Monday, July 6, 2015

ഹിമാലയത്തിലേക്ക് പോയാലോ? ഭാഗം 3

           സംഭവിച്ചതെല്ലാം നല്ലതിനെന്ന്‍ ഭഗവാനും ബീര്‍ബലും പറഞ്ഞിട്ടുണ്ടല്ലോ? ആവശ്യമുള്ളത് ഏതു കുപ്പയില്‍നിന്നാണെങ്കിലും എടുത്തേക്കണം എന്നാണ് എന്റെ പക്ഷം. മുടക്കം ഒരു തുടക്കത്തേയും ഒടുക്കത്തേതാക്കുന്നില്ല.
         അപ്പോൾ പറഞ്ഞുവന്നതെന്താന്നുവച്ചാൽ, ഉദ്ദേശിച്ച തുടക്കം മുടങ്ങി. എന്നുവച്ച് അതങ്ങ് വേണ്ടാന്നു വയ്ക്കാൻ പറ്റുമോ? അന്നു രാവിലെ ഇഡ്ഡലിയും കഴിച്ച് യാത്ര പറഞ്ഞിറങ്ങിയ തൃശ്ശൂർക്ക് തന്നെ അതേ രാത്രി തിരിച്ചെത്തിയതാരെഴുതിവച്ചതിൻ പ്രകാരമോയെന്തോ?
ആയിരം മൈലുകൾ താണ്ടുവാനുള്ള യാത്രയെങ്കിലും ആ ഒരു ചുവടുവയ്പാണു തുടക്കമെന്ന് ലാവോ ത്സുവിന്റേതായൊരു ഉദ്ധരണി അച്ചടിച്ചുവച്ചൊരു ഡയറിതാളുണ്ടിപ്പോൾ മുന്നിൽ. ആ ചുവടിൽനിന്നിനി പിന്നോട്ടില്ല.
        തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോറത്തിൽ നിന്നും ഇഡ്ഡലി കഴിച്ച് - അതെ, കഴിച്ചെന്നുതന്നെയാണോർമ്മ - എറണാകുളത്തുനിന്നും ബാംഗ്ലൂരേക്ക് (അന്ന് ബംഗളുരു ആയിട്ടില്ലെന തോന്നുന്നു) പോകുന്ന സൂപ്പർഫാസ്റ്റ് ട്രെയിനിലെ തിരക്കേറിയ ഒരു കമ്പാർട്ടുമെന്റിൽ കയറിപ്പറ്റി. നാലുപേർക്കിരിക്കാവുന്ന നീണ്ട ഇരിപ്പിടത്തിൽ അഞ്ചോ അതോ ആറായിരുന്നോയെന്നോർക്കുന്നില്ല, ഒരുമ കുറച്ചൂടെയുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിലൂടെയോടുന്ന വണ്ടികളിൽ ഇത്തരം സാഹചര്യത്തിൽ ഇനിയും ആൾക്കാരിരുന്നേനെ. രാത്രിയായിരുന്നെങ്കിൽ പിന്നെ ആലോചിക്കാനൊന്നുമില്ല, വീണിടം വിഷ്ണുലോകമാക്കും.
അടുത്തിരുന്ന സ്ത്രീ ഈറോഡോ സേലത്തോയിറങ്ങി, ഇരിപ്പൊന്നു വിസ്തരിച്ചായി. എത്രയൊക്കെ തിരക്കാണെങ്കിലും കുറച്ചു ദൂരമാകുമ്പോഴേക്കും ട്രെയിന്റെ താളത്തോട് ഇണങ്ങിക്കഴിഞ്ഞിരിക്കും എന്റെ യാത്രകൾ. റിസർവ് ചെയ്തു പോകുന്ന യാത്രകൾ നന്നേ കുറവു തന്നെ. ഈയൊരു സുഖം, പലതരം ആൾക്കാർ, എന്തൊക്കെ പറഞ്ഞാലും പറ്റുന്നപോലെയൊക്കെയുള്ള സഹകരണമുണ്ട്. ചിലപ്പോൾ ഇരുന്നുറങ്ങും. നിന്നുറങ്ങിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തിരിക്കുന്നവന്റെ തല ഉറങ്ങിത്തൂങ്ങി ചുമലിൽ വന്നു വീഴും. ഉറക്കത്തിന്റെ സുഖം കൂട്ടുവാൻ പയ്യെ പയ്യെ മടിയിലേക്ക് കിടക്കാനായുകയും ചെയ്യും, തലയിൽ താങ്ങി നേരെയിരുത്തിയില്ലെങ്കിൽ.
        രാത്രിയോടെ ബാംഗ്ലൂരണഞ്ഞു. ലോ-ഫ്ലോർ ബസ്സിൽ കയറും മുൻപ് ജിഎസ്, അനിരുദ്ധിനെ വിളിച്ച് - ജിഎസിന്റെ സഹപാഠി, സുഹൃത്ത്; അന്നത്തെ അന്തിയുറക്കം അയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് - ഇറങ്ങേണ്ടുന്ന സ്ഥലം ചോദിച്ചുറപ്പാക്കി; മാർത്തഹള്ളി ബ്രിഡ്ജ്. കേട്ടറിയാവുന്ന ഏക ഹള്ളി ശ്രീഹള്ളിയായിരുന്നു. അതേ, അതുതന്നെ. "ശ്രീഹളളിയല്ലേക്കുള്ള വളീ..." ഓർക്കുന്നില്ലേ, മാണിക്യനേയും കാർത്തുമ്പിയേയും ലേലു അല്ലുവുമൊക്കെ....
      "Dinner like a beggar" എന്നൊക്കെയാണെങ്കിലും ഒട്ടും കുറച്ചില്ലെന്ന് മാത്രമല്ല, കഴിക്കാൻ വകയില്ലാത്ത ആരെക്കുറിച്ചുമോർത്തുമില്ല. കഴിച്ചു തീരാറാകുമ്പോഴേക്കും കെ പി എന്ന കൃഷ്ണപ്രസാദുമെത്തി. ആളൊരു ബ്ലോഗ്ഗർ കൂടിയാണ്. അപ്പാർട്ടുമെന്റിൽ ചെന്നുകയറി, അനിരുദ്ധിന്റെ സഹമുറിയന്മാരിൽ ഒരു കണ്ണൂർ ജില്ലക്കാരനുമുണ്ടായിരുന്നു, പേരോർമ്മയില്ല. അയാളുണ്ടാക്കിത്തന്ന നാരങ്ങാവെള്ളവും കുടിച്ച് കിടന്നുറങ്ങി. ഉറക്കത്തിൽ നടക്കുന്നതൊന്നും ഓർമ്മിച്ചു വയ്ക്കുന്ന ശീലം പണ്ടേയില്ല.
      ഒട്ടും വൈകിയില്ല, പന്ത്രണ്ടിനോ പന്ത്രണ്ടരയ്ക്കോ മറ്റോ ആയിരുന്നു വിമാന സമയം. ഏഴുമണി കഴിഞ്ഞപ്പോൾ‌ത്തന്നെ പുറപ്പെട്ടു; ഇനിയും ടിക്കറ്റെടുക്കാൻ കാശുതികയില്ല. മാർത്തഹള്ളിയിൽ നിന്നും ഹെബ്ബാളിലേക്കും അവിടുന്ന് വിമാനത്താവളത്തിലേക്കുമുള്ള യാത്ര ബസ്സിൽത്തന്നെയായിരുന്നു. ഹെബ്ബാളിൽ നിന്നും കയറിയ ഓറഞ്ച് നിറമുള്ള ലോ-ഫ്ലോർ ബസ്സിലെ ഓരോ ഇരിപ്പിടത്തിനു പിന്നിലും ഒരോ ടച്ച് സ്ക്രീൻ ഡിസ്പ്ലേ ഉണ്ടായിരുന്നു. ആ ഏർപ്പാട് ആദ്യമായിട്ട് കണ്ടതാ. ഏതോ ഒരു കളി തൊട്ടു തേച്ച് കളിച്ചുകൊണ്ടിരുന്നു.
വളരെ നേരത്തെതന്നെ വിമാനത്താവളത്തിലെത്തി. ഡെൽഹിയിൽ നിന്നുള്ള ട്രെയിൻ തത്കാൽ ടിക്കറ്റെടുത്തത് അനിരുദ്ധായിരുന്നു, പ്രിന്റൗട്ടെടുത്തിട്ടില്ല. എയർപോർട്ടിൽ വെളിയിലുള്ള ഒരു പെട്ടിക്കടയിലും പ്രിന്റെടുക്കാനുള്ള സൗകര്യമില്ലെന്നാണ് ഞങ്ങളുടെ അന്വേഷത്തിൽ മനസ്സിലായത്. എന്തൊക്കെയുണ്ടായിട്ടെന്താ, വേണ്ടത് വേണ്ടുന്നനേരത്ത് കിട്ടിയില്ലെങ്കിലെന്തുകാര്യം? ജിഎസ് അടുത്ത ബസ്സിന്റെ മടക്കയാത്രയിൽ പേരറിയാത്ത ഏതോ കവലയിലിറങ്ങി അന്വേഷിച്ചു, "ഈ പരിപാടിയ്ക്കിടയിൽ വൈദ്യുതി തകരാറുമൂലം തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു" എന്ന മറുപടിയുമായി മടങ്ങിവന്നു. വൈകിയെത്തിയാലെന്താ ഞാൻ നേരത്തെയിറങ്ങാറുണ്ടല്ലോയെന്നു പറഞ്ഞതുപോലെ ഞങ്ങൾ നേരത്തെ എത്തിയതുകൊണ്ടോയെന്തോ, ഞങ്ങൾക്ക് പോകേണ്ടിയിരുന്ന വിമാനം വേണ്ടുവോളം വൈകിയാണ് വരുന്നതെന്ന് അറിയിപ്പുകിട്ടിക്കൊണ്ടിരുന്നു.
          വിശപ്പിന്റെ വിളിക്ക് സമാധാനം കൊടുക്കുവാൻ അകത്തു കയറി, ഉള്ളതിൽ വിലകുറഞ്ഞതെന്തോ വാങ്ങിക്കഴിച്ചു. ചുറ്റി നടന്നു. വിമാനത്താവളത്തിൽ ജോലി സംബന്ധമായി പോയിട്ടുണ്ടെങ്കിലും ചെക്ക്-ഇൻ ചെയ്ത് കയറിയത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കാണാവുന്ന ഓരോ മൂലയും അരിച്ചുപെറുക്കി.

