൻ പറ്റാതെ അതിൽ തന്നെ അടിയും. ചിലരെല്ലാം പിന്നീടു വേഷം അഴിച്ചു വയ്ക്കും. എന്തായാലും കൂട്ടുകാരനു നന്മ നേരാം.

    ReplyDelete
  5. പലപ്പോഴും ഇത്തരം ചങ്ങലകള്‍ പലരുടെയും കഴുത്തില്‍ ചുറ്റിയിരിക്കാന്‍ ഇടയുണ്ടെന്നാണ് തോന്നുന്നത്. എന്തായാലും ജീവിതമല്ലേ. പലതും കണ്ടും കേട്ടും യാത്ര തുടരാം.

    ReplyDelete
  6. ആശംസകള്‍ നേരുന്നു

    ReplyDelete
  7. ജീവി അവനെ നേരിട്ട് കണ്ടപ്പഴേ എനിക്ക് കാര്യം തിരിഞ്ഞു. എന്റെ ഒരു ബന്ധു ഈ വിധം എടപാട് അവതരിപ്പിച്ചോള്‍ തന്നെ ഞാന്‍ കര്‍ശനമായി എതിര്‍ത്തു. അപ്പോ അവളുടെ ചോദ്യമായിരുന്നു കിടിലന്‍

    “ ചേട്ടന്റെ ഒഴിവു സമയം ഉപയോഗിച്ച് എന്തുകൊണ്ട് നാല് കാശ് സമ്പാദിച്ചൂടാ ?”

    ReplyDelete
  8. @രമേശ്‌അരൂര്‍ - മനസ്സിലായല്ലേ !

    @ ഹംസ - ഹംസക്ക അതു തന്നെ . നന്ദി

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. - ശ്വാസമുട്ട് വരാതിരിക്കാന്‍ പെട്ട പാട് മനസ്സിലായല്ലോ !

    @ മുകിൽ - ജീവിച്ച് പോവാനുള്ള തത്രപ്പാട് എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല . അങ്ങനെയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുമ്പോള്‍ അത് വ്യക്തമാക്കണമായിരുന്നു .ദിവസങ്ങളായി വല്ലതും കഴിച്ചിട്ട് എന്നു പറയുന്നവനെ സഹായിക്കാം ; ചിക്കന്‍ കഴിച്ചിട്ട് ദിവസങ്ങളായി എന്ന് പറഞ്ഞാല്‍, അതു ഞാന്‍ കഴിക്കാറേ ഇല്ല എന്നു പറയാനെ എനിക്കു കഴിയൂ .

    @ വരയും വരിയും : സിബു നൂറനാട് - സമ്മതിച്ചിരിക്കുന്നു .കണ്ടുപിടിച്ചല്ലോ !

    @ പട്ടേപ്പാടം റാംജി - അതെ അതു തന്നെ .യാത്ര തുടരാം .

    @ ആദൃതന്‍ | Aadruthan - ഇറങ്ങി പോന്നതിനാണോ മാഷേ ആശംസ :)

    @ അരുണ്‍/arun - ആ ഒരു ചോദ്യം വരെയൊന്നും കാത്തു നിന്നില്ലാട്ടൊ .ഞാനാരാ മോന്‍ :)

    ReplyDelete
  9. ഹി ഹി ചെന്ന സ്ഥിതിക്ക് ഒന്ന് കൂടാന്‍ മേലാരുന്നോ

    ReplyDelete
  10. എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അത് പോസ്റ്റാക്കാന്‍ പ്ലാന്‍ ഇട്ടിരിക്കയായിരുന്നു. അതിന്റെ കൂടെ ജീവിയുടെ ഈ പോസ്റ്റിന്റെ ലിങ്കും കൊടുക്കാം.

    ReplyDelete
  11. ഉദര നിമിത്തം ബഹുകൃത വേഷം!! ആദ്യം ഫ്രണ്ട്, പിന്നെ കസ്റ്റമര്‍.
    അവനും ജീവിക്കണ്ടേ. അല്ലേ?
    നല്ല നല്ല വാചകങ്ങള്‍ കാണണമെങ്കില്‍ ആത്മവ്യഥകളില്‍ വരണം.

    ReplyDelete
  12. നല്ലൊരു ജോലിയുണ്ടായിട്ടും, അതിനുപുറമേ പണം വാരാമെന്ന മോഹത്തോടെ ഇത്തരം ചങ്ങലകളില്‍ കുടുങ്ങിയ പലരേയും എനിക്കറിയാം. എന്തായാലും ജീവി രക്ഷപ്പെട്ടല്ലോ..അല്ലേല്‍ ഒഴിവുസമയത്ത് നല്ലൊരു പോസ്റ്റിടുന്നതിനു പകരം, ഒരാ‍ളെയെങ്കിലും ചങ്ങലയില്‍ കുടുക്കാനെന്ന ഉദ്ദേശത്തില്‍ അലയേണ്ടിവരുമായിരുന്നില്ലേ?

    ReplyDelete
  13. @ ഒഴാക്കന്‍. - കൂടിപ്പിരിയാനായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു :) ഇതു പക്ഷേ ഒരു കുരുക്കല്ലേ
    @ Vayady - സന്തോഷം
    @ ഹാപ്പി ബാച്ചിലേഴ്സ് - ആ അഭിപ്രായം ചില്ലിട്ടു വച്ചേക്കാം ട്ടോ :)
    @ സ്വപ്നസഖി - അതു തന്നെ
    @ പ്രദീപ്‌ പേരശ്ശന്നൂര്‍ - നന്ദി
    @ jayarajmurukkumpuzha - നന്ദി

    ReplyDelete
  14. ഹ ഹ...വായാടി വഴിയാ ഇവിടെയെത്തിയത്....കൊള്ളാം...

    ReplyDelete
  15. വായാടി വഴി ഇവിടെയെത്തി. വായിച്ചു. കൊള്ളാം .കൂട്ടുകാരന്‍റ ഉദ്ദേശം എന്തായിരുന്നു.?

    ReplyDelete
  16. സൗഹൃദങ്ങള്‍ക്കും 'വില'യുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലേ :)

    ReplyDelete
  17. ഇതേ ഏര്‍പ്പാടില്‍ കാശുണ്ടാക്കിയ ആളും കാശ് പോയ ആളും എന്റെ നാട്ടിലുണ്ട്.

    എന്തായാലും നാല് കാശുണ്ടാക്കാനുള്ള തത്രപ്പാട്, അല്ലെങ്കില്‍ ജീവിക്കാന്‍.

    ReplyDelete
  18. Money chain – ക്കാർ ശരിക്കും ശല്യമാണ്. നാട്ടിൽ നിന്നോടി ഇവിടെ അന്യ നാട്ടിൽ വന്നപ്പോൾ ഇവിടെയും തഥൈവ. Super market-ൽ ഒക്കെ വച്ച് ഇന്ത്യക്കാരെ കണ്ടാൽ പതുക്കെ മുങ്ങും. പക്ഷെ ഭാഗ്യം സ്വന്തം കൂട്ടുക്കാരിൽ നിന്നു ഇതു വരെ അനുഭവം ഉണ്ടായില്ല.
    http://digambaratvam.blogspot.com/

    ReplyDelete
  19. വായാടിക്ക് പറ്റിയ അമളി വായിച്ചാണ് ഇങ്ങോട്ട് വന്നത്.

    സാരമില്ല ഇത്രയല്ലേ പറ്റിയുള്ളു.

    ചിലര്‍ക്ക് ധനനഷ്ടവും മാനനഷ്ടവും ഫലം എന്ന് വാരഫലക്കാര്‍ പറയുന്നത് പോലെ സംഭവിച്ചിട്ടുണ്ട്.

    ReplyDelete
  20. ആശാനെ വൈകിയത് ഞാനോ അതോ പുതിയ നിങ്ങളെ പോസ്ടോ


    വൈകിയെത്തിയ ആശംസകള്‍

    ReplyDelete
  21. വായാടി വഴിയാണ് എത്തിയത്,

    താങ്കളുടെ അപ്പോഴത്തെ മാനസികാവസ്ഥ, കഷ്ടം അല്ലാതെന്തു പറയാന്‍

    ReplyDelete
  22. കുരുക്കാന്‍ എന്തെല്ലാം കുറുക്കു വഴികള്‍.

