Thursday, May 22, 2014

സ്വപ്നാടകൻ ‌ചോദിക്കാതെ പോയ ചോദ്യങ്ങൾ .


രാത്രിയിൽ ‌പറക്കുന്ന പറവകളുണ്ടോ ?  അറിയില്ലാായിരുന്നു. അതെനിക്കൊരു അത്ഭുതക്കാഴ്ചയായിരുന്നെന്നുമാത്രം അറിയാം.

നിരത്തിലേക്കിറങ്ങാൻ ‌തുടങ്ങുമ്പോൾ മാനത്തേക്ക് നോക്കി. മേഘങ്ങളോട് പിണങ്ങിക്കരഞ്ഞ രണ്ടിറ്റെന്റെ കണ്ണുകളേറ്റുവാങ്ങി, നാളേക്കെനിക്ക് പൊഴിക്കുവാനായി പോളകൾക്കുള്ളിലടച്ചുവച്ചു. എനിക്കു സ്വന്തമെനിക്കു സ്വന്തമെന്നഹങ്കരിക്കാം അവ ഊർന്നുപോകുംവരേക്കും.

കിഴക്കോട്ട് പറന്നുപോയ രണ്ടുവെള്ളപ്പറവകൾ. അതു സത്യമാണ്. സൂര്യനപ്പോൾ പാശ്ചാത്യലോകങ്ങളിലേതോ ഒന്നിന്റെ തലയ്ക്കു മുകളിലായിരുന്നിരിക്കും. കാലവർഷം ‌പ്രവചിക്കേണ്ടുന്നവർ മേല്പോട്ട് നോക്കും ‌മുൻപേ മഴമേഘങ്ങൾ താഴേക്കൊലിച്ചിരുന്നു.

ഈ നേരത്തോളം അലറിക്കരഞ്ഞുകൊണ്ടിരുന്ന മഴയെ ആരോ സാന്ത്വനിപ്പിച്ചിട്ടുണ്ട്, കാറ്റാവാം .
വേണ്ട, കുടയെടുക്കേണ്ട. ഇനിയും കരഞ്ഞാൽ നനഞ്ഞോളാം. ജലാശയങ്ങൾ നിറയ്ക്കാൻ ‌മാത്രമല്ലലോ മഴ പെയ്യുന്നത്, എനിക്കു നനയുവാൻ ‌കൂടിയല്ലേ ?
മുടിയിഴകൾക്ക് ചുവട്ടിൽ ‌വരണ്ടുണങ്ങിക്കിടപ്പുണ്ടാവും, ചുരുളിലുറങ്ങുന്ന സ്വപ്നങ്ങളെ തകരാതെ കാക്കുന്ന കപാലത്തെ പൊതിഞ്ഞ നേർത്ത തൊലിപ്പുറം.

നേരം തെറ്റിയനേരമെന്നൊന്നുണ്ടെങ്കിൽ, അപ്പോൾ ‌ആ പറവകൾ പറന്നതെങ്ങോട്ടായിരിക്കും ? കൂട്ടം തെറ്റിയതാണോ ? അങ്ങനെയെങ്കിൽ ഇവരിരുവരുമെന്താ ഒരുമിച്ച് ?  അതോ, കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് പുതിയ വാനം തേടി പുറപ്പെട്ട ഇണകളാണോ അവ.
വിതയ്ക്കാതെയും കൊയ്യാതെയും ദേശദേശാന്തരങ്ങളിലേക്ക് പറന്നു പറന്നു മറയുന്ന ഒരു സുന്ദരസ്വപ്നത്തിൽ നിന്നും വേർപെട്ട്,അസ്വസ്ഥതകളും സ്വാർത്ഥതയും സമ്പത്തും സമരസപ്പെടുത്തുന്ന കുടുംബമെന്ന പൊതുബോധത്തിലേക്കുള്ള വിപ്ലവകരമായ ഒളിച്ചോട്ടമായിരിക്കുമോ ?
ഹേ, പറവകളേ ഒന്നു നിൽക്കൂ. എനിക്ക് നിങ്ങളോടൊത്തു പറക്കാൻ ‌കഴിവില്ല.  എനിക്കറിയാൻ ‌മോഹമുണ്ട്, നിങ്ങളിരുവരുംമീ നേരത്ത് എവിടേയ്ക്കാണ് പോകുന്നതെന്ന്. ഹേ, നിങ്ങൾ കേട്ടുവോ ?
നിങ്ങൾക്ക് നേരമുണ്ടാവില്ല അല്ലേ ? ആർക്കും തേടിയെത്താൻ ‌കഴിയാത്ത ദൂരത്തേക്കുള്ള ഒളിച്ചോട്ടമല്ലേ, നിങ്ങൾളാരെയാണ് ഭയപ്പെടുന്നത് ? ഓ, നിങ്ങളുടെ വിണ്ണും ഞങ്ങൾ കൈയ്യടക്കിയല്ലോ അല്ലേ? പറയൂ, എന്തേ നിങ്ങൾ മാത്രമായി ഈ നേരത്ത് ?  അതോ ... അതോ... ഇനി നിങ്ങൾ മാത്രമേ വിണ്ണിലവശേഷിച്ചിരിക്കുന്നുള്ളോ ?

