Thursday, October 23, 2014

ഹിമാലയത്തിലേക്ക് പോയാലോ ?

   എന്തെഴുതാനാണ്. ഒന്നും എഴുതില്ലാന്ന് വിചാരിച്ചിരുന്നതാണ്. ഹിമാലയൻ യാത്രകളെപ്പറ്റിയെത്രയെത്ര എഴുത്തുകൾ? എഴുത്തുകാർ ? ഒറ്റത്തവണ ഒരു പാർശ്വം മാത്രം കണ്ടുവന്ന് എന്തെഴുതാനാണ്?  എന്നിട്ടും, എഴുതണമെന്ന അത്യാഗ്രഹമുണ്ട്. ഒന്നുമങ്ങ് ശരിയാവുകയുമില്ല. അങ്ങനെയിരുന്നപ്പോഴാണ് ഇങ്ങനെ കുറിച്ചുവച്ചത് :

   മനസ്സു താണ്ടുന്ന ദൂരങ്ങൾക്ക് മുൻപിൽ, കടന്നുപോകുന്ന ജീവിതയാത്രയിൽ നടന്നു താണ്ടിയ ദൂരങ്ങൾ എത്ര തുച്ഛം ! യാത്രകൾ പോകാത്തവൻ ജീവിതപുസ്തകത്തിന്റെ ഏതോ രണ്ടു താളുകൾക്കിടയിൽ ഉണരാതുറങ്ങുന്ന ചെറുപാറ്റയെപോലെയെന്ന് പറഞ്ഞത് ആരെന്നറിയില്ല. വായിച്ചതെവിടെയെന്നും ഓർക്കുന്നില്ല. 
     
ഞാൻ എത്ര ഭാഗ്യവാനാണ് ! എനിക്കു പോകാൻ കഴിയുന്നത്രപോലും എത്രമേൽ മോഹിച്ചിട്ടും സാധിക്കാത്ത എത്രയോ മനുഷ്യരുടെ ഇടയിൽ എനിക്കിത്രയെങ്കിലും കഴിയുന്നുണ്ടല്ലോ. ഒരു ചുവടുവെയ്ക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവന്നിരുന്ന കഴിഞ്ഞുപോയ നാളുകളിൽ എനിക്കാശ്വസിക്കാൻ കഴിഞ്ഞിരുന്നതും അതുകൊണ്ടു തന്നെ. 
     
ഇന്നെനിക്ക് പ്രയാസമാണെങ്കിലും കഴിഞ്ഞ വർഷം ഇതേ നാളുകളിൽ, ഹിമാലയ പാർശ്വത്തിൽ ചെലവഴിച്ച നിമിഷങ്ങളോർക്കുമ്പോൾ, മനസ്സിപ്പഴും കുളിരണിയുന്നുണ്ട് . കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്നുണ്ടാ കാഴ്ചകൾ ! പക്ഷേ, വർണ്ണിക്കാനെനിക്കു വാക്കുകൾക്കു വേണ്ടി പരതേണ്ടി വരുന്നു . എന്തൊരു കഷ്ടം
!Friday, September 7, 2012

