Monday, March 18, 2013

"ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് " - ഒരു നാടക കാഴ്ച.       കേരള സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അഭിനയ നാടകപഠന കേന്ദ്രം അവതരിപ്പിച്ച “ ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് “ എന്ന നാടകം എറണാകുളത്തെ ഫൈൻ ആർട്സ് ഹാളിന്റെ ശീതീകരിച്ച മുറിയിയിലിരുന്ന് തണുത്ത് വിറച്ച് കണ്ടു തീരുമ്പോൾ പ്രേക്ഷകർക്കുള്ളിൽ ഒരു തിരിനാളം തെളിയിക്കുന്നു.

"society teaches
DON'T GET RAPED
rather than
DON'T RAPE" - നാടകം ആരംഭിക്കുന്നതിനും മുൻപേ അരങ്ങിൽ തെളിഞ്ഞ വാക്കുകളാണിത് . അരങ്ങുണരുകയായി, പുരുഷന്റെ മൾട്ടി പർപ്പസ് ടൂളിന്റെ പൊതുനിരത്തിന്റെ വക്കിലും ചെയ്ത് പോരുന്ന ഉപയോഗത്തിലൂടെ...
      സ്ത്രീകൾക്കു നേരെ നടന്ന(ക്കുന്ന) ഒട്ടേറ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി സ്ത്രീ കഥാപാത്രങ്ങൾ(ഇരകൾ) രംഗത്തെത്തുന്നു. ഓരോ ഇരയ്ക്കു നേരെയും ഊഴമനുസരിച്ച് പ്രകാശം വീഴുമ്പോൾ ഇരകളുടെ വാക്കുകളിലൂടെ നേരിട്ട അനുഭവങ്ങൾ പ്രേക്ഷകനും അനുഭവേദ്യമാകുന്നു. പിതാവിനാൽ, ഭർത്താക്കന്മാരാൽ, സമൂഹത്തിലെ നരാധമന്മാരാൽ ലൈംഗികാതിക്രമം നേരിട്ട ഇരകളിൽ നിന്ന് തുടങ്ങി ചെന്നെത്തുന്നത് സദാചാരപോലീസി(?)ലാണ് .
     അച്ഛൻ എന്ന പുരുഷ കേന്ദ്രിതമായ കുടുംബത്തിൽ വച്ച് മദ്യപാനിയായ പിതാവിനാൽ പീഢിതയായവളെ കേൾക്കാൻ അമ്മ പോലും തയ്യാറാവുന്നില്ല. അവൾ ചോദിക്കുന്നു, താനിനി ആരോടാണ് ഇത് പറയേണ്ടത് ? എവിടെയാണ് പോകേണ്ടത് ? - ഇവിടെ മദ്യത്തെ മാത്രം പ്രതിയാക്കേണ്ട, ഉള്ളിലില്ലാത്തതെന്തെങ്കിലും മദ്യം വെളിയിൽ കൊണ്ടുവരുമോ?(ഈ ചോദ്യം എന്റേതാണ്) സുദൃഢമായൊരു കുടുംബ ബന്ധം അവൾക്കുണ്ടായിരുന്നില്ല എന്ന് സംശയിക്കാം . വിദേശത്ത് കഴിയുന്ന പിതാവ്, നാട്ടിൽ മക്കളെ വളർത്തുന്ന മാതാവ്. സ്വന്തം മകളുടെ വളർച്ചയുടെ ഘട്ടങ്ങൾ കാണാതെ പിരിഞ്ഞിരുന്ന അയാൾ, അവളെ തന്റെ കാമപൂരണത്തിനായുള്ള ഒരു വെറും ഉപകരണമായി കാണുന്നു. മദ്യം ഒരു കൂട്ടുപ്രതിയാണ് അയാളിൽ. സ്ത്രീ എന്നാൽ ഒരു ലൈഗിക ഉപകരണം മാത്രമാണെന്ന ചിന്ത അയാളിലുണ്ടായിരുന്നു എന്നത് തന്നെയാണ് മുഖ്യകാരണം.
