Friday, April 9, 2010

മാരാരി ബീച്ച് ,ഒരു ആശ്ചര്യം !

           സമയം രാവിലെ 11 മണി .ആലപ്പുഴയ്ക്കടുത്ത് ഒരു സര്‍വീസ് കോള്‍ .എന്നാപിന്നെ അതു തീര്‍ത്തിട്ട് തന്നെ ബാക്കി കാര്യം .പുറപ്പെടാനൊരുങ്ങിയപ്പോ ദേ നമ്മുടെ പ്രഥമ ശിഷ്യന്‍ വെറുതെ ഇരുന്ന് ബോറടിക്കുന്നു .
     ”വാടാ ,ആലപ്പുഴ പോയി വരാം .നിനക്കൊരു പണിപഠിക്കലാവും എനിക്കൊരു കൂട്ടുമാകും .”
അവനല്പം ബുദ്ദിമുട്ടായോ ? അത് ബുദ്ദിയുള്ളവര്‍ക്കല്ലെ .പിന്നെ അവന് സുഖിച്ചിവിടെയിരിക്കാനാണോ മാസം 5000 രൂപാ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത് .
ഹെല്‍മെറ്റ് എടുത്തപ്പോ അവന് സംശയമായി “എടോ , ആലപ്പുഴക്ക് ഇവിടുന്ന് പത്തറുപത് കിലോമീറ്ററില്ലേ ?”
           “അതിന് ?”
“അല്ല ബൈക്കില് ഇത്രേം ദൂരം ,അതും ഈ ഇളവെയിലത്ത് ..”
“ഒരു കുഴപ്പവുമില്ല ,പിന്നെ ഒരു ഇളവെയില് കൊള്ളാന്‍ പറ്റാത്തവന്‍ കറുത്ത് പോയാലോ ആല്ലേ ! മര്യാദയ്ക്ക് വന്ന് വണ്ടീക്കേറ് .”
ദോഷം പറയരുതല്ലോ , അനുസരണക്കേട് വേണ്ടുവോളമുള്ള നമ്മുടെ കന്നിശിഷ്യന്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ വന്ന് എന്റെ തെക്ക്-വടക്ക് സര്‍വീസ് (TVS) ബൈക്കിന്റെ പുറകിലുരുന്നു .മൂന്ന്-നാല് ചവിട്ട് കൊടുത്തപ്പോ നമ്മുടെ അശ്വരഥം പാഞ്ഞുതുടങ്ങി .ഓ, അവനങ്ങനാ കിട്ടേണ്ടത് കിട്ടിയാലെ ശരിയാകൂ .
എറണാകുളം സൌത്തിലെ നാലുംകൂടിയ കവലയും കുപ്പിക്കഴുത്ത് വളഞ്ഞമ്പലവും സൌത്ത് പാലവും കഴിഞ്ഞ് മണിക്കൂറൊന്ന് കഴിഞ്ഞപ്പൊ കാരണോമ്മാര് ചെയ്ത കൃപകൊണ്ട് വൈറ്റിലയിലെത്തി .ഉച്ചവെയ്യില്‍ തലക്ക് മുകാളില്‍ എരിയുന്നു .പണ്ടാരം വേണ്ടായിരുന്നു ,മുന്നില് സര്ക്കാരിന്റെ എസി ബസ്സ് കണ്ടപ്പോ കണ്ണ് നിറഞ്ഞു .ബൈക്ക് ഒതുക്കി അതില്‍ കയറി പോയാലോ .വേണ്ട അതെനിക്കല്പം കുറച്ചിലാകും ,കൂടെ നമ്മടെ ശിഷ്യനുമുണ്ടല്ലോ .അവന്റെ വാക്കു കേള്‍ക്കാതെയല്ലെ പുറപ്പെട്ടത് .
ചൂട് അസഹ്യമായപ്പോ പെട്ടെന്ന് ലക്ഷ്യത്തിലെത്താനുള്ള ആക്രാന്തമ്മൂത്ത് ആക്സലേറ്റര്‍ ഒന്നുകൂടി കൂട്ടി. പണ്ടാരം വണ്ടി നമ്മടെ ഓഫീസ് വകയല്ലെ ;അശ്വന് ആകെമൊത്തം വിറച്ചുകൊണ്ടിരുന്നെന്നല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല .കടന്നു പോയ വണ്ടീന്നെല്ലാം ആള്‍ക്കാര്‍ അവജ്ഞയോടെ നോക്കാന്‍ തുടങ്ങിയപ്പൊ ആ ശ്രമം ഉപേക്ഷിച്ചു .അവനെക്കൊണ്ടാവുന്നപോലെ അവന് പായട്ടെ .ഏതായാലും ഇല്ലത്തൂന്നിറങ്ങിയതല്ലെ ,ഇനി അമ്മാത്ത് എത്തുമ്പൊ എത്തട്ടെ .
സമയം ഒന്നര .വിശപ്പിന്റെ വിളി എന്നേക്കാളും മുമ്പേ ശിഷ്യന് അറിഞ്ഞു .അനുഭവം ഗുരു .എതിര്‍ത്തൊന്നും പറഞ്ഞില്ല ,പണ്ടാരം ഇനി ഭക്ഷണം കൂടി നടന്നില്ലെങ്കില് …
നോക്കിയപ്പോ ദേ “വീട് ,ഭക്ഷണശാല “ മുന്നില് .
“ശൊ ! ഇത്രപെട്ടെന്ന് വീടെത്തിയോ .ഏതായാലും ഇന്നത്തെ ഭക്ഷണം ഫ്രീ ആയല്ലോ .ഞാന്‍ വീട്ട്ന്ന് കഴിച്ചിട്ട് ഇതുവരെ കാശ് കൊടുത്തിട്ടില്ല “
കൈ കഴുകി രണ്ടാളും ഒരു മേശയ്ക്കിരുവശവുമിരുന്നു .തടിമാടനായ ഒരു ചേട്ടന് വളരെ ഭവ്യതയോടെ വന്നു.
“എന്താ കഴിക്കാന്‍ ?”
“ഊണായിക്കോട്ടെ “
“സ്പെഷല് എന്താ വേണ്ട്ടെ ?”
“ഇവനൊരു ഫിഷ് കറി കൊടുത്തേക്ക് “ - പാവം ശിഷ്യന്‍ കഴിക്കട്ടെ .അവന്റെ വാക്ക് കേള്‍ക്കാതെ വന്നതിന് ഒരു പരിഹാരവുമായിക്കോട്ടെ .പിന്നെ ഞാന്‍ പച്ചക്കറിയുമാണല്ലോ .
ഊണ് കഴിച്ച് തളര്ന്ന് കൈ കഴുകി വന്നപ്പോ ദാ, മറ്റേ ചേട്ടന് തുണ്ട് പേപ്പറുമായി നില്ക്കുന്നു .ഓ ,കൈ തുടക്കാനായിരിക്കും .വാങ്ങി വെറുതെ അതിലേക്ക് നോക്കിയപ്പോ ,കണ്ണ് തള്ളിപ്പോയി .

Item                    Qty         Amount
--------------------------------------------
Meals                    2          100.00
Fish curry              1          100.00
--------------------------------------------
 Total                                200.00
                                     -----------------
                                     -----------------

വീട്ട്ന്ന് ഊണ് കഴിച്ചതിന് 150 രൂപ .ശിഷ്യന് ഭാവഭേദമൊന്നുമില്ലാതെ പുറത്തിറങ്ങി .ഞാന്‍ പെട്ട്പോയീന്ന് പറഞ്ഞാമതിയല്ലൊ .ഇനി എന്തു പറഞ്ഞ് ഞാനിത്രേം കാശ് ക്ലെയിം ചെയ്യും ,ഊണ് മാത്രം പോരല്ലോ .നമ്മുടെ അശ്വരഥത്തില് വെള്ളം ഒഴിച്ച് കൊടുത്താല് ഓടില്ലല്ലോ .എന്തായാലും കാശ് കൊടുത്ത് പുറത്തിറങ്ങി .ഇനി ഇപ്പോ അരി അരക്കാനും വെള്ളം കോരാനുമൊന്നും സമയമില്ല .നമ്മുടെ കസ്റ്റമര്‍ കാത്ത് നില്ക്കുകയല്ലെ .
ഇനീം പത്തിരുപത് കിലോമീറ്റര്‍ കൂടെ പോകണം .വണ്ടി വീണ്ടും യാത്ര തുടര്‍ന്നു .കസ്റ്റമറിന്റെ കമ്പ്ലേന്റ് അരമണിക്കൂറിനുള്ളില് സോള്‍വ്ഡ് .വന്നതാരാ പുലിയല്ല ,കൂടെ പുലിയാവാനുള്ള കുട്ടിപുലിയും .ശിഷ്യന് എന്നിലല്പം മതിപ്പൊക്കെ വന്നെന്ന് തോന്നുന്നു. കസ്റ്റമറും ഹാപ്പി. സന്തോഷം കൊണ്ടെനിക്കിരിക്കാന് വയ്യേ .കസ്റ്റമര് നന്ദി പറഞ്ഞു.നന്ദി മാത്രം വാങ്ങിച്ചോണ്ട് തിരിച്ച് ചെന്നാലെ ബോസ്സ് ആട്ടിയിറക്കും .അതോണ്ട്
“ നന്ദി കയ്യില് വച്ചോ ,എന്നിട്ട് തുട്ടെട് .’
കണക്ക് പറഞ്ഞ് കാശും വാങ്ങി മടക്കയാത്ര .കുറച്ച് ദൂരം കഴിഞ്ഞപ്പൊ മുന്നിലൊരു പരസ്യം

                  Marari Beach

                       --Km

“ശൊ ! ബീച്ചിനും പരസ്യൊ ? എന്നാപ്പിന്നെ അവിടം വരെ ഒന്നുപോണല്ലോ .” ദൈവത്തിന്റെ സ്വന്തം നാടിന്റെ ടൂര് വികസനകോര്പ്പറേഷന്റെ ദൂരവിവരം കാണിച്ചിട്ടുള്ള ഫലകം മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ .ഇതിപ്പൊ ഒരല്പം ആശ്ചര്യമായി ,ബീച്ചിന്റെ പരസ്യം .
കേള്‍ക്കേണ്ട താമസം ശിഷ്യന് ഭയങ്കര സന്തോഷമായി .അശ്വന്റെ ദിശ ബീച്ചിലേക്ക് മാറ്റി .പരസ്യത്തില് കണ്ട ദൂരമൊക്കെ കഴിഞ്ഞു .അവിടെങ്ങും ബീച്ച് കിടന്നതിന്റെ പൂടപോലും കണ്ടില്ല .ദേ ഒരു ചേട്ടന് നടന്നു വരുന്നു .
“ചേട്ടാ , ഈ ബീച്ചിലേക്കുള്ള വഴിയേതാ ?”
“നേരെ തെക്കാട്ട് പോണം ,അങ്ങാട്ട് പോയാ ഒരു പച്ച ഗേറ്റ് കാണാം .അതാണട്ടാ ബീച്ച് “
ദേ ,പിന്നേം ആശ്ചര്യം .ബീച്ചിന് ഗേറ്റോ !
“നന്ദി ചേട്ടാ.”
വണ്ടി നേരെ ഗേറ്റിനെ ലക്ഷ്യമാക്കി നീങ്ങി .ബീച്ചിന് ഗേറ്റ് മാത്രല്ല.കാവല്ക്കാരുമുണ്ട് .ഗേറ്റ് തുറക്കാത്തത്കൊണ്ട് ബ്രേക്ക് ചവിട്ടി നിര്ത്തി.
“ആരെ കാണാനാ “ കാവല്ക്കാരില് ഒരാള് മുന്നോട്ട് വന്നു .
“അതു ശരി, ബീച്ചില് വല്ലോരേം കാണാനുണ്ടെങ്കിലെ വരാന് പാടുള്ളൂന്നുണ്ടോ?”
“മക്കള് ബീച്ച് കാണാനിറങ്ങിയതാ ?”
“അതേ “
“ന്നാ നേരെ വടക്കോട്ട് പൊയ്ക്കോ”
അപ്പഴാ ഞാന് ആ ബോര്ഡ് ശ്രദ്ധിച്ചത് .
“Marari Beach Resort “
പാവം കാവല്ക്കാരനെ കുറ്റം പറയാനൊക്കുമോ .അങ്ങോരാദ്യമായിട്ടാ രണ്ടുപേര് ബൈക്കില് ആ ഗേറ്റ് അതിക്രമിച്ച് കടക്കാന് ശ്രമിക്കുന്നത് കാണുന്നത് .ഇപ്പൊ മനസ്സിലായെ ഈ ബീച്ചില് കാറുണ്ടെങ്കിലെ കയറാനൊക്കൂന്ന് .ഏതായാലും ഇതുവരെ വന്നതല്ലെ. ആ കടാപ്പുറമെങ്കിലും കണ്ടിട്ട് പോകാം .നേരത്തെ വഴികാട്ടിയ ചേട്ടന്‍ എതിരെ വരുന്നു .
“മക്കള് ബീച്ച് കണ്ടില്ലെ “
“കണ്ടു ചേട്ടാ കണ്ടു .പക്ഷെ ,ഞാങ്ങക്ക് പോണ്ടത് കടാപ്പുറത്താണ് കേട്ടാ “
“അത് നിങ്ങക്ക് നേരത്തേ ചോദിക്കാമ്പാടില്ലേ .ഇവിടുന്ന് നേരെ വടക്കോട്ട് ചെന്നിട്ട് പിന്നെ പടിഞ്ഞാട്ട് പോണം “
“ശരി ചേട്ടാ .നന്ദി “
അങ്ങനെ ഞങ്ങള്‍ മാരാരി കടപ്പുറത്തെത്തി. ആ വെയിലില്‍ അവിടെ ഞങ്ങള് രണ്ട് സഞ്ചാരികള് മാത്രം .


ആ കടാപ്പുറം നന്നായി ആസ്വദിച്ച് മടക്കയാത്ര . ശുഭയാത്ര .


ഫോട്ടോ : സ്വന്തം ഒളിക്യാമറയില്‍ ക്ലിക്കിയത്