Monday, January 5, 2026

ബറുവയും ചിന്തയില്ലായ്മയും

തപോമയിയുടെ അച്ഛൻ വായിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തുടങ്ങിവച്ചതാണ്. രണ്ടുവർഷമായി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം, വളരെയധികം പ്രശംസകൾ നേടിയ കൃതി. ഞാൻ വായിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ കഴിഞ്ഞ വർഷത്തെ വയലാർ അവാർഡിന് അർഹമായിട്ടുണ്ടിത്. ഓരോ വർഷം തീരുന്നെന്ന് പറയുന്നത്, വെറുതെ കലണ്ടർ മാറുന്നതുമാത്രമല്ലേ? ഒരു രാവ് പുലരുന്നത് മറ്റൊരു സ്വാഭാവിക പകലിലേക്ക്. 

പുസ്തകം വാങ്ങി വച്ചിട്ട് അധികം നാളുകളായിയിട്ടില്ല. മുന്നൂറ്റി തൊണ്ണൂറ് രൂപ വിലയിട്ട് വിൽക്കുന്ന പുസ്തകത്തിന്റെ താളുകൾ കുറച്ചുകൂടിയൊക്കെ നന്നായി ഒട്ടിച്ചു ചേർക്കാമായിരുന്നില്ലേ ഡിസിക്ക്‌ എന്ന് തോന്നി, തൊണ്ണൂറ്റിനാലു പേജുകൾ മറിഞ്ഞപ്പോൾ!

ഗോപാൽ ബറുവ തന്റെ കഥ പറയുകയാണ്.
ഇതിന് മുൻപ് എനിക്ക് പരിചയമുണ്ടായിരുന്ന ഒരു ബറുവ, ഗിരിധർ ബറുവയായിരുന്നു. മൂപ്പര്, മൊഹമ്മദ്‌ സർക്കാരിൽ നിന്നും നല്ലോണം തല്ല് വാങ്ങിച്ച് വീര ചരമം പ്രാപിച്ച ബ്രിഗേഡിയരായിരുന്നെന്നാണല്ലോ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നത്. അതൊന്ന് ഉറപ്പിക്കാൻ ബറുവയെ തിരഞ്ഞ് വിക്കിപീട്യ വരെ പോയപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം മനസ്സിലായത് ; മലയാളത്തിലെ ഒരുകൂട്ടം സിനിമകൾക്ക്‌ കഥയും തിരക്കഥയും കൊണ്ട് ജീവൻ നൽകി യശശ്ശരീരനായ ഡെന്നീസ് ജോസഫിന് നിലവിൽ മലയാളം വിക്കിപീഡിയയിൽ ഒരു താളില്ല. ഉണ്ടായിരുന്നെങ്കിൽ നല്ലോണം തേങ്ങയരച്ചൊരു മോളേഷ്യം വെക്കുമായിരുന്നോന്ന് ചോദിച്ചാൽ പാവം താളെന്ത് പിഴച്ചു. മലയാളം വിക്കി എഡിറ്റർമ്മാർ ഇതൊന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിന്റെയൊപ്പം നരേന്ദ്രഷെട്ടിയെയും മറക്കാതിരിക്കാൻ ശ്രമിക്കുമല്ലോ? 
ഗോപാൽ ബറുവയിലേക്ക് തിരിച്ചു പോകാം. പോകാൻ വീടോ, കാത്തിരിക്കാൻ ബന്ധുജനങ്ങളോ ഇല്ലാതെ രാവും പകലും ഉറക്കമിളച്ചു സെക്യൂരിറ്റിപ്പണിയെടുത്തുണ്ടാക്കിയ പണം നൽകി ഒരു കെട്ട് പഴയ പത്രങ്ങൾ വാങ്ങിയത് വാർത്തകൾ വായിക്കാനായിരുന്നോ? അല്ല, ഏകാന്തതകൊണ്ട് ഭ്രാന്തനാകാതിരിക്കാനായി സുഡോകുവോ ക്രോസ്സ് വേഡോ പോലുള്ള പദപ്രശ്നങ്ങൾ പൂരിപ്പിച്ചു കളിക്കാനോ മറ്റോ ആണത്രേ അദ്ദേഹം ഈ പഴയ പത്രക്കെട്ടുകൾ വാങ്ങിച്ചത്.  

പണ്ട് നാട്ടിലെ വീടുകളിൽ വന്ന് പഴയ പത്രങ്ങളും ഇരുമ്പ് തുരുമ്പ് പ്ലാസ്റ്റിക്കുകളും മറ്റും തൂക്കി വില തന്ന് ചാക്കിലാക്കി കൊണ്ടുപോയിരുന്ന മുത്തുവിന്റെ ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതായി തോന്നിയിരുന്നു മുൻപെപ്പോഴോ കണ്ടപ്പോൾ. ജീവിതം എവിടെയെങ്കിലുമൊക്കെ ചേക്കേറാനുള്ള ബദ്ധപ്പാടാണല്ലോ എങ്ങും.

നമ്മുടെ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎസുകാരിയായ റിട്ടയേർഡ് ഓഫീസർ തന്റെ അച്ഛൻ, അദ്ദേഹത്തിന്റെ വിദ്യാർത്ഥിക്ക്‌ ഇംഗ്ലീഷിൽ പ്രാവീണ്യം നേടാൻ ഒരുകെട്ട് പഴയ പത്രങ്ങൾ വാങ്ങിക്കുന്നതിനുവേണ്ടി അമ്പത് പൈസാ കൊടുത്ത കഥ കേട്ടത് യാദൃച്ഛികമായും ഇന്നലെയായിരുന്നു. അവർ പറഞ്ഞ കഥയിലെ,
"very little is needed to make a happy life" 
എന്നൊക്കെ ചക്രവർത്തി ജീവിതം നയിച്ച മാർക്കസ് ഔറേലിയസിനൊക്കെ വളരെ എളുപ്പത്തിൽ പറഞ്ഞുപോകാൻ കഴിഞ്ഞു കാണുമായിരിക്കും. അതൊന്നും പോരാ ഓരോർത്തർക്കും എന്ന്, അവർ പറഞ്ഞ ആ കഥയിൽ തന്നെയുണ്ടല്ലോ എന്ന് കുറ്റം പറഞ്ഞു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ദോഷൈകദൃക്കുകൾ എന്നെപ്പോലെ വേറെയും കാണുമായിരിക്കുമെന്ന് സമാധാനിച്ചേക്കാം.

മനുഷ്യരുടെ ജീവിതം കഥകളും സുഡോക്കുകളും കെട്ടുപിണഞ്ഞ് അങ്ങനെയങ്ങനെ കല്പാന്തകാലത്തോളം കാത്തിരിക്കട്ടെ. തപോമയിയുടെ അച്ഛന്റെ കഥ മേശപ്പുറത്തിപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ട്. 

4 ജനുവരി 2026
#reading #thoughts