Friday, June 29, 2012

മഴയിൽ അലിയുന്ന ഓർ‌മ്മയുടെ തേങ്ങലുകൾ

         പ്പഴോ തുടങ്ങിയ മഴ ഇനിയും തോർ‌ന്നിട്ടില്ല. ആർ‌ത്തലച്ച് പെയ്യുകയല്ല, ഏങ്ങലടക്കി വിതുമ്പിക്കരയുന്നു. സാന്ത്വനവാക്കുകൾ പോലെ പുലമ്പിക്കൊണ്ടിരിക്കുന്ന പോക്രോം തവളകൾ .സാന്ത്വനിപ്പിക്കാനറിയാത്ത നിശബ്ദ സാന്നിദ്ധ്യമായി ഞാൻ ജനാലയ്ക്കിപ്പുറത്തിരിക്കുന്നു. ചവിട്ടിത്തേവിയ ബാല്യകാലസ്മരണകളോ പ്രണയമോ വിരഹമോ ഒന്നുമല്ല ഇപ്പോൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഏഴു വർ‌ഷങ്ങൾക്ക് മുൻപ് മുഴങ്ങിയ ആ ടെലഫോൺ ബെൽ ഇപ്പഴും നിർ‌ത്താതെ കരയുന്നുണ്ട് മനസ്സിൽ .
          ഏതൊരു അവധി ദിനത്തേയും പോലെ അലസമായിരുന്നു അന്നും . ഉച്ചയൂണും കഴിഞ്ഞ് ഏതോ പാട്ടിനു കാതും കൊടുത്തിരുന്ന നേരം . വിറയാർ‌ന്ന നിന്റെ ശബ്ദത്തിൽ എന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ട നിമിഷം .സംഭവിക്കാൻ പോകുന്നതിനെ അഭിമുഖീകരിക്കുന്നതിൽ നിന്നൊഴിഞ്ഞു നിൽകാൻ കഴിയാത്തതിന്റെ ഭീതി എനിക്കു കേൾക്കാമായിരുന്നു . കടംകൊണ്ട ബൈക്കിൽ നിന്റടുത്തേക്കുള്ള യാത്രയിൽ ഞാൻ പരതുകയായിരുന്നു, സാന്ത്വനത്തിനായുള്ള വാക്കുകൾ‌ക്കായി. അവസാനിക്കാതെ നീളുകയാണോ ആ യാത്രയെന്ന് ഞാൻ ഭയപ്പെട്ടിരുന്നെന്നു തോന്നി. എത്ര കുറഞ്ഞ ദൂരവും നീണ്ട യാത്രയായി പരിണമിക്കാമെന്നെനിക്കു തോന്നിയ നിമിഷങ്ങൾ .
         ഇല്ല, ആശുപത്രി പരിസരത്ത് എന്റെ നോട്ടത്തിന്റെ പരിധിയിലെങ്ങും ഞാൻ നിന്നെ കണ്ടെത്തിയിരുന്നില്ല . അതോ, ഞാൻ മറ്റേതോ കാഴ്ചയെ തിരയുകയായിരുന്നോ? ആരോട് ചോദിക്കണം,എന്തു ചോദിക്കണമെന്നു തീർ‌ച്ചയില്ലാത്തവനെപോലെ ഞാൻ നടന്നു . റിസെപ്ഷനും എൻ‌ക്വയറിയും കടന്ന്, വെള്ളയണിഞ്ഞ മാലാഖമാരെയും കടന്ന് നീണ്ട ഇടനാഴിയിലൂടെ നടന്നു . ആരെയും ഞാൻ കണ്ടിരുന്നില്ല, എല്ലാം അവ്യക്തായി കടന്നു പോയ രൂപങ്ങൾ മാത്രം .
എനിക്കു മുന്നിലും പിന്നിലുമുണ്ടായിരുന്നവരുടെയൊക്കെയും കാലുകളെല്ലാം അങ്ങോട്ടേക്കായിരുന്നെന്ന് തോന്നി . ഒടുവിൽ, ആ നീണ്ട ഇടനാഴിയും കടന്ന് ആ കൊച്ചുമുറിയിൽ ഞാനെത്തി . എനിക്കു മുൻപേ എത്തിയവരൊക്കെയും ആ മുറിക്കുള്ളിൽ ഒരു വലയമായി തീരുകയായിരുന്നു . അവിടെ ഞാൻ കണ്ടു, പരതി നടന്ന ആ കാഴ്ച . വെള്ള പുതച്ച ചേതനയറ്റ ആ ശരീരം . ഒന്നോ രണ്ടോ തവണ കണ്ടുള്ള പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ . വലിയകണ്ണുകളിൽ ചിരിച്ചുകൊണ്ടുള്ള കുശലാന്വേഷണം മാത്രമായിരുന്നു തമ്മിൽ സംസാരിച്ചിരുന്നത് . അന്നു കണ്ടിരുന്ന ആ ചിരിയില്ലാതെ അടഞ്ഞ കണ്ണുമായുള്ള ആദ്യത്തെ കാഴ്ച , അവസാനത്തേയും . ശാന്തമായ നിദ്ര .