    (ഓ ടോ
    വാത്മീകത്തിനു ?
    വല്മീകത്തിനു എന്നല്ലേ ശരി. ഒന്ന് നോക്കൂ).

    ReplyDelete
  23. @ ചാണ്ടിക്കുഞ്ഞ് - സ്വാഗതം ചാണ്ടിച്ചോ .
    @ കുസുമം ആര്‍ പുന്നപ്ര - ഉദ്ദേശം നന്മ മാത്രമായിരിക്കും , ഞാനും ഒരു ലക്ഷപ്രഭുവായിക്കാണാനുള്ള വെമ്പല്‍ !!
    @ തെച്ചിക്കോടന്‍ - ഇത്ര വിലയുണ്ടെന്ന് അറിഞ്ഞിരുന്നില്ല
    @ നിശാസുരഭി - ജീവിച്ചോട്ടെ, സുഹൃത്തുക്കള്‍ക്കിടയില്‍ അതു തുറന്നു പറഞ്ഞിട്ടാകാമായിരുന്നു എന്നേയുള്ളൂ ..
    @ നിർമുഖൻ - ഇന്ത്യക്കാര് തന്നാ അല്ലേ അവിടേം ശല്യക്കാര്‍ !
    @ ajith - വാരഫലം !!
    @ ഉമേഷ്‌ പിലിക്കൊട് - ആരും വൈകിയില്ല മാഷേ
    @ Anas Usman - അതു തന്നെ മാഷേ
    @ Akbar - തിരുത്തിയിട്ടുണ്ട് മാഷേ . നന്ദി

    ReplyDelete
  24. ആരെ പറയാൻ.ആ കൂട്ടുകാരനും ചിലപ്പൊൾ ജീവിക്കാനുള്ള നെട്ടോട്ടം ആയിരിക്കും.എന്റെ ഒരു സുഹ്രുത്ത് ഇതുപൊലെ വിളിചു കുറേ പരാതികൾ പറഞ്ഞു.അങ്ങൊട്ടൊന്നും വിളിക്കാതിരുന്നതിൽ ഞാനും ഒന്നു വിഷമിച്ചു. ഒടുവിലാണു അറിഞ്ഞതു പുള്ളി LIC ഏജന്റ് ആയെന്നും ഞൻ പോളിസി എടുക്കേണ്ടിയിട്ടു വിളീക്കയാണെന്നും.

    'ഉദര നിമിത്തം ബഹുക്രിത വേഷം’.ആശംസകൾ

    ReplyDelete
  25. അത്തരം ആള്‍ക്കാരെ പറഞ്ഞയച്ചിട്ടു മനസ്സില്‍ പറയുക:

    "കല്ലിവല്ലി"

    ReplyDelete
  26. ഇതൊക്കെ അതിജീവനത്തിന്റെ പ്രശ്നമാണ് അവര്‍ക്കും. എന്നാലും ഈ ചങ്ങലകള്‍ ഒരു ചുറ്റ് തന്നെയാണ്.

    ReplyDelete
  27. ചതിക്കുഴികളുടെ കാലം. സൂക്ഷിച്ചിരുന്നില്ലെങ്കില്‍ തലയുംകൊണ്ട്‌ പോകും.

    ReplyDelete
  28. നല്ല എഴുത്ത്!! ഇങ്ങനെ ജീവിതത്തില്‍ എത്രയെത്ര കൂടിക്കാഴ്ചകള്‍ ......
    മാറ്റം പ്രകൃതി നിയമമാണ് .....
    വായിച്ചിരുന്നു...പക്ഷെ കമെന്റ് ഇടാന്‍ വൈകി....
    ആശംസകള്‍ !!!!!!!!!

    ReplyDelete
  29. @ sreee
    @ കണ്ണൂരാന്‍ / K@nnooraan
    @ salam pottengal
    @ khader patteppadam
    @ റാണിപ്രിയ

    - നന്ദി

    ReplyDelete