Wednesday, February 14, 2024

വസന്തപഞ്ചമിയും വാലെന്റൈനും തമ്മിലുള്ള അന്തർധാര!

"വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു" എന്ന് ഭാർഗ്ഗവിക്കുട്ടിയെക്കൊണ്ട് പി. ഭാസ്കരൻ പറയിപ്പിച്ചത് വാലെന്റൈൻസ് ദിനത്തിലായിരുന്നോ? ഉത്തരം എം എസ് ബാബുരാജിനോ എസ് ജാനകിയ്ക്കോ പറയാം.
വസന്തവും പഞ്ചമിയുമൊക്കെ വന്നിട്ടും വരേണ്ടയാൾക്ക് മാത്രം വരാനുള്ള ബസ്സ്‌ കിട്ടിയില്ലേയെന്ന് കിളിവാതിലില്‍ മിഴിയും നട്ടു ഭാർഗ്ഗവിക്കുട്ടി ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അല്ല, ആത്മാവിൽ സ്വപ്നം കണ്ടുമാത്രം കാത്തിരുന്നാ ഇതുവല്ലതും നടക്ക്വോ?
അപ്പോൾ പറഞ്ഞുവന്നത്, ഇന്ന് ചിലർക്ക് വസന്ത പഞ്ചമിയാണത്രെ!  മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാമത്തെ നാൾ - പഞ്ചമി. വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയുമൊക്കെ സ്വാഗതം ചെയ്യുന്ന ഒരു കൂട്ടരുടെ ഉത്സവം. നമുക്കിവിടെ സരസ്വതി പൂജയൊക്കെ നവരാത്രിയ്ക്കാണല്ലോ. എന്റെ നാട്ടിലെ വസന്തോത്സവമെന്ന് പറയാവുന്നത് മീനത്തിലെ പൂരോത്സവവുമാണ്. അത് പുറകെ വരുന്നതേയുള്ളൂ. 

കൂടാതെ, "മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും  രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി"യെന്ന് വയലാർ ശരത്ചന്ദ്രവർമ്മയും അടിവരയിട്ടിട്ടുണ്ടല്ലോ!

ഫെബ്രുവരി മാസം ആദ്യ പകുതിയിൽ ഈ വസന്തപഞ്ചമി വരണമെങ്കിൽ, വാലെന്റൈൻ പാതിരിയുമായി പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം റാഡിക്കലായി അനുമാനിക്കാൻ. പാണർക്കും കവികൾക്കും പാടാൻ ശേഷം വേറെയെന്ത് വേണം?

വസന്തപഞ്ചമി ഒന്നങ്ങോട്ടോയിങ്ങോട്ടോ വർഷാവർഷം മാറാമെങ്കിലും വാലൈന്റൈൻ ദിനവും, പുൽവാമാ ദിനവും മാറാൻ പോകുന്നില്ലല്ലോ. ആചരിക്കുമ്പോഴും ആശംസിക്കുമ്പോഴും മാറിപ്പോകാതിരിക്കട്ടെ.

ഇതൊന്നുമല്ലാത്തവർക്ക് ഇന്ന് ആഴ്ച്ചയിലെ നാലാമത്തെ ദിനം, എല്ലാവർക്കും സന്തോഷകരമായ ബുധനാഴ്ച്ച ആശംസകൾ!

#valentine

Thursday, January 18, 2024

സാമ്പാറിലെ കഷ്ണങ്ങൾ

ഒരു ട്രെയിനിങ്ങിനിടെ ട്രെയിനർ പ്ലാനിങ്ങിനെക്കുറിച്ച് പറയവേ , എങ്ങനെയാണ് നിങ്ങൾ സാമ്പാർ ഉണ്ടാക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടോ ചോദ്യം എന്റെയടുത്ത് എത്തിയില്ലെങ്കിലും, മനസ്സ് ഒരു സാമ്പാർ പ്ലാനിങ്ങിലായിരുന്നു.


ഏത് സാമ്പാറായിരിക്കും ഇങ്ങേർക്ക് വേണ്ടത് എന്നായി ചിന്ത? മറാത്തികൾ അവരുടേതെന്നും തമിഴർ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സാമ്പാർ? നിത്യവും തമിഴന്റെ കടയിലെ ദോശ മസാലദോശാതിവകകൾക്കൊപ്പം വരുന്ന സാമ്പാറാണോ, അതോ നമ്മൾ മലയാളീസിന്റെ സാമ്പാറോ? അങ്ങനെയെങ്കിl നമ്മൾ ആറു മലയാളിക്ക് നൂറ് സാമ്പാർ ആവുമല്ലോ ആശാനേ, എന്തൊക്കെ കഷ്ണങ്ങൾ വേണമെന്നൊക്കെ ഇതി കർത്തവ്യമൂഢനാകവേ, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോന്നോർത്ത് സമാധാനം കൊണ്ടു.

