കാത്തുനില്കാതൊഴുകുമീ
കാലത്തിന് കയത്തിലെന്നെ
കാലിടറിവീഴാതെ
കാക്കുമിതേത് ശക്തിയതെങ്കിലും
കാത്തുവയ്ക്കുന്നിതാ ഞാന്‍
നിനക്കായീരണ്ടക്ഷരങ്ങള്‍
നന്ദി !
എന്നോ മനസ്സില്‍ കുടിയേറിയ മോഹം. പങ്കുവെക്കപ്പെട്ട നിമിഷം തന്നെ അത് തീരുമാനിക്കപ്പെടുന്നു .നവംബര്‍ 5 ദീപാവലി .ഓഫീസ് അവധി.അതിനടുത്ത ദിവസം അവധിയെടുക്കുകയാണെങ്കില്‍ , അതു തന്നെ അവസരം .ചില അന്വേഷണങ്ങള്‍ .വഴികാണിക്കാന്‍ ഗൂഗിളാനുണ്ടല്ലോ .കൂട്ടിന് സഹപ്രവര്‍ത്തകനും- അതിലുപരി ആശാന് എന്നു വിളിക്കുന്നതാവും ശരി- സമപ്രായക്കാരനും ചിലകാര്യങ്ങളില്‍ സമചിന്താഗതിക്കാരനുമായ ബ്ലോഗറുമുണ്ട്.
2010 നവംബര്‍ 4 ,കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു .അത്താഴവും കഴിഞ്ഞ് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തുമ്പോള്‍ സമയം രാത്രി 11.40 .സമയമടുക്കുന്തോറും കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടുകയാണോ ,അറിയില്ല .കൊഴിഞ്ഞുപോകുന്ന നിമിഷങ്ങള്‍ .പാതിരാകോഴി കൂവേണ്ട നേരത്ത് കൂകിയാര്ത്തുകൊണ്ട് മലബാര്‍ എക്സ്പ്രസ്സ് മന്ദം മന്ദം റെയില്പാളങ്ങളെ വേദനിപ്പിക്കാതെ വന്നെത്തി .
അണിയറക്കൊട്ടിന്റെ ആരവങ്ങളില്ലാതെ അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും സര്‍വ്വജ്ഞ പീഠത്തിലേക്കൊരു യാത്ര ഇവിടെ തുടങ്ങുന്നു .തത്കാലത്തേക്കെടുത്ത ഒരു റിസര്വ്വേഷന് ടിക്കറ്റും പിഴയൊടുക്കിയ ജനറല്‍ ടിക്കറ്റുമായി സൈഡ് ബര്‍ത്തില്‍ അഭിമുഖമായി കിടന്നുറങ്ങുമ്പോള്‍ സ്വപ്നങ്ങളുടെ വേലിയേറ്റമില്ലായിരുന്നു .കണ്ണു തുറക്കുമ്പോള്‍ വണ്ടി മാഹിയിലെത്തിയിരുന്നു .ആരോ ഒഴിഞ്ഞുപോയ ശയനപീഠത്തിലേക്ക് ഒരു സ്ഥാനമാറ്റം .മലബാര്‍ എക്സ്പ്രസ്സ് നാട്ടുവഴികളെ കൂകിയുണര്‍ത്തി യാത്ര തുടര്‍ന്നു കൊണ്ടിരുന്നു ,ഞാന്‍ വീണ്ടുമൊരു മയക്കത്തിലേക്കും ...
മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം കാലത്ത് 10.30 കഴിഞ്ഞിരുന്നു .ഇനിയെങ്ങോട്ടെന്നറിയണമെങ്കില്‍ ആരോടെങ്കിലും ചോദിച്ചേ പറ്റൂ .മൂകാംബിയിലേക്കുള്ള ബസ്സെവിടെ കിട്ടുമെന്ന സുഹൃത്തിന്റെ ഹിന്ദിയിലുള്ള ചോദ്യം ശരിക്കും മനസ്സിലാക്കിയാവണം മറുപടി നല്ല മലയാളത്തില്‍ തന്നെ വന്നു .ആ പോലീസുകാരന് കാണിച്ചു തന്ന ബസ്സ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊല്ലൂര്‍ മൂകാംബികയിലേക്കുള്ളതു തന്നെയായിരുന്നു .ലഘുഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ യാത്ര ഇനിയീ ബസ്സില്‍ .
ബസ്സ് സ്റ്റാന്റില്‍ നിന്നും 11 മണിക്കാരംഭിച്ച യാത്ര പിന്നെ വിശ്രമിച്ചത് ഒരു മണിയോടു കൂടി ഒരു സസ്യഭോജനശാലയ്ക്കു മുന്നില്‍ ഉച്ച ഭക്ഷണത്തിനായി മാത്രം .ഇടയ്ക്ക് സാലിഗ്രാമിലെത്തിയപ്പോള്‍, ബസ്സ് ജീവനക്കാര്‍ ഏതോ ഒരു ക്ഷേത്രത്തിലെ കല്‍വിളക്കില്‍ എണ്ണ പകര്‍ന്ന് യാത്ര തുടര്‍ന്നു .ഇത് അവരുടെ ഒരു വിശ്വാസമാകാം .
മംഗലാപുരത്തു നിന്നും ഏകദേശം 140 കിലോമീറ്ററോളം സഞ്ചരിച്ച് ഞങ്ങള്‍ കൊല്ലൂരിലെത്തുമ്പോള്‍ സമയം 2.30 കഴിഞ്ഞിരുന്നു .നവോന്മേഷത്തിനായ് ഒരോ ചായ കഴിച്ച് വീണ്ടുമൊരന്വേഷണം .
“നാങ്കള്ക്ക് കുടജാദ്രി പോളം .അങ്കള് പോളം വ..?”
വീണ്ടും പിഴച്ചു .അവിടേയും മറുപടി മലയാളത്തില്‍ തന്നെ .താഴെ മുകാംബിക ക്ഷേത്രത്തിനടുത്തു നിന്നും ജീപ്പുണ്ട് .ബസ്സിവിടെ നിന്നാല്‍ കിട്ടും .ബസ്സ് സ്റ്റാന്റില്‍ ചോദിക്കുമ്പോഴേക്കും ഷിമോഗയ്ക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു .ടിക്കറ്റെടുത്ത് കണ്ടക്ടറോട് കുടജാദ്രിയില്‍ ഇറക്കിവിടാന്‍ പറഞ്ഞപ്പോള്‍ കരഗാട്ട് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു .ചുരങ്ങള്‍ താണ്ടി ചൂളമടിച്ച് ബസ്സ് മുന്നോട്ട് കുതിച്ചു കോണ്ടിരുന്നു .അരമണിക്കൂറോളം നീണ്ട ബസ്സ് യാത്ര.ഞങ്ങള്‍ രണ്ടു മലയാളികളും പിന്നൊരു കന്നഡ മൂവര്‍സംഘവും കരഗാട്ടില്‍ ബസ്സിറങ്ങി. ചിരപരിചിതമായ വഴിയിലൂടെന്നപോലെ ആ കന്നട സംഘം നടന്നു പോയി.
സമയം 3.30 .ആഗ്രഹ സാഫല്യത്തിന്റെ നിര്‍വൃതിയില്‍ തിരിച്ചു വരുന്ന മലയാളി സംഘം ; ശകുന സൂചകങ്ങളില്‍ ഇത് ശുഭമൊ അശുഭമോ ,അറിയില്ല .അവര്‍ പകര്‍ന്നു തന്നതോ അതിലധികമൊ ആത്മവിശ്വാസവുമായി ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു .കാനന മധ്യത്തിലൂടെയുള്ള ഈ പാതയിലൂടെ നാലുകിലോമീറ്റര്‍ വരെ ജീപ്പുകള്‍ പോകാറുണ്ടെന്ന് ഏറെ കഴിയും മുന്‍പേ മനസ്സില്ലാക്കാന്‍ കഴിഞ്ഞു .ഈ വഴില് ഞങ്ങളെ അനുഗമിച്ച ചാറ്റല്‍ മഴ ഒരു ശുഭസൂചകമായിരിക്കാം .ആ വഴി ചെറിയൊരു പുല്മേട്ടില് ചെന്നെത്തുന്നു .
ഇത് വള്ളൂര്‍ .ഇവിടെ അല്പനേരത്തെ വിശ്രമമാകാം .ചന്ദ്രനില്‍ ചെന്നാലും മലയാളിയുടെ ചായകുടിക്കാം എന്നു പറഞ്ഞതുപോലെ ഇവിടേയുമുണ്ട് ഒരു മലയാളി ചായക്കട .ഇതിനടുത്തു തന്നെ ഒരു പ്രൈമറി സ്കൂളുമുണ്ട് .കാനന മധ്യത്തിലാണിതെന്ന് തോന്നുകയേ ഇല്ല .മൂക്കില്‍ കയറിടാത്ത പശുക്കളും കിടാങ്ങളും ഇവിടെ സ്വൈര്യമായ് മേയുന്നു .അപരിചിതര്‍ വരുമ്പോള്‍ കുരച്ചു ചാടാത്ത നാടന്‍ പട്ടികളും കഴുത്തില്‍ തുടലില്ലാതെ ഇവിടെ വിഹരിക്കുന്നു .ശാന്തം സുന്ദരം .
ഇടവേള അനന്തമായ് നീളാതെ വീണ്ടും യാത്ര.ഇവിടെയാണ് ആറു കിലോമീറ്ററോളം ദൂരമുളള കാനന പാതയാരംഭിക്കുന്നത് .ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞുപോകുന്ന ഒറ്റയടി പാതകള്‍ .ഏതു വഴികളും ചെല്ലുന്നത് ഒരേയൊരു ലക്ഷ്യത്തിലേക്കാകയാലാവാം ഇവിടെ സൂചകങ്ങളില്ലാത്തത് .ഏതു വഴിയിലേക്കു വേണമെങ്കിലും തിരിയാം .കര്‍മ്മഗുണങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള ദൂരം നിര്‍ണ്ണയിച്ചേക്കും .കാട്ടുചോലയിലെ കളകളാരവത്തിന്റെ സൌമ്യതയില്‍ വലത്തോട്ട് തിരിഞ്ഞ പാതയിലൂടെ മുന്നോട്ട് .കാട്ടുമരങ്ങളോടും വള്ളികളോടും മത്സരിച്ച് തളരുന്ന സൂര്യന്റെ നിഴല്‍പ്പാടുകള്‍ .ചാഞ്ഞു നില്കുന്ന കാട്ടുവള്ളികളും നിവര്‍ന്നു നില്കുന്ന കുറ്റിച്ചെടികളും താങ്ങായ് മാറുമ്പോള്‍ , ഭീമന്റെ വഴിമുടക്കി കിടന്ന ഹനുമാനെന്നപോലെ നീണ്ടു കിടക്കുന്ന വേരുകള്‍ .
ഒലിച്ചുപോയ മലവെള്ളമൊരുക്കിയതാവാം ഈ കാട്ടുവഴി. മുന്‍പേ നടന്നവരോ വനപാലകരോ ഒരുക്കിയ ഇരിപ്പിടങ്ങള്‍ നല്കിയ ആശ്വാസവും ഒരോ കാല്‍വയ്പിലും ലക്ഷ്യത്തിലേക്കുള്ള ആവേശവും ആവാഹിച്ച് മുന്നോട്ട് . കാട്ടു വഴി മലഞ്ചെരുവിലേക്ക് തിരിയുന്നു. പച്ചപ്പുതപ്പിട്ട പശ്ചിമഘട്ടത്തിലെ കൈവഴിയിലൂടെ ഞങ്ങള്‍ മുന്നേറുന്നു .പകല്‍ ജോലിയുടെ ക്ഷീണത്താല്‍ കൂടണയാന്‍ വെമ്പുന്ന സൂര്യന്റെ വെപ്രാളം ഞങ്ങളിലേക്ക് പകര്‍ന്നെന്ന് തോന്നുന്നു .
ഇപ്പോള്‍ ഏറെ അകലയായ് കാണാം മണ്ഡപം പോലെയെന്തോ ഒന്നു.അതാകാം ഞങ്ങളുടെ ലക്ഷ്യസ്ഥാനം .വഴികാട്ടിയോ സൂചകങ്ങളോ ഇല്ലാതെ വളഞ്ഞും തിരിഞ്ഞും മുന്‍പേ കിടക്കുന്ന വഴിമാത്രം മുന്നില്‍ .പകലന്തിയോളം പണിയെടുത്ത് തളര്‍ന്ന പെണ്ണിന്റെ നെറ്റിയില്‍ സിന്ദൂരം ഒലിച്ചിറങ്ങിയപോലെ മാനം ചുവന്നു കലങ്ങിയിരിക്കുന്നു .കാല്‍വയ്പുകളുടെ വേഗം മനസ്സിനൊപ്പമെത്താനാവാതെ കുഴയുന്നു .തെളിഞ്ഞു വളഞ്ഞവഴിയില്‍ നിന്നും ഇരുള്‍മൂടിയ വനാന്തരപാതയിലൂടെ തളരുന്ന കാലുകളും തളരാത്ത മനസ്സുമായ് മുന്നോട്ട് പോകുമ്പോള്‍ രാത്രിയുടെ വരവറിയിച്ച് ചീവീടുകള്‍ ചുറ്റില്‍നിന്നും എന്തിനോ വേണ്ടി കരഞ്ഞുകൊണ്ടിരിക്കുന്നു .കാട്ടരുവികള്‍ സന്ധ്യാനാമം ചൊല്ലുന്നു .
മുന്നില്‍ ചെങ്കുത്തായ കയറ്റം .തളര്‍ന്ന കാലുകള്‍ക്കിനി തനിച്ചു നീങ്ങുവാന്‍ ശേഷിയില്ലാതായിരിക്കുന്നു .പൂര്‍വ്വികരെ ഓര്‍മ്മിപ്പിച്ച് ഇനിയുള്ള കയറ്റം നാലുകാലില്‍ .മുന്‍പേ നടന്ന സുഹൃത്ത് കാത്തു നില്കുന്നു .ഇനിയും മുന്നോട്ട് കയറുവാനുള്ള കായബലമില്ലാതെ ഞാനിരുന്ന നിമിഷങ്ങള്‍ .ആത്മസാക്ഷാരത്തിനു മുന്നില്‍ നിന്നു കൈ നീട്ടിവിളിക്കുന്ന സുഹൃത്ത് .ഇനിയും തളരാത്ത മനസ്സുമായി ഞാന്‍ പിന്നീടുള്ള ഏതാനും ചുവടുകള്‍ കയറിയത് അക്ഷരാര്‍ത്ഥത്തില്‍ ഇഴഞ്ഞു തന്നെയായിരുന്നു .
ബോധമനസ്സിലേക്ക് തിരികേ നടക്കാനായ് മുഖത്തു വീഴ്ത്തിയ നീര്‍കണങ്ങള്‍ തുടച്ചു മാറ്റാതെ ഞാന്‍ മൂകാംബികയുടെ മൂലക്ഷേത്രത്തിനു മുന്നില്‍ എന്റെ ദേഹം തളര്‍ന്നു കിടന്നു ഏറെ നേരം .കടന്നു പോയവര്‍ നോക്കിയത് സഹതാപത്താലോ പുച്ഛത്താലോ .അറിയില്ല .
ഇപ്പോള്‍ സമയം 6.30 .
മാനത്ത് നക്ഷത്രങ്ങള്‍ ഒളിഞ്ഞുനോക്കി തുടങ്ങിയിരിക്കുന്നു .വഴികള്‍ രാവിന്റെ പുതപ്പിന്നടിയിലായിരിക്കുന്നു .ഇന്നത്തെ യാത്ര ഇവിടം വരെ മാത്രം .ഇവിടെ രാത്രി വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരു ചെറിയ കെട്ടിടം .മുറികള്‍ പ്രതീക്ഷിക്കരുതിവിടെ ,അതിന്റെ ആവശ്യവുമില്ല .ഒരു പായയും കമ്പിളിയും തന്നെ ധാരാളം .ഈ സൌകര്യത്തില് ഭാരതീയനെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഏവരും സംതൃപ്തര്‍ .അപ്പോഴാണ് അതു ശ്രദ്ധിച്ചത് .ഒരു വിദേശ ദമ്പതികള്‍ കാലില്‍ എന്തിനോ വേണ്ടി കഠിനപ്രയത്നത്തിലാണ് .അതെ ,അട്ട കടിച്ചതാ .അവരുടെ ഭാഷയില്‍ ലീച്ച് .നോക്കിയപ്പോള്‍ ഞങ്ങളുടെ കാലില്‍ ഒരുത്തന് ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു .ചെരിയൊരു ഉപ്പു പ്രയോഗം ,അത് ഈ വീടിന്റെ സൂക്ഷിപ്പുകാരന് വക .കഷ്ടപ്പെട്ട് കുടിച്ച രക്തമുഴുവന്‍ ഇങ്ങനെ ഛര്‍ദ്ദിപ്പിക്കുന്നതില്‍ ഇത്തിരി കഷ്ടമുണ്ടല്ലേ !
അങ്ങിനെയാണിവിടെ ,എല്ലാം സീതാറാം ജോഗി നോക്കിക്കോളും .അദ്ദേഹമാണ് ഈ കൊച്ചു താമസസ്ഥലത്തിന്റെ കാവല്ക്കാരന് .താമസം ,ഭക്ഷണം അങ്ങിനെയെല്ലാം .ഇതെല്ലാമൊരുക്കാനുള്ള അവിടുത്തെ ബുദ്ദിമുട്ടോര്‍ക്കുമ്പോള്‍ ,ഇവിടുത്തെ വാടകയ്ക്കും ഭക്ഷണത്തിനും തുഛമായ വിലമതിയാകും .ഇവിടെ വച്ച് ബോംബ്ബെയില്‍ നിന്നുമെത്തിയ മലയാളി മൂവര്‍സംഘത്തെ പരിചപ്പെടുകയുണ്ടായി -അര്ജ്ജുന് ,വിനോദ് , ബിജിത് .ഞങ്ങള്‍ നടന്നാണെത്തിയതെന്നറിഞ്ഞ അവര്‍ തിരിച്ചിറക്കം ഒരുമിച്ചാകാമെന്നായി.അവരില്‍ നിന്നാണറിഞ്ഞത് ജീപ്പു യാത്രയും മറ്റൊരു സാഹസമാണെന്നറിഞ്ഞത് .ചെങ്കുത്തായ കയറ്റങ്ങളില്‍ വഴി വെട്ടിയുണ്ടാക്കിയായിരുന്നത്രേ ആ യാത്ര .മഴക്കാലം കഴിഞ്ഞ് ആദ്യത്തെ കുടജദ്രി ട്രക്കിംഗ് അന്നാണത്രേ ആരംഭിച്ചത് .ഇതൊന്നുമറിയാതെയാണല്ലോ ഞങ്ങള്‍ മലകയറിയത് .
ചൂട് ചോറും സാമ്പാറും തോരനും രസവും മോരും എല്ലാം കൂടിച്ചേര്‍ന്ന രുചികരമായ അത്താഴം .പുറത്തെപ്പോഴും മഴപെയ്യുന്നപോലെ ശബ്ദകേള്‍ക്കാം .മലമുകളില്‍ നിന്നുമൊഴുകി ഇവിടെയെത്തി ചെറിയൊരു വെള്ളച്ചാട്ടമായി പരിണമിക്കുന്നു .ഇതാണിവിടുത്തെ ജലസ്രോതസ്സ് .കുടിക്കാനും കുളിക്കാനുമെല്ലാം .സൌരോര്‍ജ്ജ വൈദ്യുതി മാത്രമെ ഇവിടെയുള്ളൂ .രാത്രി ഒന്‍പതു മണിയോടു കൂടി വിളക്കുകള്‍ അണഞ്ഞു .ഇനി കാഴ്ചകളും അന്വേഷണങ്ങളുമെല്ലാം അടുത്ത പുലരിക്കായി മാറ്റി നിര്‍ത്തി വിശ്രമം .
ശങ്കരപീഠം കടന്ന് മറുവശത്തേക്കിറങ്ങി ഇനി ചിത്രമൂലയിലേക്ക് നടക്കാം .ഇടതൂര്‍ന്ന കുറ്റിക്കാടുകളും ചെറുമരങ്ങളും നിറഞ്ഞ വഴുവഴുത്ത നടവരിയിലൂടെ ഒരു സാഹസിക യാത്ര തന്നെയാണത് .ഈ പാത ചെന്നെത്തുന്നത് മലയിടുക്കിലെ ഒരു ചെറിയ ഗുഹയുടെ താഴെയാണ് .ഇതാണ് ചിത്രമൂല എന്നറിയപ്പെടുന്നത് .
ഐതിഹ്യം പറയുന്നത് , ഇവിടെ കോലമഹര്‍ഷിയും ഒരു അസുരനും ശിവനെ ഉപാസിച്ച് തപസ്സ് ചെയ്തിരുന്നു .സംപ്രീതനായ ശിവന് വരദാനത്തിനൊരുങ്ങിയപ്പോള്‍ സരസ്വതീ ദേവി അസുരനെ മൂകനാക്കിയെന്നും ഇവന് മൂകാസുരനെന്നറിയപ്പെടുകയും ചെയ്തു .ഇതില്‍ പ്രകോപിതനായ മൂകാസുരന് പ്രതികാരത്തിനിറങ്ങുകയും സംഹാരരൂപം പൂണ്ട ദേവി അസുരനെ വധിച്ച് മൂകാംബികയായി മൂലക്ഷേത്രത്തില് കുടിയിരിക്കുന്നു .ഇത് ഞാനെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു ,തെറ്റാണോ എന്നറിയില്ല .കാലങ്ങള്‍ക്കു ശേഷം ഇവിടെ നിന്നും ശങ്കരാചാര്യരുടെ തപശ്ശക്തിയില്‍സന്തുഷ്ടയായ ദേവി അദ്ദേഹത്തിന്റെ അഭീഷ്ടത്തിനായ് കേരളാത്തിലേക്ക് പുറപ്പെട്ടത്രേ .പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു ,ശങ്കരനെവിടെ ദേവിയെ കുടിയിരുത്തണോ അവിടെ വച്ചു മാത്രമേ തിരിഞ്ഞു നോക്കാവൂ .കുടജാദ്രിയില്‍ നിന്നു കൊല്ലൂരിലെത്തിയപ്പോള്‍ മനുഷ്യ സഹജമായ സംശയത്താല്‍ ശങ്കരന് തിരിഞ്ഞു നോക്കിയെന്നും ദേവി അവിടെ കുടിയിരുന്നെന്നും വിശ്വാസം .അതു നന്നായി ,അല്ലെങ്കില്‍ ഭക്തകോടികള്‍ക്ക് ഈ മലകയറിവന്നല്ലേ ദേവിയെ വണങ്ങാനൊക്കുകയുള്ളൂ.
ചിത്രമൂലയില്‍ ഇന്നൊരു ശിവലിംഗം ഒരു ശേഷിപ്പായിരിക്കുന്നു .ചിത്രമൂലയുടെ മുകളിലൂടെ ഒരു നീര്ച്ചാല് ഉത്ഭവിക്കുന്നു .ഇതത്രേ സൌപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം .ചെറിയൊരു ഇരുമ്പു ഗോവണിയിലൂടെ ഗുഹാതപസ്ഥാനത്തെത്താം .നീരുറവയില്‍ നീരാടാം .ജലധാരകൊണ്ട് ദാഹമകറ്റാം .നീരുറവകാണും വരെ കുഴിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ നിന്നും ഇവിടെയെത്തുമ്പോള്‍ ഇതൊരു നവ്യാനുഭൂതി തന്നെ .ജനകോടികളാരാധിക്കുന്ന പുണ്യനദിയുടെ ശീതളിമ കൈക്കുമ്പിളില്‍ നിറച്ച് നിര്‍വൃതിയടയാം .
ഇവിടം കോടമഞ്ഞ് പുതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു .ഇനി തിരികെ മടങ്ങാം ,സര്‍വ്വജ്ഞപീഠത്തിലേക്ക് .കാഴ്ചകളൊന്നും തീരുന്നില്ല .കോടമഞ്ഞുപോലെ അതു മൂടിവയ്ക്കുന്നു .വീണ്ടും മറനീക്കി വരുന്നു .എന്നിലെ അജ്ഞതകള്‍ മുഴുവന്‍ ഇറങ്ങിപ്പോകുന്നതുവരെ ഇനിയേതെങ്കിലുമിടവേളകളില്‍ വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ തിരികെയിറക്കം .പകല്‍വെളിച്ചത്തില്‍ വീണ്ടും ഗണപതിഗുഹയുട നടയിലൂടെ മൂലസ്ഥാനത്തേക്ക് .
ജീപ്പുകള്‍ പുതിയ തീര്‍ത്ഥാടകരുമായെത്തി തുടങ്ങിയിരിക്കുന്നു .സമയമേറെ കഴിഞ്ഞിരുന്നു .പ്രാതലൊരുക്കി സീതാറാം കാത്തിരിക്കുന്നു .ഇപ്പോഴാണത് ശ്രദ്ധിക്കുന്നത് .മൂകാംബികയുടെ മൂലക്ഷേത്ര നടയില്‍ വലിയൊരു ലോഹ ദണ്ഡ് ലംബമായി നില്ക്കുന്നു .ഇതാണത്രേ മൂകാസുരവധത്തിനായ് ദേവി ഉപയോഗിച്ച ആയുധം .ഈ ആയുധത്തെ കുറിച്ച് ഇവിടെ വായിക്കാം.
മലമുകളിലെ കാഴ്ചകള്‍ക്ക് തത്കാലം വിടപറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിക്കുമ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു .ഏറ്റവും ദുര്‍ഘടമായ അവസാന പഥത്തില്‍ ഞാന്‍ തന്നെ ആദ്യമിറങ്ങി ,നിത്യാഭ്യാസിയേ പോലെ .ഈ മടക്കയാത്ര, സാവകാശം കാഴ്ചകളെ ക്യാമറക്കുള്ളില് ഒളിഞ്ഞിരിക്കുന്ന ചെറുചിപ്പിനകത്താക്കി ;വിശ്രമ ഇടങ്ങളില്‍ കുടുംബത്തോടെയെത്തി രക്തമൂറ്റിക്കുടിച്ച് മദോന്മത്തരാകുന്ന അട്ടകളെ പറിച്ചെറിഞ്ഞങ്ങനെ .
വള്ളൂരിലെ ചായക്കടയില്‍ നിന്നും പുട്ടും കടലയും കാപ്പിയും കഴിച്ചിറങ്ങിയപ്പോള്‍ സമയം 12 ആയിക്കാണും .അപ്പോഴേക്കും ഞങ്ങള്‍ അഞ്ചുപേരും ചിരപരിചിതരേപ്പോലെ ആയിക്കഴിഞ്ഞിരുന്നു .ഇനിയുള്ള നാലു കിലോമീറ്റര്‍ പുട്ടും കടലും പകര്‍ന്ന ആവേശത്താല്‍ നടന്നെത്തുമ്പോഴേക്ക് ഞങ്ങള്‍ക്കു മുന്‍പേ കയറിപ്പോയ കന്നഡ മൂവര്‍ സംഘം കരഗാട്ടിലെത്തിയിരുന്നു .കടന്നു പോകുന്ന നിമിഷങ്ങളില്‍ കൊല്ലൂരേക്കുള്ള ബസ്സിനായൊരു കാത്തിരിപ്പ് .കാലില്‍ കടിച്ച അട്ടകളെ ചോര ഛര്‍ദ്ദിപ്പിച്ചത് വേണമെങ്കില്‍ ഈ കാത്തിരിപ്പിനിടയിലെ ഒരു നേരം കൊല്ലിയായി കണക്കാക്കാം .ഒടുവില്‍ വന്ന ഒരു ജീപ്പില്‍ കൊല്ലൂരേക്ക് പോകുമ്പോഴാണ് അതറിയുന്നത് ;കാട്ടുപുലികളും നക്സലുകളും മേയുന്ന കാടാണത്രേ ഞങ്ങള്‍ കടന്നു വന്നതെന്ന് !.
തിരികെ കൊല്ലൂരെത്തിയ ഞങ്ങള്‍ -കേരള മലയാളികളും ബോംബേ മലയാളികളും- വിടപറഞ്ഞ് നേരെ പോയത് സൌപര്‍ണ്ണികയിലേക്കാണ് .അവിടെ മദിച്ചു കുളിക്കുന്ന കുഞ്ഞുകുട്ടി പരാധീനക്കാരുടെ ഇടയില്‍ ഒരു ചെറിയ നീരാട്ട് .അതു കഴിഞ്ഞ് ബസ്സ് സ്റ്റാന്റിലേക്കുള്ള വഴിയിലെ ചായക്കടയില്‍ നിന്നും ചൂടു ബോളിബജിയും ചായയും .അധികം വൈകാതെ മംഗലാപുരത്തേക്കുള്ള ബസ്സില്‍ കയറിയ ഞങ്ങള്‍ ആത്മസാക്ഷാത്കാര നിര്‍വൃതിയില്‍ ഒരു ചെറു മയക്കത്തിലേക്ക് വഴുതി വീണു ...
---------------------------------------------------------------------------------------------------
കുടജാദ്രിയില്‍ താമസത്തിനും ഭക്ഷണത്തിനും വേണ്ടി ശ്രീ സീതാറാം ജോഗിയെ ബന്ധപ്പെടാവുന്നതാണ് .
B.S.Seetharam Jogi :- 9242282932,9480130939,9242285087,9242621925
-------------------------------------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് : ബോംബെ സുഹൃത്തുക്കളോടും ഞങ്ങളോടും