       വരിനിന്ന് വിമാനത്തിൽ കയറി. സുരക്ഷയെ കരുതാനുള്ള ആംഗ്യനാടകം കണ്ടു; ജാലകത്തിനരികിലെ ഇരിപ്പിടത്തിലിരുന്ന്. ബസ്സായാലും ട്രെയിനായാലും അതാണു പതിവ്. വിമാനത്തിലിരുന്ന് കാഴ്ചകൾ കാണാലോ! സീറ്റ്ബെൽറ്റ് മുറുക്കി.കുലുക്കത്തോടെയും ശബ്ദത്തോടെയുമുയർന്നു മേഘങ്ങളിലേക്കുയർന്നു പറക്കാൻ തുടങ്ങി. ആദ്യത്തെ ആകാശയാത്ര. പറന്നു തുടങ്ങിയതിൽ‌പ്പിന്നെ സീറ്റ് ബെൽറ്റ് അഴിച്ചു.
      ശുചിമുറി, ട്രെയിനുള്ളിലേതിലും ചെറുതെന്ന് തോന്നി. എന്നാലും, ചെല്ലുന്നിടം ‌മുഴുവനും നാറ്റിക്കാതെ പോകുന്നല്ലോയെന്ന് ആശ്വസിച്ചു. ഹൊ! ട്രെയിനിലെപ്പോലെ വല്ലതുമായിരുന്നെങ്കിൽ, ഇന്നസെന്റ് ശൈലിയിൽ ഹെന്റമ്മേ... എന്നു നീട്ടി വിളിക്കേണ്ടിവന്നേനെ. കാക്ക തലയിൽ തൂറാതിരിക്കണമെങ്കിൽ ‌കാക്കയിരിക്കുന്നതിനു താഴേ പോകാതിരുന്നാൽ മതി. എന്നാൽ, വിമാനം എപ്പോ എവിടെവച്ച് തലയ്ക്ക് മുകളിലൂടെ പറക്കുമെന്ന് വല്ല നിശ്ചയവുമുണ്ടോ? ഫ്ലഷ് ചെയ്തപ്പോളൊന്നു പേടിച്ചു. വല്ലാത്ത ശബ്ദം. വെള്ളമൊട്ടു വന്നതുമില്ല. , ഇങ്ങനെയായിരിക്കും സംവിധാനമെന്നാശ്വസിച്ചു.
        ജിഎസ്, ആകാശയാത്രയിലെ തന്റെ മുൻ‌അനുഭവങ്ങളെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കൊരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു. ദാഹിച്ചിട്ടൊന്നുമല്ല, ആകാശത്തിരുന്ന് കുടിക്കുമ്പോൾ വല്ല വ്യത്യാസവുമുണ്ടോന്നറിയാൻ മാത്രം.
      നീലാകാശത്ത് പ്രത്യേകിച്ച് സുഖമുള്ള ജാലക കാഴ്ചയൊന്നുമില്ല. അകലെ നിൽക്കുമ്പോൾ കാണുന്ന സൗന്ദര്യമൊന്നും അരികത്തണയുമ്പോൾ കാണണമില്ലല്ലോ! വെളുത്ത പഞ്ഞിക്കെട്ടു മേഘത്തിലേക്ക് കയറുമ്പോഴാണെന്ന് തോന്നുന്നു, നമ്മുടെ നാട്ടിലെ റോഡിലൂടെ ആനവണ്ടിയിൽ പോകുന്ന അതേ സുഖം; കുലുങ്ങിക്കുലുങ്ങി...
      പൈലറ്റിന്റെ അറിയിപ്പ് കേട്ടു, കാലാവസ്ഥ അനുകൂലമായിരിക്കുന്നു. നമ്മളിതാ താഴേക്കിറങ്ങാൻ പോകുന്നു. ജാലകത്തിലൂടെ താഴേക്ക് നോക്കുമ്പോൾ ദൂരെ പെട്ടികളടുക്കിവച്ചതുപോലെ കാണായി. പയ്യെപ്പയ്യെ പെട്ടികൾക്കു വലുപ്പം വയ്ക്കുന്നു. പിന്നെ ശക്തമായൊന്നു കുലുക്കിക്കൊണ്ടിതാ, ഞങ്ങൾ നിലത്തെത്തിയിരിക്കുന്നു. ഓരോന്നുമിങ്ങനെ പറയുമ്പോൾ, ആകാശയാത്ര പുത്തരിയല്ലാത്തവർ, എന്തുവാടേയ് ഇതെന്ന് ചോദിച്ചേക്കാം. പോട്ടെ, വിട്ടുകള. ഇതെന്റെ ആദ്യ‌ആകാശയാത്രയാ മാഷേ.
      ശുഭ സായാഹ്നം, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി. ഇറങ്ങിയടുത്തുനിന്നും ‌പുറത്തേക്കിറങ്ങുവാൻ ‌ദൂരമേറെ നടക്കേണ്ടിയിരുന്നു. സ്വയമേവ നീങ്ങിക്കൊണ്ടിരിക്കുന്ന നടപ്പാത കണ്ടതും ഉപയോഗിച്ചതും അന്നാദ്യമായിട്ടാണ്. ഇതിനെ ട്രാവെല്ലേറ്റർ(Travellator) എന്നാണത്രെ വിളിക്കുന്നത്. നമ്മുടെ മാളുകളിലൊക്കെ കാണുന്ന എസ്കലേറ്ററിന്റെ ചേട്ടനോ അനിയനോ ആയിട്ടുവരും ഈ സംവിധാനം. വെറുതെ നിന്നുകൊടുത്താൽ അതു നമ്മളെ വലിച്ചുകൊണ്ടുപോകും. ഇനി അത്യാവശ്യമാണ്, പെട്ടെന്നെത്തിയാൽ കൊള്ളാമെന്നാണെങ്കിൽ അതിലൂടെ നടക്കുകയുമാകാം. ഹൊ! ഇരിക്കാനൊന്നും നേരമില്ല, പെട്ടെന്നെത്തേണ്ടതാണെന്നും ‌പറഞ്ഞ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളിലൂടെ മുന്നോട്ട് നടന്ന വിദ്വാന്റെ കഥ കേട്ടിട്ടുണ്ട്.

      നടന്നെത്തുമ്പോഴേക്ക് ബാഗ് മറ്റേതോ വഴിയിലൂടെത്തി. അതുമെടുത്ത്, ദിശാസൂചികകൾ നോക്കി നടന്ന് താഴെ, ഭൂമിയ്ക്കടിയിലാണെന്ന് തോന്നുന്നു, എയർപോർട്ട് മെട്രോ റെയിൽവെ സ്റ്റേഷനിലെത്തി. അതീവ സുരക്ഷാ ജാഗ്രതപാലിക്കുന്ന വൃത്തിയുള്ള സ്ഥലം. നമ്മുടെ നാട്ടിലെ റെയിൽവെ സ്റ്റേഷനുകളെപ്പോലെയല്ല. ഇതിനി എയർപ്പോർട്ടോടു ചേർന്നതായിട്ടാണോ ഇങ്ങനെയെന്നും സംശയിച്ചു. അല്ലെന്ന് പിന്നീടുള്ള കാഴ്ചകളിൽ നിന്നും ‌മനസ്സിലായി.
റിലയൻസിന്റെതായിരുന്നു എയർപോർട്ടിലേക്കുള്ള മെട്രോ ട്രെയിൻ Airport Metro Express. മറ്റു മെട്രോ വഴിക്കുള്ളതിനേക്കാളും കൂടിയ ടിക്കറ്റ് നിരക്കാണ്. താനെ തുറക്കുന്ന വാതിൽ. അധികനേരം ‌നിർത്തുന്നില്ല. പുറപ്പെടും ‌മുൻപ് താനെയടയുന്നു വാതിൽ. വാതിൽക്കൽ നിൽക്കരുതെന്ന് ‌ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പ് കേൾക്കാം. എത്താൻ പോകുന്ന സ്റ്റേഷനേതാണെന്ന് അടുത്തിരിക്കുന്നയാളോടു തിരക്കേണ്ടതില്ല, വിളിച്ചറിയിക്കുന്നുണ്ട്. അധികം ‌യാത്രക്കാരില്ലായിരുന്നു. അതിവേഗത്തിൽ ഭൂമിയ്ക്കടിയിലൂടെയും ‌മുകളിലൂടെയും ‌പാഞ്ഞുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്, പുറത്തെ റോഡിലെ ട്രാഫിക്കിൽ നീണ്ടുകിടക്കുന്ന വാഹനനിര കണ്ടു.

      ന്യൂഡെൽഹിയിലെത്തി, പോകേണ്ടിയിരുന്നത് ഡെൽഹി സരായി രോഹില്ല റെയിൽവേ സ്റ്റേഷനിലേക്കാണ്. എങ്ങനെ, എവിടെ എന്നൊന്നും വ്യക്തമായറിയില്ലായിരുന്നു.
സുരക്ഷയുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും ‌മെട്രോ റെയിൽവെ സ്റ്റേഷനുകൾ നമ്മുടെ സാദാ സ്റ്റേഷനുകളിൽ നിന്നും ഏറെ മുന്നിലാണ്. തിരക്കേറിയ തലസ്ഥാന നഗരിയിലൂടെ ഇങ്ങനെയൊരു സംവിധാനം നിർമ്മിച്ചതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉന്നതസ്ഥാനത്തിരുന്ന മെട്രോമാൻ ശ്രീ. . ശ്രീധരൻ എന്ന മലയാളിയോടാണല്ലോ.
      ആശ്ചര്യപ്പെടുത്തിയത്, മെട്രോയിലെ യാത്രക്കാരുടെ അച്ചടക്കത്തോടെയുള്ള ട്രെയിൻകയറൽ തന്നെ. ഇവിടെ ഏതു വണ്ടിയായിക്കൊള്ളട്ടെ, ഏതു ബോഗിയാവട്ടെ, യാത്രക്കാരാണോ എങ്കിൽ ഇടിച്ചുകയറിക്കോളണമെന്നാണല്ലോ. അതുമാത്രം കണ്ടുശീലിച്ചിട്ട് ഇതാ മെട്രോയിലേക്ക് വരിവരിയായി ഒതുക്കത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെകണ്ട് അവരിലൊരാളായി കയറിയപ്പോൾ ആശ്ചര്യപ്പെടുകയല്ലാതെ മറ്റെന്തു തോന്നുവാനാണ്?

       ഞങ്ങളുടെ അപരിചിതത്വം കണ്ടറിഞ്ഞ് ഇങ്ങോട്ടു വന്ന് സംസാരിച്ച പേരറിയാത്ത മനുഷ്യനായിരുന്നു മെട്രോയിലെ ഞങ്ങളുടെ വഴികാട്ടി. ന്യൂഡെൽഹിയിൽ നിന്നും ഞങ്ങൾക്ക് പോകേണ്ടിയിരുന്നിടത്തേക്ക് ഒറ്റവണ്ടിയായിരുന്നില്ല. ന്യൂഡെൽഹിയിൽ നിന്നും ജഹാങ്കീർപുരിയിലേക്ക് പോകുന്ന Yellow Line ൽ കയറി കശ്മീരി ഗേറ്റിൽ ഇറങ്ങണം. അതൊരു കവലയാണ്. മുകളിലെ നിലയിലേക്ക് കയറി, അവിടുന്ന് റിതലയിലേക്ക് പോകുന്ന Red Line ൽ കയറിയത് ആ മനുഷ്യൻ വഴികാട്ടിയതുകൊണ്ടായിരുന്നു. ഏതാണ്ട് ഒരുമണിക്കൂറോളം വേണ്ടിവന്നുവെന്നാണോർമ്മ, ന്യൂഡെൽഹിയിൽ നിന്നും ശാസ്ത്രി നഗർ സ്റ്റേഷനിലിറങ്ങുവാൻ. ശാസ്ത്രിനഗർ ആണ് രോഹില്ല സ്റ്റേഷന് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
       ട്രെയിനിനുള്ള ടിക്കറ്റ് പ്രിന്റെടുത്തിട്ടില്ല. അടുത്തെവിടെയെങ്കിലുംമൊരു കമ്പ്യൂട്ടർ സെന്ററോ ഇന്റർനെറ്റ് കഫെയോ ഉണ്ടോയെന്നന്വേഷിച്ച് ഗലികളിലൂടെ നടന്നു. ചിലപ്പോൾ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നിരിക്കാം. നിർഭാഗ്യവശാൽ ഞങ്ങളതു കണ്ടെത്തിയില്ല. ചോദിച്ചും ‌പറഞ്ഞും ഗലികളിലൂടെ നടന്ന് നടന്നൊടുക്കമൊരു ഇന്റർനെറ്റ് കഫേ കണ്ടെത്തി, പ്രിന്റെടുത്തു.
സൈക്കിൾ റിക്ഷയിൽ ആദ്യമായി കയറുന്നു. പാവം, ‌രണ്ടുപേരെയും വഹിച്ച് ‌ആഞ്ഞു ചവിട്ടുന്നുണ്ടായിരുന്നു. കൊച്ചിയിലെ ഓട്ടൊറിക്ഷക്കാരുടേതുപോലുള്ള പിടിച്ചുപറിയുണ്ടെന്ന് തോന്നിയില്ല. ഓ, ഓട്ടോക്കാരുടെ പിടിച്ചുപറി കൊച്ചിയിൽ മാത്രമല്ല, എന്റെ കരിവെള്ളൂരും ഒട്ടും പിറകിലല്ലെന്ന് പറയാൻ ‌വിഷമമുണ്ടെങ്കിലും സത്യമതാണ് . സത്യത്തിന്റെ മുഖം വികൃതമാകും ചിലപ്പോൾ!
        ഇരുണ്ട വഴികളിലൂടെ ഇത്തിരിനേരം ചവുട്ടി അയാൾ ഞങ്ങളെ രോഹില്ല സ്റ്റേഷനരികിലിറക്കി. നേരത്തെ പറഞ്ഞുറപ്പിച്ച തുകയും കൊടുത്ത് ആ പഴയ സ്റ്റേഷനകത്തേക്ക് നടന്നു. സമയമിനിയുമേറെയുണ്ട് ഞങ്ങൾക്ക് കയറേണ്ടിയിരുന്ന മുസ്സൂറി എക്സ്പ്രസ്സ് പുറപ്പെടാൻ. വിശപ്പിനെ സമാധാനപ്പെടുത്താനായി വൃത്തിഹീനമായ സ്റ്റേഷനിൽ നിന്നും ലഘുഭക്ഷണം കഴിച്ചു. നീണ്ടുകിടക്കുന്ന പ്ലാറ്റ്ഫോറം. മെട്രോയിൽ നിന്നുമിവിടെയെത്തുമ്പോഴേക്ക് ശുചത്വമൊക്കെ വന്നവഴിക്ക് തിരികെപ്പോയി.

