Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, July 25, 2024

ഗോപുരക്കിളിവാതിലിലെ നൂപുരധ്വനി

Pukazhenthi
പണ്ടെന്നോ ആകാശവാണിയിൽ, യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പുകഴേന്തി എന്ന് കേട്ടപ്പോൾ ഏതോ തമിഴ് നാട്ടുകാരൻ എന്നാണ് കരുതിയിരുന്നത്. പിന്നെ പലവർഷങ്ങൾ കഴിഞ്ഞാണ്, അദ്ദേഹം തിരുവനന്തപുരത്തുകാരനായ വേലപ്പൻ നായർ എന്ന മലയാളിയാണെന്നും, തമിഴ് നാട്ടിൽ ചെന്ന് സംഗീത ലോകത്തേക്ക് കടന്നെന്നും അങ്ങനെയാണ് പുകഴേന്തിയെന്ന അപരനാമത്തിൽ അറിയപ്പെട്ടതെന്നും  മനസ്സിലായത്.
 
'അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം... ', "ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു.. " തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി കൂടുതൽ കേൾക്കാറുണ്ടായിരുന്നതെങ്കിലും, പുകഴേന്തി സംഗീതം നൽകിയ അത്രമേൽ പ്രചാരം ഇല്ലാതിരുന്ന എന്നു തോന്നിയ ഒരു മനോഹരഗാനമാണ് "ഗോപുരക്കിളിവാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ..."
 
കുറച്ചൊരു ഹിന്ദുസ്ഥാനി ഛായ തോന്നുമെങ്കിലും വൃന്ദാവന സാരംഗ എന്ന കർണ്ണാട്ടിക്ക് രാഗത്തെ അടിസ്ഥാനമാക്കിയാണത്രെ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പി ഭാസ്കരന്റെ മനോഹരമായ വരികളിൽ, പ്രണയിനിയുടെ നൂപുരധ്വനി കേട്ടപ്പോൾ തന്റെ സംഗീതവും ശ്രുതിയും എന്തിനേറെ തന്റെ സങ്കല്പം തന്നെയും മറന്നുപോയെന്ന കവി ഭാവന! എങ്കിലും, ഒരു അന്തർമുഖനായ നായകന്റെ പ്രണയമാണോയെന്ന് ധ്വനിപ്പിക്കുന്നുണ്ട് കല്പടവിൽ എതിരേൽക്കാൻ മടിച്ചു നിന്നതും, പിന്നെ കണ്ണുനീരിൽ നൈവേദ്യമൊരുക്കി, പൊൻകിനാവുകൊണ്ട് സൽക്കാരം നടത്താമെന്ന് നായകന്റെ ആത്മഗതവും.
അയാളുടെ പ്രാണസഖി ആ പ്രണയസുധാ പാനപാത്രങ്ങൾ സ്വീകരിച്ചോ കഴുകി വച്ചോയെന്ന് തിട്ടമില്ല. കാരണം ഞാൻ, വില കുറഞ്ഞ മനുഷ്യർ എന്ന ആ സിനിമ കണ്ടിട്ടില്ല. എന്തിനേറെ, ഈ പാട്ടിന്റെ കൃത്യമായ രംഗം പോലും കണ്ടിട്ടില്ല. 
 

എങ്കിലും ഏതോ ഗോപുരക്കിളിവാതിലിലൂടെ ആ നൂപുരധ്വനി കേൾക്കുമ്പോൾ, ആദ്യമായി നൂപുരം എന്ന വാക്ക് ചിരപരിചിതമാക്കപ്പെട്ടയിടത്തിലേക്ക് ഒന്ന് ഓടിപ്പോയി വന്നു. ഞാൻ പഠിച്ച, കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസക്കന്ററി സ്കൂളിന്റെ ഓരത്ത് അന്നുണ്ടായിരുന്ന ഒരു ഫാൻസി കടയുടെ നൂപുരം എന്ന പേര് ദിവസത്തിൽ ഒരു തവണയെങ്കിലും വായിക്കാതെ കടന്നുപോയിട്ടില്ല! പാദസരം എന്നല്ലാണ്ട് വേറെയൊന്നും പറയാത്ത നാട്ടിൽ ഇത്ര കാവ്യാത്മകമായൊക്കെ പീടികയ്ക്ക് പേരിട്ടത് ഏത് ഭാസ്കരൻ മാഷായിരുന്നോ ആവോ. ആ കടയൊന്നും അവിടെയിന്ന് ഇല്ലായെന്ന് തോന്നുന്നു.
 
ചിത്രം m3db യില്‍ നിന്നും
 
 
 
 
 
 
 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ , m3db.com


 
ലേഖകന്റെ ശബ്ദത്തില്‍ കേള്‍ക്കാം :
 

Friday, July 19, 2024

യാത്രാന്വേഷണം

ആദ്യമായിട്ടാണെന്ന് തോന്നുന്നു, മഴക്കാലത്തു കുടയെടുക്കാൻ മറന്നിട്ട്, ഒരു തുള്ളിപോലും പെയ്യാതെ തിരികെയെത്തിയത്!

യാത്രകൾ, പൊതുഗതാഗത സൗകര്യത്തിൽ ഇപ്പോൾ നന്നേ കുറവ്. കോവിഡ് കാലത്തെ ശീലം, കോവിഡാനാന്തര കാലത്തെ ദുശ്ശീലം. അതിന് കോവിഡ് കാലം കഴിഞ്ഞോന്നോ? കോവിഡൊക്കെ ജലദോഷപ്പനിയായിട്ടിപ്പോ കാലമെത്രയായെന്നാ!

പഴയ ഓർമ്മയിൽ, രാവിലെ എറണാകുളം ജങ്ക്ഷൻ (എഴുതുമ്പോൾ മാത്രം, പറയുമ്പോ എറണാകുളം സൗത്ത് ) റെയിൽവേ സ്റ്റേഷനിൽ എത്തി. ഉദ്ദേശിച്ച ട്രെയിൻ കൃത്യസമയത്തുതന്നെ പോയി. ശ്ശെടാ, അതെങ്ങനെ?

എന്തുകൊണ്ടോ ടിക്കറ്റ് കൗണ്ടറിന് വെളിയിലോ അകത്തോ മനുഷ്യരും നന്നേ കുറവുതന്നെ. ഇടയ്ക്ക് വല്ലപ്പോഴും ആഴ്ചപ്പതിപ്പ് വാങ്ങിയിരുന്നത് ട്രെയിൻ യാത്രയുള്ളപ്പോൾ മാത്രമായിരുന്നു. ഓർമ്മ പുതുക്കാനെന്നോണം ഒന്നു നടന്നു. പഴയ ബുക്ക്സ്റ്റാൾ കാണാനില്ല.

അടുത്ത ട്രെയിൻ സമയത്തുതന്നെ എത്തി. ഇറങ്ങാൻ ഉള്ളതിന്റെ നാലിലൊന്ന് കയറാൻ തിരക്കും കണ്ടില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നിലേക്ക് ആസനസ്ഥനായി. "കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും " എന്നപോൽ, പത്രമൊന്നെങ്കിലും വേണം മാറാതോരോ സീറ്റിലും എന്നായിരുന്നു പണ്ടത്തെ കാഴ്ച്ചയിൽ. ചുറ്റിലും നോക്കി ഉറപ്പുവരുത്തി, ആരുടെയും കൈയ്യിൽ അബദ്ധത്തിൽ പോലും പത്രക്കടലാസ് കാണ്മാനില്ല.
ഒന്നുകിൽ ചാനൽ ചർച്ചകൾ, അല്ലെങ്കിൽ മൊബൈലിൽത്തന്നെ പത്രങ്ങൾ വായിക്കും. വായനയുള്ളവരിൽ പലരും അങ്ങനെയായിട്ട് കാലം കുറച്ചായല്ലോ? ഞാൻ മൊബൈൽ വായനയിലേക്ക് കൺമിഴിച്ചു. ആലുവ ആകുമ്പോഴേക്ക് പൊതുഅവധിയുടെ കാര്യത്തിൽ ഉറപ്പുവരുത്തിയവർ മുന്നോട്ടുള്ള പ്രയാണം നിർത്തി അടുത്ത ട്രെയിനിന്റെ വരവിനായി അടുത്ത പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നകന്നു.