        ഊഴം മാറുന്നു. സമൂഹത്തിലെ ആരാദ്ധ്യനായ ഭർത്താവിനാൽ പീഢിപ്പിക്കപ്പെടുന്നവൾ പോകാനിടമില്ലാതെ സർവ്വവും സഹിച്ച് കഴിയുന്നു, തന്റെ മക്കളുടെ വിവാഹദിനം വരെ. ഇനിയും അവൾക്കെവിടെ പോകാൻ കഴിയും? സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി പൊതുമദ്ധ്യത്തിൽ വാദിക്കുന്നയാൾ സ്വന്തം കുടുംബത്തിലെത്തുമ്പോൾ, സ്വന്തം കുട്ടികളെ താലോലിക്കുവാൻ പോലുമുള്ള അവസരം തന്റെ ഭാര്യക്ക് നൽകാതെ സ്വന്തം തീരുമാനത്തിൽ വളർത്തി വിവാഹം കഴിച്ചയയ്ക്കുന്നു. വീട്ടിൽ വരുന്ന വിരുന്നുകാർക്ക് വിളമ്പിക്കൊടുക്കേണ്ട പണിപോലും താൻ ചെയ്യേണ്ടതില്ല, പാചകം ചെയ്യുകയും പാത്രം കഴുകുകയും ചെയ്താൽ മാത്രം മതി എന്ന് ഹാസ്യരുപേണ പ്രേക്ഷകരോട് സംവദിക്കുമ്പോൾ അതിലെ പരിഹാസവും അസ്വാതന്ത്ര്യവും എങ്ങനെ കാണാതിരിക്കാൻ കഴിയും ? പുറം ലോകം കാണിക്കാതെ അവളെ അകത്തളത്തിൽ തളച്ചിട്ടിരിക്കുകയാണ് സംശയരോഗിയായ ആ ഭർത്താവ്. അയാളുടെ സംശയത്തിന്റെ ആഴം എത്രയെന്ന് ഉദാഹരിക്കുന്നത് - വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഓരോ മുക്കും മൂലയും പരിശോധിക്കും. വല്ല പല്ലിയോ മറ്റോ ചാടി നേരത്തെ ഉണ്ടായിരുന്ന ചിലന്തിവലയെങ്ങാനും പൊട്ടിപ്പോയാൽ......  - കേൾക്കുമ്പോൾ തമാശയാണെങ്കിലും, സമൂഹത്തിനു നേർക്ക് പരിഹാസശരങ്ങൾ തൊടുത്തുവിടുകയാണവർ. എന്നാൽ, അടുത്ത വീട്ടിലെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കിയ അയാളെ കാട്ടിക്കൊടുക്കാതിരിക്കുകയും ചെയ്ത് അയാളുടെ ബഹുമാന്യ മുഖം കാക്കുകയും ചെയ്യുന്നു അവൾ! പോകാൻ മറ്റൊരിടവുമില്ലാത്തവൾ മറ്റെന്ത് ചെയ്യും ?
      ഭർത്താവിന്റെ രതി വൈകൃതങ്ങളൊക്കെയും സഹിച്ച് സ്നേഹപൂർണ്ണമായ ഒരു ചുംബനമെങ്കിലും പ്രതീക്ഷിച്ച് കഴിയുന്നവളുടേതാണ് അടുത്ത ഊഴം. എന്നിട്ടും തന്നെ തൃപ്തിപ്പെടുത്താൻ അവൾക്ക് കഴിയുന്നില്ലെന്ന പരാതിയിൽ ഗർഭിണിയായവളെ മൊഴിചൊല്ലിയിരിക്കുന്നു. അവളുടെ കുട്ടിക്കാലത്തായിരുന്നെങ്കിൽ, പെൺകുട്ടിയായതിന്റെ പേരിൽ ഒരു മിഠായി തിന്നാൻ പോലും സ്വാതന്ത്രമില്ലായിരുന്നു. പ്രായപൂർത്തിയാകും മുൻപേ വിവാഹം.വിവാഹമെന്ന ലൈസൻസോടെയുള്ള ലൈംഗികാതിക്രമവും! എല്ലാം സഹിച്ചിട്ടും എന്തിനാ തന്നെ മൊഴിചൊല്ലിയതെന്ന് അവൾ ചോദിക്കുന്നു. എന്തിനാ?
        ബാലികയ്ക്കു നേരെ നടന്ന ലൈംഗിക അതിക്രമത്തെ കുറിച്ചാണ് അടുത്ത ഊഴക്കാരിയായ അമ്മാമ്മയ്ക്ക് പറയുവാനുള്ളത്. തെളിവുകളുടെ തൂക്കത്തിൽ നീതി നിശ്ചയിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ആ പിശാചിനെ കൊല്ലാൻ കാത്തിരിക്കുകയാണവർ.