നിവർത്തി പിടിച്ചിരുന്ന പത്രത്തിൽ നിന്നും കണ്ണുയർന്നപ്പോഴാണ് ആ അപരിചിതയെ കണ്ടത്. ക്ഷമിക്കണം, ഈയിടെയായി ഞാൻ സമീപത്തുള്ളതൊക്കെയും വൈകിയേ കാണുന്നുള്ളൂ.  അവളെപ്പോഴായിരിക്കും ഇവിടെ എനിക്കെതിരെ വന്നിരുന്നത് ?  തിളക്കമുള്ള കണ്ണുകളാൽ കൗമാരത്തിൽ നിന്നും ‌യൗവ്വനത്തിലേക്കുറ്റു നോക്കുന്ന അവൾക്കിവിടെയെന്തുകാര്യം ?  സൗമ്യഭാവം ഒട്ടും കാണിക്കാത്ത അപരിചിതനായ എന്റെയടുത്തിരിക്കുവാൻ അവൾക്കു ഭയമില്ലേ?
കണ്ണുകൾ തമ്മിലിടഞ്ഞതുകൊണ്ടോയെന്തോ അവൾ അസ്വസ്ഥയായല്ലോ !
എന്റെ കണ്ണുകൾ തിരികെ പത്രത്തിലേക്ക് മടങ്ങിയെന്ന് അവളെ വിശ്വസിപ്പിക്കുവാൻ എനിക്ക് അനായാസേന കഴിഞ്ഞു.  എങ്കിലും, അവളപ്പോൾ എന്തിനോ ഭയക്കുന്നുവെന്ന് അവളുടെ വലതു കാൽമുട്ടിന്മേൽ വിറക്കുന്ന കൈകൾ പറയുന്നതെനിക്കൊരു സ്വകാര്യമെന്ന‌പോലെ കേൾക്കാം.
പരിചിതമായ ആരെയോ കാത്ത് അപരിചിതനായ എനിക്കെതിരെ ഇരിക്കുന്ന അവളാരായിരിക്കാം ?  ഇവിടെയവൾ കാത്തിരിക്കുന്നതാരെയാവാം ?  അവൾ കേൾക്കുന്നതേയില്ല എന്റെ ചോദ്യങ്ങൾ !
എന്റെ ചോദ്യങ്ങളോരോന്നും ‌പുകച്ചുരുകളായുയരുന്നത് നിങ്ങൾ കാണുന്നുണ്ടോ ?  ഉയർന്നുയർന്നവ തീർത്തയിരുണ്ട മേഘപടലങ്ങളാവുന്നത് നിങ്ങളറിഞ്ഞുവോ ? ഇരുണ്ട മേഘങ്ങളെന്റെ കാഴ്ചയെ മൂടുന്നു.
.................................................
ഭയം തണുത്ത സ്പർശമായി ഉടലാകെ പരക്കുന്നു. ദേഹം തണുക്കുന്നു. നനഞ്ഞ കൈപ്പടം ദേഹത്തിഴഞ്ഞപ്പോഴാണ് ഞാനുണർന്നത്.


3 comments:

  1. എല്ലാം നശിപ്പിച്ചിട്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നു.
    പരിചിതമായവരെ കാത്ത് അപരിചിതര്‍ക്കിടയില്‍
    ഉള്ളിലൊതുക്കിയ ഭയത്തോടെ....

    ഇടക്കൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിക്കൂടെ ജീവി.

    ReplyDelete
  2. പുതിയ വാനം തേടി പുറപ്പെട്ട ഇണകളാണോ അവ.
    വിതയ്ക്കാതെയും കൊയ്യാതെയും ദേശദേശാന്തരങ്ങളിലേക്ക് പറന്നു
    പറന്നു മറയുന്ന ഒരു സുന്ദരസ്വപ്നത്തിൽ നിന്നും വേർപെട്ട്,അസ്വസ്ഥതകളും
    സ്വാർത്ഥതയും സമ്പത്തും സമരസപ്പെടുത്തുന്ന കുടുംബമെന്ന പൊതുബോധത്തിലേക്കുള്ള
    വിപ്ലവകരമായ ഒളിച്ചോട്ടമായിരിക്കുമോ ?
    ആവാനാണ് സാധ്യത

    ReplyDelete
  3. ചോദ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.

    ReplyDelete