ഇന്നലെ അച്ചടിക്കാൻ തയ്യാറാക്കിയ വാർത്തകളിൽ ഒഴികെ മറ്റെല്ലാറ്റിലും ഉമ്മൻ ചാണ്ടി സർ യശശ്ശരീരനായി. എഴുതാൻ അറിയുന്നവരിൽ മിക്കവരും എഴുതാൻ പറ്റുന്നിടത്തൊക്കെ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അല്ലാത്തവരാൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഒരേ മുഖം!

വന്ദേഭാരത് കടന്നുപോകാനായിരിക്കാം, ഏറെനാടുകൾ പോകാനുള്ള ഞങ്ങടെ വണ്ടി ഒല്ലൂരിൽ വഴിമാറിക്കൊടുത്തു. വലിയവർ വരുമ്പോൾ ചെറിയവർ ഒഴിഞ്ഞുകൊടുക്കുന്ന കീഴ്‌വഴക്കം മാറണേൽ പുതിയ പാളങ്ങൾ പണിയണം. ഒഴിഞ്ഞ പ്ലാറ്റ്ഫോമിലേക്ക് അടുത്തെവിടേക്കോ പോകാനുള്ളവർ ഇറങ്ങി നടന്നു. 

റെയിൽവേയൊക്കെ മാറിത്തുടങ്ങി, പറഞ്ഞുറപ്പിച്ചതിലും നേരത്തെ തന്നെ ഭാരതപ്പുഴയും കടന്ന് ലക്ഷ്യം കണ്ടു. 

ഹിഗിൻബോതംസ് എന്ന് പണ്ട് വായിച്ചിയിട്ടുള്ളത് റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിലായിരുന്നു. ഷൊർണൂർ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിലും അത്തരമൊരെണ്ണം കണ്ടു പരിചയിച്ചതായിരുന്നു. മടക്കയാത്രയുടെ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ തിരഞ്ഞത് ആ പേരായിരുന്നു.

ശീതള പാനീയം വാങ്ങുന്ന കൂട്ടത്തിൽ കുശലാന്വേഷണമെന്നോണം വെറുതേ അതേക്കുറിച്ച് ചോദിച്ചു. അതൊക്കെ പൂട്ടിപ്പോയിട്ട് നാളുകളെത്രയായെന്നായി. ഇപ്പോൾ വായനയെല്ലാം വിരൽത്തുമ്പിലേക്ക് പോയല്ലോ. പുസ്തകങ്ങൾക്ക് വലിയ ആവശ്യക്കാരില്ലാതെ പൂട്ടിയെന്ന് കേട്ടപ്പോഴാണ് സത്യത്തിൽ, ഇത്തരം യാത്രാന്വേഷണങ്ങൾ മുടങ്ങിയിട്ട് കാലം കുറച്ചായല്ലോയെന്ന് ഓർമ്മയിൽ പരതിയത്.

റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക്‌സ്റ്റാളുകൾ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോഴും, റെയിൽവേ നയങ്ങൾ കൊണ്ടോ ആവശ്യക്കാരില്ലാതെയായോ വൻ നഗരങ്ങളിൽ പോലും ഇന്ന് അത്തരം സ്ഥാപനങ്ങൾ ഇല്ലാതായിട്ട് നാളുകളായെന്ന് വ്യക്തമായി.

 ഓർമ്മകളിൽ നിന്നും ഇറങ്ങി വന്ന ബോബനും മോളിയും, കൂടെ യാത്രയിൽ കയറിക്കൂടിയ സ്റ്റേഷൻ അനേഷിച്ചു പരതി നടന്നു. പാതി വായിച്ചു നിർത്തിയ ഏതോ കുറിപ്പിലേക്ക് വിരലുകൾ മൊബൈൽ സ്‌ക്രീനിലൂടെ തുടച്ചു നീങ്ങി. മരങ്ങൾ പിന്നിലെ മലയോരങ്ങളിലേക്ക് തിരിഞ്ഞോടിക്കൊണ്ടിരുന്നു. കാലചക്രങ്ങൾ മുന്നോട്ട്... 
 
 #railwaystation
2023 ജൂലൈ 19 ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് 

Wednesday, February 14, 2024

വസന്തപഞ്ചമിയും വാലെന്റൈനും തമ്മിലുള്ള അന്തർധാര!

"വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു" എന്ന് ഭാർഗ്ഗവിക്കുട്ടിയെക്കൊണ്ട് പി. ഭാസ്കരൻ പറയിപ്പിച്ചത് വാലെന്റൈൻസ് ദിനത്തിലായിരുന്നോ? ഉത്തരം എം എസ് ബാബുരാജിനോ എസ് ജാനകിയ്ക്കോ പറയാം.
വസന്തവും പഞ്ചമിയുമൊക്കെ വന്നിട്ടും വരേണ്ടയാൾക്ക് മാത്രം വരാനുള്ള ബസ്സ്‌ കിട്ടിയില്ലേയെന്ന് കിളിവാതിലില്‍ മിഴിയും നട്ടു ഭാർഗ്ഗവിക്കുട്ടി ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അല്ല, ആത്മാവിൽ സ്വപ്നം കണ്ടുമാത്രം കാത്തിരുന്നാ ഇതുവല്ലതും നടക്ക്വോ?
അപ്പോൾ പറഞ്ഞുവന്നത്, ഇന്ന് ചിലർക്ക് വസന്ത പഞ്ചമിയാണത്രെ!  മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാമത്തെ നാൾ - പഞ്ചമി. വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയുമൊക്കെ സ്വാഗതം ചെയ്യുന്ന ഒരു കൂട്ടരുടെ ഉത്സവം. നമുക്കിവിടെ സരസ്വതി പൂജയൊക്കെ നവരാത്രിയ്ക്കാണല്ലോ. എന്റെ നാട്ടിലെ വസന്തോത്സവമെന്ന് പറയാവുന്നത് മീനത്തിലെ പൂരോത്സവവുമാണ്. അത് പുറകെ വരുന്നതേയുള്ളൂ. 

കൂടാതെ, "മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും  രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി"യെന്ന് വയലാർ ശരത്ചന്ദ്രവർമ്മയും അടിവരയിട്ടിട്ടുണ്ടല്ലോ!

ഫെബ്രുവരി മാസം ആദ്യ പകുതിയിൽ ഈ വസന്തപഞ്ചമി വരണമെങ്കിൽ, വാലെന്റൈൻ പാതിരിയുമായി പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം റാഡിക്കലായി അനുമാനിക്കാൻ. പാണർക്കും കവികൾക്കും പാടാൻ ശേഷം വേറെയെന്ത് വേണം?

വസന്തപഞ്ചമി ഒന്നങ്ങോട്ടോയിങ്ങോട്ടോ വർഷാവർഷം മാറാമെങ്കിലും വാലൈന്റൈൻ ദിനവും, പുൽവാമാ ദിനവും മാറാൻ പോകുന്നില്ലല്ലോ. ആചരിക്കുമ്പോഴും ആശംസിക്കുമ്പോഴും മാറിപ്പോകാതിരിക്കട്ടെ.

ഇതൊന്നുമല്ലാത്തവർക്ക് ഇന്ന് ആഴ്ച്ചയിലെ നാലാമത്തെ ദിനം, എല്ലാവർക്കും സന്തോഷകരമായ ബുധനാഴ്ച്ച ആശംസകൾ!

#valentine

Thursday, January 18, 2024

സാമ്പാറിലെ കഷ്ണങ്ങൾ

ഒരു ട്രെയിനിങ്ങിനിടെ ട്രെയിനർ പ്ലാനിങ്ങിനെക്കുറിച്ച് പറയവേ , എങ്ങനെയാണ് നിങ്ങൾ സാമ്പാർ ഉണ്ടാക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടോ ചോദ്യം എന്റെയടുത്ത് എത്തിയില്ലെങ്കിലും, മനസ്സ് ഒരു സാമ്പാർ പ്ലാനിങ്ങിലായിരുന്നു.


ഏത് സാമ്പാറായിരിക്കും ഇങ്ങേർക്ക് വേണ്ടത് എന്നായി ചിന്ത? മറാത്തികൾ അവരുടേതെന്നും തമിഴർ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സാമ്പാർ? നിത്യവും തമിഴന്റെ കടയിലെ ദോശ മസാലദോശാതിവകകൾക്കൊപ്പം വരുന്ന സാമ്പാറാണോ, അതോ നമ്മൾ മലയാളീസിന്റെ സാമ്പാറോ? അങ്ങനെയെങ്കിl നമ്മൾ ആറു മലയാളിക്ക് നൂറ് സാമ്പാർ ആവുമല്ലോ ആശാനേ, എന്തൊക്കെ കഷ്ണങ്ങൾ വേണമെന്നൊക്കെ ഇതി കർത്തവ്യമൂഢനാകവേ, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോന്നോർത്ത് സമാധാനം കൊണ്ടു.

സാമ്പാറിന്റെ കഥ മണ്മറഞ്ഞ കാഥികൻ സാംബശിവൻ പറഞ്ഞു തുടങ്ങുകയാണെങ്കിൽ, പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു മറാത്ത ദേശത്തെ രണ്ടാം ഛത്രപതിയായിരുന്ന, സർവ്വോപരി ഭക്ഷണപ്രിയനുമായിരുന്ന സാമ്പാജി രാജാവിന്റെ (ഛത്രപതി സാംബാജി രാജേ ഭോൻസലെ ) മൂത്ത ദേഹണ്ഡക്കാരൻ ഒരു ലോങ്ങ്‌ ലീവിന് പോയി. ആ നേരത്താണ് രാജാവിന് ലേശം പരിപ്പ് കറി കൂട്ടി ചോറുണ്ണാൻ, അല്ല അമൃതേത്ത് കഴിക്കാൻ മോഹമുദിച്ചത്.

അടുക്കളേൽ ആണെങ്കിൽ വേറെ ആരുമില്ലാത്തതുകൊണ്ട് രാജാവ് സ്വയം ഉത്തരവിട്ടെന്നാണ് കേട്ടത്. അങ്ങനെ പുള്ളിക്കാരൻ അടുക്കളയിൽ കേറി, പരിചയമില്ലാത്ത ഇടത്തൊക്കെ കയറിയാൽ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാമല്ലോ! പരിപ്പുകറി പണിപാളി കൈയ്യിന്ന് പോയി.

കൈയ്യിൽ കിട്ടിയതൊക്കെ പരിപ്പാണോ പുളിയാണോ എന്നൊന്നും നോക്കാൻ നിൽക്കാതെ എടുത്തിട്ട് അഡ്ജസ്റ്റ് ചെയ്തു കാണണം. ഇന്ന് കറിയെന്താ രാജാവേ, ഊണ് ഇവിടുന്ന് കഴിച്ചേക്കാം എന്ന് പറഞ്ഞു വന്ന ഏതോ കൂട്ടുകാരൻ പരിചയമില്ലാത്ത ഈ കറി ഇങ്ങേര് ഉണ്ടാക്കിയതാണെന്ന് കേട്ട്, ബഹുകേമായി കറി (അങ്ങനെയല്ലാതെ വല്ലതും പറഞ്ഞാലത്തെ തലയുടെ സ്ഥാനം ആലോചിച്ചു കാണണം). ഇതിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ ഇതിന് പേരില്ല എന്ന പരിഭവത്താൽ വിളിച്ച പേരാവും സാമ്പാർ എന്ന്. ഇതൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടതാണേ, സത്യമെന്താണെന്നാർക്കറിയാം എന്ന് കെപിഎസി ലളിതയും ക്ഷമിക്കണം വിക്കിപീഡിയയും പറഞ്ഞു കാണണം!

image created using Copilot

ഇതൊന്നുമല്ല, ആദിമ പുരാതന തമിഴ് കൃതികൾ വരെ പ്രകൃർത്തിക്കുന്ന ചമ്പാരം എന്നതിൽ നിന്നാണ് ചാമ്പാർ (തമിഴർക്ക് സ വേണ്ടല്ലോ ) വന്നതെന്ന് തമിഴ് ചരിത്രകാരന്മാരും അവകാശപ്പെടുന്നുണ്ട്.

"அமுதுபடி கறியமுது பல சம்பாரம் நெய்யமுதுள்ப்பட தளிகை ஒன்றுக்கு பணம் ஒன்றாக" = ഹൊ! എന്താല്ലേ?

കാര്യം എന്തൊക്കെ പറഞ്ഞാലും, ദക്ഷിണേന്ത്യയിലെവിടെയും രുചി പലതാവുമെങ്കിലും സാമ്പാർ സുലഭമാണല്ലോ? കേരളത്തിൽ തന്നെ പല പല രുചികളിൽ ഈ പേര് പറഞ്ഞു വിളമ്പാറുണ്ടല്ലോ.

വെന്തുടഞ്ഞ തൂവരപ്പരിപ്പിൽ പിഴിഞ്ഞുഴിച്ച പുളിയും കഷ്ണങ്ങളും ചേർത്ത് വേവിച്ച്, ചിരകിയ തേങ്ങയും ചുവന്ന മുളകും കൊത്തമല്ലിയും കായവുമിത്യാദി വകകൾ തരാതരം വരുത്തരച്ചു ചേർത്ത് തിളപ്പിച്ച് മെമ്പൊടിയും ചേർത്ത്, മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട് മുന്നിലെത്തിയിരുന്നതാണ് ഞങ്ങളുടെ ശെരിക്കും സാമ്പാർ. എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനായി ഇതൊക്കെ അമ്മ ചെയ്തുതരും പോലെ ചേരുവകകൾ അനുപാതത്തിൽ, വറുത്ത് പൊടിയാക്കി സൂക്ഷിച്ചു വെക്കുകയുമാവാം.

എന്നാൽ, ബാച്ചിലർ സാമ്പാറിൽ പരിപ്പോ തേങ്ങയോ കണ്ടുകിട്ടാറില്ലന്ന് പര്യവേക്ഷകർ സമമ്മതിച്ചിട്ടുള്ള സത്യവുമാണ്. വറുക്കുന്നതിനും പൊടിക്കുന്നതിനുമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല, ജാതിമതഭേദമെന്യേ തരാതരം സാമ്പാർ പൊടികൾ മാർക്കറ്റിൽ സുലഭമാണല്ലോ?

വടക്കോട്ട് പോയാൽ മധുരമുള്ള സാമ്പാർ കിട്ടും, തെക്കോട്ടു വരുമ്പോൾ തേങ്ങ വറുത്തരച്ചാൽ തീയലാണോ എന്ന് സങ്കോചപ്പെടുന്നതുമാണ് അനുഭവം. തേങ്ങ ചിരകി വറുത്തരക്കുന്ന പണി കിം ലാഭം.

കാര്യം എന്തൊക്കെയായാലും, കഷ്ണങ്ങളുടെ കാര്യം പറഞ്ഞാൽ, താളിൻ തണ്ട്, ചേന തണ്ട്, കപ്പക്കാ, വെള്ളരിക്ക, മത്തൻ, ഉള്ളി, പയറ്, പടവലങ്ങ, ഉരുളക്കിഴങ്ങ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, വഴുതനങ്ങാ, മുരിങ്ങാക്കാ, തുടങ്ങി
ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നപോലെ താളിൻതണ്ടു തൊട്ട് ഇനി ഇതുവരെ കേട്ടിട്ടില്ലാത്ത ഏത് കഷ്ണങ്ങളും ഏത് നാട്ടിലും സാമ്പാറിൽ ചേർക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ യാത്രയിൽ, പേരറിയാത്ത ഒരു പച്ചക്കറിപ്പേര് തമിഴിൽ നൂക്കൽ എന്ന് കേട്ട് ഇത് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന്റെ ഉത്തരം, സാമ്പാർ വെക്കാം എന്നായിരുന്നു ഇന്ന് ഈ അവസരത്തിൽ ഓർക്കാതെ തരമില്ല.

ചുരുക്കി പറഞ്ഞാൽ, ഡോക്ടറേറ്റ് എടുക്കാൻ വിഷയം കിട്ടാതെ വിഷമിക്കുന്ന പഠിതാക്കൾക്ക് വേണമെങ്കിൽ ഇന്ത്യൻ സാമ്പാറിന്റെ ചരിത്രവും സാമ്പാറിലെ കഷ്ണങ്ങളും എന്ന വിഷയത്തെ പഠിച്ചു ഡോക്ടർ ആവാം എന്ന് മാത്രമല്ല, ഇന്ത്യൻ സാമ്പാർ പ്രേമികൾക്ക് അതൊരു പുണ്യ ഗ്രന്ഥവുമായേക്കാം എന്നും ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയുടെ ദേശീയ കൂട്ടാൻ എന്ന പദവി നൽകി ഒരു സാമ്പാർ പഠനകേന്ദ്രം തുടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ ഇന്നത്തെ കഥാപ്രസംഗം ചുരുക്കട്ടെ.

NB:- അവലംബം കേട്ടു കേൾവികൾക്കും , അഭിരുചിക്കും നാക്കിലെ രുചിയ്ക്കും , വിക്കിപീഡിയയും മറ്റു അനുബന്ധ റെഫറൻസുകൾക്കും, പറഞ്ഞു കൊടുത്ത പോലെ ചിത്രം വരച്ചുതന്ന Copilot നും കടപ്പാടും കഷ്ടപ്പാടും. സാമ്പാജി രാജാവ് എന്നോട് പൊറുക്കണം!

സമർപ്പണം : ജീവിതപങ്കാളി നീദുവിനും കൂടെ മറ്റെല്ലാ സാമ്പാർ പ്രേമികൾക്കും

#sambar
#foodlovers
#Copilot 

Monday, September 27, 2021

ഹാപ്പി ബര്‍‍ത്ത് ഡേ ഗൂഗിള്‍

         എന്തെങ്കിലുമൊന്നു ഇന്‍റെര്‍നെറ്റില് തിരയാതെ ഒരു ദിവസവും കടന്നുപോകാറില്ല . അതിന് ഗൂഗിള്‍ ചെയ്യുക എന്നുതന്നെയാണിപ്പോ പറയുകതന്നെ. എന്ത് ചോദിച്ചാലും ഉത്തരം കണ്ടെത്തിത്തരുന്ന ആ ഗൂഗിളിന്‍റെ ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍ ആണത്രേ ഇന്ന് !

സന്തോഷ ജന്മദിനം കുട്ടിക്ക് ... ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍ ...




"Our mission is to organise the world’s information and make it universally accessible and useful."
ലോകത്തെ വിവരങ്ങളത്രയും ശേഖരിച്ച് സാര്‍വത്രികമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്‍റെ പ്രഖ്യാപിത ലക്ഷ്യം. അത് നാളിന്നുവരെ ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണല്ലോ ഇവനില്ലാതെ നമ്മളിപ്പോ എവിടെയും പോകാത്തത്.
നമ്മുടെ കണക്കിലെ കാക്കത്തൊള്ളായിരത്തിനെ അമേരിക്കക്കാരനായ മിൽട്ടൺ സൈറോറ്റ എന്നൊരു വിദ്വാന് സങ്കല്പിച്ച പദമാണ് ഗൂഗള്‍ (googol) . ഒന്നിനു ശേഷം നൂറു പൂജ്യങ്ങളിട്ടാലുള്ള സംഖ്യ - അതാണത്രേ ഗൂഗള്‍ . ഈ പദം സെർച്ച് എൻ‌ജിന്‍റെ പേരാക്കുവാനായിഎഴുതുമ്പോള്‍ Stanford വിദ്യാര്ത്ഥികളായിരുന്ന ലാറി പേജിനോ സെര്‍ജി ബ്രിന്നിനോ പിണഞ്ഞ അക്ഷരപിശാചിനെയാണ് ഇന്നും നാം ഗൂഗിള്‍ (Google) എന്ന പേരില്‍ ആരാധിച്ചുപോരുന്നത്.
എണ്ണിയാലൊടുങ്ങാത്തത്രയും വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പര്യാപ്തമാകണം തങ്ങളുണ്ടാക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ എന്ന് കരുതിക്കൂട്ടിത്തന്നെയാണ് ഗൂഗള്‍ എന്ന പദം തന്നെ പേരായി ഉദ്ദേശിച്ചത് .
1996 ല്‍ തുടങ്ങിയ ലാറിയുടേയും ബ്രിന്നിന്‍റെയും പരീക്ഷണങ്ങള്‍ ഫലം കണ്ടതോടെ 1997 ല് ഗൂഗിള്‍ എന്ന ഡൊമൈന്‍ രെജിസ്ടര്‍ ചെയ്തു . അങ്ങനെ 1998 ല്‍ കാലിഫോര്‍ണിയയിലെ ഒരു സുഹൃത്തിന്‍റെ കാര്‍ ഷെഡ്‌ഡിലോ മറ്റോ ആരംഭിച്ച സംരഭമാണ് ഇന്ന് പടര്‍ന്നു പന്തലിച്ച് ഇരുപത്തിമൂന്നിന്‍റെ യൌവ്വനത്തിലെത്തി നില്കുന്നത്.
ഇന്ന്, gmail ഓ android phone ഓ google map ഓ photos ഓ drive ഓ ഒന്നും ഇല്ലാതെ ഒന്ന് മാറി ഇരിക്കാന്‍ തന്നെ പറ്റാതായിയിരിക്കുന്നു . നമ്മളിന്ന് നിത്യവും ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ എത്രയെത്ര കാര്യങ്ങളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത് ?
കാർ ഷെഡ്‌ഡിൽ ആരംഭിച്ച് ഇന്ന് എത്രയോ ശത കോടി US ഡോളറുകളുടെ വരുമാനവുമായി ജൈത്ര യാത്ര തുടരുന്ന ഗൂഗിൾ അനിയന് ശതകോടി ജന്മദിനാശംസകൾ!
ഇന്‍റെര്‍നെറ്റ് , അറിയുന്തോറും ആഴം കൂടുന്ന വിവരശൃംഖലയെന്ന മഹാസാഗരം ... അലഞ്ഞിട്ടുണ്ട് അതും തേടി ..
പത്താം ക്ലാസ് പാസായി സ്കൂളുകള്‍ തോറും ആപ്ലിക്കേഷന്‍ കൊടുത്ത് നടന്നവന് ഒരു വെളിപാടുണ്ടാകുന്നു .. എന്താ ..
വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ആപ്ലിക്കേഷന്‍ കൊടുക്കാന്‍ ... എന്തിനാ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കാന്‍ ...
രണ്ടായിരത്തി ഒന്നിന്‍റെ മദ്ധ്യത്തോടെ തുടങ്ങിയ കമ്പ്യൂട്ടര്‍ അഭ്യാസത്തിനൊപ്പം , ഏതോ ഒരു തീവണ്ടിയാത്രയില്‍ കൂടെ കൂടിയ ഇന്‍റെര്‍നെറ്റ് പഠന സഹായി എന്നോ മറ്റോ പേരുള്ള കൈ പുസ്തകവും കൊണ്ട് ചെന്ന് കയറിയ ഇന്‍റെര്‍നെറ്റ്‌ കഫെ എന്ന പഴയ സിംഹത്തിന്‍റെ മടയില്‍... കഫേ ഓപ്പറേട്ടന്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ... ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ നിന്നും മണിക്കൂറിനു മുപ്പതു രൂപയെടുത്ത്, പഠിക്കുന്ന ടെക്നോളജിയെയും പഠിപ്പിക്കുന്ന സാറന്മാരെയും മനസ്സില്‍ ധ്യാനിച്ച് ദക്ഷിണ വച്ചു. കീബോര്‍ഡിലെ സെര്‍ച്ച്‌ മുഴുമിക്കാന്‍ സമ്മതിച്ചില്ല , ഗൂഗിള്‍ വിവരങ്ങള്‍ ചറപറാ മുന്നില്‍ നിരത്തി ..
പിന്നെ ഹൃദയത്തില്‍ കംപ്യൂട്ടറും സിരകളില്‍ ഇന്‍റെര്‍നെറ്റുമായി കാലമൊരുപാട്... ഒടുവിലൊരുനാള് ഇന്‍റെര്‍നെറ്റ് കഫെ പോക്കിന് ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നു ... ഇന്നും തീരാത്ത പ്രവാസം ...
"സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ..."


വിവരങ്ങൾക്ക് കടപ്പാട് ഗൂഗിളും വിക്കിപീഡിയയും പിന്നെ ആറാംതമ്പുരാനും ....



Thursday, June 10, 2021

നന്ദി BSNL ഒരായിരം നന്ദി!

       ജനുവരിയിൽ നാട്ടിൽ പോകുമ്പോ അത്യാസന്ന നിലയിലായിരുന്നു, ശ്വാസമെടുക്കാൻ നന്നേ പണിപ്പെടുന്നു. ചികിത്സയ്ക്കായി പലവട്ടം ശ്രമിച്ചു. ഇതിനു പ്രതിവിധിയില്ലായെന്ന് പുല്ലാറ്റുമഠം പറഞ്ഞാലും ഡോ.സണ്ണിയുണ്ടല്ലോ ഒരു വാക്ക് ചോയ്ക്കാൻ.... 

     നാട്ടിലുള്ളപ്പോൾത്തന്നെ ശ്വാസം നിലച്ചു. 198 ൽ വിളിച്ചു. രെജിസ്റ്റർ നമ്പർ കിട്ടി. ആരും അന്വേഷിച്ചില്ല. എക്സ്ചേഞ്ചിൽ വിളിച്ചപ്പോ ആളില്ലത്രേ! എറണാകുളത്തുള്ള പരിചയക്കാരൻ വഴി ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കി, ആളില്ലന്ന് ഉറപ്പിച്ചു. പുല്ല്, പണം ഒരു കൊല്ലത്തേക്ക് അടച്ചും പോയി. അച്ഛൻ എക്സ്ചേഞ്ചിൽ വിളിച്ചു അടച്ച പൈസ തിരികെ കിട്ടുമോയെന്ന് ചോദിച്ചപ്പോ അത് പയ്യന്നൂരിൽ അന്വേഷിക്കണമെന്ന മറുപടി കിട്ടിയത്രേ!

     പൈസ ഞങ്ങടെ ആയോണ്ട് ഔചിത്യം വേണ്ടല്ലോ. രെജിസ്റ്റർ ചെയ്ത പരാതി പരിഹരിച്ചെന്ന സന്ദേശം വായിച്ചു ഉൾപ്പുളകിതനായി നമ്പർ കുത്തി വിളിച്ചപ്പോൾ നല്ല വ്യക്തമായും സ്പെഷ്ടമായും പറഞ്ഞു കേട്ട് ബോധ്യപ്പെട്ടു, നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഓഹോ അപ്പൊ അങ്ങനെയാണ്. വീണ്ടും 18003451500 ൽ വിളിച്ചു രെജിസ്റ്റർ ചെയ്തു, നമ്മളോടാ കളി. അടുത്ത ആഴ്ചയിൽ പിന്നെയും ഉൾപ്പുളകിതനായി. നമ്പർ കുത്തി, പ്രവർത്തന രഹിതം. കോൾ സെന്ററിൽ വിളിച്ചു, എക്‌സിക്കുട്ടനോട് സംസാരിച്ചു. പരാതി രെജിസ്റ്റർ ചെയ്യാമെന്ന്. 

   യേത്, അതൊക്കെ ചെയ്തോ പക്ഷേങ്കി എനിക്ക് നിങ്ങടെ സാറിന്റെ നമ്പർ വേണമെന്ന് വാശിപിടിച്ചു. വാശിയൊന്നും വേണ്ടിയിരുന്നില്ല ഇതിപ്പോ ആരുടെയെങ്കിലും തലയിലിട്ടാ കോൾ അവസാനിപ്പിക്കാലോ എന്ന് എക്‌സിക്കുട്ടനും. കിട്ടിയ നമ്പറിൽ കുത്തി വിളിച്ചു. പരാതി ആണെന്ന് പറഞ്ഞപ്പോ നമ്പർ പറയെന്നായി. പറഞ്ഞു തുടങ്ങ്യപ്പോഴേ കരഞ്ഞു വിളിച്ചു ഇതെവിടുത്തെ നമ്പരാണെന്ന നമ്പർ ഇറക്കി. 

    ഇത് കണ്ണൂർ എന്നൊരു ജില്ലയുണ്ടെന്നും അതിന്റെ വടക്കേ മൂലയിൽ കരിവെള്ളൂർ എന്നൊരു സ്ഥലമുണ്ടെന്നും എന്റെ ഭൗമവിജ്ഞാനം വിളമ്പി. ആ രാജ്യത്തെ കാര്യം ഇവിടെയെടുക്കില്ല, നിങ്ങൾ വിളിച്ച എക്‌സിക്കുട്ടൻ നിങ്ങളെ പറ്റിച്ചതാണെന്ന്. അതേ, ഞാൻ ഒരു അപരാധം ചെയ്തു പോയി. മേലാൽ ആവർത്തിക്കില്ല. നിങ്ങടെ ശമ്പളത്തിന്റെ ഒരു ചെറിയ ശതമാനമേ വരൂ എങ്കിലും കാക്കയ്ക്കും തൻ പണം പൊൻപണം ആണെന്നാണല്ലോ. അത് മുൻകൂർ ആയിട്ട് അടച്ചുപോയി നൂറ്റിയെട്ടു ഏത്തമിട്ടേക്കാം പ്രായശ്ചിതമായിട്ട്. ഞാനിപ്പോ ആരെ വിളിക്കണം, പ്രധാനമന്ത്രിയെ വിളിക്കണേൽ വിളിക്കാം. നമ്പർ തന്നാൽ മതി. അങ്ങൊരുടെ നമ്പർ ഇല്ലെന്നായി അടുത്ത നമ്പർ. നിങ്ങക്കടെ കൈയ്യിൽ ഉള്ള നമ്പർ തന്നേ പറ്റൂയെന്ന് ഞാനും. തിരുവനതപുരത്തൊന്ന് വിളിച്ചു ചോദിച്ചു നോക്കെന്നും പറഞ്ഞൊരു നമ്പർ തന്നു. 

   അയാൾക്കെങ്കിലും പ്രധാനമന്ത്രിയുടെ നമ്പർ അറിയുമായിരിക്കും എന്ന പ്രതീക്ഷയിൽ കുത്തി വിളിച്ചു. ഇതിനൊക്കെ എന്തിനാ പ്രധാനമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെ നിങ്ങടെ ബുദ്ധിമുട്ടൊരു ഇ-മെയിൽ സന്ദേശം രചിച്ചോളാൻ പറഞ്ഞു, നോഡൽ ഓഫീസർ. 

കാളിദാസനെ മനസാ സ്മരിച്ചു നാലു ശ്ലോകം രചിച്ചു മയിലിനെ ഏല്പിച്ചു. മയൂരസന്ദേശം കിട്ടി ബോധിച്ചതായി മറുകുറി കിട്ടി. എക്‌സിക്കുട്ടൻ രെജിസ്റ്ററാക്കിയ പരാതി പരിഹരിച്ചെന്ന സന്ദേശം എന്നെ നോക്കി ഇളിച്ചു കാട്ടി. വീണ്ടും മയൂരത്തെ വിട്ടു. 

  അങ്ങനെയിരിക്കെ ഇന്നലെ വകുപ്പിന്റെ പയ്യന്നൂർ ഓഫീസിൽ നിന്നും വിളി വന്നു. കാര്യകാരണങ്ങൾ പറഞ്ഞു, ബോധ്യമായെന്ന് തോന്നി. ഇന്ന് രാവിലെ കരിവെള്ളൂർ എക്സ്ചേഞ്ചിൽ നിന്നും വിളി വന്നു, ലാൻഡ് ഫോണിൽ വിളിച്ചിട്ട് ഞാൻ പറയുന്നത് അവർക്ക് കേൾക്കുന്നില്ലെന്ന്! 

ഹൊ! ലാൻഡ് ഫോൺ വിളിക്കാറായല്ലേയെന്ന സന്തോഷവാർത്ത കേട്ട് ഗദ്ഗദകണ്ഠനായി വിളിച്ചു നോക്കി. അമ്മ ഫോണെടുത്തു, എന്റെ ശബ്ദം തിരിച്ചറിയാൻ പോലുമായില്ല ബിയെസ്സനലേ, എങ്കിലും നന്ദിയുണ്ട് വിളി കേൾപ്പിച്ചല്ലോ! ആരെങ്കിലും എക്സ്ചേഞ്ച് വരെ പോകാമെങ്കിൽ ഒരു ഫോൺ സെറ്റ് തന്നു വിടാം ഇനി അതുമാത്രേ ചെയ്യാനുള്ളൂ. അങ്ങനെ അമ്മാവൻ പോയി ഫോൺ കൊണ്ടുവന്നു. എല്ലാം ശരിയായിരിക്കുന്നു. നന്ദി BSNL ഒരായിരം നന്ദി!

 "Connecting India", disconnecting India ആകാതിരിക്കട്ടെ! ശുഭം! #BSNL ........... 


Facebook Post: 2021-03-16T21:24:12

Tuesday, November 29, 2016

ക്ലാര ഇപ്പോൾ എവിടെയാണ് ?

           ക്ലാര ഇപ്പോൾ എവിടെയാണ് ? മഴ നനഞ്ഞ്, ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കയറിവന്നവൾ . അതല്ലാതെ എന്തെങ്കിലുമുണ്ടായിരുന്നോ ക്ലാരയ്ക്ക് ? എത്ര ജയകൃഷ്ണന്മാർ ഇപ്പഴും ക്ലാരയെ സ്നേഹിക്കുന്നുണ്ട് ? ഒറ്റപ്പാലം റെയിൽ‌വെ സ്റ്റേഷനിൽ വച്ച് നടന്ന വികാര നിർഭരമായ യാത്രപറച്ചിലിനു ശേഷം അവിചാ‍രിതമായിപ്പോലും അവർ തമ്മിൽ കണ്ടിരുന്നില്ലേ?
     എന്തായിപ്പോ ഇത്? 1987ലോ മറ്റോ ഇറങ്ങിയ ഒരു ചിത്രത്തെ ഞാനെന്തിനാ ഇപ്പോൾ പിന്തുടരുന്നത് ? ആ കാലത്തെ ഒരു ചിത്രത്തെ അന്ന് പിന്തുടരാൻ എനിക്കെങ്ങിനെ കഴിയുമായിരുന്നു, അന്നു ഞാൻ സിനിമ കണ്ടു തുടങ്ങിയിരുന്നില്ലല്ലോ! പിന്നെയും പത്തോ പന്ത്രണ്ടോ വർഷം കഴിഞ്ഞാണ് ഞാൻ തൂവാനത്തുമ്പികൾ ആദ്യമായി കണ്ടത്. പിന്നീട് പലവട്ടം കണ്ടിട്ടുണ്ട്. എത്ര തവണയെന്ന് എണ്ണിയിട്ടില്ല, എണ്ണിയാലൊടുങ്ങാത്തത്രയുമൊന്നും കണ്ടിട്ടില്ല. ദാ, ഇപ്പോൾ ഒന്നുകൂടി കണ്ടു കഴിഞ്ഞതേയുള്ളൂ .
       സ്വിച്ചിട്ടാൽ വരുന്ന സാധനമാണ് പ്രണയം എന്ന മട്ടിൽ പലപ്പോഴും മഴയെയും ക്ലാരയേയും പ്രണയത്തേയും പലരും പലപ്പോഴും ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. എനിക്ക് അത് അത്ര ദഹിക്കാത്തത് എന്തുകൊണ്ടാണാവോ ? സത്യത്തിൽ ജയകൃഷ്ണൻ ക്ലാരയെയാണോ രാധയെയാണോ പ്രണയിച്ചിരുന്നത്? ആരാണ് രാധ എന്ന് ആർക്കും ഓർമ്മയില്ലേ?
      ജയകൃഷ്ണന് ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ ഓർക്കാൻ മാത്രം എന്തിരിക്കുന്നു അല്ലേ. ജയകൃഷ്ണനും രാധയും തമ്മിൽ ശാരീരികമായ ബന്ധം കാണാതിരുന്നതുകൊണ്ട് സൌകര്യപൂർവ്വം മറന്നുപോയ ഒരു പേരല്ലേ രാധ?
ആദ്യ കാഴ്ചയിൽ തന്നെ വളരെ ധൈര്യശാലിയായ/പ്രതികരിക്കുന്ന സ്വഭാവക്കാരിയോട് അതുവരെ മറ്റാരോടും തോന്നാതിരുന്ന ഒരിഷ്ടം ജയകൃഷ്ണന് രാധയോട് തോന്നുന്നു. അത് പറയാൻ താൻ അതിലും വലിയ ധൈര്യശാലിയാണെന്ന് രാധയെ ധരിപ്പിക്കേണ്ടതുണ്ടെന്ന് ജയകൃഷ്ണന് തോന്നിയതാവാം കോളേജ് വരാന്തയിൽ വെച്ച് ഒരു പ്രകടനത്തിന് പ്രേരിപ്പിച്ചത്. എന്നാൽ അനുകൂലമായ മറുപടി കിട്ടാതിരുന്ന ജയകൃഷ്ണൻ,രാധയെ പരസ്യമായി അപമാനിച്ചു. താൻ അറിഞ്ഞു വച്ച ജയകൃഷ്ണനും പിന്നീട് തന്റെ ബന്ധുജനങ്ങളിൽ നിന്നും അറിഞ്ഞ ജയകൃഷ്ണനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയ രാധയ്ക്ക് അയാളോട് ഇഷ്ടം തോന്നുന്നു.
       ഈ സംഭവങ്ങൾക്കിടയിലാണല്ലോ ക്ലാര മഴ നഞ്ഞു വരുന്നത്. ക്ലാരയും ജയകൃഷ്ണനും അവിചാരിതമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിനു ശേഷം, താനായിരുന്നു ക്ലാരയുടെ കന്യകാത്വം നഷ്ടപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ജയകൃഷ്ണന്റെ കുറ്റബോധമല്ലേ പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ടത് ? ചിത്രത്തിൽ ഒരു മണിക്കൂർ പത്തു മിനുട്ട് പിന്നിടുമ്പോൾ ജയകൃഷ്ണൻ പറയുന്നുണ്ട്,
         “ഒരു പെൺകുട്ടിയുടേയും വെർജിനിറ്റി ഞാൻ കാരണം ഇല്ലാതാകരുത് എന്നെനിക്ക് നിർബ്ബന്ധമായിരുന്നു, അങ്ങനെയൊന്ന് സംഭവിച്ചാൽ ആ പെൺകുട്ടിയാവും  പിന്നെയങ്ങോട്ട് എന്റെ ജീവിതത്തിലുണ്ടാവുക എന്ന് ഞാനൊരു ശപഥമെടുത്തിരുന്നു. ഞാൻ... ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ?” .
       പിന്നിടങ്ങോട്ട് ഈ കുറ്റബോധത്തിൽ‌പ്പെട്ട ജയകൃഷ്ണനെയല്ലേ കാണാൻ കഴിയുന്നത് ? അത് ഒരു നിയോഗമായിരുന്നെന്ന് വരുത്താൻ തന്റെ ഉള്ളിലെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. മദർ സുപ്പീരിയറെന്ന വ്യാജേന ആദ്യമായി കത്തെഴുതിയപ്പോഴും ആദ്യമായി ബന്ധപ്പെട്ടപ്പോഴുമൊക്കെ മഴ പെയ്തിരുന്നു എന്നത് ആ വിശ്വാസത്തെ ഉറപ്പിക്കാനായല്ലേ ഉപയോഗിക്കുന്നത് ?
      പിന്നീട്, ക്ലാര വരുന്നെന്ന ടെലഗ്രാം ജയകൃഷ്ണനു കിട്ടുമ്പോഴും മഴ പെയ്യുന്നുണ്ട് . പോസ്റ്റുമാന്റെ വാക്കിലൂടെ കാലം തെറ്റി പെയ്യുന്ന മഴയായിരുന്നു അതെന്ന് നമ്മെ ധരിപ്പിക്കുകയും ചെയ്യുന്നു; ക്ലാര വരുമ്പോൾ മാത്രം പെയ്യുന്ന മഴ! ദാ, എല്ലാർക്കും മഴ നനഞ്ഞ് വരുന്ന ആരെ കണ്ടാലും പ്രണയമാണോ ? എല്ലാവർക്കും അങ്ങനെ തോന്നുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ പലരും അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നില്ലേ എന്ന സംശയവുമില്ലാതില്ല.
    സാഹചര്യങ്ങളാൽ ലൈംഗിക തൊഴിലിലേക്ക് എത്തപ്പെട്ടവളായിരുന്നു ക്ലാര. അവൾക്ക് മറ്റു വഴികളില്ലായിരുന്നു . ജീവിക്കാനുള്ള ആഗ്രഹം അവളിൽ എത്രമേൽ വലുതായിരുന്നു! അവൾ പറയുന്നുണ്ട്, “എന്തായാലും നശിക്കും, എന്നാ പിന്നെ അന്തസ്സായിട്ട് നശിച്ചൂടെ? ആശ തീർത്ത് മരിച്ചൂടെ ?“ . ഭേദിക്കാൻ പറ്റാത്തതിനെ തന്നെ ഉപയോഗിച്ച് സ്വതന്ത്രയാവാൻ ശ്രമിക്കുകയായിരുന്നു ക്ലാര. അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് കീഴടങ്ങാതെ സ്വതന്ത്രയായ് പറന്നു പോകുന്നു അവൾ. അപ്പോഴും ആദ്യമായി രതിയിലേർപ്പെട്ടവനായ ജയകൃഷ്ണനെ മറക്കാൻ ക്ലാരയ്ക്ക് മറക്കാൻ കഴിയുന്നില്ല. അവൾ ഓടിയെത്തുന്നുണ്ട് ആ സാമീപ്യത്തിനായ്. താൻ അനുഭവിച്ചതൊക്കെയും ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടലായിരുന്നെന്ന് തിരിച്ചറിയുന്ന ക്ലാര, ജയകൃഷ്ണനൊപ്പം റോഡിലൂടെ നടക്കാൻ ആഗ്രഹിക്കുന്നു; വല്ലാത്തൊരു കൊതിയോടെ .
      അവൾ ആഗ്രഹിച്ചിരുന്നു, ഇനിയൊരിക്കൽക്കൂടി ജയകൃഷ്ണൻ തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നെന്ന് പറയുന്നത് കേൾക്കാൻ . പക്ഷേ, അപ്പോഴേക്കും ക്ലാര ജയകൃഷ്ണന് ഒരു ബാധ്യതയാവുന്നുണ്ട്. അയാൾ രാധയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അത് മനസ്സിലാക്കിയ ക്ലാര തിരിച്ചു പോവുകയാണ് . തനിക്കുമൊരു കുടുംബിനിയാകാൻ കഴിയുമെന്ന് ജയകൃഷ്ണന് കാട്ടിക്കൊടുക്കുവാൻ കൂടിയാവണം ചിത്രത്തിന്റെ അവസാനത്തെ ആ കൂടിക്കഴ്ച. അതിനു പക്ഷേ പറയുന്നത്, അങ്ങനെയൊന്ന് ചെയ്തില്ലയെങ്കിൽ രണ്ടുപേരുടേയും ജീവിതം നശിച്ചു പോകുമെന്ന്! സത്യമാണോ ?
     ജയകൃഷ്ണനും രാധയുമിപ്പോൾ എവിടെയാണ് ? ആ! എവിടെയെങ്കിലുമാവട്ടെ. എനിക്ക് ഉറക്കം വരുന്നു......





--------------------------------------------------------------------------------------------------
ഫേസ്‌ബുക്ക് ചുവരിൽ തേച്ച കുറിപ്പ് 

Tuesday, April 23, 2013

വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം

        “വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം” എന്ന് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. നമ്മളിൽ എത്രപേർ അത് അനുസരിക്കുന്നുണ്ട് ? ഇത് കേവലം വാച്യാർത്ഥത്തിലെടുക്കേണ്ടതു മാത്രമല്ല. എങ്കിലും പറയാൻ പോകുന്നത് ഇതിന്റെ വാച്യാർത്ഥത്തെ മാത്രം കണക്കിലെടുത്തുകൊണ്ടാണ്.
    എന്നത്തെയും പോലെ ഇന്നലെയും റെസ്റ്റോറന്റിൽ വച്ച് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമാന്യം തിരക്കുണ്ടായതിനാൽ ഞാൻ ഇരുന്നിരുന്നത് രണ്ട് അപരിചിതർക്കെതിരെ ആയിരുന്നു. അവർ എനിക്കു മുൻപേ കഴിച്ചു തുടങ്ങിയവരാണ്. ഊണ് ഏതാണ്ട് പകുതി ആയിക്കാണും. വിളമ്പുകാരി രണ്ടാം വട്ടം ചോറ്‌ കൊണ്ടുവന്നു വിളമ്പി പോയി. അപ്പോഴാണ് അവരിലൊരാൾ പറയുന്നത് “എത്രയാ വിളമ്പിവച്ചിരിക്കുന്നതെന്ന് !“ ഞാൻ അയാളുടെ തളികയിലേക്ക് നോക്കി. സംഗതി ശരിയാണ്. എനിക്ക് ആദ്യം വിളമ്പിയതിനേക്കാൾ തന്നെ കൂടുതലുണ്ട്. അത്രയും തന്നെ കഴിക്കുന്നവരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ എനിക്ക് വിളമ്പുകാരിയിൽ വലിയ തെറ്റ് കാണാൻ കഴിഞ്ഞതുമില്ല.
    എന്നാൽ, വിളമ്പിയതിൽ നിന്നും അയാൾ കഴിച്ചത് അതിന്റെ പകുതിയോളം മാത്രം! അവർ എഴുന്നേറ്റ് പോയി. തൈരിൽ കുഴച്ച ആ ചോറ് ആർക്കും വേണ്ടാതെ വൃത്തിയാക്കുന്നയാളെ കാത്തുകിടന്നു. കഷ്ടം തോന്നി. പരിചിതരായിരുന്നെങ്കിൽ ഞാൻ രണ്ടു വാക്ക് പറഞ്ഞേനെ. ഏതെങ്കിലും കാര്യത്തിൽ എതിരായി പരിചിതരോട് പറഞ്ഞാൽ തന്നെ അസഹിഷ്ണുതരാവുന്നതാണ് പലപ്പോഴും കാണുക. പിന്നെ ഒരു അപരിചിതനോട് പറഞ്ഞ് വല്ലതും കേൾക്കേണ്ടി വന്നാലോ എന്നു കരുതി മിണ്ടാതിരുന്നു ഞാനെന്റെ ഊണ് മുഴുമിപ്പിച്ച് തിരികെ വന്നു.
    കുട്ടിക്കാലത്ത് ഞാനും ചെയ്തിട്ടുണ്ട് അത്തരം കാര്യങ്ങൾ. എനിക്ക് അന്ന് പൊതുവെ വളരെ കുറച്ച് കഴിക്കുന്ന ശീലമായിരുന്നു. അത് അറിഞ്ഞിട്ടും മകനോടുള്ള വാത്സല്യത്തിന്റെ പേരിൽ ഞാൻ കഴിക്കുന്നതിൽ കൂടുതൽ പൊതിഞ്ഞു തരും. എനിക്കാവശ്യമുള്ളത് എന്റെ വയറ്റിലേക്കും ബാക്കി മാലിന്യക്കുഴിയിലേക്കും തന്നെ കുറേക്കാലം പോയ്ക്കൊണ്ടിരുന്നിരുന്നു. വളർന്നു വരുന്നതിനൊപ്പം അതിലെ തെറ്റ് മനസ്സിലാവുകയും പിന്നീടൊരിക്കലും അത് എന്നിൽ നിന്ന് സംഭവികാതിരിക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.
    പല കുട്ടികളും ഇതേ അനുഭവത്തിലൂടെയൊക്കെ ഇന്നും കടന്നു പോകുന്നുണ്ടാകാം. മുതിർന്നവർ ഒരല്പം കൂടി ഈ കാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാൽ ഓണം പലതുണ്ട് വളർന്നവർ തന്നെ ഇങ്ങനെ ചെയ്താൽ ...?
     ഇന്നത്തെ ജീവിത ശൈലീ രോഗങ്ങൾ പലതും നാം തന്നെ വിളിച്ചു വരുത്തുന്നതാണല്ലോ . കാശുമുടക്കി വയർ നിറയ്ക്കുന്നു, പലപ്പോഴും സ്വാഭാവിക ദഹനത്തെ തന്നെ തടസ്സപ്പെടുത്തുന്നു. ഡോക്ടറെ തേടിപ്പോകുന്നു, കാശുമുടക്കി മരുന്നു കഴിക്കുന്നു, കാശുമുടക്കി വ്യായാമ പരിശീലന കേന്ദ്രങ്ങളിൽ പോകുന്നു. വലിച്ചു വാരിക്കഴിച്ചതിന്റെ ഏനക്കേട് ഇങ്ങനെ കഷ്ടപ്പെട്ട് തീർക്കുന്നു. എന്തൊരു വൈചിത്ര്യം !
    നമ്മൾ ഇങ്ങനെ ജീവിക്കുന്നതിനു തൊട്ടടുത്തു തന്നെ വിശപ്പുമാറ്റാൻ മാത്രം പോലും മതിയായ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്നു. നമ്മൾ വയർ  നിറച്ചും മരുന്നു കഴിച്ചും ജീവിക്കുന്നു. വയർ നിറയ്ക്കാൻ പോലുമില്ലാത്തവർക്കെന്ത് മരുന്ന് ? എന്ത് ജീവൻ ?
     നേരത്തെ പരാമർശിച്ച പാഴാക്കിയ ഭക്ഷണത്തിന്റെ അളവുപോലും മതിയാകും ഒരാൾക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ! വയർ അറിയാതെ അകത്തു കുത്തി നിറയ്ക്കുന്നതിൽ നിന്നും ദാനം ചെയ്തില്ലെങ്കിലും ഒരല്പം അളവു നമുക്ക് കുറച്ചു കൂടേ ? ആളോഹരി അനാവശ്യ ഉപഭോഗം കുറച്ചാൽ അവശ്യ വിഭവ ദൌർബല്യം കുറയില്ലേ ? അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു പരിധിവരെയുള്ള വിലക്കയറ്റവും കുറഞ്ഞേക്കും എന്ന് തോന്നുന്നു.
    ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ ധൂർത്ത് നോക്കി നടന്നാൽ കണ്ണിൽ ഇരുട്ട് കയറും. സദ്യയെന്ന പേരിൽ നാം എത്രയധികം വിഭവങ്ങൾ നശിപ്പിക്കുന്നു ? ഒരു ഊണിന് ഒന്നോ രണ്ടോ കൂട്ടാനുകൾ മതിയാകും നമ്മുടെ വയറും മനസ്സും നിറയ്ക്കാൻ. എന്നാൽ എത്ര തരം വിഭവങ്ങൾ ചേർത്താലാണത് ഗംഭീരമാവുക എന്നായിരിക്കും നമ്മൾ നോക്കുന്നത് ! പലയാളുകൾ പങ്കെടുക്കുന്നതല്ലേ, പലർക്കും പല രുചികളാകുമല്ലോ ഇഷ്ടം എന്നൊക്കെ ന്യായം വേണമെങ്കിൽ നിരത്താം . എന്നാൽ അതിലൊക്കെ പങ്കെടുക്കുന്നവരിൽ നിന്നും പലതിന്റെയും കുറവുകളായിരിക്കും കേൾക്കേണ്ടി വരിക. അല്ലെങ്കിൽ, സദ്യ ഗംഭീരമായിരിക്കുന്നു എന്നും. ആതിഥേയനു സമാധാനമാകും. എന്നാൽ ഈ അഭിപ്രായങ്ങൾ വരുന്നത് ഉണ്ണാനില്ലാത്തവരുടെ നാവിൽ നിന്നല്ലല്ലോ ? എന്നും നിറഞ്ഞുണ്ണുന്നവരുടെ വയറ്റിൽ നിന്നുള്ള പുളിച്ചു തികട്ടൽ മാത്രമല്ലേ അത് ?
    ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന്നല്ല. അതൊക്കെ ഒത്തുചേരലിന്റെയും ആനന്ദത്തിന്റെയും വഴികളാണ് . എന്നാൽ ഇതിന്റെയൊക്കെ പേരിലുള്ള ധൂർത്ത് ഇല്ലാതായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾക്ക് മുന്നിൽ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ കഴിയാതിരിക്കാമായിരുന്നു !!!