       ഇരകളിൽ നിന്നു നേരെ പ്രതികളിലേക്കും അവരെ രക്ഷിക്കുന്ന നിയമ വ്യവസ്ഥകളുടേയും കാഴ്ചകളിലേക്കാണ് പിന്നീട് അരങ്ങിലെ വെളിച്ചം തെളിയുന്നത്. നിയമ രക്ഷകരുടെ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് വിരൽ ചൂണ്ടുന്നു അതിലൂടെ. ഇവർ തന്നെ ഇതിനൊക്കെ എതിരെ പ്രതികരിക്കുന്ന കപട സാംസ്കാരിക നായകരാകുന്നു. സദാചാര പ്രസംഗങ്ങൾ നടത്തുന്നു. പുരുഷന്റെ വികാരങ്ങളെ ഉണർത്താതിരിക്കുന്ന വിധത്തിൽ സ്ത്രീകൾ തന്നെ സൂക്ഷിച്ചുകൊള്ളണമെന്നല്ലാതെ ഇത്തരം നായകരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് ? സ്ത്രീകൾ, പുരുഷന്മാരെ പ്രലോഭിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ നഷ്ടപ്പെടുന്നതാണ് പുരുഷന്റെ സം..യ..മ...നം..! വംശ വർദ്ധനയ്ക്ക് മാത്രമാണ് പുരുഷനും സ്ത്രീയും ജനിക്കുന്നത്. ഗർഭം ധരിക്കുകയും പ്രസവിക്കുകയും മാത്രമാണ് സ്ത്രീയുടെ ധർമ്മം. സ്ത്രീയെ അമ്മ എന്ന വാക്കിലും മാതൃത്വമെന്ന മഹനീയ സങ്കല്പത്തിലും തളച്ചിടുന്നതിനെ ഈ ഭാഗത്തിലൂടെ പരിഹസിക്കുകയും പ്രേക്ഷകനിലേക്ക് അതു പകരാൻ അനായാസേന കഴിയുകയും ചെയ്തിരിക്കുന്നു.
“ഒന്നോ അതിലധികമോ നിരപരാധികളായ പുരുഷന്മാരെ പ്രലോഭിപ്പിച്ച് ബലാത്സംഗം പോലെ ഒരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത കുറ്റത്തിന് അവളെ ജീവിതകാലം മുഴുവൻ തുറങ്കിലടക്കാൻ തീരുമാനിച്ചിരിക്കുന്നു“ എന്ന നിയമം ഉണ്ടാക്കുന്ന പുരുഷാധിപത്യം, സ്ത്രീയെ തങ്ങൾ സംരക്ഷിച്ചോളാം എന്നാണ് പ്രതിജ്ഞ എടുക്കുന്നത് !
       വീണ്ടും ഒരു ഇരയിലേക്ക് പരകായ പ്രവേശം നടത്തുകയാണ് . സ്ത്രീ-പുരുഷ സൌഹൃദത്തെയും തുറന്ന ഇടപെടലുകളേയും എതിർക്കുന്ന സദാചാര പോലീസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന കുറ്റവാളികളുടെ ആക്രത്ിനു വിേയായി ുടുംബത്ിൽ നിന്നും അകറ്റപ്പെട്ട് സമൂഹത്ിൽ ഒറ്റപ്പെട്ട ഇരയുടെ ജീവിതത്തിലേക്കാണ് അരങ്ങിലെ വെളിച്ചം ചെന്നെത്തുന്നത് .
    യുഗതീർത്ഥ മൌഢ്യങ്ങൾ തഴുതിട്ടടച്ചൊരീ
     ഉയിരിന്റെ ഉടലിന്റെ കാമനകൾ
     ഒരുമിച്ചൊരിത്തിരി നേരം നടക്കാൻ
     വഴിയേത് ഇടമേത് കൂട്ടുകാരീ ?“ (നാടകത്തിൽ ഉപയോഗിച്ചിരുന്ന കവിതാ ശകലം)
            ഈ അർത്ഥവത്തായ വരികളിൽ പറഞ്ഞതു തന്നെയാണ് അവർക്ക് സംഭവിക്കുന്നത് . അതെ, ആണിനും പെണ്ണിനും ഒരുമിച്ച് ഒരിത്തിരി നേരം നടക്കാൻ സമൂഹത്തിൽ ഇടമില്ലാതായിരിക്കുകയാണെന്ന് എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു ആ അനുഭവത്തിലൂടെ .
https://www.facebook.com/media/set/?set=a.10200865993076098.1073741827.1352592848&type=3
കഥാപാത്രമായി സുജാത ജനനേത്രി. ചിത്രം പകർത്തിയത്  : രമേഷ് വർമ്മ  ിത്രത്ിൽ ക്ലിക്ക് െയ്ത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ആൽബത്തിലേക്കെത്തിയാൽ നാടകത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.

       സമൂഹം ഒരു ലൈംഗിക തൊഴിലാളിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിലേക്കാണ് തമിഴ് നാടോടി സ്ത്രീയിലൂടെ പറയുന്നത്. നിയമത്തിന്റെ കാവലാളുകളായവർ തന്നെ അതിനു കാരണക്കാരാകുന്നു. സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം ഏവരും കരുതുന്നു. പെൺകുഞ്ഞുങ്ങളെ കുടുംബത്തിന്റെ ശാപമായി കരുതുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന എത്രയെത്ര വാർത്തകൾ നാം കാണുന്നു. അതേ വ്യവസ്ഥിതിയുടെ ഇരയാണ് ഈ നാടോടി സ്ത്രീ. സ്വന്തം പെൺകുഞ്ഞിനെ ഈ സമൂഹത്തിൽ നിന്നും രക്ഷിച്ച് വളർത്താനാണ് അവൾ ശരീരം വിൽക്കാൻ നിർബന്ധിതയാകുന്നത്. വളർന്നുവരുന്ന അവളുടെ മകൾ ഈ ലോകത്തിൽ നിന്നെങ്ങിനെ രക്ഷപ്പെടും ?
         സമകാലീന കേരളത്തിൽ കൊണ്ടാടപ്പെടുന്ന പീഢന വാർത്തയിലെ ഇരയുടെ അന്നത്തെ അവസ്ഥയുടെ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ വായിച്ചും, അവളോട് എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് ചോദിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിക്കുന്നു ഇതിന്റെ അണിയറപ്രവർത്തകർ. സമകാലീന സംഭവങ്ങളിൽ നിന്ന് ഇതിലെ അംഗങ്ങൾ തന്നെ രൂപപ്പെടുത്തിയെടുത്തതാണ് “ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്” എന്ന ഈ നാടകത്തിന്റെ രംഗഭാഷ്യമൊരുക്കിയിരിക്കുന്നത്. സമീപകാലത്ത് സ്ത്രീ ശാക്തീകരണത്തിനു ഇറങ്ങിപ്പുറപ്പെട്ട ബയോളജി വിദഗ്ദ്ധന്റെ വാക്കുകളോട് അത്യുച്ചത്തിൽ ഒത്തൊരുമിച്ച് പ്രതിഷേധിക്കുകയാണ് ഒടുവിൽ.
        തുടർന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ക്രൂരമുഖങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾക്കൊപ്പം പ്രതീക്ഷയുടെ മെഴുകുതിരികൾ തെളിയിച്ച് പ്രേക്ഷകനിലേക്ക് പകരുകയാണ് ഒടുക്കം. സ്ത്രീയും പുരുഷനും എന്താണെന്ന് പരസ്പരം അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹവർത്തിത്വത്തിലൂന്നിയുള്ള ഒരു ജനതയിലേക്കുള്ള പ്രയാണത്തിനായ് ....

