Monday, January 7, 2013

ഗുരുവന്ദനം!


മാതാ പിതാ ഗുരു ദൈവം!

     ഇതിലോരോരുത്തരും അതല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത് ഓരോ കാലത്തിലുമുണ്ടെന്ന് തോന്നുന്നു. കാടടച്ച് വെടിവെക്കുന്നില്ല. തത്കാലം മാതാവിനേയും പിതാവിനേയും മാറ്റി നിർത്തുന്നു.
നാളെ മുതൽ ഒരു അനിശ്ചിത കാല സമരം തുടങ്ങുന്നു കേരളത്തിലെ സർക്കാർ ജീവനക്കാർ .അതിൽ എല്ലാവരെയും ഞാനിങ്ങോട്ട് വലിക്കുന്നില്ല. ഒരുപാട് മഹത്വവത്കരിക്കുന്ന അദ്ധ്യാപനവൃത്തി ചെയ്യുന്നവരിലെ ഒരു വിഭാഗത്തെ ഈ അവസരത്തിൽ കാണാതെ പോകാൻ കഴിയുന്നില്ല. കാരണം അവരുമുണ്ട് ഈ സമരത്തിൽ പങ്കുചേരാൻ .
    പത്തു വർഷം മുൻപ് ഞാൻ സ്കൂളിൽ ഹയർസെക്കന്ററിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും ഉണ്ടായിരുന്നു ഒരു അനിശ്ചിതകാലം. ഇതേ പോലെയൊരവസരത്തിൽ . അന്ന് ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകർ സമരത്തിൽ പങ്കെടുത്തില്ലായിരുന്നു. എന്നുവച്ച് ഞങ്ങളുടെ അദ്ധ്യയനം നടന്നു എന്നർ‌ത്ഥമില്ല. അന്നത്തെ ആ സമരം തുടങ്ങിയ വേളയിൽ ഞാൻ സൈക്കിളു ചവിട്ടി സ്കൂളിലെത്തിയപ്പോൾ ചില അദ്ധ്യാപകരിൽ (എന്നെ പഠിപ്പിച്ചവരല്ല) നിന്ന് കേട്ടത്, “നീ ഇവിടുത്തെ സ്റ്റുഡന്റാണെന്നൊന്നും നോക്കില്ല, സ്കൂളിലേക്കാണെങ്കിൽ സൈക്കിളിന്റെ കാറ്റഴിച്ചു വിടും” .
ബലം പ്രയോഗിച്ച് സ്കൂളിൽ കയറാൻ ഞാൻ ശ്രമിക്കാനുള്ള ധൈര്യം കാണിക്കുകയോ പ്രസ്തുത കാര്യം സംഭവിക്കുകയോ ചെയ്തിട്ടില്ല. അത്രയും നാളുകൾ സ്കൂളിൽ പോകേണ്ടതില്ലല്ലോ എന്നൊരു സന്തോഷവും ഇല്ലാതിരുന്നില്ല.
    എന്നാൽ അതിന്റെ ദോഷം മനസ്സിലാക്കാൻ സമയമെടുത്തു. പല പാഠഭാഗങ്ങളും തീരാൻ ഏറെ ബാക്കിയുള്ളപ്പോഴായിരുന്നു ആ സമരം വന്നത്. എതാണ്ട് ഒരു മാസക്കാലം അതു നീളുകയും ചെയ്തിരുന്നെന്നാണ് ഓർമ്മ. അപ്പോഴേക്ക് പരീക്ഷകളുടെ സമയമടുക്കുകയും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിൽ നിന്നും അദ്ധ്യാപകരും പഠിക്കുന്നതിൽ നിന്നും ഞങ്ങളും രക്ഷപ്പെട്ടു.
എന്നാൽ പരീക്ഷാ ഹാളിൽ കയറി ചോദ്യക്കടലാസ് കൈപ്പറ്റിയപ്പോൾ കാര്യങ്ങളുടെ ഗൌരവം കുറച്ച് അറിയാനായി. പല ചോദ്യങ്ങളും വന്നിരിക്കുന്ന ഭാഗങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല. ഇതിൽ കുറ്റം ഞങ്ങളുടേതും കാണും. ഞങ്ങളിലെല്ലാവർക്കും ഈ പ്രശ്നം ഉണ്ടായിരുന്നിരിക്കാനും വഴിയില്ല. കാരണം, അനവധി റ്റ്യൂഷൻ സെന്ററുകൾ നാട്ടിലുണ്ടല്ലോ. എന്നാൽ അതിലൊന്നും പോകാൻ കഴിയാതിരുന്നവരോട് അദ്ധ്യാപക സമൂഹം ചെയ്തത് നീതിയാണോ?
     പത്തു വർഷങ്ങൾ‌ക്ക് മുൻപ് നടന്ന ഈ കാര്യമൊക്കെ മറക്കാമെന്ന് വയ്ക്കാം. എന്നാൽ, നാളെ മുതൽ നടക്കാനിരിക്കുന്ന കഥയും വ്യത്യസ്ഥമാണോ? സമൂഹത്തിലെ എല്ലാവർക്കും കുട്ടികളെ റ്റ്യൂഷൻ സെന്ററിൽ അയച്ച് പഠിപ്പിക്കാനൊന്നും കഴിഞ്ഞെന്ന് വരില്ല. അല്ലെങ്കിൽ തന്നെ അത്തരം റ്റ്യൂഷൻ സെന്ററുകളിൽ അഭയം തേടാനാണെങ്കിൽ ഈ പൊതുവിദ്യാഭ്യാസ സമ്പ്രദായം എന്തിനാണ്?
    പരീക്ഷാ കാലത്തിന് ഇനിയും നാളുകളേറെയില്ല. ഈ അവസരത്തിൽ ഇങ്ങനെയൊരു സമരത്തിനിറങ്ങുന്ന അദ്ധ്യാപകർ എന്തിനാണ് ? എടുക്കുന്ന പണിക്ക് കിട്ടുന്ന കൂലി വർദ്ധിപ്പിക്കാൻ കൂടിയല്ല ഈ സമരം. പത്തോ ഇരുപതോ വർഷത്തെ സേവനത്തിനു ശേഷം വീട്ടിലിരിക്കുമ്പോൾ കിട്ടേണ്ട ജീവനാംശം സ്വരൂപിക്കാൻ തങ്ങളും പങ്കാളിയാവേണ്ടി വന്നതിലുള്ള രോഷമാണിത് . എന്നോ ഈ രീതി മാറേണ്ടതായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഇനിയെങ്കിലും ഈ ഒരു മാറ്റം വന്നാൽ സർക്കാർ ഖജനാവിന്റെ അത്രയും ബാധ്യത കുറഞ്ഞു കിട്ടും!
ഇനി സമരം ചെയ്തേ മതിയാകൂ എന്നാണെങ്കിൽ ഈ സമയം തന്നെ തെരെഞ്ഞെടുക്കണമായിരുന്നോ ഗുരുക്കന്മാരേ?
(ഇതിൽ പങ്കെടുക്കാത്ത അദ്ധ്യാപകർ ഈ കുറിപ്പെഴുതിയ എന്നോട് പൊറുക്കട്ടെ! എന്തിലും മറ്റുള്ളവരിൽ കുറ്റം കാണുന്ന ഒരു സാധാരണ മലയാളി എന്ന നിലയിൽ ഒരുത്തന്റെ പുലമ്പലുകൾ മാത്രമായി ഇതിനെ കണ്ടാലും മതി. ഇത്റയെങ്കിലും ഇതിനെ കുറിച്ച് പറയണമെന്ന് തോന്നി അത്രമാത്രം)
അനുബന്ധം: http://digitalpaper.mathrubhumi.com/c/658110


11 comments:

 1. സമരങ്ങള്‍ക്കു വേണ്ടിയുള്ള കാരണങ്ങളാണ് വിചിത്രം.

  ReplyDelete
  Replies
  1. എന്തുപറയാൻ റാംജീ. അദ്ധ്യാപകർക്കുകൂടി ഇങ്ങനെ തോന്നിയാൽ...

   Delete
 2. അദ്ധ്യാപകരില്‍ രാഷ്ട്രീയമേറിയത് വളരെ പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് ഇന്നൊരു നേതാവ് പറഞ്ഞിട്ടുണ്ട്

  ReplyDelete
  Replies
  1. അജിത്തേട്ടാ, രാഷ്ട്രീയമേറുന്നതോ അല്ലാത്തതോ ഒക്കെ അവരുടെ വ്യക്തിപരമായ കാര്യം. അതിലേക്കൊന്നും കടന്നു കയറുന്നില്ല. ഇത്തരമൊരു സമരം പാഠഭാഗങ്ങൾ തീർത്തിട്ടല്ലല്ലോ ഈ അവസാന സമയത്ത് തുടങ്ങുന്നത് എന്നതിലാണ് എന്റെ പ്രതിഷേധം.

   Delete
 3. ഈ സമരങ്ങൾ ഒന്നും കാര്യനേട്ടത്തിൽ എത്തുനില്ല എന്നതാ മറ്റൊരു കാര്യം

  ReplyDelete
  Replies
  1. പിന്നേ... എല്ലാ പ്രശ്നവും ശരിയാകും. ബസ്സ് ചാർജ് വർദ്ധനപോലെ ചില കളികളുണ്ട്. എന്തായാലും കൂട്ടും. എന്നാലും സമരം ചെയ്ത് നാട്ടുകാരെ ദ്രോഹിച്ചിട്ടേ ചെയ്യൂ എന്നല്ലേ പ്രമാണം..

   Delete
 4. ശരിയാണ്. എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാണ് സമരങ്ങള്‍...

  ReplyDelete
 5. ഒക്കേം അമേരിക്കേന്‍‍റെ കളിയാണെന്ന് മാത്രമാണ് ചെറുതിന് പറയാനുള്ളത്.

  (ഗുരുത്വദോഷം കിട്ടുംട്ടാ, പറഞ്ഞേക്കാം)

  ReplyDelete
 6. നമ്മുടെ നാട്ടിലൊക്കെ പണിമുടക്ക് സമരങ്ങൾക്കെതിരെ
  ബോധവൽക്കരണം നടത്തുക എന്നതാണ് ആദ്യം വേണ്ടത് അല്ലേ ഭായ്

  ReplyDelete
 7. ഒന്നും കിട്ടിയില്ലെങ്കിൽ കാരണമുണ്ടാക്കി സമരിക്കാനും എല്ലാ പാർട്ടിക്കുമറിയാം..

  ReplyDelete
 8. ഗുരുത്വദോഷം ഇനിയുണ്ടാകില്ല. കാരണം ഗുരുക്കളെ ദോഷമായി

  ReplyDelete