  
      ഇപ്പോൾ വർഷം മൂന്നായി. ഓർമ്മയിൽ പലതും വിട്ടുപോയ് തുടങ്ങിയിട്ടുണ്ട്. എങ്കിലും കണ്ട കാഴ്ചകൾ, നടന്ന വഴികൾ സ്വപ്നത്തിലെന്നോണം ഉണർവ്വിലും ഇടയ്ക്കിടെ വരുന്ന സുഖാലസ്യം മോഹിപ്പിക്കുന്നുണ്ട്. അനവധിയാളുകൾ ഏതൊക്കെയോ പ്രേരണകളാൽ എത്തിപ്പെടൂന്നയിടം തന്നെ. എങ്കിലും, ഈ കാഴ്ച എന്റേതുമാത്രമാണ്. കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയതോ, പലയാ‍ളുകൾ,ഇടങ്ങൾ,സംഭവങ്ങൾ,സാഹചര്യങ്ങൾ .
       എഴുതിയൊഴിവാക്കുകയാണ്, ആ ഓർമ്മകൾ. ഒഴിഞ്ഞയിടങ്ങളിലേക്ക് പുതിയവ നിറയ്ക്കണം. ഓർമ്മയിൽ നിന്നാണ് എഴുതുന്നത്. എന്തൊക്കെയോ ആരെയൊക്കെയോ വിട്ടുപോകാം. ഒരു കുഴപ്പവുമില്ല, ഇതൊരു ചരിത്ര രേഖയൊന്നുമല്ല. ഉള്ളതൊക്കെ വച്ച് പരമാവധി നീട്ടിപ്പറയണമെന്നാണ് മോഹം. വായിക്കുന്നവരൊക്കെ ക്ഷമയുടെ നെല്ലിപ്പലകവരെ പോയി തിരികെ വന്ന് തെറി വിളിക്കണം. ഒരു യാത്രാ വിവരണമന്വേഷിച്ചാണെങ്കിൽ താഴേക്ക് പോകേണ്ടതില്ല; ഒരു യാത്ര തീരുമാനിക്കുന്നതു തൊട്ട് സഫലമാകുംവരെ നടന്ന സംഭവങ്ങളുടെ ഒരു അലക്ഷ്യ വിവരണം മാത്രമാണിത്. സത്യസന്ധമെന്നവകാശപ്പെടണമെന്നൊക്കെയുണ്ട്. അറിയാലോ, ഓർമ്മയിൽ നിന്നാണ് പെറുക്കിയെടുക്കുന്നത്. ചിലപ്പോൾ ചിലതോന്നലുകളോ സ്വപ്നങ്ങളോ അവയ്ക്കിടയിൽക്കയറി സ്ഥാനം പിടിച്ചിട്ടുണ്ടാകാം. അതൊന്നും എന്റെ കുറ്റമല്ലെന്ന് കരുതിയങ്ങ് പൊറുത്തേക്കണേ!
      പഴയ കുറിപ്പടികളിൽ കാണുന്നതിൻ പ്രകാരം  2011 ജൂലൈ നാലാം തീയ്യതിയോ അതിനു ശേഷമോ ആണ് ഇനി പറയുന്നതെല്ലാം നടന്നിട്ടുള്ളത്.  അഗസ്ത്യാർകൂടം പോയി വന്നതിനു ശേഷം ജി എസ് ഒരു യാത്ര പോകുന്നതിനെക്കുറിച്ച് പറയുന്നത് അന്നേയ്ക്ക്  മുൻപോ ശേഷമോ ഉള്ള ദിവസങ്ങളിലേതോ ഒന്നിലോ ആയിരിക്കണം. ചതുർധാമങ്ങളിലൂടെ - യമുനോത്രി,ഗംഗോത്രി,കേദാർനാഥ്,ബദരീനാഥ് ഒരു യാത്ര; അയാൾ ഉത്തരേന്ത്യൻ യാത്രകൾ മോഹമായ് കൊണ്ടുനടക്കുന്നതായി പലതവണ സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, എനിക്ക് അതിനോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല, അതു ഞാൻ പറയുകയും ചെയ്തു. എന്തുകൊണ്ടാവാം എനിക്ക് താത്പര്യമില്ലാത്തതെന്ന് അയാൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, ഒരു തീർത്ഥാടനം നടത്താനുള്ള ഭക്തിയൊന്നും എനിക്കില്ല എന്നതു തന്നെ. എന്നാൽ ഈ തീർത്ഥാടനം എന്ന ഉദ്ദേശം മാറ്റി നിർത്തിയാൽ, ഹിമാലയ താഴ്വരകളിലെ സൌന്ദര്യമെന്തെന്ന് അറിയാനുള്ള അവസരമല്ലേ ഇത് എന്ന ചോദ്യമാണ് തിരിച്ചു കിട്ടിയത്. ശരിയാണ്, എന്റെ ചിന്തയിലോ സ്വപ്നത്തിലോ അങ്ങനെയൊരു മോഹം ഉണ്ടാകാതിരുന്നത്, ഒരുപക്ഷേ അപ്രാപ്യമായത് എന്ന തോന്നലായിരിക്കണം.
അപ്രാപ്യമായത് എന്താടോ?
അതെ, മനസ്സിനു ശരീരം ഒരു ഭാരമാകുമ്പോഴാണ് പരിമിതികളുണ്ടാകുന്നത് . അല്ലേ?
        ശരി എന്നാൽ അങ്ങനെയൊന്നില്ല പോയേക്കാം എന്ന് പറയാനും വയ്യ. കാരണം, അങ്ങനെയൊരു യാത്രയ്ക്ക് വേണ്ടിവരുന്ന നീണ്ട അവധിയൊന്നും അന്നത്തെ സാഹചര്യത്തിലില്ലായിരുന്നു. ആയിടയ്ക്കാണ് ഞാൻ നിലവിലെ ജോലിയൊന്നു മാറ്റി പരീക്ഷിക്കാൻ തയ്യാറാവുന്നത്. അങ്ങനെയെങ്കിൽ സാഹചര്യങ്ങൾ മാറില്ലേ ? ആ ഇടവേള നമുക്കുപയോഗിക്കാലോ ? എന്നൊക്കെയുള്ള ചിന്തകൾ ഉടലെടുക്കുന്നത്.
       വല്ലപ്പോഴും ബ്ലോഗുകൾ വായിക്കുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് പിന്നീട് കുറച്ചു നാളുകൾ ബൂലോകത്ത് പരതിയത് ആരുടെയൊക്കെ ഹിമാലയൻ യാത്രാനുഭവ വിശേഷങ്ങളുണ്ടെന്നായിരുന്നു. നമ്മുടെ ബൂലോകം’ 2009-ൽ പ്രസിദ്ധീകരിച്ചിരുന്ന ഹിമാലയൻ അച്ചായനെന്ന സജി മാർക്കോസിന്റെ ഹിമാലയൻ യാത്രയിൽ തുടങ്ങി പലരുടേയും ബ്ലോഗുകളിൽ കയറിയിറങ്ങി മനോയാത്ര നടത്തി. അച്ചടിച്ച പുസ്തകങ്ങളിലൂടെയുള്ള ഹിമാലയൻ യാത്രയൊന്നും അന്നു നടത്തിയിരുന്നില്ല. ഹൈമവതഭൂവിലും രാജൻ കാക്കനാടന്റെ അമർ‌നാഥ് യാത്രയുമൊക്കെ വായിക്കുന്നത് ഈ യാത്രയൊക്കെ കഴിഞ്ഞ് വന്നതിനുശേഷമായിരുന്നു.
         പിന്നീട് ജി എസ്സിനൊത്തുള്ള ഓരോ കാപ്പികുടിയ്ക്കുമൊപ്പവും വായിച്ചറിഞ്ഞ ഹിമാലയൻ വിശേഷങ്ങൾ പങ്കുവച്ചു. മട്ടാഞ്ചേരിയിലെ ഹിമാലയൻ യാത്രാനുഭവസ്ഥരിൽ ചിലരിൽ നിന്നും ശേഖരിച്ച വിവരങ്ങളും ഒഴിവുള്ള ദിവസങ്ങളിലെ കാപ്പിയ്ക്ക് രുചിയേകാനെന്നവണ്ണം ജി എസ്സ് കൊണ്ടുവന്നു. പലവട്ടം ഹിമാലയൻ തീർത്ഥാടനം നടത്തിയിട്ടുള്ള ശ്രീ നാരായൺ നായ്കിന്റെ യാത്രാനുഭവങ്ങൾ കേൾക്കുവാനായി ഒരു ദിവസം സന്ധ്യ സമയത്ത് ഞങ്ങളൊരുമിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ ഓർമ്മയിലെ ഭക്തിരസ പ്രധാനമായ ഒരു ചതുർധാമ തീർത്ഥാടനത്തിന്റെ  അനുഭവങ്ങൾ നേരിട്ട് കേട്ടു വന്നു. അങ്ങനെ അങ്ങനെ നാളുകൾ കടന്നു പോയി.
         അങ്ങനെ ഞങ്ങൾ ഈ യാത്ര പോകുന്നു എന്ന് തീരുമാനിച്ച്, യാത്ര എങ്ങിനെയാകാം എന്നായി ചർച്ച. റോഡുമാർഗ്ഗവും റെയിൽ മാർഗ്ഗവും വായുമാർഗ്ഗവും മുന്നിലുണ്ടല്ലോ. നീണ്ട യാത്രയുടെ സമയം പരമാവധി കുറയ്ക്കാം എന്ന ഉദ്ദേശത്തിൽ (അതുമാത്രമല്ല കാര്യം, എന്റെ കന്നി ആകാശയാത്രയും കൂട്ടത്തിൽ നടക്കുമല്ലോ എന്ന ദുഷ്ടചിന്തയും), രവിപുരത്തുള്ള റിയ ട്രാവൽ‌സ് വഴി നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിയ്ക്കുള്ള, അന്നു ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള രണ്ടു വിമാനയാത്ര ടിക്കറ്റുകൾ ഉറപ്പിച്ചു. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള ട്രെയിൻ ടിക്കറ്റും ബുദ്ധിമുട്ടില്ലാതെ തന്നെ കിട്ടി.
