Monday, December 13, 2010

സൂക്ഷിക്കുക !

     പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വിചാരിച്ചിട്ടില്ലാത്ത ഒരു ഒഴിവു ദിവസം . രാവിലെ പത്തു മണിയെങ്കിലുമാകാതെ എഴുനേല്‍ക്കുക എന്നത് ഒരു ശിക്ഷ തന്നെ. പതിവിനു വിപരീതമായി എട്ടു മണിക്ക് എഴുന്നേറ്റ എന്നെ കണ്ട് മാനം കറുത്തിരുണ്ടിറ്റുണ്ടാകാം; കാക്കകള്‍ മലര്‍ന്നു പറക്കാനായ് ഒരു വിഫല ശ്രമം നടത്തിയിട്ടുണ്ടാകാം .കലികാലം ! കാണാത്തത് കാണും ,കേള്‍ക്കാത്തത് കേള്‍ക്കും !.വീട്ടില്‍ മറ്റ് ടൂത് പേസ്റ്റ് കിട്ടാത്തതിനാല്‍ - അല്ലാതെ ദന്തക്ഷയത്തെ ഭയമില്ലാത്തത് കൊണ്ടല്ല - അല്പം നമ്പൂതിരീസിന്റെ സഹായത്താല്‍ പല്ലുകള്‍ക്കിടയില്‍ ഒരു സേവനവാരം നടത്തുന്നതിന്നിടയില്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ച് കൊണ്ടിരുന്നു .നാളുകള്‍ക്കു ശേഷം അവന്റെ പേര് വീണ്ടും തെളിഞ്ഞതിനാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല .
“ഹലോ “ മറുപടിക്കായ് കാതോര്‍ത്തുകൊണ്ട് ആചാ‍രവാക്ക് മൊഴിഞ്ഞു .
“ഹലോ ,എവിടെയാ ? ഡ്യൂട്ടിയിലാണോ ?”
“പിന്നേ! ഞായറാഴ്ച ഡ്യൂട്ടി! എന്താ വിശേഷം ?”
“ഞങ്ങളിന്നങ്ങോട്ട് വരുന്നുണ്ട് .ഉച്ചയ്ക്കൊരു മീറ്റിംഗുണ്ട് .നിനക്കെന്താ പരിപാടി ? ഫ്രീയാണോ ?”
“എനിക്കെന്ത് പരിപാടി .പ്രത്യേകിച്ച് വിലയൊന്നുമില്ലാത്തത് കൊണ്ട് ഞാനിന്നും ഫ്രീയാ !”
“ഞാന്‍ എത്തിയിട്ട് വിളിക്കാം “
ഫോണ്‍ താഴെവച്ച് പാതിയാക്കിയ പല്ലുതേപ്പങ്ങ് മുഴുവനാക്കി .ചായകുടിമുതല്‍ നീരാട്ട് വരെ എല്ലാം പതിവുപോലെ .ഞാന്‍ എന്റെ പ്രഭാതകൃത്യങ്ങളിലേക്കും സമയം അതിന്റെ വഴിക്കും !
സൂര്യന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തോണ്ട് ഉച്ചിയിലെത്തിയിരിക്കുന്നു .നമുക്കങ്ങനെയല്ലല്ലോ .പ്രാതലു മുതല്‍ കുളിവരെ എന്തൊക്കെ ചെയ്യണം ! എല്ലാം കഴിഞ്ഞപ്പോള്‍ ഊണുകഴിക്കാറായിരിക്കുന്നു .വീണ്ടും മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു .വീണ്ടും അവന്‍ തന്നെ .വിശ്രമ ദിവസത്തിന്റെ അലസതയെന്ന ബാധ കയറിയതിനാലാവാം അവനോട് കാണാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞത് .ഊണു കഴിച്ച് കഴിഞ്ഞപ്പോഴേക്കും വീണ്ടും അവന്‍ വിളിച്ചിരിക്കുന്നു .
എന്തായാലും അതു തീരുമാനിച്ചു .കണ്ടിട്ട് നാലുവര്‍ഷം കഴിഞ്ഞില്ലെ .  അവസരങ്ങളുണ്ടായിട്ടും വെറുതെ ഒഴിഞ്ഞു മാറിയിരിക്കുകയായിരുന്നല്ലൊ .അല്പ നിമിഷത്തേക്ക് ഓര്‍മ്മകള്‍ നെയ്തുവച്ച കലാലയത്തിന്റെ പടവുകളിലേക്ക് .നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍ത്തെടുക്കാനായൊന്നും ശേഷിപ്പിക്കാതിരുന്നതു കൊണ്ടോ എന്തോ മാറാല നീക്കി പുറത്തേക്ക് . വിശ്രമ ദിവസത്തിന്റെ വിഷാദമില്ലാതെ നഗരം ചിലമ്പിക്കൊണ്ടിരിക്കുന്നു .അവനെ തിരക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ , എന്തോ വേണ്ടായിരുന്നോ എന്ന തോന്നല്‍ . പുഞ്ചിരിമാഞ്ഞ് അവനെ കണ്ടിട്ടില്ല .ആള്‍ക്കൂട്ടത്തിനിടയിലും ആ പതിവ് തെറ്റിച്ചില്ല .
