Tuesday, November 29, 2016

ക്ലാര ഇപ്പോൾ എവിടെയാണ് ?

           ക്ലാര ഇപ്പോൾ എവിടെയാണ് ? മഴ നനഞ്ഞ്, ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കയറിവന്നവൾ . അതല്ലാതെ എന്തെങ്കിലുമുണ്ടായിരുന്നോ ക്ലാരയ്ക്ക് ? എത്ര ജയകൃഷ്ണന്മാർ ഇപ്പഴും ക്ലാരയെ സ്നേഹിക്കുന്നുണ്ട് ? ഒറ്റപ്പാലം റെയിൽ‌വെ സ്റ്റേഷനിൽ വച്ച് നടന്ന വികാര നിർഭരമായ യാത്രപറച്ചിലിനു ശേഷം അവിചാ‍രിതമായിപ്പോലും അവർ തമ്മിൽ കണ്ടിരുന്നില്ലേ?
     എന്തായിപ്പോ ഇത്? 1987ലോ മറ്റോ ഇറങ്ങിയ ഒരു ചിത്രത്തെ ഞാനെന്തിനാ ഇപ്പോൾ പിന്തുടരുന്നത് ? ആ കാലത്തെ ഒരു ചിത്രത്തെ അന്ന് പിന്തുടരാൻ എനിക്കെങ്ങിനെ കഴിയുമായിരുന്നു, അന്നു ഞാൻ സിനിമ കണ്ടു തുടങ്ങിയിരുന്നില്ലല്ലോ! പിന്നെയും പത്തോ പന്ത്രണ്ടോ വർഷം കഴിഞ്ഞാണ് ഞാൻ തൂവാനത്തുമ്പികൾ ആദ്യമായി കണ്ടത്. പിന്നീട് പലവട്ടം കണ്ടിട്ടുണ്ട്. എത്ര തവണയെന്ന് എണ്ണിയിട്ടില്ല, എണ്ണിയാലൊടുങ്ങാത്തത്രയുമൊന്നും കണ്ടിട്ടില്ല. ദാ, ഇപ്പോൾ ഒന്നുകൂടി കണ്ടു കഴിഞ്ഞതേയുള്ളൂ .
       സ്വിച്ചിട്ടാൽ വരുന്ന സാധനമാണ് പ്രണയം എന്ന മട്ടിൽ പലപ്പോഴും മഴയെയും ക്ലാരയേയും പ്രണയത്തേയും പലരും പലപ്പോഴും ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. എനിക്ക് അത് അത്ര ദഹിക്കാത്തത് എന്തുകൊണ്ടാണാവോ ? സത്യത്തിൽ ജയകൃഷ്ണൻ ക്ലാരയെയാണോ രാധയെയാണോ പ്രണയിച്ചിരുന്നത്? ആരാണ് രാധ എന്ന് ആർക്കും ഓർമ്മയില്ലേ?
      ജയകൃഷ്ണന് ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ ഓർക്കാൻ മാത്രം എന്തിരിക്കുന്നു അല്ലേ. ജയകൃഷ്ണനും രാധയും തമ്മിൽ ശാരീരികമായ ബന്ധം കാണാതിരുന്നതുകൊണ്ട് സൌകര്യപൂർവ്വം മറന്നുപോയ ഒരു പേരല്ലേ രാധ?
ആദ്യ കാഴ്ചയിൽ തന്നെ വളരെ ധൈര്യശാലിയായ/പ്രതികരിക്കുന്ന സ്വഭാവക്കാരിയോട് അതുവരെ മറ്റാരോടും തോന്നാതിരുന്ന ഒരിഷ്ടം ജയകൃഷ്ണന് രാധയോട് തോന്നുന്നു. അത് പറയാൻ താൻ അതിലും വലിയ ധൈര്യശാലിയാണെന്ന് രാധയെ ധരിപ്പിക്കേണ്ടതുണ്ടെന്ന് ജയകൃഷ്ണന് തോന്നിയതാവാം കോളേജ് വരാന്തയിൽ വെച്ച് ഒരു പ്രകടനത്തിന് പ്രേരിപ്പിച്ചത്. എന്നാൽ അനുകൂലമായ മറുപടി കിട്ടാതിരുന്ന ജയകൃഷ്ണൻ,രാധയെ പരസ്യമായി അപമാനിച്ചു. താൻ അറിഞ്ഞു വച്ച ജയകൃഷ്ണനും പിന്നീട് തന്റെ ബന്ധുജനങ്ങളിൽ നിന്നും അറിഞ്ഞ ജയകൃഷ്ണനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയ രാധയ്ക്ക് അയാളോട് ഇഷ്ടം തോന്നുന്നു.
       ഈ സംഭവങ്ങൾക്കിടയിലാണല്ലോ ക്ലാര മഴ നഞ്ഞു വരുന്നത്. ക്ലാരയും ജയകൃഷ്ണനും അവിചാരിതമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിനു ശേഷം, താനായിരുന്നു ക്ലാരയുടെ കന്യകാത്വം നഷ്ടപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ജയകൃഷ്ണന്റെ കുറ്റബോധമല്ലേ പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ടത് ? ചിത്രത്തിൽ ഒരു മണിക്കൂർ പത്തു മിനുട്ട് പിന്നിടുമ്പോൾ ജയകൃഷ്ണൻ പറയുന്നുണ്ട്,
         “ഒരു പെൺകുട്ടിയുടേയും വെർജിനിറ്റി ഞാൻ കാരണം ഇല്ലാതാകരുത് എന്നെനിക്ക് നിർബ്ബന്ധമായിരുന്നു, അങ്ങനെയൊന്ന് സംഭവിച്ചാൽ ആ പെൺകുട്ടിയാവും  പിന്നെയങ്ങോട്ട് എന്റെ ജീവിതത്തിലുണ്ടാവുക എന്ന് ഞാനൊരു ശപഥമെടുത്തിരുന്നു. ഞാൻ... ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ?” .
       പിന്നിടങ്ങോട്ട് ഈ കുറ്റബോധത്തിൽ‌പ്പെട്ട ജയകൃഷ്ണനെയല്ലേ കാണാൻ കഴിയുന്നത് ? അത് ഒരു നിയോഗമായിരുന്നെന്ന് വരുത്താൻ തന്റെ ഉള്ളിലെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. മദർ സുപ്പീരിയറെന്ന വ്യാജേന ആദ്യമായി കത്തെഴുതിയപ്പോഴും ആദ്യമായി ബന്ധപ്പെട്ടപ്പോഴുമൊക്കെ മഴ പെയ്തിരുന്നു എന്നത് ആ വിശ്വാസത്തെ ഉറപ്പിക്കാനായല്ലേ ഉപയോഗിക്കുന്നത് ?
      പിന്നീട്, ക്ലാര വരുന്നെന്ന ടെലഗ്രാം ജയകൃഷ്ണനു കിട്ടുമ്പോഴും മഴ പെയ്യുന്നുണ്ട് . പോസ്റ്റുമാന്റെ വാക്കിലൂടെ കാലം തെറ്റി പെയ്യുന്ന മഴയായിരുന്നു അതെന്ന് നമ്മെ ധരിപ്പിക്കുകയും ചെയ്യുന്നു; ക്ലാര വരുമ്പോൾ മാത്രം പെയ്യുന്ന മഴ! ദാ, എല്ലാർക്കും മഴ നനഞ്ഞ് വരുന്ന ആരെ കണ്ടാലും പ്രണയമാണോ ? എല്ലാവർക്കും അങ്ങനെ തോന്നുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ പലരും അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നില്ലേ എന്ന സംശയവുമില്ലാതില്ല.
    സാഹചര്യങ്ങളാൽ ലൈംഗിക തൊഴിലിലേക്ക് എത്തപ്പെട്ടവളായിരുന്നു ക്ലാര. അവൾക്ക് മറ്റു വഴികളില്ലായിരുന്നു . ജീവിക്കാനുള്ള ആഗ്രഹം അവളിൽ എത്രമേൽ വലുതായിരുന്നു! അവൾ പറയുന്നുണ്ട്, “എന്തായാലും നശിക്കും, എന്നാ പിന്നെ അന്തസ്സായിട്ട് നശിച്ചൂടെ? ആശ തീർത്ത് മരിച്ചൂടെ ?“ . ഭേദിക്കാൻ പറ്റാത്തതിനെ തന്നെ ഉപയോഗിച്ച് സ്വതന്ത്രയാവാൻ ശ്രമിക്കുകയായിരുന്നു ക്ലാര. അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് കീഴടങ്ങാതെ സ്വതന്ത്രയായ് പറന്നു പോകുന്നു അവൾ. അപ്പോഴും ആദ്യമായി രതിയിലേർപ്പെട്ടവനായ ജയകൃഷ്ണനെ മറക്കാൻ ക്ലാരയ്ക്ക് മറക്കാൻ കഴിയുന്നില്ല. അവൾ ഓടിയെത്തുന്നുണ്ട് ആ സാമീപ്യത്തിനായ്. താൻ അനുഭവിച്ചതൊക്കെയും ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടലായിരുന്നെന്ന് തിരിച്ചറിയുന്ന ക്ലാര, ജയകൃഷ്ണനൊപ്പം റോഡിലൂടെ നടക്കാൻ ആഗ്രഹിക്കുന്നു; വല്ലാത്തൊരു കൊതിയോടെ .
      അവൾ ആഗ്രഹിച്ചിരുന്നു, ഇനിയൊരിക്കൽക്കൂടി ജയകൃഷ്ണൻ തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നെന്ന് പറയുന്നത് കേൾക്കാൻ . പക്ഷേ, അപ്പോഴേക്കും ക്ലാര ജയകൃഷ്ണന് ഒരു ബാധ്യതയാവുന്നുണ്ട്. അയാൾ രാധയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അത് മനസ്സിലാക്കിയ ക്ലാര തിരിച്ചു പോവുകയാണ് . തനിക്കുമൊരു കുടുംബിനിയാകാൻ കഴിയുമെന്ന് ജയകൃഷ്ണന് കാട്ടിക്കൊടുക്കുവാൻ കൂടിയാവണം ചിത്രത്തിന്റെ അവസാനത്തെ ആ കൂടിക്കഴ്ച. അതിനു പക്ഷേ പറയുന്നത്, അങ്ങനെയൊന്ന് ചെയ്തില്ലയെങ്കിൽ രണ്ടുപേരുടേയും ജീവിതം നശിച്ചു പോകുമെന്ന്! സത്യമാണോ ?
     ജയകൃഷ്ണനും രാധയുമിപ്പോൾ എവിടെയാണ് ? ആ! എവിടെയെങ്കിലുമാവട്ടെ. എനിക്ക് ഉറക്കം വരുന്നു......





--------------------------------------------------------------------------------------------------
ഫേസ്‌ബുക്ക് ചുവരിൽ തേച്ച കുറിപ്പ് 



2 comments:

  1. ജീവിതത്തിൽ മറക്കാത്ത ചില അപൂർവ്വ
    സിനിമാ കഥാപാത്രങ്ങളാണ് ക്ലാരയും , ജയകൃഷ്ണനുമൊക്കെ എനിക്കും .
    കോളേജിൽ നിന്നും ചാടി പോന്ന് 'തൂവാന തുമ്പികളുടെ പരിസരത്ത് നടക്കുന്ന
    ഷൂട്ടിങ് ഒട്ടുമിക്കതും കണ്ടിട്ട് - ഈ കഥപാത്രങ്ങളെയൊക്കെ മനസ്സിലേറ്റി എത്ര നാൾ നടന്നിരിക്കുന്നു...!

    ReplyDelete