Sunday, September 23, 2012

ചെയ്ഞ്ച് !


      പതിവു ജോലികൾ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവർത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസിൽ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങൾ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താൻ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.
      ശമ്പളബില്ലൊപ്പിട്ട് കൈപ്പറ്റി നേരെ പോയത് കസവുതീരത്തേക്കാണ്, ഈ ചെറുനഗരത്തിലെ അറിയപ്പെടുന്ന തുണിക്കടയാണത്. നാളെ അമ്മയുടെ പിറന്നാളാണ്. ഓർമ്മയിലെങ്ങും ആ ദിവസം ആഘോഷിച്ചു കണ്ടിട്ടില്ലെങ്കിലും, ജോലികിട്ടിയതിനു ശേഷം ഒരുവർഷവും മുടങ്ങാതെ ചെയ്യുന്ന ഒരേയൊരു കാര്യം കസവുതീരത്തു നിന്നും ഒരു സെറ്റുമുണ്ടു വാങ്ങി സമ്മാനിക്കുന്നതാണ്.
ഓരോ തവണ ചെല്ലുമ്പോഴും നിരത്തിയിടുന്ന മുണ്ടുകളിലെ കസവിന്റെ വീതി കൂടിക്കൂടി വരുന്നു ഒപ്പം വിലയും. മുൻപെപ്പഴോ വാങ്ങിക്കൊണ്ടു പോയപ്പോൾതന്നെ ഈ കസവിന്റെ ആധിക്യത്തിൽ അമ്മ നീരസം പ്രകടിപ്പിച്ചതാ, അതുകൊണ്ട് കസവും കരയും ഇടകലർന്ന് അധികം വീതിയിലല്ലാതെയുള്ള ഒന്ന് തെരഞ്ഞെടുത്തു. വിലയിൽ അല്പം ആശ്വാസമുണ്ട് തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച്, ഹാവൂ ! ഒരു മുഴുവൻ നോട്ട് കൊടുത്താൽ അഞ്ച് തിരികെകിട്ടുമല്ലോ. അതിനെക്കൊണ്ട് ബസ്റ്റാന്റിലേക്കുള്ള ദൂരം നടക്കാതെ കഴിയാം.
      ബില്ലും മുഴുനോട്ടുമായി കൌണ്ടറിൽ ചെന്നപ്പോൾ “സാറേ, ചേയ്ഞ്ചില്ല” എന്നായി. ശമ്പളം കിട്ടി നേരെ ചെന്നതാ, എന്റെ കയ്യിലുമില്ല. കാഷ്യർ ചിരിച്ചുകൊണ്ട് ഒരു തുണിക്കഷ്ണം മടക്കി കവറിലേക്കിട്ടു. മനസ്സിലായി, ചേയ്ഞ്ചില്ലാത്തവർക്കായി പ്രത്യേകം എടുത്തുവയ്ക്കുന്നതാ ഇത്. തൂവാല എന്നു പറയാനൊക്കില്ല . ഒന്നിനും തികയാത്ത ഒരു കഷ്ണം തുണി അത്രതന്നെ. വാങ്ങുന്നവർക്ക് തന്റെ കാശ് വെറുതെ കൊടുത്തു എന്നൊരു മന:പ്രയാസമുണ്ടാവുമല്ലോ എന്നു കരുതിയുള്ള ആശ്വാസമാണത്.
      അവിടുന്ന് അധികം ദൂരെയല്ല പച്ചക്കറി ചന്ത. ഇതെന്നുമുള്ളതൊന്നുമല്ല. നഗരത്തിലെ ശമ്പളക്കാരെ മാത്രം ഉദ്ദേശിച്ച് ഈ ദിവസം മാത്രമുള്ളതാ. വൈകുന്നേരമായാൽ അടുക്കാൻ പറ്റാത്തത്ര ജനമായിരിക്കും ഇവിടം. ദിനേന വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനിടയിൽ ചെറിയൊരാശ്വാസമെന്നു വേണമെങ്കിൽ പറയാം . മറ്റു കടകളിലേതിനേക്കാ‍ളും ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസം അത്രേയുള്ളു. അതു തന്നെ സാധനങ്ങൾ തിരഞ്ഞെടുത്തില്ലെങ്കിൽ വല്ല ചീഞ്ഞതോ അഴുകിയതോ ഒക്കെ ആയിരിക്കും കിട്ടുന്നത്. നല്ലതു നോക്കി വാങ്ങിയാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളത് വീട്ടിലെ ഫ്രിഡ്ജിൽ തിരുകി കയറ്റി വെക്കാം . അതു കഴിയുമ്പോഴല്ലേ പൊതു വിപണിയുടെ വായിലേക്ക് തലവയ്ക്കേണ്ടതുള്ളൂ.   
        ഇവിടെയും ആശ്വസിക്കാനെന്നോണം ആയിരത്തിന് അഞ്ചു രൂപയുടെ കുറവുണ്ട് ബില്ലിൽ. കുറച്ചു കാലം മുൻപു ഒന്നോ രണ്ടോ രൂപയുടെ കുറവാണെങ്കിൽ അതു ചോദിക്കുന്നതു എന്തോ അപരാധമാണെന്ന നാട്യത്തിൽ ഒന്നു നോക്കും കടക്കാരൻ . ചിലപ്പോൽ ഒന്നോ രണ്ടോ പച്ചമുളകോ ഇഞ്ചിയോ സഞ്ചിയിലേക്കിട്ടുതരും . ഇതിപ്പോ അഞ്ചാണ്, മുളകോ ഇഞ്ചിയോ ആണെങ്കിൽ ഒരു കഷ്ണമേ കിട്ടാനിടയുള്ളൂ, അങ്ങനെയല്ലേ വിലകുതിച്ചുയർന്നിരിക്കുന്നത്. ആ അഞ്ച് കിട്ടിയാൽ പോകാമായിരുന്നെന്നു പറഞ്ഞപ്പോൾ കടക്കാരൻ ഒന്നു നോക്കിയിട്ട് കുറച്ചു കറിവേപ്പില വാരി സഞ്ചിയിലേക്കിട്ടു. ഇതും കൊണ്ട് വീട്ടിൽ ചെന്നാൽ അമ്മയുടെ വഴക്കും കേൾക്കേണ്ടി വരും. പറമ്പിലിപ്പോൾ സമൃദ്ധമായുള്ള ഒരേയൊരു സാധനം കറിവേപ്പിലയാണ് . അതും കാശുകൊടുത്ത് വാങ്ങിയാൽ ആർക്കായാലും ദേഷ്യം വരുമല്ലോ . അതും പറഞ്ഞ് അഞ്ചുരൂപ അവനു വെറുതെ കൊടുക്കേണ്ടല്ലോന്നോർത്ത് ഞാൻ ബസ്റ്റാന്റിലേക്ക് നടന്നു.
        പോസ്റ്റോഫീസിനു മുന്നിലെത്തിയപ്പോഴാ ഓർത്തത് , ചേച്ചിയുടെ മകൾ ആറു രൂപയുടെ സ്റ്റാമ്പ് വാങ്ങി വരണമെന്നേല്പിച്ചിരുന്നല്ലോ . അവൾക്കെന്തോ പരീക്ഷയ്ക്കോ മറ്റോ അപേക്ഷിക്കാനുള്ളതിലൊട്ടിക്കാനാണത്രേ. അല്ലാതെ ഇപ്പോ ആരും കത്തൊന്നുമെഴുതാൻ മെനക്കെടാറില്ലല്ലൊ ! പത്തു രൂപകൊടുത്ത് ആറു രൂപയുടെ സ്റ്റാമ്പ് ചോദിച്ചപ്പോൾ ചേയ്ഞ്ചില്ലേയെന്നായി ചോദ്യം .ഇല്ല, കയ്യിലിനി ഒരു അമ്പതിന്റെയും പത്തിന്റെയും നോട്ടും പിന്നെ കുറച്ചു മുഴുവൻ നോട്ടുകളും മാത്രമേയുള്ളൂ. കയറിയ ഇടങ്ങളിലൊക്കെ ഇതു തന്നെയായിരുന്നല്ലോ അവസ്ഥ. ഹാവൂ ! അവിടേയുമുണ്ട് ആശ്വാസം . അഞ്ച്, രണ്ടുരൂപാ സ്റ്റാമ്പുകൾ തന്ന് കേന്ദ്ര സർവീസുകാരൻ കൃത്യ നിർവ്വഹണം പൂർത്തിയാക്കി. ആർക്കു വേണമെങ്കിലും കത്തയച്ച് സമാധാനിക്കാം, അല്ലതെന്തു ചെയ്യാൻ .
       ഉച്ചവെയിലു കൊണ്ടിട്ടാവണം, തലവേദന തുടങ്ങിയിരിക്കുന്നു . ഇനിയിപ്പൊ ഒന്നു രണ്ട് ദിവസത്തേക്ക് ഇത് സഹിക്കേണ്ടി വരും . മരുന്നു കടയിൽ കയറി നാലു വേദന സംഹാരിക്ക് പറഞ്ഞു . അഞ്ചെണ്ണം വെട്ടിക്കൊണ്ടു തന്നയാളുടെ മുഖത്തേക്ക് ചോദ്യഭാവേന നോക്കിയതേയുള്ളു, “ സാറെ, ചേയ്ഞ്ചില്ല. പത്തുരൂപയ്ക്ക് കണക്കാക്കിയതാ”. മറുത്തൊന്നും പറയാനില്ലാതെ ഇറങ്ങി നടന്നു. വല്ലാത്ത ദാഹം, ഒരു സോഡ നാരങ്ങവെള്ളം കുടിക്കാൻ പെട്ടിക്കടയിലേക്കു കയറി. എട്ടുരൂപ ! അവിടെ ചെയ്ഞ്ചിനു കിട്ടിയത് രണ്ടു മിഠായികൾ .
      നേരം സന്ധ്യയോടടുത്ത് തുടങ്ങി. ബസ്റ്റാന്റ് ബസ്സുകളെക്കൊണ്ടും യാത്രക്കാരെ കൊണ്ടും നിറഞ്ഞു.വെളിയിലെ തിരക്കിൽ തിക്കി തിരക്കി വീട്ടിലേക്കു പോകാനുള്ള ബസ്സിലേക്കു കയറി. കീശയിൽ കയ്യിട്ടപ്പോൾ അമ്പതിന്റെ ഒറ്റനോട്ടേയുള്ളു . രണ്ടു ടിക്കറ്റെടുത്തു ചെയ്ഞ്ചാക്കേണ്ടി വരുമല്ലോന്നോർത്തു വിഷമിക്കുമ്പോഴാണ് അവളെ കണ്ടത് .ആശ്വാസമായി, കല്യാണം പറഞ്ഞു വെച്ചിരിക്കുന്നവളാണത് . ഒഴിഞ്ഞു കിടന്ന എന്റെയിടതു സീറ്റിലേക്കു ക്ഷണിച്ച് കണ്ടക്ടറോട് രണ്ട് ടിക്കറ്റിനു പറഞ്ഞപ്പോഴേക്കും ബസ്സിൽ ഡബിൾ ബെൽ മുഴങ്ങി കഴിഞ്ഞിരുന്നു.

Friday, September 7, 2012

മനസ്സു താണ്ടുന്ന ദൂരങ്ങൾ‌ ...

        മനസ്സു താണ്ടുന്ന ദൂരങ്ങൾ‌ക്ക് മുൻപിൽ, കടന്നുപോകുന്ന ജീവിതയാത്രയിൽ നടന്നു താണ്ടിയ ദൂരങ്ങൾ എത്ര തുച്ഛം ! യാത്രകൾ പോകാത്തവൻ ജീവിതപുസ്തകത്തിന്റെ ഏതോ രണ്ടു താളുകൾ‌ക്കിടയിൽ ഉണരാതുറങ്ങുന്ന ചെറുപാറ്റയെപോലെയെന്ന് പറഞ്ഞത് ആരെന്നറിയില്ല. വായിച്ചതെവിടെയെന്നും ഓർ‌ക്കുന്നില്ല.
      ഞാൻ എത്ര ഭാഗ്യവാനാണ് ! എനിക്കു പോകാൻ കഴിയുന്നത്രപോലും എത്രമേൽ മോഹിച്ചിട്ടും സാധിക്കാത്ത എത്രയോ മനുഷ്യരുടെ ഇടയിൽ എനിക്കിത്രയെങ്കിലും കഴിയുന്നുണ്ടല്ലോ. ഒരു ചുവടുവെയ്ക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവന്നിരുന്ന കഴിഞ്ഞുപോയ നാളുകളിൽ എനിക്കാശ്വസിക്കാൻ കഴിഞ്ഞിരുന്നതും അതുകൊണ്ടു തന്നെ.
      ഇന്നെനിക്ക് പ്രയാസമാണെങ്കിലും കഴിഞ്ഞ വർ‌ഷം ഇതേ നാളുകളിൽ, ഹിമാലയ പാർശ്വത്തിൽ ചെലവഴിച്ച നിമിഷങ്ങളോർ‌ക്കുമ്പോൾ, മനസ്സിപ്പഴും കുളിരണിയുന്നുണ്ട് . കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്നുണ്ടാ കാഴ്ചകൾ ! പക്ഷേ, വർ‌ണ്ണിക്കാനെനിക്കു വാക്കുകൾക്കു വേണ്ടി പരതേണ്ടി വരുന്നു . എന്തൊരു കഷ്ടം !

ബദരിനാഥിൽ അളകനന്ദയ്കരികിൽ

മാതാമൂർ‌ത്തീ ക്ഷേത്രത്തിനു മുന്നിൽ ജി‌എസ്സിനൊപ്പം

സതോപന്ത് സരോവരത്തിലേക്കുള്ള വഴിയിൽ

മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളിലൊന്ന്


Friday, August 10, 2012

അരുചി !

ശാസ്ത്രം ,
വഴിയിൽ പെറ്റിട്ടുപോയവളും അമ്മ !
അധികാരം ,
അച്ഛനുമുന്നിൽ അന്ധയായ നിയമം !
ലോകം ,
എന്തൊരു പെണ്ണ് !
അവകശപ്രവർത്തക ,
പീഢിതയായ പെണ്ണ് !

വിവസ്ത്രമാകുന്ന സ്വാതന്ത്ര്യം !
ആണത്തമേ നിനക്കുമാത്രം
ചുമക്കാനിനിയും പ്രലോഭനത്തിൻ
കുരിശുകളെന്ന് ശരീരശാസ്ത്രം !

സ്ത്രീത്വമേ നീയിനിയുമശക്തയോ
വിഷശരങ്ങൾക്കു നേരെ-
യൊരു പരിചയുയർത്തുവാൻ ?
സ്വയം ജ്വലിക്കൂ, തൊട്ടാൽ പൊള്ളട്ടെ !
കുമ്പസാരത്തിന്നുമിത്തീയിൽ
പങ്കുപറ്റിയോർ വേവാതിരിക്കട്ടെ !
മാംസംകരിഞ്ഞു വമിക്കുമീ
കാറ്റിലെൻ വിശപ്പകലുന്നു .
നിനക്കാശ്വസിക്കാം ,
വിശപ്പില്ലാത്തയെൻ രസമുകുളങ്ങ-
ളുണർത്തുവാൻ കഴിയാത്ത
നീയൊരു അബലയെന്ന് !

Friday, June 29, 2012

മഴയിൽ അലിയുന്ന ഓർ‌മ്മയുടെ തേങ്ങലുകൾ

         പ്പഴോ തുടങ്ങിയ മഴ ഇനിയും തോർ‌ന്നിട്ടില്ല. ആർ‌ത്തലച്ച് പെയ്യുകയല്ല, ഏങ്ങലടക്കി വിതുമ്പിക്കരയുന്നു. സാന്ത്വനവാക്കുകൾ പോലെ പുലമ്പിക്കൊണ്ടിരിക്കുന്ന പോക്രോം തവളകൾ .സാന്ത്വനിപ്പിക്കാനറിയാത്ത നിശബ്ദ സാന്നിദ്ധ്യമായി ഞാൻ ജനാലയ്ക്കിപ്പുറത്തിരിക്കുന്നു. ചവിട്ടിത്തേവിയ ബാല്യകാലസ്മരണകളോ പ്രണയമോ വിരഹമോ ഒന്നുമല്ല ഇപ്പോൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഏഴു വർ‌ഷങ്ങൾക്ക് മുൻപ് മുഴങ്ങിയ ആ ടെലഫോൺ ബെൽ ഇപ്പഴും നിർ‌ത്താതെ കരയുന്നുണ്ട് മനസ്സിൽ .
          ഏതൊരു അവധി ദിനത്തേയും പോലെ അലസമായിരുന്നു അന്നും . ഉച്ചയൂണും കഴിഞ്ഞ് ഏതോ പാട്ടിനു കാതും കൊടുത്തിരുന്ന നേരം . വിറയാർ‌ന്ന നിന്റെ ശബ്ദത്തിൽ എന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ട നിമിഷം .സംഭവിക്കാൻ പോകുന്നതിനെ അഭിമുഖീകരിക്കുന്നതിൽ നിന്നൊഴിഞ്ഞു നിൽകാൻ കഴിയാത്തതിന്റെ ഭീതി എനിക്കു കേൾക്കാമായിരുന്നു . കടംകൊണ്ട ബൈക്കിൽ നിന്റടുത്തേക്കുള്ള യാത്രയിൽ ഞാൻ പരതുകയായിരുന്നു, സാന്ത്വനത്തിനായുള്ള വാക്കുകൾ‌ക്കായി. അവസാനിക്കാതെ നീളുകയാണോ ആ യാത്രയെന്ന് ഞാൻ ഭയപ്പെട്ടിരുന്നെന്നു തോന്നി. എത്ര കുറഞ്ഞ ദൂരവും നീണ്ട യാത്രയായി പരിണമിക്കാമെന്നെനിക്കു തോന്നിയ നിമിഷങ്ങൾ .
         ഇല്ല, ആശുപത്രി പരിസരത്ത് എന്റെ നോട്ടത്തിന്റെ പരിധിയിലെങ്ങും ഞാൻ നിന്നെ കണ്ടെത്തിയിരുന്നില്ല . അതോ, ഞാൻ മറ്റേതോ കാഴ്ചയെ തിരയുകയായിരുന്നോ? ആരോട് ചോദിക്കണം,എന്തു ചോദിക്കണമെന്നു തീർ‌ച്ചയില്ലാത്തവനെപോലെ ഞാൻ നടന്നു . റിസെപ്ഷനും എൻ‌ക്വയറിയും കടന്ന്, വെള്ളയണിഞ്ഞ മാലാഖമാരെയും കടന്ന് നീണ്ട ഇടനാഴിയിലൂടെ നടന്നു . ആരെയും ഞാൻ കണ്ടിരുന്നില്ല, എല്ലാം അവ്യക്തായി കടന്നു പോയ രൂപങ്ങൾ മാത്രം .
എനിക്കു മുന്നിലും പിന്നിലുമുണ്ടായിരുന്നവരുടെയൊക്കെയും കാലുകളെല്ലാം അങ്ങോട്ടേക്കായിരുന്നെന്ന് തോന്നി . ഒടുവിൽ, ആ നീണ്ട ഇടനാഴിയും കടന്ന് ആ കൊച്ചുമുറിയിൽ ഞാനെത്തി . എനിക്കു മുൻപേ എത്തിയവരൊക്കെയും ആ മുറിക്കുള്ളിൽ ഒരു വലയമായി തീരുകയായിരുന്നു . അവിടെ ഞാൻ കണ്ടു, പരതി നടന്ന ആ കാഴ്ച . വെള്ള പുതച്ച ചേതനയറ്റ ആ ശരീരം . ഒന്നോ രണ്ടോ തവണ കണ്ടുള്ള പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ . വലിയകണ്ണുകളിൽ ചിരിച്ചുകൊണ്ടുള്ള കുശലാന്വേഷണം മാത്രമായിരുന്നു തമ്മിൽ സംസാരിച്ചിരുന്നത് . അന്നു കണ്ടിരുന്ന ആ ചിരിയില്ലാതെ അടഞ്ഞ കണ്ണുമായുള്ള ആദ്യത്തെ കാഴ്ച , അവസാനത്തേയും . ശാന്തമായ നിദ്ര .
       വീർ‌പ്പുമുട്ടിക്കുന്ന ആ നിശബ്ദതയെ ഒന്നു വലം വച്ച് ഞാൻ പുറത്തേക്കിറങ്ങി . എന്റെ കാഴ്ച വ്യക്തമായിരുന്നു, അപ്പോഴും ഞാൻ നിന്നെ മാത്രം കണ്ടിരുന്നില്ല . കാണാതിരിക്കുന്നതാവും നല്ലതെന്ന് ഞാൻ ഒരുപക്ഷേ കരുതിയിരുന്നിരിക്കണം . ഇല്ല, കാണാതെ തിരികെ പോകാനെനിക്ക് കഴിഞ്ഞിരുന്നില്ലല്ലോ . ചുറ്റിലും പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചിരുന്ന ആൾ‌ക്കൂട്ടത്തിനപ്പുറം നിർ‌ത്തിയിട്ടിരുന്ന മാരുതിയുടെ പിൻ‌സീറ്റിലിരുന്ന് നീയെന്നെ കയ്യെറിഞ്ഞു വിളിച്ചില്ലേ . ഇടതു വശത്തെ ഡോർ തുറന്നു കയറിയ എന്റെ വലതു തോളിലേക്ക് ചാഞ്ഞ് നീ ചോദിച്ചത്, ഞാൻ കണ്ടോ എന്നായിരുന്നില്ലേ ? ആരും പറഞ്ഞിരുന്നില്ലെങ്കിലും നീയതറിഞ്ഞിരുന്നല്ലോ . എനിക്കു വാക്കുകളില്ലായിരുന്നു . നിന്റെ ഊഹം ശരിയാണെന്ന് നീ അപ്പോൾ തിരിച്ചറിഞ്ഞിരിക്കണം .
           അടക്കിവെച്ചിരുന്നതൊക്കെയും തകർ‌ന്ന അണപോലെ കൂലംകുത്തിയൊഴുകിയ ആ നിമിഷം , പതിയെ ചുറ്റിലും സാന്ത്വനത്തിന്റെ കൈകൾ നിന്നെ പൊതിഞ്ഞുതുടങ്ങിയപ്പോൾ ഞാനിറങ്ങി . എനിക്കും നിനക്കും ഒരുപോലെ പരിചിതരായവരിലേക്ക് ഈ വിവരമെത്തിക്കേണ്ടുന്ന ദൌത്യം ഇനി എന്റേതാണല്ലോ . അപ്പോഴും നിനക്കുറപ്പില്ലായിരുന്നു , ഇനി ആ വിലാപയാത്ര എങ്ങോട്ടായിരിക്കുമെന്ന് . തറവാടും കാരണവരുമൊക്കെ ഇപ്പഴും തറവാട്ടിലുണ്ടല്ലോ , ആശുപത്രിയിൽ നിന്നും ഏറെ അകലെയല്ലാതെ നിങ്ങളുടെ വീടും .
           അകമ്പടിയായി ഞാനും അണിചേർ‌ന്നു ഞാൻ വന്ന ബൈക്കിൽ . ആ വിലാപയാത്ര നിന്റെ വീട്ടിനകത്തേക്ക് കയറിയപ്പോൾ ഞാൻ ഒരു കാഴ്ചക്കാരനായി വെളിയിൽ നിന്നു . അകത്തു നിന്നും പുറപ്പെട്ട വിലാപങ്ങൾ‌ക്കണയാൻ കാതും തുറന്ന് ഒരു വലിയ ആൾ‌ക്കൂട്ടത്തിനകത്ത് ഏകനായ് . അകത്തു വന്ന് നിന്നെ കാണണമെന്ന് കരുതിയിരുന്നെങ്കിലും എന്തോ എന്റെ കാലുകളെ വിലക്കി നിന്നു .
        ഒടുവിൽ , പൊതുശ്മശാനത്തിലേക്കുള്ള അവസാനയാത്രയ്ക്കായി അച്ഛനെ ഒരുക്കിയിറക്കിയപ്പോൾ നിന്നെ വീണ്ടും കണ്ടു . ഒരു വലിയ യാത്രയയപ്പിനെത്തിയതല്ലേ , ആരോടും യാത്രപറച്ചിലിന്റെ ആവശ്യവുമില്ല . പിരിഞ്ഞു തുടങ്ങിയ ആൾ‌ക്കൂട്ടത്തിലേക്ക് ഞാനും അലിഞ്ഞ് ചേർ‌ന്നു . നേരം ഇരുട്ടിയിരുന്നു . ഘനീഭവിച്ചു കിടന്ന ദു:ഖം ചാറ്റൽ മഴയായി അപ്പോഴും പൊഴിഞ്ഞുകൊണ്ടേയിരുന്നു .
        വീണ്ടും മുഴങ്ങിയ മൊബൈൽ റിങ്ടോണിനൊപ്പം ഓർ‌മ്മകളിൽ നിന്ന് ഞാൻ തിരിച്ചെത്തുമ്പോഴും ജനാലയ്ക്കപ്പുറത്ത് ആരുടെയോ തേങ്ങലിനെ അലിയിച്ചുകൊണ്ട് മഴ വിതുമ്പിക്കൊണ്ടേയിരുന്നു .

Tuesday, January 3, 2012

അതിജീവനം !പാതിയെരിഞ്ഞ മെഴുകുതിരി-
യുടെ ഇത്തിരിവെട്ടം
ഊതിയണച്ചപ്പോൾ
പാതിരാ പിന്നിട്ട്
പിന്നെയും പിന്നെയും
നേരമേറെ പോയ്മറഞ്ഞു .
പൊട്ടിയ ജനൽ‌ച്ചില്ലിലൂടിപ്പഴും
മിന്നിത്തിളങ്ങുന്നൂ
നഗരരാവിൻ താരകങ്ങൾ !

ഒഴിഞ്ഞില്ലിനിയും ഉത്സവരാവിൻ
ഘോഷങ്ങളിരമ്പിയാർത്തലയ്ക്കുന്നൂ
അലിഞ്ഞങ്ങകലുന്നൂ മദോന്മത്തയായ്
ചീറിയലയുന്ന ധോരണത്തിന്നിരമ്പവും !

മൊത്തിക്കുടിച്ച തണ്ണിയത്രയും
കുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
മീശകുരുക്കാത്ത ചെക്കനും പെണ്ണും
നാറുന്നൂ ചീഞ്ഞൊലിക്കുന്ന
നഗരമാലിന്യങ്ങളും
പൊങ്ങിയഴുകുന്ന ശവങ്ങളുമീ
പ്രളയക്കെടുതിയിൽ !

കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !

ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !