Tuesday, April 23, 2013

വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം

        “വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം” എന്ന് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. നമ്മളിൽ എത്രപേർ അത് അനുസരിക്കുന്നുണ്ട് ? ഇത് കേവലം വാച്യാർത്ഥത്തിലെടുക്കേണ്ടതു മാത്രമല്ല. എങ്കിലും പറയാൻ പോകുന്നത് ഇതിന്റെ വാച്യാർത്ഥത്തെ മാത്രം കണക്കിലെടുത്തുകൊണ്ടാണ്.
    എന്നത്തെയും പോലെ ഇന്നലെയും റെസ്റ്റോറന്റിൽ വച്ച് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമാന്യം തിരക്കുണ്ടായതിനാൽ ഞാൻ ഇരുന്നിരുന്നത് രണ്ട് അപരിചിതർക്കെതിരെ ആയിരുന്നു. അവർ എനിക്കു മുൻപേ കഴിച്ചു തുടങ്ങിയവരാണ്. ഊണ് ഏതാണ്ട് പകുതി ആയിക്കാണും. വിളമ്പുകാരി രണ്ടാം വട്ടം ചോറ്‌ കൊണ്ടുവന്നു വിളമ്പി പോയി. അപ്പോഴാണ് അവരിലൊരാൾ പറയുന്നത് “എത്രയാ വിളമ്പിവച്ചിരിക്കുന്നതെന്ന് !“ ഞാൻ അയാളുടെ തളികയിലേക്ക് നോക്കി. സംഗതി ശരിയാണ്. എനിക്ക് ആദ്യം വിളമ്പിയതിനേക്കാൾ തന്നെ കൂടുതലുണ്ട്. അത്രയും തന്നെ കഴിക്കുന്നവരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ എനിക്ക് വിളമ്പുകാരിയിൽ വലിയ തെറ്റ് കാണാൻ കഴിഞ്ഞതുമില്ല.
    എന്നാൽ, വിളമ്പിയതിൽ നിന്നും അയാൾ കഴിച്ചത് അതിന്റെ പകുതിയോളം മാത്രം! അവർ എഴുന്നേറ്റ് പോയി. തൈരിൽ കുഴച്ച ആ ചോറ് ആർക്കും വേണ്ടാതെ വൃത്തിയാക്കുന്നയാളെ കാത്തുകിടന്നു. കഷ്ടം തോന്നി. പരിചിതരായിരുന്നെങ്കിൽ ഞാൻ രണ്ടു വാക്ക് പറഞ്ഞേനെ. ഏതെങ്കിലും കാര്യത്തിൽ എതിരായി പരിചിതരോട് പറഞ്ഞാൽ തന്നെ അസഹിഷ്ണുതരാവുന്നതാണ് പലപ്പോഴും കാണുക. പിന്നെ ഒരു അപരിചിതനോട് പറഞ്ഞ് വല്ലതും കേൾക്കേണ്ടി വന്നാലോ എന്നു കരുതി മിണ്ടാതിരുന്നു ഞാനെന്റെ ഊണ് മുഴുമിപ്പിച്ച് തിരികെ വന്നു.
    കുട്ടിക്കാലത്ത് ഞാനും ചെയ്തിട്ടുണ്ട് അത്തരം കാര്യങ്ങൾ. എനിക്ക് അന്ന് പൊതുവെ വളരെ കുറച്ച് കഴിക്കുന്ന ശീലമായിരുന്നു. അത് അറിഞ്ഞിട്ടും മകനോടുള്ള വാത്സല്യത്തിന്റെ പേരിൽ ഞാൻ കഴിക്കുന്നതിൽ കൂടുതൽ പൊതിഞ്ഞു തരും. എനിക്കാവശ്യമുള്ളത് എന്റെ വയറ്റിലേക്കും ബാക്കി മാലിന്യക്കുഴിയിലേക്കും തന്നെ കുറേക്കാലം പോയ്ക്കൊണ്ടിരുന്നിരുന്നു. വളർന്നു വരുന്നതിനൊപ്പം അതിലെ തെറ്റ് മനസ്സിലാവുകയും പിന്നീടൊരിക്കലും അത് എന്നിൽ നിന്ന് സംഭവികാതിരിക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.
    പല കുട്ടികളും ഇതേ അനുഭവത്തിലൂടെയൊക്കെ ഇന്നും കടന്നു പോകുന്നുണ്ടാകാം. മുതിർന്നവർ ഒരല്പം കൂടി ഈ കാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാൽ ഓണം പലതുണ്ട് വളർന്നവർ തന്നെ ഇങ്ങനെ ചെയ്താൽ ...?
     ഇന്നത്തെ ജീവിത ശൈലീ രോഗങ്ങൾ പലതും നാം തന്നെ വിളിച്ചു വരുത്തുന്നതാണല്ലോ . കാശുമുടക്കി വയർ നിറയ്ക്കുന്നു, പലപ്പോഴും സ്വാഭാവിക ദഹനത്തെ തന്നെ തടസ്സപ്പെടുത്തുന്നു. ഡോക്ടറെ തേടിപ്പോകുന്നു, കാശുമുടക്കി മരുന്നു കഴിക്കുന്നു, കാശുമുടക്കി വ്യായാമ പരിശീലന കേന്ദ്രങ്ങളിൽ പോകുന്നു. വലിച്ചു വാരിക്കഴിച്ചതിന്റെ ഏനക്കേട് ഇങ്ങനെ കഷ്ടപ്പെട്ട് തീർക്കുന്നു. എന്തൊരു വൈചിത്ര്യം !
    നമ്മൾ ഇങ്ങനെ ജീവിക്കുന്നതിനു തൊട്ടടുത്തു തന്നെ വിശപ്പുമാറ്റാൻ മാത്രം പോലും മതിയായ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്നു. നമ്മൾ വയർ  നിറച്ചും മരുന്നു കഴിച്ചും ജീവിക്കുന്നു. വയർ നിറയ്ക്കാൻ പോലുമില്ലാത്തവർക്കെന്ത് മരുന്ന് ? എന്ത് ജീവൻ ?
     നേരത്തെ പരാമർശിച്ച പാഴാക്കിയ ഭക്ഷണത്തിന്റെ അളവുപോലും മതിയാകും ഒരാൾക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ! വയർ അറിയാതെ അകത്തു കുത്തി നിറയ്ക്കുന്നതിൽ നിന്നും ദാനം ചെയ്തില്ലെങ്കിലും ഒരല്പം അളവു നമുക്ക് കുറച്ചു കൂടേ ? ആളോഹരി അനാവശ്യ ഉപഭോഗം കുറച്ചാൽ അവശ്യ വിഭവ ദൌർബല്യം കുറയില്ലേ ? അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു പരിധിവരെയുള്ള വിലക്കയറ്റവും കുറഞ്ഞേക്കും എന്ന് തോന്നുന്നു.
    ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ ധൂർത്ത് നോക്കി നടന്നാൽ കണ്ണിൽ ഇരുട്ട് കയറും. സദ്യയെന്ന പേരിൽ നാം എത്രയധികം വിഭവങ്ങൾ നശിപ്പിക്കുന്നു ? ഒരു ഊണിന് ഒന്നോ രണ്ടോ കൂട്ടാനുകൾ മതിയാകും നമ്മുടെ വയറും മനസ്സും നിറയ്ക്കാൻ. എന്നാൽ എത്ര തരം വിഭവങ്ങൾ ചേർത്താലാണത് ഗംഭീരമാവുക എന്നായിരിക്കും നമ്മൾ നോക്കുന്നത് ! പലയാളുകൾ പങ്കെടുക്കുന്നതല്ലേ, പലർക്കും പല രുചികളാകുമല്ലോ ഇഷ്ടം എന്നൊക്കെ ന്യായം വേണമെങ്കിൽ നിരത്താം . എന്നാൽ അതിലൊക്കെ പങ്കെടുക്കുന്നവരിൽ നിന്നും പലതിന്റെയും കുറവുകളായിരിക്കും കേൾക്കേണ്ടി വരിക. അല്ലെങ്കിൽ, സദ്യ ഗംഭീരമായിരിക്കുന്നു എന്നും. ആതിഥേയനു സമാധാനമാകും. എന്നാൽ ഈ അഭിപ്രായങ്ങൾ വരുന്നത് ഉണ്ണാനില്ലാത്തവരുടെ നാവിൽ നിന്നല്ലല്ലോ ? എന്നും നിറഞ്ഞുണ്ണുന്നവരുടെ വയറ്റിൽ നിന്നുള്ള പുളിച്ചു തികട്ടൽ മാത്രമല്ലേ അത് ?
    ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന്നല്ല. അതൊക്കെ ഒത്തുചേരലിന്റെയും ആനന്ദത്തിന്റെയും വഴികളാണ് . എന്നാൽ ഇതിന്റെയൊക്കെ പേരിലുള്ള ധൂർത്ത് ഇല്ലാതായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾക്ക് മുന്നിൽ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ കഴിയാതിരിക്കാമായിരുന്നു !!!



