നാട്ടിലുള്ളപ്പോൾത്തന്നെ ശ്വാസം നിലച്ചു. 198 ൽ വിളിച്ചു. രെജിസ്റ്റർ നമ്പർ കിട്ടി. ആരും അന്വേഷിച്ചില്ല. എക്സ്ചേഞ്ചിൽ വിളിച്ചപ്പോ ആളില്ലത്രേ!
എറണാകുളത്തുള്ള പരിചയക്കാരൻ വഴി ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കി, ആളില്ലന്ന് ഉറപ്പിച്ചു.
പുല്ല്, പണം ഒരു കൊല്ലത്തേക്ക് അടച്ചും പോയി. അച്ഛൻ എക്സ്ചേഞ്ചിൽ വിളിച്ചു അടച്ച പൈസ തിരികെ കിട്ടുമോയെന്ന് ചോദിച്ചപ്പോ അത് പയ്യന്നൂരിൽ അന്വേഷിക്കണമെന്ന മറുപടി കിട്ടിയത്രേ!
പൈസ ഞങ്ങടെ ആയോണ്ട് ഔചിത്യം വേണ്ടല്ലോ.
രെജിസ്റ്റർ ചെയ്ത പരാതി പരിഹരിച്ചെന്ന സന്ദേശം വായിച്ചു ഉൾപ്പുളകിതനായി നമ്പർ കുത്തി വിളിച്ചപ്പോൾ നല്ല വ്യക്തമായും സ്പെഷ്ടമായും പറഞ്ഞു കേട്ട് ബോധ്യപ്പെട്ടു, നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഓഹോ അപ്പൊ അങ്ങനെയാണ്. വീണ്ടും 18003451500 ൽ വിളിച്ചു രെജിസ്റ്റർ ചെയ്തു, നമ്മളോടാ കളി.
അടുത്ത ആഴ്ചയിൽ പിന്നെയും ഉൾപ്പുളകിതനായി. നമ്പർ കുത്തി, പ്രവർത്തന രഹിതം.
കോൾ സെന്ററിൽ വിളിച്ചു, എക്‌സിക്കുട്ടനോട് സംസാരിച്ചു. പരാതി രെജിസ്റ്റർ ചെയ്യാമെന്ന്.
യേത്, അതൊക്കെ ചെയ്തോ പക്ഷേങ്കി എനിക്ക് നിങ്ങടെ സാറിന്റെ നമ്പർ വേണമെന്ന് വാശിപിടിച്ചു. വാശിയൊന്നും വേണ്ടിയിരുന്നില്ല ഇതിപ്പോ ആരുടെയെങ്കിലും തലയിലിട്ടാ കോൾ അവസാനിപ്പിക്കാലോ എന്ന് എക്‌സിക്കുട്ടനും.
കിട്ടിയ നമ്പറിൽ കുത്തി വിളിച്ചു. പരാതി ആണെന്ന് പറഞ്ഞപ്പോ നമ്പർ പറയെന്നായി. പറഞ്ഞു തുടങ്ങ്യപ്പോഴേ കരഞ്ഞു വിളിച്ചു ഇതെവിടുത്തെ നമ്പരാണെന്ന നമ്പർ ഇറക്കി.
ഇത് കണ്ണൂർ എന്നൊരു ജില്ലയുണ്ടെന്നും അതിന്റെ വടക്കേ മൂലയിൽ കരിവെള്ളൂർ എന്നൊരു സ്ഥലമുണ്ടെന്നും എന്റെ ഭൗമവിജ്ഞാനം വിളമ്പി. ആ രാജ്യത്തെ കാര്യം ഇവിടെയെടുക്കില്ല, നിങ്ങൾ വിളിച്ച എക്‌സിക്കുട്ടൻ നിങ്ങളെ പറ്റിച്ചതാണെന്ന്.
അതേ, ഞാൻ ഒരു അപരാധം ചെയ്തു പോയി. മേലാൽ ആവർത്തിക്കില്ല. നിങ്ങടെ ശമ്പളത്തിന്റെ ഒരു ചെറിയ ശതമാനമേ വരൂ എങ്കിലും കാക്കയ്ക്കും തൻ പണം പൊൻപണം ആണെന്നാണല്ലോ. അത് മുൻകൂർ ആയിട്ട് അടച്ചുപോയി നൂറ്റിയെട്ടു ഏത്തമിട്ടേക്കാം പ്രായശ്ചിതമായിട്ട്.
ഞാനിപ്പോ ആരെ വിളിക്കണം, പ്രധാനമന്ത്രിയെ വിളിക്കണേൽ വിളിക്കാം. നമ്പർ തന്നാൽ മതി. അങ്ങൊരുടെ നമ്പർ ഇല്ലെന്നായി അടുത്ത നമ്പർ. നിങ്ങക്കടെ കൈയ്യിൽ ഉള്ള നമ്പർ തന്നേ പറ്റൂയെന്ന് ഞാനും.
തിരുവനതപുരത്തൊന്ന് വിളിച്ചു ചോദിച്ചു നോക്കെന്നും പറഞ്ഞൊരു നമ്പർ തന്നു.
അയാൾക്കെങ്കിലും പ്രധാനമന്ത്രിയുടെ നമ്പർ അറിയുമായിരിക്കും എന്ന പ്രതീക്ഷയിൽ കുത്തി വിളിച്ചു. ഇതിനൊക്കെ എന്തിനാ പ്രധാനമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെ നിങ്ങടെ ബുദ്ധിമുട്ടൊരു ഇ-മെയിൽ സന്ദേശം രചിച്ചോളാൻ പറഞ്ഞു, നോഡൽ ഓഫീസർ.
കാളിദാസനെ മനസാ സ്മരിച്ചു നാലു ശ്ലോകം രചിച്ചു മയിലിനെ ഏല്പിച്ചു. മയൂരസന്ദേശം കിട്ടി ബോധിച്ചതായി മറുകുറി കിട്ടി.
എക്‌സിക്കുട്ടൻ രെജിസ്റ്ററാക്കിയ പരാതി പരിഹരിച്ചെന്ന സന്ദേശം എന്നെ നോക്കി ഇളിച്ചു കാട്ടി. വീണ്ടും മയൂരത്തെ വിട്ടു.
അങ്ങനെയിരിക്കെ ഇന്നലെ വകുപ്പിന്റെ പയ്യന്നൂർ ഓഫീസിൽ നിന്നും വിളി വന്നു. കാര്യകാരണങ്ങൾ പറഞ്ഞു, ബോധ്യമായെന്ന് തോന്നി.
ഇന്ന് രാവിലെ കരിവെള്ളൂർ എക്സ്ചേഞ്ചിൽ നിന്നും വിളി വന്നു, ലാൻഡ് ഫോണിൽ വിളിച്ചിട്ട് ഞാൻ പറയുന്നത് അവർക്ക് കേൾക്കുന്നില്ലെന്ന്!
ഹൊ! ലാൻഡ് ഫോൺ വിളിക്കാറായല്ലേയെന്ന സന്തോഷവാർത്ത കേട്ട് ഗദ്ഗദകണ്ഠനായി വിളിച്ചു നോക്കി. അമ്മ ഫോണെടുത്തു, എന്റെ ശബ്ദം തിരിച്ചറിയാൻ പോലുമായില്ല ബിയെസ്സനലേ, എങ്കിലും നന്ദിയുണ്ട് വിളി കേൾപ്പിച്ചല്ലോ!
ആരെങ്കിലും എക്സ്ചേഞ്ച് വരെ പോകാമെങ്കിൽ ഒരു ഫോൺ സെറ്റ് തന്നു വിടാം ഇനി അതുമാത്രേ ചെയ്യാനുള്ളൂ. അങ്ങനെ അമ്മാവൻ പോയി ഫോൺ കൊണ്ടുവന്നു.
എല്ലാം ശരിയായിരിക്കുന്നു. നന്ദി BSNL ഒരായിരം നന്ദി!
"Connecting India", disconnecting India ആകാതിരിക്കട്ടെ!
ശുഭം!
#BSNL
...........
Facebook Post: 2021-03-16T21:24:12
No comments:
Post a Comment