Sunday, February 21, 2010

വളര്‍ച്ച !വളരുന്നു കേരളം !
വളരുന്നു വഴിവാണിഭം
വളരുന്ന മലയാളിതന്‍
മനസ്സില്‍ വളരുന്നു
ഉപഭോക്തൃസംസ്കാരം

വയറുനിറയുവോളം
വലിച്ചുകുടിക്കാനമ്മതന്ന-
കിടില്‍ നിറയേ
ഉണ്ടായിരുന്നിവിടെയാ
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം .
നുകരുവാനിന്നെവിടെയാ
മാധുര്യം
കഴിയുമോ പകരുവാനാ
സമീകൃതത്തിന്‍ വിശ്വാസമീ
ബേബിതീറ്റയ്ക്ക്‌ ?

ഇല്ലത്തിന്നു പട്ടിണിതന്നെ
ഇല്ലത്രേ അയലത്തെ
പത്തായത്തിലൊരു
പിടിപോലുമില്ല നെല്ലരി
വേണ്ടയോ ഇന്നുമീ
കുത്തരിച്ചോറു
എള്ളോളമില്ലേയിവിടെ
പാലും മുട്ടയും !
ഒഴുകിയിരുന്നയലത്തെ-
യകിടിന്നരുവീയീവഴി
കഴിഞ്ഞില്ലല്ലോ നമുക്കതില്‍
തടയണതീര്‍ക്കുവാനും
ആശ്രയമീവഴിവാണിഭംമാത്രം
തൂമ്പായെടുക്കുവാന്‍
കഴിയാത്തിടത്തോളം .

കാതങ്ങള്‍ക്കകലയാം
സോദരി വില്‍ക്കുന്നു
തന്‍ കന്യകാത്വം
ഇവിടെയോ വില്‍കുന്നിവര്‍ 
തന്‍ സോദരിയെതന്നെയും
കൊഴുക്കുന്നുയീ വാണിഭം
വഴിയോരങ്ങളില്‍ ,
വിശ്രമമുറികളില്‍ , ...

എന്തിനേറെയീമണ്ണുമാ
വാണിഭത്തിന്‍ ശേഷിപ്പുകള്‍
പേറുമാ രക്തസാക്ഷിയല്ലയോ 

വളരുന്നു കേരളം
കൊഴുക്കുന്നു വാണിഭം
വരളുന്നതീമണ്ണിന്‍
നാക്കുമാത്രം !

Tuesday, February 16, 2010

സ്വാഗതാര്‍ഹം ഈ "ആഗതന്‍ " !

