Friday, January 15, 2010

മിസ്സ്‌ഡ്‌ കോള്‍

       പതിവുള്ള സമയത്തിനു ഏറെ കഴിഞ്ഞും ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഇല്ല,ഒരിക്കല്‍ പോലും ഇത്രയും വൈകിയിട്ടില്ലല്ലോ ? സമയം ഒന്നിനെയും കാത്തിരിക്കാതെ കടന്നുപോകുമ്പോഴും എന്റെ കാത്തിരിപ്പിന്റെ നീളം കൂടിക്കൊണ്ടിരുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.എന്റെ ചിന്തകള്‍ ഓരോ കരയേയും തഴുകിയൊഴുകുന്ന പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു.പുഴകൈവഴികളായ്‌ പിരിയുന്നതുപോലെ എന്റെ ചിന്തകളിലെ വേലിയേറ്റം അവള്‍ എന്ന നീര്‍ച്ചോലയിലേക്കൊഴുകി നീങ്ങാന്‍ തുടങ്ങി. 
       അവളെ ഞാനെങ്ങിനെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തും , അവളുടെ പേരു പറഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കവളെ മനസ്സിലാകുമോ ? ഇല്ല, ഒരേ പേരില്‍ എത്രയോ അവളുമാര്‍ അഭിരമിക്കുന്നു.വേണ്ട, അവള്‍ക്കൊരു പേരിന്റെ പിന്‍ബലം.നിങ്ങള്‍ അവളെ എന്തു പേരില്‍ വിളിച്ചാലും എനിക്കു വിരോധമില്ല.അവളുടെ കാര്യം നിങ്ങള്‍ നോക്കേണ്ട,എന്നിലൂടെയല്ലേ നിങ്ങള്‍ അവളെ പരിചയപ്പെടുന്നത്‌.
       മൊബൈല്‍ഫോണുകള്‍ സര്‍വ്വവ്യാപിയായ ഇന്നു മിസ്സ്‌ കോള്‍ സുപരിചിതമാണല്ലോ.എങ്കിലും എന്നെ പരിചയമുള്ളവര്‍ക്കാര്‍ക്കും എന്റെ ഫോണിലേക്കു ഒരു മിസ്സ്‌ കോള്‍ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന ആ നാളുകളില്‍ പോലും അതിനു മുതിര്‍ന്ന അവളോടെനിക്കല്‌പം ഈര്‍ഷ്യയാണാദ്യം തോന്നിയത്‌. പിന്നീടതു അവളുടെ ധൈര്യത്തോടുള്ള ആരാധനയും സൗഹൃദവുമായ്‌ വളര്‍ന്നതെപ്പോഴാണന്നറിയില്ല.പിന്നീടാ മിസ്സ്‌ കോളുകള്‍ നിത്യസംഭവുമായല്ലോ.എപ്പഴോ ഞാന്‍ ചെയ്‌ത മറുപടി മിസ്സ്‌ കോള്‍ ആയിരിക്കാം അവള്‍ക്ക്‌ പ്രോത്സാഹനമായി ഭവിച്ചത്‌.
      പിന്നീടുള്ള രാത്രികളോരോന്നും മിസ്സ്‌ കോളുകളുടേതുമായിരുന്നു.ഞങ്ങളുടെ നിശ്വാസങ്ങളോരോന്നും മിസ്സ്‌ കോളുകളിലൂടെ സംവദിച്ചിരുന്നു.നിങ്ങള്‍ക്കതൊരാശ്ചര്യമായി തോന്നിയേക്കാം;പരസ്‌പരം മിസ്സ്‌ കോളുകളയച്ചു ഉറക്കമില്ലാത്ത രാത്രികള്‍ പരസ്‌പരം സമ്മാനിച്ചതൊക്കെയും നിങ്ങള്‍ക്കൊരു കടംകഥയായി തോന്നിയേക്കാം.അതായിരുന്നു സത്യം.പിന്നിട്ട ദിവസങ്ങളോരോന്നും വര്‍ഷങ്ങളുടെ കൂട്ടിവയ്‌ക്കലിലേക്കു വഴിമാറി.
     മുറിയിലെ നിശബ്ദതയെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ ഭേദിച്ചപ്പോഴാണു ഞാന്‍ സ്വപ്‌നലോകത്തു നിന്നും ഉണര്‍ന്നത്‌.അതെ അതവളായിരുന്നു.പക്ഷെ ഒരു മിസ്സ്‌ കോളിലൊതുങ്ങുന്ന അവള്‍ ഇതാ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.ഇവള്‍ക്കിതെന്തു പറ്റി.ഞാന്‍ കോള്‍ ബട്ടണില്‍ വിരലമര്‍ത്തി കാതോര്‍ത്തിരുന്നു.
    ``ഹലോ, ഞാന്‍ പോവ്വാ.എന്നെ യാത്ര പറഞ്ഞയക്കാന്‍ നീ വരില്ലെ? നീയല്ലാതെ മറ്റാരാ വരാന്‍.ഞാന്‍ കത്തിരിക്കും.``
          എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ അവള്‍ ഡിസ്‌കണക്‌റ്റ്‌ ചെയ്‌തു.
     ഔപചാരികതയുടെ വേലിയേറ്റം മനസ്സിനെ മദിച്ചുകൊണ്ടിരിന്നുതാകാം അവളെ യാത്രയാക്കാന്‍ ഞാന്‍ തെല്ലും സങ്കോചം കൂടാതെ ചെന്നു.ഒപ്പം ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ മൊബൈല്‍ ഫോണും .അവളെ കണ്ടപ്പോള്‍ കരുതിവച്ചിരുന്ന യാത്രാമംഗളെല്ലാം മറന്നുപോയിരിക്കുന്നു.എന്നെന്നും എന്നെ ഓര്‍ക്കുവാന്‍ ``ഓര്‍മ്മിക്കണം'' എന്ന വാക്കുപോലും പറയാതെ ആ മൊബൈല്‍ ഫോണ്‍ അവള്‍ക്കു നല്‍കി.ഒരുപാടുപേരുടെ മുന്നില്‍ നിന്നും അവളതു വാങ്ങിക്കൊണ്ട്‌ പറഞ്ഞു,
             `` നീ വരുമെന്നു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.`` 

       തിരിച്ചൊന്നും പറയാതെ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു,വേണ്ടായിരുന്നു.അവളുടെ പ്രതീക്ഷകളെ തകര്‍ത്തുകളയാന്‍ എനിക്കു പോകാതിരിക്കാമായിരുന്നു.എന്നും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ എനിക്കു കഴിയാറില്ലല്ലോ.
      പക്ഷെ,കാലങ്ങള്‍ക്കു ശേഷവും ഒരു സംശയം എന്നില്‍ ഇന്നും അവശേഷിക്കുന്നു. വെറുമൊരു സൗഹൃദത്തില്‍നിന്നുയരാന്‍ കഴിയാതിരുന്ന എന്റെ മനസ്സിന്റെ വലിപ്പക്കുറവുമാത്രമായിരുന്നോ അവള്‍ എന്നില്‍ നിന്നകലുവാന്‍ കാരണം...?
ഒന്നു മാത്രം അറിയാം ,ഇന്നും ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നു.കാലത്തിന്റെ മിസ്സ്‌ കോളിനായ്‌.




9 comments:

  1. കൊള്ളാം മാഷേ,

    ഈ ബ്ലൊഗിലും നോക്കുമല്ലോ..
    ജോയിന്‍ ചെയ്യുമല്ലോ..!!
    പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

    http://tomskonumadam.blogspot.com/

    ReplyDelete
  2. കാള്‍ മിസ്സ് ചെയ്യല്ലേ!

    ReplyDelete
  3. മിസ്സ്കോൽ അടിചുകളിക്കാൻ ഒരു രസം
    മിസ്സ്കൊളിന്റെ വില അതില്ലാത്തപ്പോഴേ അറിയൂ.

    ReplyDelete
  4. മിസ് ചെയ്യുന്നത് പലപ്പോഴും കോള്‍ മാത്രമല്ല മാഷേ...!

    ReplyDelete
  5. മിസ്‌ഡ് കോൾ അന്യോന്യം അറിയുന്നവർക്ക് ഓർമ്മിപ്പിക്കലാണ്. അറിയപ്പെടാത്തവരുടെ കോളിന്റെ പിന്നാലെ പോകുന്നത് അപകടവും.

    ReplyDelete
  6. ചിലപ്പോള്‍ ചിലതു മിസ്സ് ചെയ്യുമ്പോഴാ എന്തു തന്നെയായാലും അവയില്ലാത്തതിന്റെ ശൂന്യത അറിയുന്നത്.. :)

    ReplyDelete