Thursday, February 11, 2010

എന്തിനീ സാന്ത്വനയാത്ര ?

ഓരോ പുലരിയും
നല്കുമെനിക്ക് പുതു വാര്‍ത്തകള്‍
ഉണ്ടോ ഇതിലവശേഷിപ്പിക്കുന്ന
കൌതുകങ്ങള്‍ ?
ശേഷിക്കുന്നതോര്‍മ്മപ്പെടുത്തലിന്‍
നഖക്ഷതങ്ങള്‍ മാത്രം !

വാര്‍ത്തകള്‍ക്കിവിടെത്ര മാധ്യമങ്ങള്‍
അതോ, വാര്‍ത്തകള്‍
മാധ്യമസൃഷ്ടികളോ?

സൌഹൃദങ്ങളുടെ വിശാലമാം
നാട വലിക്കുന്ന നീയുമെനിക്കിന്നു
തന്നുവോ വീണ്ടുമൊരു
അന്ത്യയാത്രതന്‍ ദു:ഖവാര്‍ത്ത ?
ആ നിമിഷമെന്‍ മനസ്സില്‍
വീണ്ടുമൊരു ചോദ്യം ,
വേണമോ ഇനിയുമീയേകാന്തപഥികന്‍റെ
സാന്ത്വനയാത്ര ?
നല്കിയേക്കാം ചിലപ്പോള്‍
ഒരല്പം ശാന്തതയവളുടെ
വിങ്ങും ഹൃദയത്തിനീ സൌഹൃദം .

പക്ഷെ , കഴിയുകില്ലല്ലോ
നല്കുവാനെനിക്കു ആത്മാര്‍ത്ഥമാ-
യോരോ സാന്ത്വന വാക്കുകള്‍ .
ഹാ ! കഷ്ടമീ ജന്മം ,
ഇവനുണ്ടോ വികാരവും വിചാരവും ?
കഴിഞ്ഞേക്കുമോ എനിക്കൊരുതുള്ളി
കണ്ണുനീര്‍വാര്‍ക്കുവാന്‍
എന്‍ താത-തായ് വിയോഗത്തിലെങ്കിലും !

അപ്പൊഴും ഉയരുന്നൊരു
ചോദ്യമെന്നുള്ളില്‍
എന്തിനു ഞാന്‍ കരയണമീ
പ്രകൃതിതന്‍ ജീവിതചക്രത്തിന്‍
അന്ത്യയാത്രയില്‍ ?
പകയ്ക്കണോ
അവരും ഞാനും നീയുമെല്ലാം
"ഇന്നു ഞാന്‍ , നാളെ നീ "
എന്നയീ ആപ്തവാക്യത്തിന്‍ മുന്നിലും ?

ഇല്ലായെനിക്കെന്‍ മനസ്സില്‍ ഉത്തരങ്ങള്‍
വീണ്ടും ഞാനിവിടെ കാത്തിരിക്കാം
പുതിയ വാര്‍ത്തകള്‍ക്കായെന്‍
അന്ത്യയാത്രയോളം ....



..........................................................................................................................................................
 ഓരോമരണ വീട്ടില്‍ ചെല്ലുമ്പോഴും കേട്ട നിലവിളികളും അടുത്തിടെ കേട്ട ദേഹവിയോഗ വാര്‍ത്തകളും എല്ലാം കൂടിയായപ്പൊ ......


...........................എല്ലാ പരേതാത്മാക്കള്‍ക്കും ആദരാഞ്ജലികള്‍ ........................................................

8 comments:

  1. എന്നാലും കഴിയുമോ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാതിരിക്കാന്‍.

    ReplyDelete
  2. നന്നായിരിക്കുന്നു..... നാം ദിനവും കേഴ്ക്കുന്നു നൊമ്പരമുള്ള ഒരുപാട് വാര്‍ത്തകള്‍ .....

    ReplyDelete
  3. ദിവസവും കേള്‍ക്കുന്ന വേര്‍പാടുവാര്‍ത്തകള്‍ നമ്മെ ഏറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുവെ ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ജരാ-രുജ-മൃതികളെ തീരെ ഇഷ്ടപ്പെടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റുപാടും നടക്കുന്ന ഈ വേര്‍പാടുകള്‍ തന്നെയാണ് നമ്മെ അല്പനേരത്തേങ്കിലും ചിന്തിപ്പിക്കുന്നത്. ഈ പ്രകൃതിനിയമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ കുറേക്കൂടി അഹങ്കാരിയായി മാറിയേനെ. ജീവിയുടെ ചിന്തകള്‍ പലപ്പോഴും എന്റെ കൂടി ചിന്തകളാണെന്നു തോന്നി.

    ReplyDelete
  4. കാത്തിരിക്കാം പുത്തന്‍ വാര്ത്തകള്‍ക്കായ്‌
    കാണാതിരിക്കാം വാര്‍ത്തകളിലെ
    വളച്ചോടിച്ചിലുകള്‍...

    ReplyDelete
  5. @Typist | എഴുത്തുകാരി - എനിക്കറിയില്ല, ചിലപ്പോള്‍ കരയുവാനെനിക്കുകഴിഞ്ഞെന്നു വരില്ല

    @നിശാഗന്ധി - വായനക്കു നന്ദി


    @Hari | (Maths) - നന്ദി ചിന്തകളിലെ സാമ്യത അറിയിച്ചതിന്‌ .


    പട്ടേപ്പാടം റാംജി - കാണാതിരിക്കാം നമുക്കവയെ ...

    ReplyDelete
  6. hey new to blog..i wnt about reading lot of malayalam blog..liked only very few..urs is pretty gud..not painkilli stuff. :)

    ReplyDelete
  7. "കഴിഞ്ഞേക്കുമോ എനിക്കൊരുതുള്ളി
    കണ്ണുനീര്‍വാര്‍ക്കുവാന്‍
    എന്‍ താത-തായ് വിയോഗത്തിലെങ്കിലും "

    മരവിച്ചുപോകാത്തൊരു മനസ്സിന് കഴിയും

    ReplyDelete
  8. സാന്ത്വന യാത്രയോ? സഫലമീ യാത്രയോ?

    ReplyDelete