         ചില പുതുമുഖ നടീനടന്മാര്‍ പറയുന്നപോലെ യാദൃച്ഛികമായി ഒരു സിനിമ കാണാന്‍ കഴിയാത്തതുകൊണ്ട് തീയറ്ററില്‍ ചെന്ന് ടിക്കറ്റെടുത്ത് ഞാനിന്ന് "ആഗതന്‍ " (ദ വണ്‍ ഹൂ കേം ) കണ്ടു . നേരമ്പോക്കിനായി മാത്രമല്ല , ചിത്രീകരണത്തിനിടയില്‍ ഇതിന്‍റെ അണിയറ ശില്പികള്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ (തേക്കടി ദുരന്തം മറന്നിട്ടുണ്ടാകില്ലല്ലോ ) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കൂടിയായിരുന്നു ഞാനതു ചെയ്തത് .എന്‍റെ അമ്പതു രൂപകൊണ്ട് അത്രേങ്കിലും ആകുമല്ലോ .
 "വ്യത്യസ്തമായ പ്രതികാരകഥ " ഈ പരസ്യവാചകവും ഒരുകാരണമായിരുന്നു . 2010-ല്‍ കണ്ട ആദ്യചിത്രവും പ്രതികാരത്തിന്‍റെയും പകവീട്ടലിന്‍റെയും കഥപറഞതുകൊണ്ട് എന്തോ മനസ്സില്‍ അല്പം വല്ലായ്ക ഉണ്ടാകാതിരുന്നില്ല . ഈ വര്‍ഷം മുഴുവനും ഞങ്ങള്‍ ഇത്തരം പകവീട്ടലിന്‌ ഇരയാവേണ്ടി വരുമോ എന്നറിയാനും കൂടിയായിരുന്നു ഈ "വരുത്തനെ " കാണാന്‍ ചെന്നത് .
          എന്തായാലും നായകന്‍റെ അമാനുഷിക കഴിവുകളോ കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടനരംഗങ്ങളോ കൊണ്ട് വീര്‍പ്പുമുട്ടേണ്ടി വന്നില്ല എന്നത് ആശ്വാസം തന്നെ . ഇതു കമലിന്‍റെ സംവിധാനത്തിലെ വ്യത്യസ്തതകൊണ്ടോ അതോ കലവൂര്‍ രവികുമാറിന്‍റെ രചനാപാടവം കൊണ്ടോ എന്തായാലും നന്നായിരിക്കുന്നു .
          അങ്ങനെ അണിയറശില്പികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി കാശ്മീരിന്‍റെ മഞ്ഞുമൂടിയകാഴ്ചകളിലൂടെ മനോഹരമായ ഗാനവും പാടി ഒരു കുഞ്ഞേച്ചിയും കുഞ്ഞനിയനും പ്രേക്ഷകന്‍റെയും കണ്ണിന്‌ കുളിര്‍മ്മപകരാന്‍ പോന്നതുതന്നെ .ആ കുളിര്‍മ്മ അധികം നീണ്ടു നിര്‍ത്താതെ മതതീവ്രവാദത്തിന്‍റെ ഭീകരാക്രമണത്തിലേക്ക് .അതില്‍ അച്ഛനുമമ്മയും നഷ്ടപ്പെട്ട കുഞ്ഞനിയന്‌ നേരത്തെപാടിയ പാട്ടില്‍ അല്പം ശോകം കലര്‍ത്തിപാടി തീരുമ്പോഴേക്കും കുഞ്ഞേച്ചിയേയും നഷ്ടപ്പെടുന്നു .
          പിന്നെ നമ്മള്‍ കാണുന്നത് എന്തൊക്കയോ മനസ്സില്‍ കരുതി വര്‍ഷങ്ങള്‍ക്കുശേഷം വലിയ ആളായി വരുന്നു നായകനായ നമ്മുടെ കുഞ്ഞനിയന്‍ , കട്ടിമീശയും സാമാന്യം വണ്ണവുമുള്ള സുമുഖന്‍ .അവന്‍റെ കണ്ണുകളില്‍ നിറയുന്ന നിഗൂഢത.അവന്‍ തേടിപോകുന്ന മുഴുകുടിയനായ തന്‍റെ പൂര്‍വ്വകാല രക്ഷകന്‍ അല്പം തമാശയുണ്ടാക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു . എന്നാലും അതില്‍ പരാജയപ്പെട്ടിട്ടൊന്നുമില്ല മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പുരസ്കാരം നേടിയ അദ്ദേഹം .വെള്ളമടിയും തമാശയും നമുക്ക് പുത്തരിയല്ലെന്ന് പറഞ്ഞ്  മുന്നേറിക്കൊണ്ടിരിക്കെ നായകന്‍ വന്നു തന്‍റെ പൂര്‍വ്വകഥ പറഞ്ഞ് പരിചയം പുതുക്കുന്നു .
            നിഗൂഢതകള്‍ വാക്കുകളിലവശേഷിപ്പിച്ച് പുതിയ കഥാപാത്രത്തെ തേടുമ്പോള്‍ രംഗത്ത് പ്രകൃതിഭംഗിയുടെ പറുദീസ തീര്‍ത്ത പശ്ചാത്തലവുമായി പ്രതിനായകന്‍റേതാകമെന്ന് തോന്നുന്ന വിളഞ്ഞു നില്കുന്ന മുന്തിരിപ്പാടം .അവിടത്തെ തമാശക്കാരനായ പണിക്കാരന്‍റെ വേഷത്തില്‍ നമ്മുടെ അമ്മേടെ നായരായ നിഷ്കളങ്കന്‍ ചേട്ടന്‍റെ വിവരണങ്ങളിലൂടെ റിട്ട. ജനറലായ പ്രതിനായകന്‍റെ ബംഗ്ലാവിലേക്ക് . അവിടെ ദൃഢഗാത്രനായ വയസ്സന്‍ പ്രതാപിയായ പഴയ പട്ടാളമേധാവിയെ ഓര്‍മ്മപ്പെടുത്തുന്നു .വയസ്സറിയിച്ച അങ്ങോരുടെ മോളെ കെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നായികയുടെ അച്ഛമ്മ .അതങ്ങനെയല്ലേ വരൂ , വയസ്സറിയിക്കും മുന്പേ കെട്ടേണ്ടിവന്ന ഒരു അമ്മൂമ്മ, പെണ്ണിന്‌ വയസ്സറീക്കുന്നതുവരെ കാത്തതുതന്നെ അത്ഭുതമല്ലെ .പെണ്ണിന്‍റെ ശത്രു പെണ്ണ്‌തന്നെയെന്നു പറയുന്നത് വെറുതെയല്ലെന്ന് കഥാകൃത്ത് ഓര്‍മ്മപ്പെടുത്തുന്നതുപോലെ തോന്നും ഈ രംഗങ്ങള്‍ .