സാമ്പാറിന്റെ കഥ മണ്മറഞ്ഞ കാഥികൻ സാംബശിവൻ പറഞ്ഞു തുടങ്ങുകയാണെങ്കിൽ, പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു മറാത്ത ദേശത്തെ രണ്ടാം ഛത്രപതിയായിരുന്ന, സർവ്വോപരി ഭക്ഷണപ്രിയനുമായിരുന്ന സാമ്പാജി രാജാവിന്റെ (ഛത്രപതി സാംബാജി രാജേ ഭോൻസലെ ) മൂത്ത ദേഹണ്ഡക്കാരൻ ഒരു ലോങ്ങ്‌ ലീവിന് പോയി. ആ നേരത്താണ് രാജാവിന് ലേശം പരിപ്പ് കറി കൂട്ടി ചോറുണ്ണാൻ, അല്ല അമൃതേത്ത് കഴിക്കാൻ മോഹമുദിച്ചത്.

അടുക്കളേൽ ആണെങ്കിൽ വേറെ ആരുമില്ലാത്തതുകൊണ്ട് രാജാവ് സ്വയം ഉത്തരവിട്ടെന്നാണ് കേട്ടത്. അങ്ങനെ പുള്ളിക്കാരൻ അടുക്കളയിൽ കേറി, പരിചയമില്ലാത്ത ഇടത്തൊക്കെ കയറിയാൽ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാമല്ലോ! പരിപ്പുകറി പണിപാളി കൈയ്യിന്ന് പോയി.

കൈയ്യിൽ കിട്ടിയതൊക്കെ പരിപ്പാണോ പുളിയാണോ എന്നൊന്നും നോക്കാൻ നിൽക്കാതെ എടുത്തിട്ട് അഡ്ജസ്റ്റ് ചെയ്തു കാണണം. ഇന്ന് കറിയെന്താ രാജാവേ, ഊണ് ഇവിടുന്ന് കഴിച്ചേക്കാം എന്ന് പറഞ്ഞു വന്ന ഏതോ കൂട്ടുകാരൻ പരിചയമില്ലാത്ത ഈ കറി ഇങ്ങേര് ഉണ്ടാക്കിയതാണെന്ന് കേട്ട്, ബഹുകേമായി കറി (അങ്ങനെയല്ലാതെ വല്ലതും പറഞ്ഞാലത്തെ തലയുടെ സ്ഥാനം ആലോചിച്ചു കാണണം). ഇതിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ ഇതിന് പേരില്ല എന്ന പരിഭവത്താൽ വിളിച്ച പേരാവും സാമ്പാർ എന്ന്. ഇതൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടതാണേ, സത്യമെന്താണെന്നാർക്കറിയാം എന്ന് കെപിഎസി ലളിതയും ക്ഷമിക്കണം വിക്കിപീഡിയയും പറഞ്ഞു കാണണം!

image created using Copilot

ഇതൊന്നുമല്ല, ആദിമ പുരാതന തമിഴ് കൃതികൾ വരെ പ്രകൃർത്തിക്കുന്ന ചമ്പാരം എന്നതിൽ നിന്നാണ് ചാമ്പാർ (തമിഴർക്ക് സ വേണ്ടല്ലോ ) വന്നതെന്ന് തമിഴ് ചരിത്രകാരന്മാരും അവകാശപ്പെടുന്നുണ്ട്.

"அமுதுபடி கறியமுது பல சம்பாரம் நெய்யமுதுள்ப்பட தளிகை ஒன்றுக்கு பணம் ஒன்றாக" = ഹൊ! എന്താല്ലേ?

കാര്യം എന്തൊക്കെ പറഞ്ഞാലും, ദക്ഷിണേന്ത്യയിലെവിടെയും രുചി പലതാവുമെങ്കിലും സാമ്പാർ സുലഭമാണല്ലോ? കേരളത്തിൽ തന്നെ പല പല രുചികളിൽ ഈ പേര് പറഞ്ഞു വിളമ്പാറുണ്ടല്ലോ.

വെന്തുടഞ്ഞ തൂവരപ്പരിപ്പിൽ പിഴിഞ്ഞുഴിച്ച പുളിയും കഷ്ണങ്ങളും ചേർത്ത് വേവിച്ച്, ചിരകിയ തേങ്ങയും ചുവന്ന മുളകും കൊത്തമല്ലിയും കായവുമിത്യാദി വകകൾ തരാതരം വരുത്തരച്ചു ചേർത്ത് തിളപ്പിച്ച് മെമ്പൊടിയും ചേർത്ത്, മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട് മുന്നിലെത്തിയിരുന്നതാണ് ഞങ്ങളുടെ ശെരിക്കും സാമ്പാർ. എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനായി ഇതൊക്കെ അമ്മ ചെയ്തുതരും പോലെ ചേരുവകകൾ അനുപാതത്തിൽ, വറുത്ത് പൊടിയാക്കി സൂക്ഷിച്ചു വെക്കുകയുമാവാം.

എന്നാൽ, ബാച്ചിലർ സാമ്പാറിൽ പരിപ്പോ തേങ്ങയോ കണ്ടുകിട്ടാറില്ലന്ന് പര്യവേക്ഷകർ സമമ്മതിച്ചിട്ടുള്ള സത്യവുമാണ്. വറുക്കുന്നതിനും പൊടിക്കുന്നതിനുമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല, ജാതിമതഭേദമെന്യേ തരാതരം സാമ്പാർ പൊടികൾ മാർക്കറ്റിൽ സുലഭമാണല്ലോ?

വടക്കോട്ട് പോയാൽ മധുരമുള്ള സാമ്പാർ കിട്ടും, തെക്കോട്ടു വരുമ്പോൾ തേങ്ങ വറുത്തരച്ചാൽ തീയലാണോ എന്ന് സങ്കോചപ്പെടുന്നതുമാണ് അനുഭവം. തേങ്ങ ചിരകി വറുത്തരക്കുന്ന പണി കിം ലാഭം.

കാര്യം എന്തൊക്കെയായാലും, കഷ്ണങ്ങളുടെ കാര്യം പറഞ്ഞാൽ, താളിൻ തണ്ട്, ചേന തണ്ട്, കപ്പക്കാ, വെള്ളരിക്ക, മത്തൻ, ഉള്ളി, പയറ്, പടവലങ്ങ, ഉരുളക്കിഴങ്ങ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, വഴുതനങ്ങാ, മുരിങ്ങാക്കാ, തുടങ്ങി
ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നപോലെ താളിൻതണ്ടു തൊട്ട് ഇനി ഇതുവരെ കേട്ടിട്ടില്ലാത്ത ഏത് കഷ്ണങ്ങളും ഏത് നാട്ടിലും സാമ്പാറിൽ ചേർക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ യാത്രയിൽ, പേരറിയാത്ത ഒരു പച്ചക്കറിപ്പേര് തമിഴിൽ നൂക്കൽ എന്ന് കേട്ട് ഇത് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന്റെ ഉത്തരം, സാമ്പാർ വെക്കാം എന്നായിരുന്നു ഇന്ന് ഈ അവസരത്തിൽ ഓർക്കാതെ തരമില്ല.

ചുരുക്കി പറഞ്ഞാൽ, ഡോക്ടറേറ്റ് എടുക്കാൻ വിഷയം കിട്ടാതെ വിഷമിക്കുന്ന പഠിതാക്കൾക്ക് വേണമെങ്കിൽ ഇന്ത്യൻ സാമ്പാറിന്റെ ചരിത്രവും സാമ്പാറിലെ കഷ്ണങ്ങളും എന്ന വിഷയത്തെ പഠിച്ചു ഡോക്ടർ ആവാം എന്ന് മാത്രമല്ല, ഇന്ത്യൻ സാമ്പാർ പ്രേമികൾക്ക് അതൊരു പുണ്യ ഗ്രന്ഥവുമായേക്കാം എന്നും ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയുടെ ദേശീയ കൂട്ടാൻ എന്ന പദവി നൽകി ഒരു സാമ്പാർ പഠനകേന്ദ്രം തുടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ ഇന്നത്തെ കഥാപ്രസംഗം ചുരുക്കട്ടെ.

NB:- അവലംബം കേട്ടു കേൾവികൾക്കും , അഭിരുചിക്കും നാക്കിലെ രുചിയ്ക്കും , വിക്കിപീഡിയയും മറ്റു അനുബന്ധ റെഫറൻസുകൾക്കും, പറഞ്ഞു കൊടുത്ത പോലെ ചിത്രം വരച്ചുതന്ന Copilot നും കടപ്പാടും കഷ്ടപ്പാടും. സാമ്പാജി രാജാവ് എന്നോട് പൊറുക്കണം!

സമർപ്പണം : ജീവിതപങ്കാളി നീദുവിനും കൂടെ മറ്റെല്ലാ സാമ്പാർ പ്രേമികൾക്കും

#sambar
#foodlovers
#Copilot