Thursday, July 25, 2024

ഗോപുരക്കിളിവാതിലിലെ നൂപുരധ്വനി

Pukazhenthi
പണ്ടെന്നോ ആകാശവാണിയിൽ, യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പുകഴേന്തി എന്ന് കേട്ടപ്പോൾ ഏതോ തമിഴ് നാട്ടുകാരൻ എന്നാണ് കരുതിയിരുന്നത്. പിന്നെ പലവർഷങ്ങൾ കഴിഞ്ഞാണ്, അദ്ദേഹം തിരുവനന്തപുരത്തുകാരനായ വേലപ്പൻ നായർ എന്ന മലയാളിയാണെന്നും, തമിഴ് നാട്ടിൽ ചെന്ന് സംഗീത ലോകത്തേക്ക് കടന്നെന്നും അങ്ങനെയാണ് പുകഴേന്തിയെന്ന അപരനാമത്തിൽ അറിയപ്പെട്ടതെന്നും  മനസ്സിലായത്.
 
'അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം... ', "ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു.. " തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി കൂടുതൽ കേൾക്കാറുണ്ടായിരുന്നതെങ്കിലും, പുകഴേന്തി സംഗീതം നൽകിയ അത്രമേൽ പ്രചാരം ഇല്ലാതിരുന്ന എന്നു തോന്നിയ ഒരു മനോഹരഗാനമാണ് "ഗോപുരക്കിളിവാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ..."
 
കുറച്ചൊരു ഹിന്ദുസ്ഥാനി ഛായ തോന്നുമെങ്കിലും വൃന്ദാവന സാരംഗ എന്ന കർണ്ണാട്ടിക്ക് രാഗത്തെ അടിസ്ഥാനമാക്കിയാണത്രെ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പി ഭാസ്കരന്റെ മനോഹരമായ വരികളിൽ, പ്രണയിനിയുടെ നൂപുരധ്വനി കേട്ടപ്പോൾ തന്റെ സംഗീതവും ശ്രുതിയും എന്തിനേറെ തന്റെ സങ്കല്പം തന്നെയും മറന്നുപോയെന്ന കവി ഭാവന! എങ്കിലും, ഒരു അന്തർമുഖനായ നായകന്റെ പ്രണയമാണോയെന്ന് ധ്വനിപ്പിക്കുന്നുണ്ട് കല്പടവിൽ എതിരേൽക്കാൻ മടിച്ചു നിന്നതും, പിന്നെ കണ്ണുനീരിൽ നൈവേദ്യമൊരുക്കി, പൊൻകിനാവുകൊണ്ട് സൽക്കാരം നടത്താമെന്ന് നായകന്റെ ആത്മഗതവും.
അയാളുടെ പ്രാണസഖി ആ പ്രണയസുധാ പാനപാത്രങ്ങൾ സ്വീകരിച്ചോ കഴുകി വച്ചോയെന്ന് തിട്ടമില്ല. കാരണം ഞാൻ, വില കുറഞ്ഞ മനുഷ്യർ എന്ന ആ സിനിമ കണ്ടിട്ടില്ല. എന്തിനേറെ, ഈ പാട്ടിന്റെ കൃത്യമായ രംഗം പോലും കണ്ടിട്ടില്ല. 
 

എങ്കിലും ഏതോ ഗോപുരക്കിളിവാതിലിലൂടെ ആ നൂപുരധ്വനി കേൾക്കുമ്പോൾ, ആദ്യമായി നൂപുരം എന്ന വാക്ക് ചിരപരിചിതമാക്കപ്പെട്ടയിടത്തിലേക്ക് ഒന്ന് ഓടിപ്പോയി വന്നു. ഞാൻ പഠിച്ച, കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസക്കന്ററി സ്കൂളിന്റെ ഓരത്ത് അന്നുണ്ടായിരുന്ന ഒരു ഫാൻസി കടയുടെ നൂപുരം എന്ന പേര് ദിവസത്തിൽ ഒരു തവണയെങ്കിലും വായിക്കാതെ കടന്നുപോയിട്ടില്ല! പാദസരം എന്നല്ലാണ്ട് വേറെയൊന്നും പറയാത്ത നാട്ടിൽ ഇത്ര കാവ്യാത്മകമായൊക്കെ പീടികയ്ക്ക് പേരിട്ടത് ഏത് ഭാസ്കരൻ മാഷായിരുന്നോ ആവോ. ആ കടയൊന്നും അവിടെയിന്ന് ഇല്ലായെന്ന് തോന്നുന്നു.
 