        അങ്ങനെ സുന്ദരിയായ നായികയുടെ രംഗപ്രവേശത്തിനു സമയമാഗതമായിരിക്കുന്നു .നായികയും നായകനും അടുത്തടുത്ത സീറ്റുകളിലിരുന്നുള്ള ദൂരയാത്ര നമ്മള്‍ എത്രയോ തവണ കണ്ടിരിക്കുന്നുവെന്ന് അവര്‍ക്കറിയില്ലല്ലോ.! നായികയുടെ ഫോണിലൂടെയുള്ള കിളികൊഞ്ചലും കുസൃതിയും മതിയല്ലോ സുമുഖനായ ചെറുപ്പക്കാരന്‌ ഇതാണ്‌ തന്‍റെ പെണ്ണെന്നുറപ്പിക്കാന്‍ .ഇവിടെ ഒരു പാട്ട് ഒരു അനിവാര്യത തന്നെയല്ലെ .തുടര്‍ന്നു വരുന്ന സംഭവങ്ങള്‍ ഇവര്‍ക്ക് തമ്മിലടുക്കാന്‍ ഒത്തിരി അവസരങ്ങള്‍ നല്കുന്നെങ്കിലും മാന്യരായ നായികയും നായകനും അതിനു മുതിരുന്നില്ല .അങ്ങനെ ഒന്നും പറയാതെ അവര്‍ തങ്ങളുടെ കൂടുകളിലേക്ക് ചേക്കേറുന്നു .
        അന്യ നാട്ടിലായതു കൊണ്ട് ഒരു പെണ്ണിന്‌ ഒറ്റയ്ക്കു താമസിക്കാന്‍ ബുദ്ദിമുട്ടായതുകൊണ്ടായിരിക്കാം അവിടെ അവള്‍ തന്‍റെ ബന്ധുവീട്ടില്‍ താമസമാക്കുന്നു .വളരെ യാദൃച്ഛികമായി നായകന്‍ ഈ ബന്ധുക്കളുടെ ഉടമസ്തതയിലുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് അവരെ ഫ്ളാറ്റാക്കുന്നു .വളഞ്ഞുമൂക്കു പിടിക്കാന്‍ ഒരുപാടിഷ്ടമുള്ളതു കൊണ്ടായിരിക്കാം നായകന്‍ തന്‍റെ പെണ്ണിനെ വളക്കാന്‍ വളഞ്ഞവഴിതന്നെ തിരഞ്ഞെടുത്തിരിക്കുന്നു . സിനിമയില്‍ കാണുന്ന പെണ്ണുങ്ങള്‍ വീഴാന്‍ ഇതൊക്കെ ധാരാളമെന്ന് എത്രയോ കാലങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുമ്പൊ ഇവളായിട്ടു വീണില്ലെങ്കില്‍ പെണ്‍കുലത്തിനുതന്നെ അപമാനമായേക്കാവുന്നതുകൊണ്ട് അവളെയും വീഴ്ത്തിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !
അങ്ങനെ അവറൊരു അറേന്‍ജ്‌ഡ് പ്രണയത്തിലാകുന്നു .വീട്ടുകാരും നായികാനായക്ന്മാരും ഒരുമിച്ച് പാട്ടും പാടി നായികയുടെ വീട്ടിലേക്ക് (മറന്നിട്ടില്ലല്ലോ -വിളഞ്ഞുനില്കുന്ന മുന്തിരിപ്പാടത്തിനു നടുവിലുള്ള ബംഗ്ളാവ് ) അപ്പോഴും നിറഞ്ഞു നില്കുന്നു നായകന്‍റെ കണ്ണിലെ നിഗൂഢതകള്‍ , ഒത്തിരി കണക്കു കൂട്ടലുകളുമായി അവന്‍ വരുംകാല ഭാര്യാപിതാവിന്‍റെ സന്നിധിയിലേക്ക് .ബുദ്ദിമാനായ നായകന്‌ തന്‍റെ ഭാവി അമ്മായിഅപ്പനെ കൈയ്യിലെടുക്കുവാന്‍ ചതുരംഗപലകയിലെ ഒരു ചെക്ക് മതിയാകുന്നു .
അവിടെ നായകന്‍റെ പുതിയകരുക്കള്‍ നീക്കുവാനുള്ള സമയമാകുന്നു .
         പാവം പട്ടാളക്കാരന്‍ പ്രതിനായകനാകുന്നു .ഇതുവരെ നടന്ന കാര്യങ്ങളെല്ലാം തന്‍റെ ബുദ്ദിപൂര്‍വ്വമായ കരുനീക്കങ്ങളാണെന്ന് നായകന്‍ വെളിപ്പെടുത്തുന്നു. വാര്‍ദ്ധക്യസഹജമായ വയ്യായ്കകളൊന്നും ബാധിച്ചിട്ടില്ലാത്ത പ്രതിനായകന്‌ നായകനെ കീഴ്പെടുത്തുവാന്‍ നിഷ്പ്രയാസം സാധിച്ചേക്കുമായിരുന്നെങ്കിലും പക്ഷെ, ദൈവം നായകന്‍റെ രക്ഷയ്ക്കെത്തുന്നു (അതങ്ങനെയല്ലെ വരൂ !) .സര്‍വ്വസ്വാതന്ത്ര്യങ്ങളും അനുവദിച്ചുകിട്ടിയ നായകന്‍ നായികയേംകൊണ്ട് ഒരു പാട്ടെങ്കിലും പാടിയില്ലെങ്കിലാര്‍ക്കാ മോശം ? നായകന്‍റെയും പ്രതിനായകന്‍റെയും അഭിനയം കൊഴുപ്പിക്കാന്‍ വീണ്ടുമൊരു പാട്ടുകൂടിയേ തീരൂ .
         അങ്ങനെ ഈ അഭിനയമല്സരത്തിന്‍റെ ഗ്രാന്‍റ്റ് ഫിനാലെ തങ്ങളുടെ വിവാഹ നിശ്ചയദിവസത്തേക്ക് തീരുമാനിക്കപ്പെടുന്നു . ക്ഷണിക്കപ്പെട്ട വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി സാംബശിവന്‍ തോല്‍ക്കുമാറുമൊരു കഥാപ്രസംഗം അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു ഈ നായക-പ്രതിനായക അഭിനയകുലപതികള്‍ക്ക് .അഭിമാനിയായ പ്രതിനായകന്‌ ഇനി ജീവിക്കുവാന്‍ അര്‍ഹതയില്ലല്ലോ , അമ്പേ പരാജയപ്പെട്ട അദ്ദേഹം മുക്തിപ്രാപിച്ചിരിക്കുന്നു . അങ്ങനെ നായകന്‍റെ നിഗൂഢതകളുടെ ചുരുളഴിഞ്ഞു .വ്യത്യസ്തമായ പകവീട്ടലും കഴിഞ്ഞിരിക്കുന്നു .
          ഒറ്റപ്പെട്ട പാവം നായികയെ കൈയ്യൊഴിയാന്‍ അവളെ ഒരുപാട് പ്രണയിച്ച നായകന്‌ കഴിയുമോ . സ്വന്തം തന്തയെക്കൊല്ലി ആണെങ്കിലും പ്രണയിച്ച ആണിനെ തള്ളിക്കളയാന്‍ ഇവള്‍ക്കു കഴിയുമോ ? അതാണോ ഉദാത്തമായ പ്രണയം ? അവരുടെ പ്രണയം സത്യമായതുകൊണ്ട് അവര്‍ ഇനി ഒരുമിച്ചു ജീവിച്ചുകൊള്ളും .
                               
                                                    ഫിലിം ബൈ കമല്‍ ....          ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടുമണിക്കൂര്‍ ഞാന്‍ നന്നായി ആസ്വദിച്ചു . ഒത്തിരി പ്രകൃതിരമണീയമായ രംഗങ്ങളും പാട്ടുകളും അഭിനയമുഹൂറ്ത്തങ്ങളും സംഭാഷണങ്ങള്‍ കൊണ്ടും സമ്പന്നമാണ്‌ ഈ വിരുന്നുകാരന്‍ .പക്ഷേ സംശയം ബാക്കിയാകുന്നത് - രണ്ടുമണിക്കൂര്‍ തികയ്ക്കുവാനാണോ ഇത്രയും പാട്ടുകള്‍ കുത്തി നിറച്ചിരിക്കുന്നത് . അതോ നമ്പൂതിരിയുടെ കഞ്ഞികുടിമുട്ടിക്കാതിരിക്കാനോ ? എന്തൊക്കെയായാലും സ്വാഗതാര്‍ഹം ഈ "ആഗതന്‍ " .

ഫോട്ടോ കടപ്പാട് : http://news24i.com

......................................................................................................................................................................
മേല്‍ വിവരിച്ചത് ഒരു നിരൂപണമോവിമര്‍ശ്ശനമോ അല്ല ഒരു സിനിമ ആസ്വാദനത്തിലെ എന്‍റെ കഴിവുകേടുമാത്രമാണ്‌ .എല്ലാവരും സിനിമ കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ..

Sunday, February 14, 2010

പ്രണയദിനം

പറയാന്‍ മറന്നതോ പ്രണയം
എന്നില്‍ പറയാതെ വച്ചതോ പ്രണയം
അതോ ,
പറയാനറിയാത്തതോ എനിക്കു
പ്രണയം !

ക്ളോഡിയസ്സിനെ ഭയക്കാത്ത
പാതിരിയെപോല്‍
വിളക്കുവാന്‍ കൊതിക്കുന്നു
ഞാനോരോ കണ്ണിയും
പ്രണയാഗ്നിതന്‍ താപത്താല്‍ .
അപ്പൊഴും ഞാനൊരു പാതിരിയായ്‌
പറയുകില്ലെന്‍ പ്രണയസ്വപ്നങ്ങളും
മുത്തുകോര്‍ക്കുവാനിഷ്ടമെങ്കിലു-
മില്ലായെനിക്കീ പ്രണയമുത്താകുവാനും

ഭയക്കുന്നു ഞാനെന്‍
സംഭാവ്യമാം പ്രണയനഷ്ടത്തെയീ-
പങ്കുവയ്ക്കലില്‍ !
അപ്പൊഴും പ്രണയിക്കുന്നു
ഞാനെന്നെയും മാഞ്ഞുപോകുമീ
സൌന്ദര്യത്തിനുടമയാം ലോകത്തെയും .

വൈകിയിട്ടില്ലെനിക്കിനിയും
വെളിപ്പെടുത്തുവാനെന്‍ പ്രണയസ്വപ്നങ്ങളെ
നുകരുന്നു ഞാനാ സൌന്ദര്യലഹരിയീ
നുരയുന്ന പാനപാത്രത്തിനരികിലും  

കൊഴിഞ്ഞുപോകുന്നയീ ദിനവും
പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !
കാത്തിരിക്കാമിനിയുമോരോ പ്രണയദിനങ്ങളും
പങ്കുവയ്ക്കുവാനെനിക്കെന്‍ പ്രണയത്തെയും  .

Thursday, February 11, 2010

എന്തിനീ സാന്ത്വനയാത്ര ?

ഓരോ പുലരിയും
നല്കുമെനിക്ക് പുതു വാര്‍ത്തകള്‍
ഉണ്ടോ ഇതിലവശേഷിപ്പിക്കുന്ന
കൌതുകങ്ങള്‍ ?
ശേഷിക്കുന്നതോര്‍മ്മപ്പെടുത്തലിന്‍
നഖക്ഷതങ്ങള്‍ മാത്രം !

വാര്‍ത്തകള്‍ക്കിവിടെത്ര മാധ്യമങ്ങള്‍
അതോ, വാര്‍ത്തകള്‍
മാധ്യമസൃഷ്ടികളോ?

സൌഹൃദങ്ങളുടെ വിശാലമാം
നാട വലിക്കുന്ന നീയുമെനിക്കിന്നു
തന്നുവോ വീണ്ടുമൊരു
അന്ത്യയാത്രതന്‍ ദു:ഖവാര്‍ത്ത ?
ആ നിമിഷമെന്‍ മനസ്സില്‍
വീണ്ടുമൊരു ചോദ്യം ,
വേണമോ ഇനിയുമീയേകാന്തപഥികന്‍റെ
സാന്ത്വനയാത്ര ?
നല്കിയേക്കാം ചിലപ്പോള്‍
ഒരല്പം ശാന്തതയവളുടെ
വിങ്ങും ഹൃദയത്തിനീ സൌഹൃദം .

പക്ഷെ , കഴിയുകില്ലല്ലോ
നല്കുവാനെനിക്കു ആത്മാര്‍ത്ഥമാ-
യോരോ സാന്ത്വന വാക്കുകള്‍ .
ഹാ ! കഷ്ടമീ ജന്മം ,
ഇവനുണ്ടോ വികാരവും വിചാരവും ?
കഴിഞ്ഞേക്കുമോ എനിക്കൊരുതുള്ളി
കണ്ണുനീര്‍വാര്‍ക്കുവാന്‍
എന്‍ താത-തായ് വിയോഗത്തിലെങ്കിലും !

അപ്പൊഴും ഉയരുന്നൊരു
ചോദ്യമെന്നുള്ളില്‍
എന്തിനു ഞാന്‍ കരയണമീ
പ്രകൃതിതന്‍ ജീവിതചക്രത്തിന്‍
അന്ത്യയാത്രയില്‍ ?
പകയ്ക്കണോ
അവരും ഞാനും നീയുമെല്ലാം
"ഇന്നു ഞാന്‍ , നാളെ നീ "
എന്നയീ ആപ്തവാക്യത്തിന്‍ മുന്നിലും ?

ഇല്ലായെനിക്കെന്‍ മനസ്സില്‍ ഉത്തരങ്ങള്‍
വീണ്ടും ഞാനിവിടെ കാത്തിരിക്കാം
പുതിയ വാര്‍ത്തകള്‍ക്കായെന്‍
അന്ത്യയാത്രയോളം ..............................................................................................................................................................
 ഓരോമരണ വീട്ടില്‍ ചെല്ലുമ്പോഴും കേട്ട നിലവിളികളും അടുത്തിടെ കേട്ട ദേഹവിയോഗ വാര്‍ത്തകളും എല്ലാം കൂടിയായപ്പൊ ......


...........................എല്ലാ പരേതാത്മാക്കള്‍ക്കും ആദരാഞ്ജലികള്‍ ........................................................

Thursday, February 4, 2010

മുഖമില്ലാത്തവര്‍

 


നഗരവീഥിയില്‍ നടന്നകലവെ
അകലയല്ലാ തെളിഞ്ഞതീ ജനസഞ്ചയം
തേന്‍വരിക്കയില്‍ ഈച്ചനിറയുമാ
കാഴ്ചയെന്നില്‍ ഉയര്‍ത്തിയില്ല-
ലകളൊന്നുമേ !
അടുക്കുന്ന കാഴ്ചയില്‍
നടുക്കമൊഴിയാ കണ്ണുകള്‍

ഉയരുന്ന മണ്‍തരികളില്‍
വമിക്കുന്നഗന്ധം
പുതുമഴയില്‍ കുതിരും
മണ്ണിന്‍ മണമല്ലിതിനിയും
തുടിക്കുന്ന ജീവന്‍റെ
വിയര്‍പ്പു നാറ്റമോ ?
ഇനിയുണരാത്ത മനിതനിന്‍
ജീവഗന്ധമോ ?

ഇവിടെ, പൊലിഞ്ഞതവരുടെ
സ്വപ്നങ്ങളോ ?
ഓര്‍മ്മകള്‍ തീര്‍ത്ത ഭാര-
മിറക്കിയ മണിമാളികതന്‍ 
നെടുവീര്‍പ്പുകളില്‍ തെളിയുന്ന
ആശ്വാസമോ ?

ഇനിയും തുടരുന്നിവിടെയീ
മണ്‍കൂനയില്‍, പൊളിഞ്ഞ-
സ്വപ്നത്തിന്‍ കണക്കെടുപ്പുകള്‍ !

ഇല്ലിവിടെ ,
കാണാക്കയങ്ങളില്‍ മുഖമില്ലാതെ
തുഴഞ്ഞതിവര്‍ കാണുന്ന
പൊന്നിന്‍ കാണാതീരങ്ങള്‍ തേടിയലഞ്ഞതിന്‍ 
നോക്കുകൂലിയോ , ഭൂതപ്പണമോ
കഴിയുമോ ഇനിയും
വെളിപ്പെടാത്തിവരുടെ
ശേഷിപ്പുകള്‍ കാത്തിരുന്നോരുടെ
തുളുമ്പുന്ന കണ്ണീര്‍ക്കുടത്തിന്‍
കെട്ടഴിക്കുവാന്‍ !

ഉണ്ടിവിടെയിനിയും ദിക്കറിയാതെ
നയിക്കുന്ന കപ്പിത്താന്‍മാര്‍
കഴിയില്ല അവര്‍ക്കിനിയുമൊരോ
മുഖത്തില്‍ മറഞ്ഞിരിക്കാന്‍ .


ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
മുഖവുമെന്നാശിക്കുന്നു
ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ ....