Friday, January 29, 2010

ഇങ്ങനെ പകവീട്ടാന്‍ ഞങ്ങള്‌ എന്തു തെറ്റു ചെയ്തു ?


 ദ്രോണ കണ്ടു. ആദ്യത്തെ 15 മിനുട്ട് കഴിഞ്ഞേ തീയറ്ററില്‍ എത്താന്‍ സാധിചുള്ളൂ.അതുകൊണ്ട് അതിനു ശേഷമുള്ള ഭാഗം ദര്‍ശിക്കാനുള്ള ഭാഗ്യമെ എനിക്കുണ്ടായുള്ളൂ.
      കണ്ടു തുടങ്ങുമ്പോള്‍ ശാലീന സുന്ദരിയായ(??) നായികയുടെ പെണ്ണുകാണല്‍ ചടങ്ങ് .കാലങ്ങളായ് മലയാള സിനിമയിലെ കുസൃതികളായ നാടന്‍ നായികമാര്‍ അവര്‍ക്കിഷ്ടമില്ലാത്ത വിവാഹാലോചനകളെ പ്രതിരോധിക്കുന്ന വഴിയിലൂടെയുള്ള ചെറുത്തു നില്പ് ,ഈ നായികയും പഴയ ആ സിനിമ(കള്‍) കണ്ടെന്നു തോന്നുന്നു.പുതിയ മാര്‍ഗ്ഗങ്ങളൊന്നും പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല.ഹൊ! എന്തിനാന്നെ,പലരും പരീക്ഷിച്ചു വിജയിച്ച മാര്‍ഗ്ഗം ഉള്ളപ്പോള്‍പുതിയ പരീക്ഷണങ്ങള്‍ ,അല്ലെ.അതു കഴിഞ്ഞ് അനിവാര്യമായ അനുരാഗവും കുസൃതിയും നിറഞ്ഞ പാട്ട്. അപ്പോഴേക്കും സുന്ദരിയായ(?) നായികയ്ക്കു പിറകെ പോയി അവശനായ വില്ലന്‍റെ അരങ്ങേറ്റം .ഫ്ലാഷ് ബാക്കില്‍ നായികയെ കടന്നുപിടിച്ച വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകന്‍ , സന്തോഷവതിയായ നായിക. ഓര്‍മ്മകള്‍ക്കു മുന്നില്‍ കുടിപ്പകക്കാരായ കുടുംബം .കസര്‍ത്തുകളിയില്‍ പെന്‍ഷന്‍ പറ്റാറായിട്ടും കസേര ഓഴിഞ്ഞു കൊടുക്കാത്ത അച്ഛനും എന്തിനും പോന്ന രണ്ടുമൂന്ന് ആണ്‍മക്കളും വീറും വാശിയും ഒട്ടും കുറയാത്ത സഹോദരിയും ,ഇതു വില്ലന്‍ കുടുംബം . ഇവരോക്കെ കൂടി റിയല്‍ എസ്റ്റേറ്റു ബിസിനസ്സുകാരനായ ഒന്നാം നായകനെ തങ്ങളുടെ കുടുംബത്തിലെ ഒരു പ്രേതം വാഴുന്ന മനയില്‍ കൊണ്ടുപോയി കൊല്ലുന്നു.
       ഇതിനിടയില്‍ പ്രേതത്തെകുറിച്ച് ഒരു ആമുഖം നല്കാന്‍ അണിയറ ശില്പികള്‍ മറന്നില്ല. ബുദ്ദിമതിയും അതിലേറെ സൌന്ദര്യവും (?) ഉള്ള പെണ്ണിന്‍റെ ബുദ്ദിപരിശോധനയിലൂടെ അപമാനിതയായവള്‍ തലതല്ലി ചത്താല്‍ അവള്‍ പ്രേതമാകാതെ എന്തു ചെയ്യും (ഇവള്‍ സാവിത്രി,പതിവ്രതയല്ലാത അമ്മേന്‍റെ  മോള്‌ ).
       ഇനി അനിയനെ കൊന്നവരോടു പകവീട്ടാന്‍ എത്തുന്ന മഹാ ജ്ഞാനിയും പൂജാരിയും എന്തിനേറെ പ്രൊഫസ്സറുമായ രണ്ടാം നായകന്‍റെ രംഗ പ്രവേശം .ഇവിടെ മൂത്രമൊഴിക്കേണ്ടവര്‍ക്കും കപ്പലണ്ടി തിന്നേണ്ടവര്‍ക്കുമുള്ള ഇടവേള .
       ഇനിയാണറിയുന്നത് നമ്മുടെ രണ്ടാം നായകന്‍റെ വാമഭാഗം (സഹധര്‍മ്മിണി) വില്ലന്‍ കുടുംബത്തിലെ തലതിരിഞ്ഞ പെണ്ണാണെന്ന്‌.ഇവരുടെ പുടമുറി നടത്തിക്കൊടുത്തതോ നമ്മുടെ ചത്തു പോയ ഒന്നാം നായകനും .ആ ഓര്‍മ്മയില്‍ അനിയനെ സ്മരിച്ചുകൊണ്ടുള്ള ഏട്ടത്തിയമ്മയുടെ കണ്ണീര്‍മഴ.....
      പക വീട്ടാനുള്ളതാണെന്നു പറയുന്ന നമ്മുടെ പൂജാരി നായകന്‍ രണ്ടുമൂന്നു മല്ലന്മാരായ ശിഷ്യന്മാരുടെ കൂടെ പ്രേതഭവനത്തിലേക്ക് (ഒറ്റയ്ക്കു പോകാന്‍ പേടിയുണ്ടായിട്ടായിരിക്കില്ല,ചുമ്മ ഒരു ഭംഗിക്കു കൂടെക്കൂട്ടിയതായിരിക്കും മല്ലന്‍മാരെ,അവര്‍ക്കും ജീവിക്കണ്ടെ.).
         ഇവിടുത്തെ വില്ലന്‍മാര്‍ ഭയങ്കര അടിച്ചു പോളിക്കാരായതു കൊണ്ട് നമ്മുടെ ആ പ്രേതഭവനം  ബൊംബ് വച്ചു തകര്‍ക്കാനായിരുന്നു അവരുടെ അടുത്തെ ശ്രമം .ഇലക്ട്രോണിക്സില്‍ പുലികളായ നമ്മുടെ വില്ലന്മാര്‍ ബോംബ് പൊട്ടിക്കാന്‍ ഒരു റിമോട്ട് കണ്ട്രോളര്‍ ഉപയോഗിചിരിക്കുന്നതുകൊണ്ട് ഇതു നമ്മുടെ നാട്ടിലെ പോളിടെക്നിക്കില്‍ പഠിക്കുന്ന പാവം പിള്ളേര്‍ക്കു വേണമെങ്കില്‍ ഒരു പ്രോജെക്റ്റ് സഹായിയായി പരിഗണിക്കാവുന്നതാണ്‌ .
ഈ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാനു പുപ്പുലി പൂജാരിയുടെ വരവു.കൊള്ളാം ,വെറുതെയിരിക്കുവല്ലെ ഒരു കൈയ്യടിക്കു വകയുണ്ട്‌ .
     വില്ലന്മാരെ ആട്ടിപായിച്ചു നായകനും പരിവാരങ്ങളും പുരാതനമായ ആ മനക്കലേക്കു...
         ചിലന്തിവലയും കൊഴിഞ്ഞു വീണ ഇലകളും കൂറ്റന്‍ വാതിലുകളുമുള്ള സ്ഥിരം പ്രേതഭവനം . അവിടെയാണു നായകന്‍ പൂജാരി മാത്രമല്ല ഒരു തച്ചു ശാസ്ത്രജ്ഞനും കൂടിയാണെന്നു വേളിപ്പെടുന്നതു .പൂജാരിക്കു മല്ലന്‍മാരുടെ തമാശ കേട്ടു മടുത്തിട്ടോ മറ്റോ ഭയങ്കര തമാശകാരനായ പെരുന്തച്ചനെ മനക്കലെ അടിച്ചുതളിക്കാരനായി അവരോധിച്ചത് .അതേതായാലും നന്നായി ,മിണ്ടാനും പറയാനും ഒരാളുണ്ടായല്ലോ .(ഇത്രേം നേരം നമ്മടെ പൂജാരിന്‍റേം പരികര്‍മ്മികളുടേം കണ്ണും മൂക്കും ഗോഷ്ടികളും കണ്ടോണ്ടിരിക്കുവാരുന്നല്ലോ .)
      മൂന്നാറിലും നാലാറിലും കൈയ്യേറ്റം നടക്കുന്ന ഈ കാലത്തു നമ്മുടെ പൂജാരിയുടെ മല്ലന്‍മ്മാര്‍ വില്ലന്‍മ്മാരുടെ കൈയ്യേറ്റ ഭൂമി നിഷ്പ്രയാസം ഒഴിപ്പിച്ചെടുക്കുന്നു.ഇവര്‍ചില്ലറക്കാരല്ല,ഇവരെ നിയന്ത്രിക്കാന്‍ നായകന്‍റെ ടൊയോട്ടയുടെ ഒരു ഹോണ്‍ ധാരാളം .
      ഇനിയാണു പ്രേതബാധ ഒഴിപ്പിക്കല്‍ .അടിതടയില്‍ പത്തൊമ്പതാമതൊരടവുണ്ടെങ്കില്‍ അതും പഠിച്ചിട്ടുള്ള പൂജാരി പൂജയും മന്ത്രവുമൊന്നുമല്ല ഒഴിപ്പിക്കാനുപയോഗിച്ചിരിക്കുന്നത് , സ്റ്റണ്ടുമാസ്റ്ററുടെ ഒത്താശയില്‍ ഒരു തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു നമ്മുടെ മന:ശ്ശസ്ത്ര വിദഗ്ദന്‍ കൂടിയായ മന്ത്രവാദി.അങ്ങനെ പകയും പ്രേതബാധയും തീര്‍ത്ത് നാലുകെട്ട് മനയുടെ താക്കോല്‍ നായികയുടെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ച് പൂജാരിയും പരികര്‍മ്മികളും വേദമന്ത്രങ്ങളുടെ അകമ്പടിയോടെ തിരിച്ചു പോകുമ്പോള്‍ ....
      ശുഭമസ്തു .


      കൊട്ടേഷന്‍ കാലത്തെ ബാധകളെ ഒഴിപ്പിക്കാനുള്ള പുതിയ തന്ത്രവിധികളെ കാട്ടിത്തന്ന കൈലാസശൃംഗത്തില്‍ വസിക്കുന്ന മ്മടെ ഷാജിയേട്ടനു ഒരായിരം നന്ദി.
     പൂജകള്‍ കൊണ്ടു ഒരു കാര്യമില്ലാന്നു അങ്ങോര്‍ക്കു തോന്നിക്കാണും അതുകോണ്ടായിരിക്കും മഹാ പൂജാരിയായ നായകനെക്കൊണ്ട് ഒരു പൂജപോലും ചെയ്യിക്കാതിരുന്നതു.എന്നാലും കുറെ മന്ത്രങ്ങള്‍ചൊല്ലിച്ചിരിക്കുന്നു.അതില്ലതെ എന്തോന്ന് ഷാജികൈലാസ് ചിത്രം ,അല്ലെ?
      മലയാള സിനിമയെ ബാധിച്ചിരിക്കുന്ന അങ്ങോരെപോലെയുള്ള ബാധകള്‍ക്കു നേരെ പ്രോഫ.മാധവന്‍ നമ്പൂതിരിയുടെ മന്ത്രവും തന്ത്രവും പയറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..
പ്രേക്ഷകരായ നാം അടിതടയിലൂടെ ആ കര്‍മ്മം നിര്‍വഹിച്ചു കൊടുത്താല്‍ ആ ബാധയില്‍ നിന്നു മോചിതമാക്കി  തീയറ്ററില്‍ ആളനക്കം ഉണ്ടാക്കാം .
       മില്ലേനിയം സ്റ്റാര്‍ മമ്മൂക്കയോട് :- എന്തിനായിരുന്നു ഈ കടും കൈ.

    നായികമാരുടെ കാര്യത്തില്‍ ഒട്ടും പിശുക്കു കാട്ടിയിട്ടില്ല.പിന്നെ നായികമാര്‍ പറഞ്ഞേക്കാം  അവര്‍ക്ക് അര്‍ഹമായ കഥാപാത്രങ്ങള്‍ കിട്ടീട്ടില്ലാന്ന്.അവരോടായി :- കിട്ടീട്ടില്ലെങ്കില്‍ അഭിനയിക്കരുതായിരുന്നു.ആണുങ്ങള്‍ എടുക്കുന്ന സിനിമേലു പെണ്ണുങ്ങള്‍ക്കിത്തിരി പ്രാധാന്യം കുറഞ്ഞെന്നിരിക്കും .അല്ലെങ്കില്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ ഒരു സിനിമാ പിടിച്ചോ.അതില്‍ ആണുങ്ങളെ അഭിനയിപ്പിക്കുകയേ വേണ്ട.
നയനാനന്ദപ്രദമായി നായികമാരെ മേയ്ക്കപ്പ് ചെയ്തു നിര്‍ത്തുക എന്നല്ലാതെ ഈ വക ചിത്രങ്ങളില്‍ അവരെക്കൊണ്ട് എന്തു പ്രയോജനം ? ഇതായിരിക്കും അവരുടെ കാഴ്ചപ്പാട് .ബുദ്ദിമുട്ടുള്ളവര്‍ ഈ വക ചിത്രങ്ങളില്‍ അഭിനയിക്കതിരിക്കുക;അല്ലാതെ കടപ്പാട് , കഷ്ടപ്പാട് എന്നിവയാണു അന്നു ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം എന്നു പിന്നീടു പറയാന്‍ പോകരുതു.നിങ്ങള്‍ അഭിനയിച്ചില്ലെങ്കില്‍ ഇവന്മാര്‍ എന്തു ചെയ്യുമെന്നു നോക്കമല്ലോ.

     പിന്നെ ഷാജിയേട്ടോ മ്മടെ നാട്ടിലെ (കരിവെള്ളൂര്‍ ,കണ്ണൂര്‍) ഒരു ഐതിഹ്യം (ശ്രീ മുച്ചിലോട്ടു ഭഗവതി;കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഘനം വായിച്ചിരിക്കുമല്ലോ? ) മോഷ്ടിച്ചല്ലെ?(സാവിത്രി).

ന്നാലും നല്ല പടമാണു .എല്ലാവരും ടിക്കറ്റെടുത്തു തീയറ്ററില്‍ പോയിതന്നെ കാണണേ.. വംശനാശം സംഭവിച്ചേക്കാവുന്ന മലയാള സിനിമയെ രക്ഷിക്കേണ്ട കടമ നമുക്കില്ലേ ??

എല്ലാം കഴിഞ്ഞപ്പോള്‍ സഹൃദയനായ സുഹൃത്തിന്‍റെ  കമന്‍റ്:  പകവീട്ടാനുള്ളതും പടം പൊട്ടാനുള്ളതും
ഫോട്ടോ കടപ്പാട് : www.nowrunning.com

13 comments:

 1. പയ്യന്നൂര് എവിടെയാ പടം? ആരാധനയിലാണോ? അടുത്തമാസം ബാങ്കളൂരീന്ന് വരുമ്പോ കാണുമോ പടം തിയേറ്ററില്‍? എവിടുന്ന് അല്ലേ....

  സാരൂല്ലാ എനിക്ക് വിധിച്ചിട്ടില്ലാന്ന് കരുതാം...

  ഓടോ: ഞാന്‍ ഷാജി കൈലാസിന്റെ കൂതറപടങ്ങളുടെ ആരാധകനാണ്... ബൂട്ട് ഞാന്‍ രണ്ട് പ്രാവശ്യം കണ്ടു... രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ബോധം കെട്ട് ഉറങ്ങാം...

  ReplyDelete
 2. അപ്പൊ ഇതും തതൈവ..ബോഡിഗാര്‍ഡ് കണ്ട് ക്ഷീണം മാറിയതേ ഉള്ളൂ..:)
  നന്ദി.ഈ തകര്‍പ്പന്‍ നിരൂപണത്തിന്..

  ReplyDelete
 3. @രായപ്പന്‍ :- പയ്യന്നൂരിലെ കാര്യം അറിയില്ല.ഞാനിപ്പൊ കൊച്ചിയിലാണ്‌
  പിന്നെ ഞാനും പണ്ടൊരു കൂതറയായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും സമയമില്ലായ്മയും എന്നില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തി.അങ്ങനെ ഇരിക്കുമ്പോളാണ്‌ ദ്രോണ കാണാനുള്ള ഉള്‍വിളിയുണ്ടായതു.

  നന്ദകുമാറിനും ആദര്‍ശിനും നന്ദി.എന്നാലും പടം കാണാതിരിക്കരുത് .ഇതു ചിലപ്പോള്‍ എന്‍റെമാത്രം അഭിപ്രായമാണെങ്കില്‍ പിന്നീടു പശ്ചാത്തപിക്കാന്‍ ഇടവരുത്തരുത് .

  ReplyDelete
 4. ഇന്നലെ ഞാനും ആ ട്രെയിനിനു തലവെച്ചു. ഉറങ്ങാന്നു വിചാരിച്ചാല്‍ അതും നടക്കില്ല. പൂരപ്പറമ്പിലില്ലാത്ത ബഹളങ്ങളാണാകെ.

  ശരി തെറ്റുകളെ തിരിച്ചറിയാത്ത ഷാജിയുടെ പടങ്ങള്‍ ഇനി കാണില്ലെന്നു തീരുമാനമെടുത്തിരുന്നതാണ്. പക്ഷേ പഴശ്ശിയും, പാതിരാമാണിക്യവും, ചട്ടമ്പി നാടും വീണ്ടുമൊരു മമ്മൂട്ടി ചിത്രം കാണാന്‍ മോഹിപ്പിച്ചു.

  ഷാജിക്കു ഇപ്പോഴും പൂജയാണോ അടിയാണോ വൈദ്യമാണോ ബാധയൊഴിപ്പിക്കാന്‍ നല്ലതെന്നു നിശ്ചയമില്ല. ആകെ തോന്നിയൊരു കൌതുകം സ്ത്രീപ്രേതബാധയേറ്റ പുരുഷനാ. അന്യനിലെ പോലെ ഒരു ഭാവഭേദമവിടെ കാട്ടാന്‍ കഴിയുന്ന നടന്‍ മനോജ്.കെ.ജയന്‍ ഉണ്ടായിട്ടും വെറുപ്പിച്ചു. ഭാവം മുഖത്താണു വരികയെന്ന തിരിച്ചറിവില്ലാതെ ക്യാമറ വേറെവിടൊക്കെയോ ഓടി നടന്നു.

  പക, വീട്ടാനുള്ളതാണെന്നു പ്രേക്ഷകര്‍ പറഞ്ഞു പഠിച്ചാല്‍ ആനിച്ചേച്ചീടെ കാര്യം കട്ടപ്പൊക. കുടുംബത്തു കേറിത്തല്ലും പ്രേക്ഷകര്‍.

  ReplyDelete
 5. പടം കണ്ടില്ല വിലയിരുത്തലുകൾ നന്നായിരിക്കുന്നു
  പക്ഷെ ആണുങ്ങൾ എടുക്കുന്ന പടത്തിൽ പെണ്ണുങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൂടെ! ശക്തമായ സ്ത്രീ കഥാപത്രങ്ങളുള്ള പടങ്ങൾ വിജയിക്കുന്നുണ്ടല്ലോ?
  പക്ഷെ അതിന്റെ ആവിശ്യം ഒരു ഏകധ്രുവ സമൂഹത്തിനില്ല
  ഞാനൊരു സിനിമ/ കഥ എഴുത്യിട്ട് വേണം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ.

  ReplyDelete
 6. പഥികന്‍, താങ്കളുടെ വിലയിരുത്തലിനു നന്ദി

  ReplyDelete
 7. നന്ദന,പിന്നെ ആണുങ്ങള്‍ എടുക്കുന്ന പടത്തിന്‍റെ കാര്യം ,അത് എന്‍റെ അഭിപ്രായമല്ല പൊതുവെ കണ്ടിട്ടുള്ളതങ്ങനെയാണല്ലൊ.മറിച്ചു സംഭവിക്കുന്നത് വിരളം .എന്‍റെ അഭിപ്രായം കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരണം എന്നാലെ ഞാനുള്‍പ്പെടുന്ന ആണ്‍വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട ഏകധ്രുവ സമൂഹ സിനിമക്കാരുടെ കാഴ്ചപ്പാടുകള്‍ മാറുകയുള്ളൂ.താങ്കളുടെ ഉദ്യമത്തിന്‌ ഭാവുകങ്ങള്‍ നേരാന്‍ മാത്രമെ കഴിയൂ.അതിന്‍റെ നിര്‍മ്മാണത്തിന്‌ സഹായിക്കാന്‍ ഞാനൊരു പണക്കാരനല്ലാത്തതുകൊണ്ട് തല്കാലം നിര്‍വാഹമില്ല.എന്നെങ്കിലും ഞാനൊരു പണക്കാരനാകുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സഹായിക്കാം (എന്‍റെ വ്യാമോഹം )

  ReplyDelete
 8. അപ്പോ പണി കിട്ടി എന്നര്‍ത്ഥം അല്ലേ? സാരമില്ല, ഇതിനേക്കാള്‍ വലുതെന്തോ വരാനിരുന്നതാ ;)

  ReplyDelete
 9. ഈ പടത്തിന്റെ പ്രേക്ഷകര്‍ക്ക് നരകത്തില്‍ ഒരു സെക്കന്റിന് ഒരു വര്‍ഷം വെച്ച് സമയം കുറഞ്ഞു കിട്ടും

  ReplyDelete
 10. Hirosh - നന്ദി

  ശ്രീ - പണി കിട്ടി ,വലുത് വരാഞ്ഞത് എന്റെ ഭാഗ്യം

  kARNOr (കാര്‍ന്നോര്) - അത് ശരി ,ഇതു കണ്ടിറങ്ങിയപ്പോ വിചാരിച്ചത് നരകം ഇവിടെ വച്ച് തനെ അനുഭവിച്ച് തീര്‍ന്നെന്നാ .അപ്പൊ ബാക്കിയുണ്ടത്രെ അല്ലേ

  ReplyDelete
 11. പോങ്ങുമ്മൂടനിലിട്ട ലിങ്ക്‌ കണ്ട്‌ കയറിയതാണു.നല്ല അഭിപ്രായം തന്നെ.

  ReplyDelete