ചിത്രം m3db യില്‍ നിന്നും
 
 
 
 
 
 
 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ , m3db.com


 
ലേഖകന്റെ ശബ്ദത്തില്‍ കേള്‍ക്കാം :
 

Friday, July 19, 2024

യാത്രാന്വേഷണം

ആദ്യമായിട്ടാണെന്ന് തോന്നുന്നു, മഴക്കാലത്തു കുടയെടുക്കാൻ മറന്നിട്ട്, ഒരു തുള്ളിപോലും പെയ്യാതെ തിരികെയെത്തിയത്!

യാത്രകൾ, പൊതുഗതാഗത സൗകര്യത്തിൽ ഇപ്പോൾ നന്നേ കുറവ്. കോവിഡ് കാലത്തെ ശീലം, കോവിഡാനാന്തര കാലത്തെ ദുശ്ശീലം. അതിന് കോവിഡ് കാലം കഴിഞ്ഞോന്നോ? കോവിഡൊക്കെ ജലദോഷപ്പനിയായിട്ടിപ്പോ കാലമെത്രയായെന്നാ!

പഴയ ഓർമ്മയിൽ, രാവിലെ എറണാകുളം ജങ്ക്ഷൻ (എഴുതുമ്പോൾ മാത്രം, പറയുമ്പോ എറണാകുളം സൗത്ത് ) റെയിൽവേ സ്റ്റേഷനിൽ എത്തി. ഉദ്ദേശിച്ച ട്രെയിൻ കൃത്യസമയത്തുതന്നെ പോയി. ശ്ശെടാ, അതെങ്ങനെ?

എന്തുകൊണ്ടോ ടിക്കറ്റ് കൗണ്ടറിന് വെളിയിലോ അകത്തോ മനുഷ്യരും നന്നേ കുറവുതന്നെ. ഇടയ്ക്ക് വല്ലപ്പോഴും ആഴ്ചപ്പതിപ്പ് വാങ്ങിയിരുന്നത് ട്രെയിൻ യാത്രയുള്ളപ്പോൾ മാത്രമായിരുന്നു. ഓർമ്മ പുതുക്കാനെന്നോണം ഒന്നു നടന്നു. പഴയ ബുക്ക്സ്റ്റാൾ കാണാനില്ല.

അടുത്ത ട്രെയിൻ സമയത്തുതന്നെ എത്തി. ഇറങ്ങാൻ ഉള്ളതിന്റെ നാലിലൊന്ന് കയറാൻ തിരക്കും കണ്ടില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നിലേക്ക് ആസനസ്ഥനായി. "കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും " എന്നപോൽ, പത്രമൊന്നെങ്കിലും വേണം മാറാതോരോ സീറ്റിലും എന്നായിരുന്നു പണ്ടത്തെ കാഴ്ച്ചയിൽ. ചുറ്റിലും നോക്കി ഉറപ്പുവരുത്തി, ആരുടെയും കൈയ്യിൽ അബദ്ധത്തിൽ പോലും പത്രക്കടലാസ് കാണ്മാനില്ല.
ഒന്നുകിൽ ചാനൽ ചർച്ചകൾ, അല്ലെങ്കിൽ മൊബൈലിൽത്തന്നെ പത്രങ്ങൾ വായിക്കും. വായനയുള്ളവരിൽ പലരും അങ്ങനെയായിട്ട് കാലം കുറച്ചായല്ലോ? ഞാൻ മൊബൈൽ വായനയിലേക്ക് കൺമിഴിച്ചു. ആലുവ ആകുമ്പോഴേക്ക് പൊതുഅവധിയുടെ കാര്യത്തിൽ ഉറപ്പുവരുത്തിയവർ മുന്നോട്ടുള്ള പ്രയാണം നിർത്തി അടുത്ത ട്രെയിനിന്റെ വരവിനായി അടുത്ത പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നകന്നു.

ഇന്നലെ അച്ചടിക്കാൻ തയ്യാറാക്കിയ വാർത്തകളിൽ ഒഴികെ മറ്റെല്ലാറ്റിലും ഉമ്മൻ ചാണ്ടി സർ യശശ്ശരീരനായി. എഴുതാൻ അറിയുന്നവരിൽ മിക്കവരും എഴുതാൻ പറ്റുന്നിടത്തൊക്കെ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അല്ലാത്തവരാൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഒരേ മുഖം!

വന്ദേഭാരത് കടന്നുപോകാനായിരിക്കാം, ഏറെനാടുകൾ പോകാനുള്ള ഞങ്ങടെ വണ്ടി ഒല്ലൂരിൽ വഴിമാറിക്കൊടുത്തു. വലിയവർ വരുമ്പോൾ ചെറിയവർ ഒഴിഞ്ഞുകൊടുക്കുന്ന കീഴ്‌വഴക്കം മാറണേൽ പുതിയ പാളങ്ങൾ പണിയണം. ഒഴിഞ്ഞ പ്ലാറ്റ്ഫോമിലേക്ക് അടുത്തെവിടേക്കോ പോകാനുള്ളവർ ഇറങ്ങി നടന്നു. 

റെയിൽവേയൊക്കെ മാറിത്തുടങ്ങി, പറഞ്ഞുറപ്പിച്ചതിലും നേരത്തെ തന്നെ ഭാരതപ്പുഴയും കടന്ന് ലക്ഷ്യം കണ്ടു. 

ഹിഗിൻബോതംസ് എന്ന് പണ്ട് വായിച്ചിയിട്ടുള്ളത് റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിലായിരുന്നു. ഷൊർണൂർ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിലും അത്തരമൊരെണ്ണം കണ്ടു പരിചയിച്ചതായിരുന്നു. മടക്കയാത്രയുടെ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ തിരഞ്ഞത് ആ പേരായിരുന്നു.

ശീതള പാനീയം വാങ്ങുന്ന കൂട്ടത്തിൽ കുശലാന്വേഷണമെന്നോണം വെറുതേ അതേക്കുറിച്ച് ചോദിച്ചു. അതൊക്കെ പൂട്ടിപ്പോയിട്ട് നാളുകളെത്രയായെന്നായി. ഇപ്പോൾ വായനയെല്ലാം വിരൽത്തുമ്പിലേക്ക് പോയല്ലോ. പുസ്തകങ്ങൾക്ക് വലിയ ആവശ്യക്കാരില്ലാതെ പൂട്ടിയെന്ന് കേട്ടപ്പോഴാണ് സത്യത്തിൽ, ഇത്തരം യാത്രാന്വേഷണങ്ങൾ മുടങ്ങിയിട്ട് കാലം കുറച്ചായല്ലോയെന്ന് ഓർമ്മയിൽ പരതിയത്.

റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക്‌സ്റ്റാളുകൾ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോഴും, റെയിൽവേ നയങ്ങൾ കൊണ്ടോ ആവശ്യക്കാരില്ലാതെയായോ വൻ നഗരങ്ങളിൽ പോലും ഇന്ന് അത്തരം സ്ഥാപനങ്ങൾ ഇല്ലാതായിട്ട് നാളുകളായെന്ന് വ്യക്തമായി.

 ഓർമ്മകളിൽ നിന്നും ഇറങ്ങി വന്ന ബോബനും മോളിയും, കൂടെ യാത്രയിൽ കയറിക്കൂടിയ സ്റ്റേഷൻ അനേഷിച്ചു പരതി നടന്നു. പാതി വായിച്ചു നിർത്തിയ ഏതോ കുറിപ്പിലേക്ക് വിരലുകൾ മൊബൈൽ സ്‌ക്രീനിലൂടെ തുടച്ചു നീങ്ങി. മരങ്ങൾ പിന്നിലെ മലയോരങ്ങളിലേക്ക് തിരിഞ്ഞോടിക്കൊണ്ടിരുന്നു. കാലചക്രങ്ങൾ മുന്നോട്ട്... 
 
 #railwaystation
2023 ജൂലൈ 19 ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്