       വീർ‌പ്പുമുട്ടിക്കുന്ന ആ നിശബ്ദതയെ ഒന്നു വലം വച്ച് ഞാൻ പുറത്തേക്കിറങ്ങി . എന്റെ കാഴ്ച വ്യക്തമായിരുന്നു, അപ്പോഴും ഞാൻ നിന്നെ മാത്രം കണ്ടിരുന്നില്ല . കാണാതിരിക്കുന്നതാവും നല്ലതെന്ന് ഞാൻ ഒരുപക്ഷേ കരുതിയിരുന്നിരിക്കണം . ഇല്ല, കാണാതെ തിരികെ പോകാനെനിക്ക് കഴിഞ്ഞിരുന്നില്ലല്ലോ . ചുറ്റിലും പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചിരുന്ന ആൾ‌ക്കൂട്ടത്തിനപ്പുറം നിർ‌ത്തിയിട്ടിരുന്ന മാരുതിയുടെ പിൻ‌സീറ്റിലിരുന്ന് നീയെന്നെ കയ്യെറിഞ്ഞു വിളിച്ചില്ലേ . ഇടതു വശത്തെ ഡോർ തുറന്നു കയറിയ എന്റെ വലതു തോളിലേക്ക് ചാഞ്ഞ് നീ ചോദിച്ചത്, ഞാൻ കണ്ടോ എന്നായിരുന്നില്ലേ ? ആരും പറഞ്ഞിരുന്നില്ലെങ്കിലും നീയതറിഞ്ഞിരുന്നല്ലോ . എനിക്കു വാക്കുകളില്ലായിരുന്നു . നിന്റെ ഊഹം ശരിയാണെന്ന് നീ അപ്പോൾ തിരിച്ചറിഞ്ഞിരിക്കണം .
           അടക്കിവെച്ചിരുന്നതൊക്കെയും തകർ‌ന്ന അണപോലെ കൂലംകുത്തിയൊഴുകിയ ആ നിമിഷം , പതിയെ ചുറ്റിലും സാന്ത്വനത്തിന്റെ കൈകൾ നിന്നെ പൊതിഞ്ഞുതുടങ്ങിയപ്പോൾ ഞാനിറങ്ങി . എനിക്കും നിനക്കും ഒരുപോലെ പരിചിതരായവരിലേക്ക് ഈ വിവരമെത്തിക്കേണ്ടുന്ന ദൌത്യം ഇനി എന്റേതാണല്ലോ . അപ്പോഴും നിനക്കുറപ്പില്ലായിരുന്നു , ഇനി ആ വിലാപയാത്ര എങ്ങോട്ടായിരിക്കുമെന്ന് . തറവാടും കാരണവരുമൊക്കെ ഇപ്പഴും തറവാട്ടിലുണ്ടല്ലോ , ആശുപത്രിയിൽ നിന്നും ഏറെ അകലെയല്ലാതെ നിങ്ങളുടെ വീടും .
           അകമ്പടിയായി ഞാനും അണിചേർ‌ന്നു ഞാൻ വന്ന ബൈക്കിൽ . ആ വിലാപയാത്ര നിന്റെ വീട്ടിനകത്തേക്ക് കയറിയപ്പോൾ ഞാൻ ഒരു കാഴ്ചക്കാരനായി വെളിയിൽ നിന്നു . അകത്തു നിന്നും പുറപ്പെട്ട വിലാപങ്ങൾ‌ക്കണയാൻ കാതും തുറന്ന് ഒരു വലിയ ആൾ‌ക്കൂട്ടത്തിനകത്ത് ഏകനായ് . അകത്തു വന്ന് നിന്നെ കാണണമെന്ന് കരുതിയിരുന്നെങ്കിലും എന്തോ എന്റെ കാലുകളെ വിലക്കി നിന്നു .
        ഒടുവിൽ , പൊതുശ്മശാനത്തിലേക്കുള്ള അവസാനയാത്രയ്ക്കായി അച്ഛനെ ഒരുക്കിയിറക്കിയപ്പോൾ നിന്നെ വീണ്ടും കണ്ടു . ഒരു വലിയ യാത്രയയപ്പിനെത്തിയതല്ലേ , ആരോടും യാത്രപറച്ചിലിന്റെ ആവശ്യവുമില്ല . പിരിഞ്ഞു തുടങ്ങിയ ആൾ‌ക്കൂട്ടത്തിലേക്ക് ഞാനും അലിഞ്ഞ് ചേർ‌ന്നു . നേരം ഇരുട്ടിയിരുന്നു . ഘനീഭവിച്ചു കിടന്ന ദു:ഖം ചാറ്റൽ മഴയായി അപ്പോഴും പൊഴിഞ്ഞുകൊണ്ടേയിരുന്നു .
        വീണ്ടും മുഴങ്ങിയ മൊബൈൽ റിങ്ടോണിനൊപ്പം ഓർ‌മ്മകളിൽ നിന്ന് ഞാൻ തിരിച്ചെത്തുമ്പോഴും ജനാലയ്ക്കപ്പുറത്ത് ആരുടെയോ തേങ്ങലിനെ അലിയിച്ചുകൊണ്ട് മഴ വിതുമ്പിക്കൊണ്ടേയിരുന്നു .


8 comments:

  1. ജനാലയ്ക്കപ്പുറത്ത് ആരുടെയോ തേങ്ങലിനെ അലിയിച്ചുകൊണ്ട് മഴ വിതുമ്പിക്കൊണ്ടേയിരുന്നു .

    ReplyDelete
  2. മഴയില്‍ അലിഞ്ഞുകൊണ്ടേയിരിക്കുന്നു ഓര്‍മ്മയുടെ തേങ്ങലുകള്‍ അല്ലെ....

    ReplyDelete
  3. നല്ല കഥ , ആശംസകള്‍.

    ReplyDelete
  4. സമാനസാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജീവിത രംഗങ്ങള്‍ പുനര്‍ജീവിക്കുന്നു, ഓര്‍മകളില്‍ .

    ReplyDelete
  5. വായിച്ചു സഹിച്ച എല്ലാവർക്കും നന്ദി !

    ReplyDelete
  6. ഇന്നാണിത് വായിച്ചത് കേട്ടൊ ഗോവിന്ദരാജ്
    കുഴപ്പമില്ല..!

    ReplyDelete