Monday, January 19, 2015

ഹിമാലയത്തിലേക്ക് പോയാലോ? ഭാഗം 2



           KSRTC യുടെ സൂപ്പര്‍ ഫാസ്റ്റായിരുന്നോ ഫാസ്റ്റ് പാസഞ്ചറായിരുന്നോ എന്നോര്‍മ്മയില്ല - അല്ലാ, രണ്ടായാലും കൊടുക്കുന്ന കാശിനല്ലേ വ്യത്യാസമുള്ളൂ - എനിക്ക് പുറകിലെ ഇരിപ്പിടത്തിലും  ജി എസിന് മുന്‍ഭാഗത്തെ ഇരിപ്പിടത്തിലും ഇടം കിട്ടി. പിന്നീടു കയറിയവരൊക്കെ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി തൃശ്ശൂര്‍ക്ക് പായുന്നു...
       തൃശ്ശൂരിന്‌ ഈ കഥയില്‍ ഒരിടം കൊടുക്കേണ്ടതുണ്ട്സെപ്തംബര്‍ രണ്ടിനു രാത്രിയിൽ ഞാന്‍ ചെറുവത്തൂരില്‍ നിന്നും മാവേലി എക്സ്പ്രസ്സില്‍ കയറി. എന്നത്തെയും പോലെ സാധാരണ ബോഗിയില്‍ ; ഇരിപ്പിടത്തിലും മുകളിലും തറയിലുമുള്ള ആള്‍ക്കാരോടൊപ്പം ഇടയ്ക്ക് ഉറങ്ങിയും ഉണര്‍ന്നും ഒരു താളത്തിലങ്ങനെയങ്ങനെ....
                   ഹെയ്, ന്തൂട്ടാ കഥയിഷ്ടാ.., ങ്ങളിതിപ്പോ... എങ്ങോട്ടാ പോണേ?
     അതാ, പറഞ്ഞു വരുന്നത്.  മൂന്നാം തീയ്യതി വെളിച്ചം വീഴും മുന്‍പെ ഞാന്‍ തൃശ്ശൂരില്‍ വണ്ടിയിറങ്ങി. ശിഷ്ടയുറക്കം പ്ലാറ്റ് ഫോറത്തില്‍ - വീണിടം വിഷ്ണുലോകമെന്നാണല്ലോ? പ്രഭാതഭേരി തുടങ്ങിയപ്പോ എഴുന്നേറ്റ് ശുചിമുറിക്ക് മുന്നില്‍ വരി നിന്നു. ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ. ഉറക്കം വിട്ടൊഴിഞ്ഞ് ഉണര്‍വിന്റെ തിരക്കുകളിലേക്ക് കടക്കുമ്പോഴേക്കും തെക്കു നിന്നും വന്ന വണ്ടിയില്‍ നിന്നും ജി എസ് ഇറങ്ങി.
        സുസുകി GS150R സ്റ്റേഷനു വെളിയില്‍ ഉടമയെ കാത്തുകിടന്നിരുന്നു. ആ കഴിഞ്ഞ ദിവസങ്ങളിലെന്നോ അവനെ അവിടെ തളച്ചിട്ടിട്ടായിരുന്നു ജി എസ് ജോലിക്ക് പോയത്. അവനെ തിരികെ കൊണ്ടുപോകുവാനായിരുന്നു ജി എസ് എത്തിയത്. തൃശ്ശൂരിൽ എറണാകുളത്തേക്കുള്ള ഇരുചക്രസവാരിയിൽ പങ്കുകൊള്ളുവാനായിരുന്നു ഞാൻ അന്ന് അവിടെയിറങ്ങിയത്. സൂര്യന്റെ പടിഞ്ഞാട്ടും ഞങ്ങള്‍ തെക്കോട്ടും യാത്ര തിരിച്ചു.

         നാളെയെന്നൊരു ദിവസത്തിൽ ഈ നേരമുണ്ടെങ്കിൽ ഞങ്ങൾ പഴയ ഇന്ദ്രപ്രസ്ഥത്തു നിന്നും ഹരിദ്വാറിലേക്കുള്ള ട്രെയിനിലായിരിക്കും. ഓടുന്ന പട്ടിക്കൊരുമുഴം മുൻപെ എന്ന കണക്കിലാ ഗൃഹാതുരത്വത്തിന്റെ വിളി. ഒല്ലൂരിനടുത്തുള്ള സസ്യഭോജനശാലയിൽ നിന്നും ഇഡ്ഡലിതന്നെ വാങ്ങി മൃഷ്ടാന്നം ഭുജിച്ചു. ഇന്നുകൂടിയെ കേരളത്തിലുള്ളൂ, ഇനി ഈ ഗണത്തിലുള്ള വല്ലതും കഴിക്കാൻ ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിലോ, ഹോ! നന്നായങ്ങ് ആസ്വദിച്ചു കഴിച്ചു. ചട്ടിണിയിലും സാമ്പാറിലും മുക്കികുഴച്ച്,
ഇടയ്ക്കോരോ കടി
വടയ്ക്കും കൊടുത്തങ്ങനെയെങ്ങനെ.
അല്ലാ കഴിച്ചോണ്ടിരുന്നാൽ പോരല്ലോന്നോർത്തിട്ടോ കീശകാലിയാകുമെന്ന ബോധോദയത്തിലോ ചെയ്തുവന്ന പ്രവൃത്തിക്കു വിരാമമിട്ടു. അരവുയന്ത്രം കഴുകി കുലുക്കിത്തുപ്പി, ഇടംകാലിയാക്കി.
ദേശീയപാത 47ലൂടെ മനസ്സോടു മത്സരിച്ചുംകൊണ്ട് GS150R കുതിച്ചു. മനസ്സോളം വേഗത്തിലോടുന്ന വണ്ടിയൊന്നുണ്ടെങ്കിൽ കിട്ടിയാൽ തരക്കേടില്ല. പ്രകാശവേഗത്തിനും അപ്പുറത്താണോ മനസ്സെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. "മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം..." മെന്ന് ദാസേട്ടൻ പാടിയിട്ടുണ്ട്. അതെ, ശബ്ദമലിനീകരണമില്ലാതെ         അന്തരീക്ഷമലിനീകരണമില്ലാതെ എന്തിന്, ഇന്ധനം പോലും വേണമെന്നില്ല ഈ മാനവണ്ടിക്ക്. ക്ഷീരപഥത്തിനു തന്നെ അപ്പുറത്തെത്തി മടങ്ങും ചിലപ്പോൾ ഞൊടിയിടയിൽ.
         ഞങ്ങളുടെ യാത്രകണ്ടുകൊതിച്ചിട്ടോയെന്തോ ഇടയ്ക്കെപ്പഴോ ചാറ്റൽ മഴയുമൊപ്പം ചേർന്നു. ചാലക്കുടിയും അങ്കമാലിയും ആലുവയും പിന്നിലായി. ഉച്ച വെയിൽ മൂത്തുതുടങ്ങുമ്പോഴേക്കും എറണാകുളത്തെത്തി.



       അതേ, ഇപ്പഴും ആ തൃശ്ശൂരിലേക്കുള്ള ആനവണ്ടിയിൽത്തന്നെ. പക്ഷേ ഈ വണ്ടിയിൽ ഈ സമയത്ത് കയറണമെങ്കിൽ നിർത്തിയേടത്തേക്കു തന്നെ പോയല്ലേ പറ്റൂ.

         കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര കവാടത്തിലേക്ക് ഓടിക്കയറി, പൈലറ്റേ... എടുക്കല്ലേ എടുക്കല്ലേ... രണ്ടാളുംകൂടി കയറാനുണ്ടേന്ന് നിലവിളിച്ചോടിക്കയറാനോളമൊന്നും നമ്മുടെ വിമാനത്താവളങ്ങൾ പരിഷ്കരിച്ചിട്ടൊന്നുമില്ലെന്ന് സത്യമായിട്ടും അന്നേ മനസ്സിലായുള്ളൂ. ഹും! ഈ വികസനം വികസനമെന്നൊക്കെ പറയുന്നതെന്ത് തേങ്ങയാണോയെന്തോ ?
        രണ്ടുമണിക്കൂർ പറക്കാൻ വേണ്ടി രണ്ടുമണിക്കൂർ മുൻപെയെത്തണമെന്നൊക്കെ ടിക്കറ്റിലങ്ങച്ചടിച്ചു വച്ചോളും. അടഞ്ഞ വാതിലിനി അങ്ങെത്തിയേ തുറക്കുള്ളൂത്രെ.
ചുറ്റിലും നോക്കി. ആശ്വാസമായി. ഞങ്ങൾ മാത്രമല്ല ഭാഗ്യവന്മാർ. മറ്റു  ചിലർക്കും അപ്പോൾ പറക്കാൻ തുടങ്ങുന്ന ഡെൽഹി വിമാനത്തിലേക്ക് കയറിക്കൂടാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടു.
അവസാന ബസ്സ് കിട്ടാതെ ട്രാൻസ്പോർട്ട് ബസ്റ്റാന്റിലകപ്പെട്ടപോലെയായി, കൗണ്ടറിൽ പോയി അടുത്ത വിമാനമെപ്പഴാണെന്നു തിരക്കി. നാളെത്തന്നെയുണ്ട്, രണ്ടാൾക്കും കൂടി ഡെൽഹിക്ക് പോകാനെടുത്ത ടിക്കറ്റിന്റത്രയും അതിന്റെ പാതിയും കൊടുത്താൽ ഒരാൾക്കുള്ള ടിക്കറ്റു കിട്ടും!     


         വെളിയിലിറങ്ങി കാപ്പിയും ഉണ്ടമ്പൊരിയും കഴിച്ചു മേലോട്ട് കണ്ണെറിഞ്ഞുപറന്നുയരുന്ന ഡെൽഹി വിമാനം നോക്കി നെടുവീർപ്പിട്ടു. ഉണ്ടമ്പൊരി കടിച്ചു വലിക്കുന്നതു കണ്ട സി ഐ എസ് എഫുകാരന് സംശയം തോന്നിയിട്ടാണെന്ന് തോന്നുന്നു ഒന്നു വലവെച്ച് പോയി. കാലം വല്ലാത്തതല്ലേ, കടിച്ചു വലിക്കുന്നത് വല്ല ഗ്രനേഡുമാണോന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാനൊക്കുമോ?
"എന്താ ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ " എന്നമട്ടിൽ മുഖത്തോടു മുഖം നോക്കി.
          അടുത്തു കണ്ട സ്വകാര്യ ഏജൻസിയിൽ ചെന്ന് തിരക്കി. കിട്ടിയ വിവരം തരക്കേടില്ലെന്ന് തോന്നി. നാളെയൊരു ദിവസം കഴിഞ്ഞു ബാംഗ്ലൂരിൽ നിന്നുമുള്ള indigo യിൽ എയർ ഇന്ത്യയെ അപേക്ഷിച്ച് വലിയ മുതൽ മുടക്കില്ലാതെ കയറാം. രണ്ടിരയെ കിട്ടിയ സന്തോഷത്തിൽ ഏജൻസിക്കാർ, ബാംഗ്ലൂർക്കുള്ള എസി ബസ്സിൽ രണ്ട് ടിക്കറ്റുകൾ വിൽക്കാനും മടിക്കില്ലെന്നു മനസ്സിലാക്കിയപ്പോൾ വിമാനത്താവളം വിട്ടു നിരത്തിലേക്കിറങ്ങി.
         ആരെയോ പറത്തിവിട്ട് തിരികെ പോകുന്ന ഒരു കാറിൽ കയറിക്കൂടി. അങ്ങനെ വിമാനം മിസ്സായ കഥ കേൾപ്പിക്കാൻ ആദ്യ ഇരകളെ കിട്ടി. പറഞ്ഞവർക്കും കേട്ടവർക്കും സന്തോഷമെന്നഭിനയിച്ചു.
          ഈ രംഗത്തിന്റെ കർട്ടൻ വീഴുമ്പോൾ ഞങ്ങൾ അത്താണിയിൽ നിന്നും, തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ആ ആനവണ്ടിയിൽ കയറുന്നു.
          ഹിമാലയത്തിലേക്കുള്ള ദൂരം അത്ര ചെറുതല്ലയെന്ന് ബോദ്ധ്യപ്പെടാനുള്ള സമയം. അറുപതു കിലോഗ്രാം ഭാരമുള്ള ശരീരത്തെ വിമാനത്തിൽ കയറ്റിവിടാം. അങ്ങെത്തുമെന്നെന്താണുറപ്പ്?
ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തൊരിടത്തേക്ക് മനസ്സുകൊണ്ടെത്രയെളുപ്പം പോയ്‌വരാം!

                                                                                                              < ആദ്യഭാഗം           തുടരുന്നു....

കടപ്പാട് :
1. പഴംചൊല്ലുകൾക്ക്
2. സിനിമാഗാനത്തിനും സംഭാഷണശകലത്തിനും
3. ചിത്രങ്ങൾ കാണിച്ചുതന്ന ഗൂഗിളേട്ടന് 




18 comments:

  1. കടിച്ചു വലിക്കുമ്പോള്‍ സൂക്ഷിച്ച്ചുമതി. അല്ലെങ്കില്‍ ശരിക്കും ഗ്രനേഡ് തന്നെ ആണെന്ന് വിചാരിക്കും.
    യാത്ര തുടങ്ങിയിട്ടേ ഉള്ളു അല്ലെ.
    ആദ്യയാത്ര സുന്ദരമായിരിക്കുന്നു.
    യാത്രക്ക് പിറകെ കൂടാം.

    ReplyDelete
  2. മനസ്സുകൊണ്ട് അസ്സലൊരു നർമ്മയാത്ര
    നടത്തിയിട്ട് അങ്ങിനെ രണ്ടാം ഭാഗത്തിനും
    കർട്ടനിട്ടു അല്ലേ ഭായ്

    ReplyDelete
    Replies
    1. മെല്ലെ മെല്ലെ പോകാമെന്ന് കരുതിയിട്ടാ... :)

      Delete
  3. തുടരന്മാരെ തുടര്‍ച്ചയായി കിട്ടാനുള്ള പാടാണ് പാട്...

    ശരി, തുടരട്ടെ

    ReplyDelete
    Replies
    1. ആദ്യത്തെ തുടരന്‍ പരീക്ഷണമാണ്‌. നോക്കട്ടെ പറ്റുമോന്ന്...

      Delete
  4. Replies
    1. :) സന്തോഷം , വീണ്ടും കാണാം ...

      Delete
  5. മാനോരാജ്യത്തിലെയ്ക്ക് വായനക്കാരേം കൊണ്ടുപോകുന്നു .

    ReplyDelete
  6. രണ്ടാം ഭാഗം ഇന്നാണ് വായിക്കാന്‍ സാധിച്ചത്. തുടരൂ

    ReplyDelete
    Replies
    1. തുടരുന്നു അജിത്തേട്ടാ, കുറച്ചു മെല്ലെയാണ്..

      Delete
  7. ഭാവന നന്നായി.

    ReplyDelete
  8. ഇതെന്നാ ഇടപാടാണെന്ന്!!!!!

    ReplyDelete
    Replies
    1. ഇങ്ങനെയൊക്കെ അങ്ങിടപെട്ട് പോട്ടെന്നെ...

      Delete