7 comments:

  1. വളരെ നല്ലൊരു മെസ്സേജ് , നന്ദി
    ഇത് വായിക്കട്ടെ...............

    ReplyDelete
  2. ലോകത്തിന് മുഴുവനും വിശപ്പ് മാറ്റാനുള്ളത് ഇവിടെയുണ്ട്. എന്നിട്ടും 80 കോടിയലധികം പാവപെട്ടവർ ഒരു നേരം പോലും ഭക്ഷണം കിട്ടാതെ കഴിയുന്നു. ഒരറ്റത്ത് സുഭിക്ഷതയിലാറാടി ധൂർത്തടിച്ച് ഭക്ഷണം പാഴാക്കിക്കളയുന്നു. ഒരു നേരം ഭക്ഷണം ചുരുക്കി, ഒരു പട്ടിണിക്കാരനെ ഭക്ഷിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും നാമോരോരുത്തരും ശ്രമിച്ചിരുന്നെങ്കിൽ.... 18 രൂപാ വെച്ച് 52 ആഴ്ചകൊണ്ട് 936 രൂപ (അല്ലെങ്കിൽ ആ പണത്തിന് കിട്ടുന്നത്ര ധാന്യം) ഒരു പാവപ്പെട്ടവന്  നൽകാൻ ഒരാൾക്ക് കഴിയും. അങ്ങിനെ നാലു പേരുള്ള ഒരു കുടുംബത്തിന് ഏകദേശം 75 കിലോ ധാന്യം ഒരു വർഷം കൊണ്ട് പാവപ്പെട്ട ഒരാൾക്ക്/ഒരു കുടുംബത്തിന് നൽകാൻ കഴിയും. വളരേ ലളിതമായ ഈ രീതി നാമൊക്കെ ഒന്ന് ശീലിച്ചിരുന്നെങ്കിൽ......അപരന്റെ വേദനയിലും വിശപ്പിലും "ആത്മവ്യഥ"യുളവനേ ഇത് ചെയ്യാനൊക്കൂ. 

    ലേഖനത്തിനും അത് മുന്നോട്ട് വെക്കുന്ന സന്ദേശത്തിനും ഒരായിരം ആശംസകൾ!

    ReplyDelete
  3. എല്ലാം അറിയാം, ഒന്നിനും തയ്യാറല്ല എന്ന മനോഭാവം കൂടിവരികയാണെന്നു തോന്നുന്നു. ചെറുതായി ഒന്ന് ചിന്തിക്കേണ്ട കാര്യം പോലും നിസ്സാരമാക്കുന്ന മനോഭാവം. അവിടെ മാറ്റം സംഭവിച്ചാല്‍ കുറെ ശരിയാകും എന്ന് തോന്നുന്നു.
    ഈ ഓര്‍മ്മപ്പെടുത്തല്‍ ഉചിതം.

    ReplyDelete
  4. ഒരു വറ്റ് നിലത്തുവീണാല്‍ ശകാരിച്ചിരുന്ന മാതാപിതാക്കളെ ഓര്‍മ്മിക്കാം

    ReplyDelete
  5. അന്നം ദൈവമാണെന്നോതി
    തന്ന മാതാപിതാക്കൾ..ഗുരുക്കന്മാർ
    പക്ഷേ ഇവിടെ വന്നപ്പോൾ ആദ്യം പണിയെടുത്തിരുന്ന
    ബ്രെഡ് കമ്പനിയിലും ,പഴക്കമ്പനിയിലും മറ്റും ക്വാളിറ്റിയിൽ കുറച്ച് കുറവുവന്നാൽ ,
    ഓർഡറുകൾ ബാക്കിവന്നാൽ അതെല്ലാം പന്നി ഫാമുയ്കൾക്കുപോലും അയക്കാതെ തീയ്യിട്ട് കളയുന്ന
    പാശ്ചാത്യ സംസ്കാരത്തിന്റെ മുമ്പിൽ വളരെ ദു:ഖത്തോടെ നോക്കി നിക്കാറുണ്ട്...

    അതിന് മുമ്പിൽ ഇതൊക്കെ എന്ത് ..?
    നാട്ടിൽ അവസാനം ഹോട്ടൽ ഉച്ചിഷ്ട്ടങ്ങളെല്ലാം ഏതെങ്കിലും
    പന്നിക്കൂട്ടിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കാമല്ലോ അല്ലേ

    ReplyDelete
  6. ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന്നല്ല. ധൂർത്ത് ഇല്ലാതായിരുന്നെങ്കിൽ ...
    നന്നായിരുന്നു

    ReplyDelete
  7. ധൂർത്ത് , ഭക്ഷണത്തിന്റെ കാര്യത്തിലായാലും മറ്റെന്തിന്റെ പേരിലായാലും ഒഴിവാക്കപെടേണ്ട ഒന്നാണ്; പക്ഷേ അതുകൊണ്ട് മാത്രം നമ്മളിഷ്ടപെടാത്തകാഴ്ചകൾ കണ്മുന്നിൽ നിന്ന് മറയുമെന്ന തോന്നൽ എത്രമാത്രം ശരിയാണെന്നതിൽ സംശയമുണ്ട്‌

    ReplyDelete