വിദ്യാര്‍ത്ഥിയില്‍ നിന്ന് ഞാന്‍ ഉദ്യോഗാര്‍ത്ഥിയിലേക്കും അവന്‍ സംരഭകനിലേക്കും പ്രവേശിച്ചതില്‍ പിന്നെ ഇതാദ്യത്തെ കൂടിക്കാഴ്ച . അവന്റെ കൂട്ടായ സംരഭത്തിലെ പരിചിതങ്ങളായ മിത്രങ്ങളെ ഓരോന്നായി കണ്ട് കുശലാന്വേഷണം നടത്തുമ്പോള്‍ ഒന്നു മനസ്സിലായി .എന്നും മാറാതെ നില്‍കുന്നത് മാറ്റം മാത്രം .ഞാനൊഴികെ എല്ലാം മാറിയിരിക്കുന്നു .തിരക്കേറിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കുള്ള അവന്റെ ക്ഷണം സ്വീകരിമ്പോഴും ഉള്ളിലെന്തോ തടഞ്ഞിരിക്കുന്നു .വേണ്ടായിരുന്നു എന്ന തോന്നല്‍ .
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടയില്‍ അവന്റെ സംസാരത്തില്‍ നിന്നും ഞാനാ സത്യം തിരിച്ചറിഞ്ഞു . വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ കൂടിക്കണ്ടത് ഓര്‍മ്മയിലേക്കൊരു വിലാപയാത്ര നടത്താനല്ല , മറിച്ച് പുതിയ കാലത്തിന്റെ വ്യവസായ ബന്ധനങ്ങളിലേക്ക് കണ്ണി ചേര്‍ക്കാനായിരുന്നെന്ന് .അവന്റെ ഓരോ വാക്കുകളും എന്നെ ബോധവല്‍ക്കരിക്കാനുള്ള സൂക്തങ്ങളായി കാതുകളില്‍ മുഴങ്ങി .വേദിയില്‍ കേട്ടറിവുമാത്രമുള്ള ഏതോ മത വിശ്വാസികളേപ്പോലെ സ്തുതി ഗീതങ്ങള്‍ മുഴക്കുന്ന കോട്ടുധാരികള്‍ . സദസ്സില്‍ ഹര്‍ഷാരവം മുഴക്കി ആനന്ദലഹരിയിലാ‍റാടുന്ന അനുയായികള്‍ .കാലം തെറ്റിപെയ്ത മഴയില്‍ മുളച്ച തകരപോല്‍ ഞാന്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക ഭദ്രതയുടേയും പുതിയ വഴികള്‍ എന്നില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന കൃമികളേപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു .കാതടപ്പിക്കുന്ന ശബ്ദവീചികള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച് തുടങ്ങിയിരിക്കുന്നു .
ഇല്ല കഴിയില്ല ,എനിക്കിനിയും ഇതിനിടയിലിരിക്കാന്‍ .എന്റെ ഹൃദയതാളം പിഴക്കുന്നത് കാണാന്‍ ഇവിടെയാരുമില്ല . എന്റെ യാത്രാമൊഴി അവന്റെ മുഖത്തെ പുഞ്ചിരി മായ്ചുവോ ? ഇല്ല , ഞാനതു നോക്കിയില്ല .
ചെയ്ത തെറ്റിന് പശ്ചാത്തപിച്ചിട്ടെന്തുകാര്യം ! വേണ്ടായിരുന്നു , അജ്ഞാതമായിരുന്ന വല്മീകത്തിനു വെളിയില്‍ വരേണ്ടിയിരുന്നില്ല . സുഹൃത്തേ , വേണ്ടായിരുന്നു .ഇതിനായിരുന്നെങ്കില്‍ നീയെന്നെ വിളിക്കേണ്ടിയിരുന്നില്ല . പുതിയ ബന്ധങ്ങളുടെ ബന്ധനത്തിലെ കണ്ണിയാകാനിഷ്ടമില്ലാതെ മൊബൈല്‍ സ്വിച്ച് ഓഫ്‌ചെയ്ത് ഞാന്‍ നടന്നകന്നു . അതവന്റെ ഹൃദയത്തില്‍ നിന്നായിരുന്നോ .അറിയില്ല , എനിക്കെന്റെ ഹൃദയതാളം പിഴക്കാതെ സൂക്ഷിക്കണം . ഞാന്‍ ഭയക്കുന്നു ,എവിടെ മറഞ്ഞിരിക്കും പുതിയ ബന്ധങ്ങളില്‍ ഈ ബന്ധനം വേട്ടയാടാതിരിക്കാന്‍ ..........