        ഒരു ജോലി കിട്ടിയിട്ടു വേണം ഒന്ന് അവധിയെടുക്കാൻ എന്ന പഴയ ഫലിതത്തെ സാക്ഷാത്ക്കരിക്കുവാൻ എനിക്ക് കിട്ടിയ ഒരു അവസരം കൂടിയായിരുന്നു. അടുത്ത ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ, ജോലിയിൽ പ്രവേശിച്ച ശേഷം ആവശ്യമായിവരുന്ന രണ്ടാഴ്ചത്തേക്കുള്ള അവധിയ്ക്ക് അപേക്ഷിക്കുകയായിരുന്നു അടുത്ത പടി. സഹൃദയനായ എന്റെ മുതലാളിയ്ക്ക് അതിൽ ഒട്ടും തന്നെ എതിർപ്പില്ലായിരുന്നു. ലക്ഷണപ്രകാരം തടസ്സങ്ങളില്ലാതെ തുടങ്ങിയല്ലോ എന്ന് വിശ്വസിക്കാനുള്ള വിശ്വാസമില്ലാത്തതുകൊണ്ടുമാത്രം അങ്ങനെ വിശ്വസിച്ചില്ല.
  കാര്യങ്ങൾ ഈ നിലയ്ക്ക് പുരോഗമിക്കുന്നതിനിടയ്ക്കാണ് യാത്രകൾ.കോം നടത്തിയ യാത്രാവിവരണ മത്സരഫലം വരുന്നതും അതിൽ രണ്ടാം സമ്മാനം നേടിയ ശ്രീ. പി.പി.വിജയന്റെ  ആദിമ സൗന്ദര്യത്തിന്റെ ശൈലശൃംഗങ്ങളിലൂടെ എന്ന ലേഖനം വായിക്കാനിടയാകുന്നതും. ചതുർധാമയാത്രയെന്ന ഉദ്ദേശ്യം ഈ വഴിക്ക് തിരിച്ച് ബദരീനാഥിൽ നിന്ന് സതോപന്ത് തടാകം വരെയുള്ള ട്രെക്കിങ്ങ് ആയാലോ എന്ന ചിന്ത ഞങ്ങളിൽ ഉടലെടുത്തതും.
      കാത്തിരുന്ന് കാത്തിരുന്ന് ദിവസങ്ങളൊന്നൊന്നായി , ആമയുടേയും മുയലിന്റേയും ഓട്ടപ്പന്തയം പോലെ കടന്നുപോയിക്കൊണ്ടുമിരുന്നു.
      ഇത്രയൊക്കെ ദൂരത്തേക്ക് പോയി അനവധി കാഴ്ചകൾ കാണാനുള്ളതല്ലേ. എല്ലാം കണ്ടു തീർക്കാൻ രണ്ടു കണ്ണുകൾ പോരാതെ വന്നാലോയെന്ന് കരുതിയാണ് ഡിജിറ്റൽ കാമറയൊരെണ്ണം പ്രത്യേകം പറയേണ്ടല്ലോ, വിലയിൽ താണതുതന്നെയെന്നത് വാങ്ങിച്ചു. നാട്ടിൽ പോയി കുറച്ച് പടങ്ങളൊക്കെ പിടിച്ചു തൃപ്തിപ്പെടുകയും ചെയ്തു. അത്രേയുണ്ടായുള്ളു അതിന്റെ ആദ്യ ജീവൻ. കാശൊന്നും കൊടുക്കാതെ ഒന്നു രണ്ടുവർഷത്തേക്കുള്ള ശ്വാസവായു നിർമ്മാതാക്കളുടെ സൌകര്യാർത്ഥം കിട്ടുമെന്ന മോഹന വാഗ്ദാനങ്ങളൊക്കെയുണ്ടായിരുന്നതുകൊണ്ട് ആ കാശുപോയി എന്നു പറയാനും വയ്യ. എന്നാൽ കാര്യത്തിനുപകരിക്കുമോ എന്നാണെങ്കിൽ ഇല്ല. ഉരുപ്പടിയുടെ motherboard ആണ് പോയത്. സംഗതി എങ്ങാണ്ടുന്നൊക്കെയോ വരണം. അടുത്തൊന്നും കിട്ടൂല. പോകാനുള്ളിടത്തൊക്കെ പോയി വന്നാട്ടെയെന്ന നിർദ്ദേശം കിട്ടിയതിനാൽ ആ കാര്യത്തിലൊരു തീരുമാനമായി.  പകരമൊരെണ്ണം ജി എസ്സി സഹപാഠി അനൂപിൽ നിന്നും കടംകൊണ്ടു.
          ബ്ലോഗർ നിരക്ഷരനുമായി ഇ-മെയിൽ മുഖേന ബന്ധപ്പെട്ട് മുകളിൽ പ്രതിപാദിച്ച വിജയൻ മാഷിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അദ്ദേഹം ആരാണെന്നോ എന്താണെന്നൊ എന്നൊന്നും വശമില്ല. അതറിയാനല്ലല്ലോ ബന്ധപ്പെട്ടതും. കാര്യം പറഞ്ഞപ്പോൾ, അവർ കുറച്ചുപേർ അതിനടുത്ത മാസം യാത്രതിരിക്കുന്നുണ്ടെന്ന് പറഞ്ഞു. പോകുന്ന കാര്യം ഞങ്ങൾ ഉറപ്പിച്ചതാണെന്നും യാത്രയിൽ ഉപകാരപ്പെടുത്താവുന്ന ആൾക്കാരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗം എന്തെങ്കിലുമുണ്ടെങ്കിൽ നല്ലതായിരിക്കുമെന്നും പറഞ്ഞപ്പോൾ, ബദരീനാഥിലെ ശങ്കർജിയുടെ നമ്പർ തന്നു.
         ശങ്കർജി എന്ന് പറഞ്ഞപ്പോ വല്ല ഹിന്ദിക്കാരനുമാണെന്ന് തെറ്റിദ്ധരിച്ചില്ലല്ലോ അല്ലേ? നിങ്ങൾ മുൻപെപ്പോഴെങ്കിലും ഒരു ബദരീനാഥ് യാത്രാവിവരണം വായിച്ച ആളാണെങ്കിൽ അങ്ങനെയൊരു സംശയത്തിനു ഒരു സാദ്ധ്യതയുമില്ല; ആൾ പ്രശസ്തനാണ്. പല പുസ്തകങ്ങളിലും ശങ്കർജിയെ പരാമർശിച്ചുകണ്ടേക്കാം. ആൾ നമ്മുടെ നാട്ടുകാരൻ. കണ്ണൂർ ജില്ലയിലെ ചെറുതാഴം ഹനുമാരമ്പലത്തിനടുത്തു നിന്നും ബദരിയിലെത്തിയ കക്ഷിയാണ്. കിട്ടിയ നമ്പറിലൊന്നു വിളിച്ചു കാര്യം പറഞ്ഞു, വരുമ്പോൾ വിളിച്ചാൽ മതിയെന്ന് മറുപടിയും കിട്ടി.
        യാത്ര പുറപ്പെടേണ്ടിയിരുന്നത് 2011 സെപ്തംബർ മൂന്ന്. അന്നോ അതിനു മുൻപുള്ള ദിവസങ്ങളിലേതിലോ, വർത്തമാനപത്രത്തിന്റെ ഏതോ ഒരു കോണിൽ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കമെന്ന് കണ്ടിരുന്നു. ഒന്നു ബേജാറാവാണ്ടിരിക്കുമോ? വിളിച്ചു ശങ്കർജിയെ; എടോ, ഹിമാലയത്തിൽ വെള്ളപ്പൊക്കമോ, താൻ ധൈര്യമായി പുറപ്പെട്ടോന്ന് ! അതെ, സംഗതി ശരിയാണല്ലോ! ഇത്രേം വല്യ മലേന്റെ മേലെ വെള്ളപ്പൊക്കമുണ്ടാവാൻ മതിയായ വെള്ളമൊക്കെയുണ്ടാവ്വോ. പറഞ്ഞതും ആലോചിച്ചതും 2011ലാണ്. ഇപ്പോ ഇതെഴുതുമ്പോൾ തൊട്ടുമുൻപിൽ 2013ലെ ഉത്തരാഖണ്ഡ് പ്രളയം ഇളിച്ചുകാണിക്കുന്നുണ്ട്. അച്ഛനുമമ്മയുമുൾപ്പെട്ട യാത്രാ സംഘം നാലഞ്ചുനാൾ വലിയ പ്രതീക്ഷയൊന്നുമില്ലാതെ വഴിയിൽ കിടന്ന് തിരിച്ചുവന്ന് വർണ്ണിച്ചിട്ടുള്ളതാണ്. പത്രത്തിലും ടിവിയിലുമൊക്കെ വന്നതാണ്. ഹാ, ഇതൊക്കെ പുതിയ കഥ. അന്ന് അതൊന്നുമില്ലല്ലോ! ശങ്കർജിയുടെ വാക്കുകൾ ഏതോ മരുന്ന് കുടിച്ചാൽ കിട്ടുന്നയെന്തോ പോലെ ധൈര്യമായി.
         കാത്തുകാത്തിരുന്ന ദിവസം. ഉച്ചയായി. സമയം വേഗം പോകുന്നുണ്ടായിരുന്നു. വൈകുന്നേരവുമായി. രാത്രി 8 മണിക്കാണ് വിമാനം വരാമെന്ന് ഏറ്റിറ്റുള്ളത്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷാ വണ്ടി പോലെയല്ല, നേരത്തെ കാലത്തെ പോയി, ഞങ്ങ വന്നിറ്റുണ്ടെന്ന് പറയേണ്ടതല്ലേ? കൂടെയുള്ളയാൾക്ക് മുൻപരിചയമുണ്ട്.
 എനിക്കാണെങ്കി മുൻപരിചയമൊന്നുമില്ല. ആകപ്പാടെയൊരു വെപ്രാളമൊക്കെ വരുന്നുണ്ടായിരുന്നോന്ന് സംശയമില്ലാതില്ല. ഏതാണ്ട് നാലുമണിയൊക്കെ ആയപ്പോൾ, അരയും തലയും മുറുക്കി ഇവനെന്താ തെങ്ങേൽ കേറാനാണോ പോകുന്നെ എന്ന സംശയം വരുന്നുണ്ടാവും വൈറ്റിലയിൽ പോയി. കുറച്ചു നേരം കാത്തു നിന്ന് കിട്ടിയത് ഒരു ആലുവ ബസ്സായിരുന്നു. സാമാന്യം തിരക്കുള്ള ആനവണ്ടി. യ്യോ! അങ്ങനെ വിളിച്ചാൽ ആന പോയി വല്ല കേസും കൊടുക്കുമോയെന്തോ?


ഗൂഗിൾ തന്ന ചിത്രം
        ഹ, ഇതെന്താ ബസ്സ് തുഴഞ്ഞാണോ പോകുന്നെയെന്ന് സംശയം തുടങ്ങി. എനിക്ക് മാത്രമല്ല ജി എസ്സിനും അതേ സംശയം. അല്ല, ഞങ്ങൾക്കു മാത്രമല്ല ബസ്സിലുണ്ടായിരുന്ന എല്ലർക്കുമുണ്ടായിരുന്നേ ആ സംശയം. മുന്നോട്ട് നോക്കിയപ്പോ എന്താ സംഗതി. ഹൊ! എറണാകുളത്തുകാർക്ക് അതത്ര വലിയ സംഗതിയൊന്നുമല്ലന്നേ; ട്രാഫിക് ജാം. ഞങ്ങ കൂടെ കഴിക്കാൻ ബ്രെഡും കൊണ്ട്വരും എന്നു പറയണ ടീമാണ്. സമയം അഞ്ചായി ആറായി അങ്ങനെയങ്ങനെ ഒരു ദയയുമില്ലാതെ മറികടന്നുപോയി. കണ്ണീച്ചോരയില്ലാത്ത ഒരു സമയം.
          ഒരു രക്ഷയുമില്ല. നന്നായി വിയർക്കുന്നുണ്ടായിരിക്കണം. ഞാനും ജി എസ്സും തമ്മിൽ തമ്മിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് ചോദിച്ച് സമയം ഏഴുമണി പതിനഞ്ചുമിനിട്ട് ആയപ്പോൾ - അതെ, കൃത്യസമയമാ,അതൊക്കെ നല്ല ഓർമ്മയുണ്ട് ആലുവ കണ്ടുപിടിച്ച ഞങ്ങൾ ബസ്സിൽ നിന്നും ചാടിയിറങ്ങി. ഒരു ടാക്സി! ഒരു ബസ്സ് ! പോട്ടെ ഒരു ഓട്ടോറിക്ഷപോലും കാണാനില്ല. രണ്ടാളും രണ്ടുവഴിക്കന്വേഷിക്കാൻ ഒരു ശ്രമം നടത്തി. അവസാനം കിട്ടി, ഒരു ഓട്ടോറിക്ഷ! ചേട്ടനോട് കാര്യം പറഞ്ഞ് നൂറേ നൂറിൽ - ഓട്ടോയെക്കൊണ്ട് ആവുന്ന നൂറിൽ- ഓടിപ്പിച്ചുകൊണ്ട് ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മുറ്റത്തിറങ്ങി കാശും കൊടുത്ത് ഒരൊറ്റയോട്ടമായിരുന്നു വാതിൽക്കലേക്ക്.
ബ്രേക്ക്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്...................
 പിന്നേം ബ്ലോക്കായി. തുടരണമെന്നുണ്ട് ഒടുവിൽ:   ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ’ അന്ന് പുറത്തിറങ്ങിയിട്ടുപോലുമില്ല. ഡോ.തരകാ തനിക്ക് ആ കാർ അവിടെങ്ങാനും ഉപേക്ഷിച്ച് വേറെ വല്ല വണ്ടിക്കും കൈകാണിച്ച് കേറിപ്പൊയ്ക്കൂടാരുന്നോ എന്നൊക്കെ നിർദ്ദക്ഷിണ്യം ഇപ്പോൾ പറയാനൊക്കെ തോന്നും.     
                                                       തുടരുന്നു....


11 comments:

 1. ഹാസ്യത്തിന്റെ മേമ്പൊടിയുമായാണ് ഹിമാലയം കയറാൻ പോണത്...
  പോരട്ടെ..പോരട്ടേ...ബ്രേക്ക് അധികം വേണ്ട കേട്ടൊ ഗോവിന്ദാ

  ReplyDelete
  Replies
  1. അധികം വൈകാതെ തീര്‍ക്കണമെന്നാണ്‌ വിചാരിക്കുന്നത് ...

   Delete
 2. നല്ലൊരു കഥ പോലെ വായിക്കാന്‍ പറ്റിയ യാത്രാവിവരണം.
  വെള്ളപ്പൊക്കവും പഴയ ധാരണയെ തകിടം മരിച്ചിരിക്കുന്നു അല്ലെ?
  ഇനി ഏതായാലും ഹിമാലയം മുഴുവന്‍ വേഗം ആയിക്കോട്ടെ.

  ReplyDelete
  Replies
  1. എല്ലാ ധാരണകളും തകിടം മറിയുന്നുണ്ട് റാംജീ...

   Delete
 3. ബാക്കി കൂടി ഇങ്ങു പോരട്ടെ..

  ReplyDelete
  Replies
  1. ബാക്കി ദേ, പുറകേ വരുന്നുണ്ട്. വീണ്ടും കാണാം 

   Delete
 4. Very interesting. Do continue!!

  ReplyDelete
 5. അടുത്തതിനായി ആകാംഷയോടെ കാത്തിരിക്കുന്നു .

  ReplyDelete
 6. ജീവീ...

  ചുണ്ടിൽ ചിരി ഉണർത്തുന്ന രീതിയിൽ യാത്രാവിവരണം ഞാനാദ്യം വായിയ്ക്കുവാ.ബാക്കി കൂടി വായിക്കട്ടെ.ഇനിയുള്ള യാത്രയിൽ ഞാനുമുണ്ട്‌ കൂടെ.

  ReplyDelete