       മുസൂറി എക്സ്പ്രസ്സിൽ ഏറെ അകലെയുള്ള രണ്ടു ബോഗികളിലായി ഞങ്ങൾ കയറി. ചുറ്റിലും ഹിന്ദി പറയുന്നവർ മാത്രം. ജബ ജബാ... എനിക്കൊരക്ഷരം ആരോടും ‌മിണ്ടാൻ ‌അവരുടെ ഭാഷയറിയില്ല. ആരുമൊന്നും ചോദിച്ചതുമില്ല. മുസൂറി എക്സ്പ്രസ്സ് പതിയെ നീങ്ങിത്തുടങ്ങി.....

കടപ്പാട് : പലരോടുമുണ്ട്, ഒന്നും ‌പറഞ്ഞു തീർക്കുന്നില്ല. അറിഞ്ഞാൽ 'നന്ദിമാത്രേയുള്ളൂ അല്ലേ' എന്ന് തിരിച്ച് ചോദിച്ചാലോ ;)
ചിത്രങ്ങൾ ഗൂഗിൾ കാട്ടിയത്

                                                                 <   1   2          തുടരും....

Monday, January 19, 2015

ഹിമാലയത്തിലേക്ക് പോയാലോ? ഭാഗം 2           KSRTC യുടെ സൂപ്പര്‍ ഫാസ്റ്റായിരുന്നോ ഫാസ്റ്റ് പാസഞ്ചറായിരുന്നോ എന്നോര്‍മ്മയില്ല - അല്ലാ, രണ്ടായാലും കൊടുക്കുന്ന കാശിനല്ലേ വ്യത്യാസമുള്ളൂ - എനിക്ക് പുറകിലെ ഇരിപ്പിടത്തിലും  ജി എസിന് മുന്‍ഭാഗത്തെ ഇരിപ്പിടത്തിലും ഇടം കിട്ടി. പിന്നീടു കയറിയവരൊക്കെ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി തൃശ്ശൂര്‍ക്ക് പായുന്നു...
       തൃശ്ശൂരിന്‌ ഈ കഥയില്‍ ഒരിടം കൊടുക്കേണ്ടതുണ്ട്സെപ്തംബര്‍ രണ്ടിനു രാത്രിയിൽ ഞാന്‍ ചെറുവത്തൂരില്‍ നിന്നും മാവേലി എക്സ്പ്രസ്സില്‍ കയറി. എന്നത്തെയും പോലെ സാധാരണ ബോഗിയില്‍ ; ഇരിപ്പിടത്തിലും മുകളിലും തറയിലുമുള്ള ആള്‍ക്കാരോടൊപ്പം ഇടയ്ക്ക് ഉറങ്ങിയും ഉണര്‍ന്നും ഒരു താളത്തിലങ്ങനെയങ്ങനെ....
                   ഹെയ്, ന്തൂട്ടാ കഥയിഷ്ടാ.., ങ്ങളിതിപ്പോ... എങ്ങോട്ടാ പോണേ?
     അതാ, പറഞ്ഞു വരുന്നത്.  മൂന്നാം തീയ്യതി വെളിച്ചം വീഴും മുന്‍പെ ഞാന്‍ തൃശ്ശൂരില്‍ വണ്ടിയിറങ്ങി. ശിഷ്ടയുറക്കം പ്ലാറ്റ് ഫോറത്തില്‍ - വീണിടം വിഷ്ണുലോകമെന്നാണല്ലോ? പ്രഭാതഭേരി തുടങ്ങിയപ്പോ എഴുന്നേറ്റ് ശുചിമുറിക്ക് മുന്നില്‍ വരി നിന്നു. ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ. ഉറക്കം വിട്ടൊഴിഞ്ഞ് ഉണര്‍വിന്റെ തിരക്കുകളിലേക്ക് കടക്കുമ്പോഴേക്കും തെക്കു നിന്നും വന്ന വണ്ടിയില്‍ നിന്നും ജി എസ് ഇറങ്ങി.
        സുസുകി GS150R സ്റ്റേഷനു വെളിയില്‍ ഉടമയെ കാത്തുകിടന്നിരുന്നു. ആ കഴിഞ്ഞ ദിവസങ്ങളിലെന്നോ അവനെ അവിടെ തളച്ചിട്ടിട്ടായിരുന്നു ജി എസ് ജോലിക്ക് പോയത്. അവനെ തിരികെ കൊണ്ടുപോകുവാനായിരുന്നു ജി എസ് എത്തിയത്. തൃശ്ശൂരിൽ എറണാകുളത്തേക്കുള്ള ഇരുചക്രസവാരിയിൽ പങ്കുകൊള്ളുവാനായിരുന്നു ഞാൻ അന്ന് അവിടെയിറങ്ങിയത്. സൂര്യന്റെ പടിഞ്ഞാട്ടും ഞങ്ങള്‍ തെക്കോട്ടും യാത്ര തിരിച്ചു.

         നാളെയെന്നൊരു ദിവസത്തിൽ ഈ നേരമുണ്ടെങ്കിൽ ഞങ്ങൾ പഴയ ഇന്ദ്രപ്രസ്ഥത്തു നിന്നും ഹരിദ്വാറിലേക്കുള്ള ട്രെയിനിലായിരിക്കും. ഓടുന്ന പട്ടിക്കൊരുമുഴം മുൻപെ എന്ന കണക്കിലാ ഗൃഹാതുരത്വത്തിന്റെ വിളി. ഒല്ലൂരിനടുത്തുള്ള സസ്യഭോജനശാലയിൽ നിന്നും ഇഡ്ഡലിതന്നെ വാങ്ങി മൃഷ്ടാന്നം ഭുജിച്ചു. ഇന്നുകൂടിയെ കേരളത്തിലുള്ളൂ, ഇനി ഈ ഗണത്തിലുള്ള വല്ലതും കഴിക്കാൻ ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിലോ, ഹോ! നന്നായങ്ങ് ആസ്വദിച്ചു കഴിച്ചു. ചട്ടിണിയിലും സാമ്പാറിലും മുക്കികുഴച്ച്,
ഇടയ്ക്കോരോ കടി
വടയ്ക്കും കൊടുത്തങ്ങനെയെങ്ങനെ.
അല്ലാ കഴിച്ചോണ്ടിരുന്നാൽ പോരല്ലോന്നോർത്തിട്ടോ കീശകാലിയാകുമെന്ന ബോധോദയത്തിലോ ചെയ്തുവന്ന പ്രവൃത്തിക്കു വിരാമമിട്ടു. അരവുയന്ത്രം കഴുകി കുലുക്കിത്തുപ്പി, ഇടംകാലിയാക്കി.
ദേശീയപാത 47ലൂടെ മനസ്സോടു മത്സരിച്ചുംകൊണ്ട് GS150R കുതിച്ചു. മനസ്സോളം വേഗത്തിലോടുന്ന വണ്ടിയൊന്നുണ്ടെങ്കിൽ കിട്ടിയാൽ തരക്കേടില്ല. പ്രകാശവേഗത്തിനും അപ്പുറത്താണോ മനസ്സെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. "മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം..." മെന്ന് ദാസേട്ടൻ പാടിയിട്ടുണ്ട്. അതെ, ശബ്ദമലിനീകരണമില്ലാതെ         അന്തരീക്ഷമലിനീകരണമില്ലാതെ എന്തിന്, ഇന്ധനം പോലും വേണമെന്നില്ല ഈ മാനവണ്ടിക്ക്. ക്ഷീരപഥത്തിനു തന്നെ അപ്പുറത്തെത്തി മടങ്ങും ചിലപ്പോൾ ഞൊടിയിടയിൽ.
         ഞങ്ങളുടെ യാത്രകണ്ടുകൊതിച്ചിട്ടോയെന്തോ ഇടയ്ക്കെപ്പഴോ ചാറ്റൽ മഴയുമൊപ്പം ചേർന്നു. ചാലക്കുടിയും അങ്കമാലിയും ആലുവയും പിന്നിലായി. ഉച്ച വെയിൽ മൂത്തുതുടങ്ങുമ്പോഴേക്കും എറണാകുളത്തെത്തി.       അതേ, ഇപ്പഴും ആ തൃശ്ശൂരിലേക്കുള്ള ആനവണ്ടിയിൽത്തന്നെ. പക്ഷേ ഈ വണ്ടിയിൽ ഈ സമയത്ത് കയറണമെങ്കിൽ നിർത്തിയേടത്തേക്കു തന്നെ പോയല്ലേ പറ്റൂ.

         കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര കവാടത്തിലേക്ക് ഓടിക്കയറി, പൈലറ്റേ... എടുക്കല്ലേ എടുക്കല്ലേ... രണ്ടാളുംകൂടി കയറാനുണ്ടേന്ന് നിലവിളിച്ചോടിക്കയറാനോളമൊന്നും നമ്മുടെ വിമാനത്താവളങ്ങൾ പരിഷ്കരിച്ചിട്ടൊന്നുമില്ലെന്ന് സത്യമായിട്ടും അന്നേ മനസ്സിലായുള്ളൂ. ഹും! ഈ വികസനം വികസനമെന്നൊക്കെ പറയുന്നതെന്ത് തേങ്ങയാണോയെന്തോ ?
        രണ്ടുമണിക്കൂർ പറക്കാൻ വേണ്ടി രണ്ടുമണിക്കൂർ മുൻപെയെത്തണമെന്നൊക്കെ ടിക്കറ്റിലങ്ങച്ചടിച്ചു വച്ചോളും. അടഞ്ഞ വാതിലിനി അങ്ങെത്തിയേ തുറക്കുള്ളൂത്രെ.
ചുറ്റിലും നോക്കി. ആശ്വാസമായി. ഞങ്ങൾ മാത്രമല്ല ഭാഗ്യവന്മാർ. മറ്റു  ചിലർക്കും അപ്പോൾ പറക്കാൻ തുടങ്ങുന്ന ഡെൽഹി വിമാനത്തിലേക്ക് കയറിക്കൂടാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടു.
അവസാന ബസ്സ് കിട്ടാതെ ട്രാൻസ്പോർട്ട് ബസ്റ്റാന്റിലകപ്പെട്ടപോലെയായി, കൗണ്ടറിൽ പോയി അടുത്ത വിമാനമെപ്പഴാണെന്നു തിരക്കി. നാളെത്തന്നെയുണ്ട്, രണ്ടാൾക്കും കൂടി ഡെൽഹിക്ക് പോകാനെടുത്ത ടിക്കറ്റിന്റത്രയും അതിന്റെ പാതിയും കൊടുത്താൽ ഒരാൾക്കുള്ള ടിക്കറ്റു കിട്ടും!     


         വെളിയിലിറങ്ങി കാപ്പിയും ഉണ്ടമ്പൊരിയും കഴിച്ചു മേലോട്ട് കണ്ണെറിഞ്ഞുപറന്നുയരുന്ന ഡെൽഹി വിമാനം നോക്കി നെടുവീർപ്പിട്ടു. ഉണ്ടമ്പൊരി കടിച്ചു വലിക്കുന്നതു കണ്ട സി ഐ എസ് എഫുകാരന് സംശയം തോന്നിയിട്ടാണെന്ന് തോന്നുന്നു ഒന്നു വലവെച്ച് പോയി. കാലം വല്ലാത്തതല്ലേ, കടിച്ചു വലിക്കുന്നത് വല്ല ഗ്രനേഡുമാണോന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാനൊക്കുമോ?
"എന്താ ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ " എന്നമട്ടിൽ മുഖത്തോടു മുഖം നോക്കി.
          അടുത്തു കണ്ട സ്വകാര്യ ഏജൻസിയിൽ ചെന്ന് തിരക്കി. കിട്ടിയ വിവരം തരക്കേടില്ലെന്ന് തോന്നി. നാളെയൊരു ദിവസം കഴിഞ്ഞു ബാംഗ്ലൂരിൽ നിന്നുമുള്ള indigo യിൽ എയർ ഇന്ത്യയെ അപേക്ഷിച്ച് വലിയ മുതൽ മുടക്കില്ലാതെ കയറാം. രണ്ടിരയെ കിട്ടിയ സന്തോഷത്തിൽ ഏജൻസിക്കാർ, ബാംഗ്ലൂർക്കുള്ള എസി ബസ്സിൽ രണ്ട് ടിക്കറ്റുകൾ വിൽക്കാനും മടിക്കില്ലെന്നു മനസ്സിലാക്കിയപ്പോൾ വിമാനത്താവളം വിട്ടു നിരത്തിലേക്കിറങ്ങി.
         ആരെയോ പറത്തിവിട്ട് തിരികെ പോകുന്ന ഒരു കാറിൽ കയറിക്കൂടി. അങ്ങനെ വിമാനം മിസ്സായ കഥ കേൾപ്പിക്കാൻ ആദ്യ ഇരകളെ കിട്ടി. പറഞ്ഞവർക്കും കേട്ടവർക്കും സന്തോഷമെന്നഭിനയിച്ചു.
          ഈ രംഗത്തിന്റെ കർട്ടൻ വീഴുമ്പോൾ ഞങ്ങൾ അത്താണിയിൽ നിന്നും, തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ആ ആനവണ്ടിയിൽ കയറുന്നു.
          ഹിമാലയത്തിലേക്കുള്ള ദൂരം അത്ര ചെറുതല്ലയെന്ന് ബോദ്ധ്യപ്പെടാനുള്ള സമയം. അറുപതു കിലോഗ്രാം ഭാരമുള്ള ശരീരത്തെ വിമാനത്തിൽ കയറ്റിവിടാം. അങ്ങെത്തുമെന്നെന്താണുറപ്പ്?
ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തൊരിടത്തേക്ക് മനസ്സുകൊണ്ടെത്രയെളുപ്പം പോയ്‌വരാം!

                                                                                                              < ആദ്യഭാഗം           തുടരുന്നു....

കടപ്പാട് :
1. പഴംചൊല്ലുകൾക്ക്
2. സിനിമാഗാനത്തിനും സംഭാഷണശകലത്തിനും
3. ചിത്രങ്ങൾ കാണിച്ചുതന്ന ഗൂഗിളേട്ടന്