എന്തെങ്കിലുമൊന്നു ഇന്‍റെര്‍നെറ്റില് തിരയാതെ ഒരു ദിവസവും കടന്നുപോകാറില്ല . അതിന് ഗൂഗിള്‍ ചെയ്യുക എന്നുതന്നെയാണിപ്പോ പറയുകതന്നെ. എന്ത് ചോദിച്ചാലും ഉത്തരം കണ്ടെത്തിത്തരുന്ന ആ ഗൂഗിളിന്‍റെ ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍ ആണത്രേ ഇന്ന് !
"Our mission is to organise the world’s information and make it universally accessible and useful."
ലോകത്തെ വിവരങ്ങളത്രയും ശേഖരിച്ച് സാര്‍വത്രികമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്‍റെ പ്രഖ്യാപിത ലക്ഷ്യം. അത് നാളിന്നുവരെ ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണല്ലോ ഇവനില്ലാതെ നമ്മളിപ്പോ എവിടെയും പോകാത്തത്.
നമ്മുടെ കണക്കിലെ കാക്കത്തൊള്ളായിരത്തിനെ അമേരിക്കക്കാരനായ മിൽട്ടൺ സൈറോറ്റ എന്നൊരു വിദ്വാന് സങ്കല്പിച്ച പദമാണ് ഗൂഗള്‍ (googol) . ഒന്നിനു ശേഷം നൂറു പൂജ്യങ്ങളിട്ടാലുള്ള സംഖ്യ - അതാണത്രേ ഗൂഗള്‍ . ഈ പദം സെർച്ച് എൻജിന്‍റെ പേരാക്കുവാനായിഎഴുതുമ്പോള്‍ Stanford വിദ്യാര്ത്ഥികളായിരുന്ന ലാറി പേജിനോ സെര്‍ജി ബ്രിന്നിനോ പിണഞ്ഞ അക്ഷരപിശാചിനെയാണ് ഇന്നും നാം ഗൂഗിള്‍ (Google) എന്ന പേരില്‍ ആരാധിച്ചുപോരുന്നത്.
എണ്ണിയാലൊടുങ്ങാത്തത്രയും വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പര്യാപ്തമാകണം തങ്ങളുണ്ടാക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ എന്ന് കരുതിക്കൂട്ടിത്തന്നെയാണ് ഗൂഗള്‍ എന്ന പദം തന്നെ പേരായി ഉദ്ദേശിച്ചത് .
1996 ല്‍ തുടങ്ങിയ ലാറിയുടേയും ബ്രിന്നിന്‍റെയും പരീക്ഷണങ്ങള്‍ ഫലം കണ്ടതോടെ 1997 ല് ഗൂഗിള്‍ എന്ന ഡൊമൈന്‍ രെജിസ്ടര്‍ ചെയ്തു . അങ്ങനെ 1998 ല്‍ കാലിഫോര്‍ണിയയിലെ ഒരു സുഹൃത്തിന്‍റെ കാര്‍ ഷെഡ്‌ഡിലോ മറ്റോ ആരംഭിച്ച സംരഭമാണ് ഇന്ന് പടര്‍ന്നു പന്തലിച്ച് ഇരുപത്തിമൂന്നിന്‍റെ യൌവ്വനത്തിലെത്തി നില്കുന്നത്.
ഇന്ന്, gmail ഓ android phone ഓ google map ഓ photos ഓ drive ഓ ഒന്നും ഇല്ലാതെ ഒന്ന് മാറി ഇരിക്കാന്‍ തന്നെ പറ്റാതായിയിരിക്കുന്നു . നമ്മളിന്ന് നിത്യവും ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ എത്രയെത്ര കാര്യങ്ങളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത് ?
കാർ ഷെഡ്‌ഡിൽ ആരംഭിച്ച് ഇന്ന് എത്രയോ ശത കോടി US ഡോളറുകളുടെ വരുമാനവുമായി ജൈത്ര യാത്ര തുടരുന്ന ഗൂഗിൾ അനിയന് ശതകോടി ജന്മദിനാശംസകൾ!
ഇന്‍റെര്‍നെറ്റ് , അറിയുന്തോറും ആഴം കൂടുന്ന വിവരശൃംഖലയെന്ന മഹാസാഗരം ... അലഞ്ഞിട്ടുണ്ട് അതും തേടി ..
പത്താം ക്ലാസ് പാസായി സ്കൂളുകള്‍ തോറും ആപ്ലിക്കേഷന്‍ കൊടുത്ത് നടന്നവന് ഒരു വെളിപാടുണ്ടാകുന്നു .. എന്താ ..
വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ആപ്ലിക്കേഷന്‍ കൊടുക്കാന്‍ ... എന്തിനാ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കാന്‍ ...
രണ്ടായിരത്തി ഒന്നിന്‍റെ മദ്ധ്യത്തോടെ തുടങ്ങിയ കമ്പ്യൂട്ടര്‍ അഭ്യാസത്തിനൊപ്പം , ഏതോ ഒരു തീവണ്ടിയാത്രയില്‍ കൂടെ കൂടിയ ഇന്‍റെര്‍നെറ്റ് പഠന സഹായി എന്നോ മറ്റോ പേരുള്ള കൈ പുസ്തകവും കൊണ്ട് ചെന്ന് കയറിയ ഇന്‍റെര്‍നെറ്റ് കഫെ എന്ന പഴയ സിംഹത്തിന്‍റെ മടയില്‍... കഫേ ഓപ്പറേട്ടന്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ... ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ നിന്നും മണിക്കൂറിനു മുപ്പതു രൂപയെടുത്ത്, പഠിക്കുന്ന ടെക്നോളജിയെയും പഠിപ്പിക്കുന്ന സാറന്മാരെയും മനസ്സില്‍ ധ്യാനിച്ച് ദക്ഷിണ വച്ചു. കീബോര്‍ഡിലെ സെര്‍ച്ച് മുഴുമിക്കാന്‍ സമ്മതിച്ചില്ല , ഗൂഗിള്‍ വിവരങ്ങള്‍ ചറപറാ മുന്നില്‍ നിരത്തി ..
പിന്നെ ഹൃദയത്തില്‍ കംപ്യൂട്ടറും സിരകളില്‍ ഇന്‍റെര്‍നെറ്റുമായി കാലമൊരുപാട്... ഒടുവിലൊരുനാള് ഇന്‍റെര്‍നെറ്റ് കഫെ പോക്കിന് ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നു ... ഇന്നും തീരാത്ത പ്രവാസം ...
"സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ..."
വിവരങ്ങൾക്ക് കടപ്പാട് ഗൂഗിളും വിക്കിപീഡിയയും പിന്നെ ആറാംതമ്പുരാനും ....
No comments:
Post a Comment