പ്രേക്ഷകനിലേക്ക് ഒരു ആശയപ്രചാരണത്തിനായ് ഉപയോഗിക്കാവുന്ന ശക്തമായ മാദ്ധ്യമം തന്നെയാണ് നാടകം, അത് നന്നായി ഉപയോഗപ്പെടുത്താൻ  അഭിനയയുടെ പ്രവർത്തകർക്ക് കഴിഞ്ഞു. നാടകം കാണാൻ പോയ മാനസികാവസ്ഥയിലല്ലാതെ തിരിച്ചിറങ്ങാൻ പ്രേക്ഷകനെ, ആ അവസ്ഥകളെ അനുഭവിപ്പിക്കാൻ നാടക പ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. എന്റെ ചെറിയ ആസ്വാദനമാണിത്. നാം ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്.
       വരുന്ന ഓരോ അവതരണവും ഭംഗിയായി കൊണ്ടുപോകാൻ അഭിനയയ്ക്ക് കഴിയട്ടെ. സമൂഹത്തിൽ ചലനങ്ങളുണ്ടാകട്ടെ!

      മാർച്ച് 23ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലും “ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്” അരങ്ങേറുന്നു. അവസരം പാഴാക്കാതെ ഓരോരുത്തരും കാണേണ്ടതു തന്നെയാണ്.
ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്
സംവിധാനം - ഡി.രഘൂത്തമൻ & എം ജി ജ്യോതിഷ്
അവതരണം - അഭിനയ നാടകപഠന കേന്ദ്രം, തിരുവനന്തപുരം
അരങ്ങിൽ -
ഷൈലജ പി. അമ്പു, സുജാത ജനനേത്രി, പാർവ്വതി, സുരഭി, ചിന്നു കുരുവിള, ബബില ഉമർഖാൻ, ഗോപാലൻ , അനിൽ , അജയൻ , പ്രതീഷ് , ബൈജു എസ് , അതുൽ , കെ പി പ്രദീപ്


4 comments:

 1. ഹൊ ഇത് സമരമാണ്, സമൂഹത്തോടുള്ള സമരം

  ReplyDelete
 2. “ഒന്നോ അതിലധികമോ നിരപരാധികളായ പുരുഷന്മാരെ പ്രലോഭിപ്പിച്ച് ബലാത്സംഗം പോലെ ഒരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത കുറ്റത്തിന് അവളെ ജീവിതകാലം മുഴുവൻ തുറങ്കിലടക്കാൻ തീരുമാനിച്ചിരിക്കുന്നു“ എന്ന നിയമം ഉണ്ടാക്കുന്ന പുരുഷാധിപത്യം, സ്ത്രീയെ തങ്ങൾ സംരക്ഷിച്ചോളാം എന്നാണ് പ്രതിജ്ഞ എടുക്കുന്നത് !


  പ്രേക്ഷകനിലേക്ക് ഒരു ആശയപ്രചാരണത്തിനായ്
  ഉപയോഗിക്കാവുന്ന ശക്തമായ മാദ്ധ്യമം തന്നെയാണ് നാടകം
  അത്തരത്തിലുള്ള നല്ലൊരു ആശയപ്രചാരണത്തിന്റെ അരങ്ങിനേയും,
  അണിയറയിലുള്ളവരേയും പരിചയപ്പെടുത്തിയതിന് അഭിനന്ദനം കേട്ടൊ ഭായ്

  ReplyDelete
 3. ഉള്ളിലില്ലാത്തതൊന്നും മദ്യം പുറത്തേയ്ക്ക് കൊണ്ടുവരില്ല
  അത് ശരിയാണ്

  ReplyDelete
 4. സ്ത്രീയും പുരുഷനും എന്താണെന്ന് പരസ്പരം അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹവർത്തിലൂന്നിയുള്ള ഒരു ജനതയിലേക്കുള്ള പ്രയാണത്തിനായ് ....

  നാടകം കാണണം എന്ന ഒരു വലിയ കൊതി ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി. നാടകം തന്നെയാണ് മനുഷ്യന്റെ മനസ്സിലേക്ക് ശക്തമായ ആശയങ്ങള്‍ കുത്തിക്കയറ്റുന്നത് എന്ന് പണ്ട് മുതലേ തോന്നിയിട്ടുള്ളതാണ്. ചില പാട്ടുകളുടെ വരികള്‍ മനസ്സില്‍ തങ്ങിക്കിടക്കുന്നത് പോലെ ഓരോ നാടകവും (കാബൊന്നും ഇല്ലാത്തതാണെങ്കിലും) മായാതെ കിടക്കുന്ന അനുഭവമാണ് എനിക്ക് . ഈ പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete