Sunday, December 8, 2019

കൊതുക്


ഒരു നിമിഷം, അക്ഷരങ്ങളിലൂടെ ഇഴയുന്ന കണ്ണുകളെ പെറുക്കിയെടുത്ത് ഞാനെന്റെ നീട്ടിവച്ച കാലുകളിലേക്കെറിഞ്ഞു. അതാ, കാല്പാദത്തിൽ അവൾ. അല്ല, അവർ ഒരുപറ്റമാണെന്ന് അടുത്ത നിമിഷത്തിനു മുൻപേ തിരിച്ചറിഞ്ഞു. എന്റെ അല്പനേരത്തെ അശ്രദ്ധയെ അവർ മുതലെടുക്കുകയാണ്.

അഹങ്കാരം രോഷമായ് വളർന്ന് സിരകളിലൂടെ എന്റെ കൈകളിലേക്കെത്താനും ഒരു നിമിഷാർദ്ധം ധാരാളമായി.
ഉയർന്ന കൈയ്യാലെ ഒന്നടിച്ചു, ഒന്നേ അടിച്ചുള്ളൂ . ഒന്നും ചത്തില്ല, ഞാൻ നിസ്സഹായനായി. അവന്റെ കഴിവുകളിൽ ഞാൻ അസൂയാലുവായി, എന്റെ കഴിവുകേടിൽ അപകർഷനും.

ഒന്നിനോടും പ്രതിബന്ധതയില്ലാതെ, ഊറ്റിക്കുടിച്ച് ഉന്മത്തരായി പറന്നു നടക്കുന്നവർ. ഊറ്റിക്കുടിക്കാൻ അനുവദിച്ച എന്റെ സേവനത്തിനവർ ടിപ്പും തന്നിരിക്കുന്നു; ചൊറിച്ചിൽ!
ദേഷ്യവും ചോറിച്ചിലും . പത്തു വിരലും കൊണ്ട് മാന്തിചൊറിഞ്ഞു . ഒടുവിൽ സിര ചുരന്ന, തൊലി ചുവന്നു . തത്കാലം ചൊറിച്ചിൽ നിർത്തി. അവളോടുള്ള ദേഷ്യത്തിനിപ്പോ അല്പം ശമനമുണ്ട്.

എന്റെ രക്തത്തെ പ്രണയിച്ച അവരോടുള്ള അനുകമ്പ എന്റെ തൊലിയിലെ നഖപ്പാടിൽ നീറുന്നുണ്ടിപ്പോൾ.
അവരുടെ പ്രണയം എന്നിലേല്പിച്ച നോവിനെ താലോലിച്ച് ഞാനിരുന്നു. അതാ, അവരിലൊരുവൾ വരുന്നുണ്ട് . എന്റെ സിരകളെ പ്രണയിച്ച, എന്റെ രക്തമൂറ്റിയവൾ! ആടിക്കുഴഞ്ഞ് മൂളിപ്പറന്നു വരുന്നു. ഞാൻ തക്കം പാർ‌ത്തിരുന്നു.

ഇനി നീയെന്നെ വിട്ടുപോക്കുന്നതെനിക്കൊന്നു കാണണം, ഞാൻ അടക്കം പറഞ്ഞു. അവൾ എന്റെ കാലിൽ കൂർത്തു നേർത്ത ചുണ്ടാൽ ചുംബിച്ചു. അവൾ ആ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങാൻ ഞാൻ കാത്തിരുന്നു.
ഒടുവിൽ, എന്റെ കൈപ്പടം ഉയർന്നു താണു. കൈവെള്ളയിൽ നനവു പടർന്നു, ചുവപ്പു രാശി പടർന്നു. തീർന്നു, എന്റെ സിരകളിൽ തിളച്ച രക്തം അവളിലെത്തിയപ്പോഴേക്കും ആറി തണുത്തിരുന്നു !


--------------------

ഫേസ്ബുക്ക് ചുവരിൽ മുൻപ് എഴുതിയത്.



2 comments:

  1. ഒന്നിനോടും പ്രതിബന്ധതയില്ലാതെ, ഊറ്റിക്കുടിച്ച് ഉന്മത്തരായി പറന്നു നടക്കുന്നവർ.

    ReplyDelete
  2. ഒറ്റ രക്തമല്ലേ..തണുപ്പിക്കാതെ വിടാമായിരുന്നു.
    ബഷീറിയൻ സ്റ്റൈലിൽ.

    ReplyDelete