Thursday, February 4, 2010

മുഖമില്ലാത്തവര്‍

 


നഗരവീഥിയില്‍ നടന്നകലവെ
അകലയല്ലാ തെളിഞ്ഞതീ ജനസഞ്ചയം
തേന്‍വരിക്കയില്‍ ഈച്ചനിറയുമാ
കാഴ്ചയെന്നില്‍ ഉയര്‍ത്തിയില്ല-
ലകളൊന്നുമേ !
അടുക്കുന്ന കാഴ്ചയില്‍
നടുക്കമൊഴിയാ കണ്ണുകള്‍

ഉയരുന്ന മണ്‍തരികളില്‍
വമിക്കുന്നഗന്ധം
പുതുമഴയില്‍ കുതിരും
മണ്ണിന്‍ മണമല്ലിതിനിയും
തുടിക്കുന്ന ജീവന്‍റെ
വിയര്‍പ്പു നാറ്റമോ ?
ഇനിയുണരാത്ത മനിതനിന്‍
ജീവഗന്ധമോ ?

ഇവിടെ, പൊലിഞ്ഞതവരുടെ
സ്വപ്നങ്ങളോ ?
ഓര്‍മ്മകള്‍ തീര്‍ത്ത ഭാര-
മിറക്കിയ മണിമാളികതന്‍ 
നെടുവീര്‍പ്പുകളില്‍ തെളിയുന്ന
ആശ്വാസമോ ?

ഇനിയും തുടരുന്നിവിടെയീ
മണ്‍കൂനയില്‍, പൊളിഞ്ഞ-
സ്വപ്നത്തിന്‍ കണക്കെടുപ്പുകള്‍ !

ഇല്ലിവിടെ ,
കാണാക്കയങ്ങളില്‍ മുഖമില്ലാതെ
തുഴഞ്ഞതിവര്‍ കാണുന്ന
പൊന്നിന്‍ കാണാതീരങ്ങള്‍ തേടിയലഞ്ഞതിന്‍ 
നോക്കുകൂലിയോ , ഭൂതപ്പണമോ
കഴിയുമോ ഇനിയും
വെളിപ്പെടാത്തിവരുടെ
ശേഷിപ്പുകള്‍ കാത്തിരുന്നോരുടെ
തുളുമ്പുന്ന കണ്ണീര്‍ക്കുടത്തിന്‍
കെട്ടഴിക്കുവാന്‍ !

ഉണ്ടിവിടെയിനിയും ദിക്കറിയാതെ
നയിക്കുന്ന കപ്പിത്താന്‍മാര്‍
കഴിയില്ല അവര്‍ക്കിനിയുമൊരോ
മുഖത്തില്‍ മറഞ്ഞിരിക്കാന്‍ .


ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
മുഖവുമെന്നാശിക്കുന്നു
ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ ....